കാനഡയില്‍ കാട്ടുതീ; ട്രംപ് കലിപ്പില്‍; ചുങ്കം കൂട്ടുമെന്ന് ഭീഷണി

Date:

അമേരിക്കന്‍ ആകാശത്തെ കാനഡയില്‍ നിന്നുള്ള കാട്ടുതീയുടെ പുക മൂടുകയാണ്. ഇത്തവണ പുക മാത്രമല്ല, വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് കനത്ത രാഷ്ട്രീയ കൊടുങ്കാറ്റുമെത്തുന്നുണ്ട്. കാട്ടുതീയെച്ചൊല്ലി കാനഡയ്ക്കെതിരെ പുതിയൊരു സാമ്പത്തിക യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്!

കാനഡയിലെ ഒന്റാറിയോ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ നാനൂറിലധികം സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഇതില്‍ ഭൂരിഭാഗവും ഇപ്പോഴും നിയന്ത്രണാതീതമാണ്.

ഈ കാട്ടുതീയില്‍ നിന്നുയരുന്ന കനത്ത പുക അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് വ്യാപിക്കുകയാണ്. മിനസോട്ട മുതല്‍ മേരിലാന്‍ഡ് വരെയുള്ള പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും വായു മലിനീകരണ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ.

ഇതോടെയാണ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് കാനഡയെ രൂക്ഷമായി വിമര്‍ശിച്ചു. വനസംരക്ഷണത്തിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലും കാനഡ കാണിക്കുന്ന വീഴ്ചയാണ് ഈ തുടര്‍ച്ചയായ ദുരന്തത്തിന് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി.

മലിനവും അനാരോഗ്യകരവുമായ വായുവിനാല്‍ അമേരിക്ക അനാവശ്യമായി ആക്രമിക്കപ്പെടുകയാണെന്ന് ട്രംപ് പറയുന്നു. വെറുതെ പറയുക മാത്രമല്ല, ഇതിനൊരു പരിഹാരവും ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പുക കാരണം അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. അതുകൊണ്ട്, കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി അഥവാ ചുങ്കം ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ അടിയന്തര സാഹചര്യത്തെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നേരിട്ട് സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഭീഷണിക്ക് കാനഡയും ശക്തമായ മറുപടി നല്‍കിക്കഴിഞ്ഞു. ഇതോടെ വെറുമൊരു പരിസ്ഥിതി പ്രശ്‌നത്തില്‍ നിന്നും കാട്ടതീ ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയൊരു നയതന്ത്ര-സാമ്പത്തിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.

ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പരസ്യമായി രംഗത്തു വന്നു. കുറ്റപ്പെടുത്തുന്നതിനും പരാതിപ്പെടുന്നതിനും പകരം അയല്‍ക്കാരനെന്ന നിലയില്‍ കാനഡയെ സഹായിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍പ് അമേരിക്കയില്‍ വലിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ കാനഡ നല്‍കിയ പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി.

കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്, അവര്‍ വനസംരക്ഷണത്തിനും തീപിടുത്തം തടയുന്നതിനുമായി ഏകദേശം 12 ബില്യണ്‍ കനേഡിയന്‍ ഡോളറാണ് ചെലവഴിക്കുന്നതെന്നാണ്. കാനഡയ്ക്ക് വീഴ്ച പറ്റിയിട്ടല്ല ഇത് സംഭവിക്കുന്നത്, മറിച്ച് ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീ ഇത്രയും വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധരുടെ പക്ഷം. വനത്തിന് തീപിടിക്കുന്നത് സ്വാഭാവികമായ പ്രതിഭാസമാണ്, അതിന് നികുതി ചുമത്തുന്നത് എന്ത് ന്യായമാണെന്നാണ് കാനഡ ചോദിക്കുന്നത്.

അമേരിക്കയും കാനഡയും ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്. ട്രംപ് അധിക നികുതി ചുമത്തിയാല്‍ അത് കാനഡയിലെ വ്യവസായങ്ങളെ മാത്രമല്ല ബാധിക്കുക, കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അമേരിക്കന്‍ വിപണിയിലും വിലക്കയറ്റത്തിന് കാരണമാകും.

ട്രംപ് പറഞ്ഞതുപോലെ അധിക നികുതി ചുമത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വലിയ വ്യാപാര യുദ്ധത്തിലേക്ക് ഇത് വഴിമാറും.

കാനഡയില്‍ നിന്നുള്ള തടി, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടിയാല്‍ അമേരിക്കന്‍ നിര്‍മ്മാണ മേഖലയെ അത് ദോഷകരമായി ബാധിക്കും. പുക കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം നികുതിയിലൂടെ ഈടാക്കാന്‍ നോക്കുമ്പോള്‍ അത് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാക്കും.

വരും വര്‍ഷങ്ങളിലും ഈ കാട്ടുതീ ആവര്‍ത്തിച്ചാല്‍, ഓരോ തവണയും അമേരിക്ക ഇതേ നിലപാട് സ്വീകരിക്കുമോ? പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയ-സാമ്പത്തിക ആയുധമാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയൊരു തെറ്റായ മാതൃകയ്ക്ക് കാരണമാകും.

ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിലുള്ള ചര്‍ച്ച നിര്‍ണായകമാകും. കാനഡയുടെ പരിസ്ഥിതി നയങ്ങളില്‍ മാറ്റം വരുത്താന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയേക്കാം.

പ്രകൃതിയുടെ ദുരന്തങ്ങള്‍ക്ക് അതിര്‍ത്തിയോ രാഷ്ട്രീയമോ ഇല്ല. പക്ഷേ, അതില്‍ നിന്ന് പൊങ്ങുന്ന പുക ഇപ്പോള്‍ രണ്ട് വന്‍ശക്തികള്‍ക്കിടയിലെ വലിയൊരു സാമ്പത്തിക തര്‍ക്കത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. ട്രംപിന്റെ ഈ നീക്കം വെറുമൊരു ഭീഷണിയാണോ, അതോ കാനഡയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വക്താക്കള്‍ക്ക് പൂട്ടിട്ട് കെപിസിസി; സതീശനെതിരെ പടനീക്കം തുടരുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ...

സിജെപി മാര്‍ച്ച് നാളെ ; ഡല്‍ഹിയില്‍ എന്തുസംഭവിക്കും?

ഡല്‍ഹി ജന്തര്‍മന്തിറില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണ കാഴ്ചകള്‍! നിരാഹാരമിരുന്ന സോനം വാങ്ചുക്കിനെ...

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...