ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതില്‍ രണ്ടെണ്ണം ബിജെപിയുടെ കയ്യിലിരുന്ന സീറ്റുകള്‍! ഇതില്‍ രാജ്യം ഉറ്റുനോക്കുന്നത് ഒറ്റ മണ്ഡലത്തിലേക്കാണ്… ബിഹാറിലെ ബങ്കിപൂര്‍! ബിജെപിയുടെ ഉറച്ച കോട്ട…പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ മണ്ഡലം…
പക്ഷേ, ബിജെപി ഇത്തവണ ഉത്കണ്ഠയിലാണ്. കാരണം ജന്തര്‍മന്തിറിലെ ജെന്‍സി തരംഗത്തിന്റെ പ്രതിഫലനം ബങ്കിപൂരിലുണ്ടാകുമോയെന്നതാണ് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നത്.
ജൂലൈ 30-ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങള്‍ ഇവയാണ്:
ഒന്ന്, ബിഹാറിലെ ബങ്കിപൂര്‍. ബിജെപി നേതാവും നിലവിലെ ബിജെപി ദേശീയ അധ്യക്ഷനുമായ നിതിന്‍ നബീന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചു. അങ്ങനെയാണ് ബങ്കിപൂര്‍ ഒഴിവുവന്നത്.
രണ്ട്, മധ്യപ്രദേശിലെ ദതിയ. ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കി. അങ്ങനെ ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.
മൂന്ന്, ഗുജറാത്തിലെ മഞ്ചല്‍പൂര്‍. ബിജെപി എംഎല്‍എ യോഗേഷ്ഭായ് നാരാണദാസ് പട്ടേലിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ഈ മൂന്ന് സീറ്റുകളില്‍ മഞ്ചല്പൂരും ബങ്കിപൂരും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ദതിയ കോണ്‍ഗ്രസിന്റെയും. പക്ഷേ, ബങ്കിപൂര്‍ ആണ് ഈ ഉപതെരഞ്ഞെടുപ്പിലെ ‘ഹോട്ട് സ്പോട്ട്’ ആകുന്നത്?
ആദ്യത്തെ കാരണം, ഇതൊരു സാധാരണ മണ്ഡലമല്ല. ബിജെപിയുടെ ഏറ്റവും ഉറച്ച കോട്ടകളില്‍ ഒന്നാണിത്. മുന്‍ മന്ത്രിയും ബിജെപിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷനുമായ നിതിന്‍ നബീന് തുടര്‍ച്ചയായി ജയിച്ചുവന്ന ഇടം!
രണ്ടാമത്തെ കാരണം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോര്‍ ബങ്കിപൂരില്‍ ജനവിധി തേടുന്നു.
എന്നാല്‍, ബിജെപിയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് മൂന്നാമത്തെ കാരണമാണ്… അത് ബങ്കിപൂരിലെ ജനസംഖ്യയും ഇപ്പോഴത്തെ സാഹചര്യവുമാണ്!
ബിഹാറിലെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വമ്പന്‍ കോച്ചിങ് സെന്ററുകളും സ്ഥിതി ചെയ്യുന്നത് ബങ്കിപൂര്‍ മണ്ഡലത്തിലാണ്. അതായത്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഈ മണ്ഡലത്തിലെ യഥാര്‍ത്ഥ ശക്തി!
ജന്തര്‍മന്തിറില്‍ ജെന്‍-സി സമരം കത്തിപ്പടര്‍ന്നപ്പോള്‍, അതിന്റെ ഏറ്റവും ശക്തമായ പ്രതിധ്വനി കണ്ടത് ബിഹാറിലാണ്. പട്നയിലെ തെരുവുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകള്‍, യുവാക്കളുടെ ഭാവി… ഇതൊക്കെ ഉന്നയിച്ചായിരുന്നു ആ പ്രതിഷേധങ്ങള്‍. അതുകൊണ്ടുതന്നെ, ജന്തര്‍മന്തിറില്‍ നേടിയ സമരവിജയം ബങ്കിപൂരിലെ ഈ യുവ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നതാണ് ഇപ്പോള്‍ ബിജെപി ക്യാമ്പിന്റെ ഏറ്റവും വലിയ ആശങ്ക!
വിദ്യാര്‍ത്ഥികളും യുവ വോട്ടര്‍മാരും ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍, ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാകും. മുന്‍കാലങ്ങളില്‍ രാഷ്ട്രീയത്തോട് താല്പര്യം കാണിക്കാതിരുന്ന യുവാക്കള്‍ ഇത്തവണ മാറ്റി ചിന്തിച്ചാല്‍ കാര്യങ്ങള്‍ മാറും.
ഇതുവരെ ബിജെപിയും ആര്‍ജെഡിയും തമ്മിലായിരുന്നു ബിഹാറിലെ പോരാട്ടമെങ്കില്‍, പ്രശാന്ത് കിഷോറിന്റെ വരവ് സമവാക്യങ്ങള്‍ മാറ്റിമറിച്ചു. വികസനവും മാറ്റവും ഉയര്‍ത്തിക്കാട്ടി നിഷ്പക്ഷ വോട്ടുകളെയും യുവ ജനങ്ങളെയും ആകര്‍ഷിക്കാന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കുന്നു.
ദേശീയ പ്രസിഡന്റിന്റെ മണ്ഡലം നിലനിര്‍ത്തേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ സര്‍വ്വ സന്നാഹങ്ങളും ഇറക്കിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. ജെന്‍-സി ഇഫക്റ്റും വിദ്യാര്‍ത്ഥി രോഷവും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍, കോട്ടയെന്ന് കരുതുന്ന ബങ്കിപൂര്‍ ബിജെപിയെ കൈവിടും. മറിച്ചാണെങ്കില്‍, ബിജെപിക്ക് ഇതൊരു ആശ്വാസ ജയമാകും.
സോഷ്യല്‍ മീഡിയയില്‍ നിന്നും തെരുവിലേക്കിറങ്ങിയ സമരം വോട്ടുപെട്ടിയില്‍ പ്രതിഫലിക്കുമോ? അതോ ഭരണപക്ഷത്തിന്റെ കെട്ടുറപ്പുള്ള സംഘടനാശേഷി വിജയിക്കുമോ?


