ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ… മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി. സമരത്തിന്റെ മുന്‍നിരയില്‍ നയിക്കാന്‍ ഒരു നായകനുണ്ടായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അറസ്റ്റ് വരിച്ചും ഡല്‍ഹി തെരുവുകളില്‍ പോലീസിനോട് പൊരുതിയും കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ചു രാഹുല്‍ സമരമുഖത്തു നിറഞ്ഞു നിന്നു.
പക്ഷേ, യുദ്ധക്കളം ചൂടുപിടിച്ച് നില്ക്കുമ്പോള്… പ്രക്ഷോഭത്തെ മുന്‍നിരയില്‍ നിന്നു നയിച്ചയാള്‍ എവിടെ? രാഹുല്‍ ഗാന്ധി പെട്ടെന്ന് എവിടേക്ക് അപ്രത്യക്ഷനായി? സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ഇപ്പോള്‍ പടരുകയാണ്. ഒരു അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍, ആരും ശ്രദ്ധിക്കാതെ ഇരിക്കുന്ന രാഹുല്‍ ഗാന്ധി. ബിജെപി ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണമാണ്. രാഹുല്‍ പതിവുപോലെ രാജ്യം വിട്ടു. വിയറ്റ്നാമിലേക്ക് മുങ്ങി!
എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സമ്പൂര്‍ണ്ണ മൗനമാണ്. എന്താണ് സത്യത്തില്‍ സംഭവിച്ചത്? പ്രതിപക്ഷ നേതാവിന് കേന്ദ്ര സര്‍ക്കാരോ സുരക്ഷാ ഏജന്‍സികളോ അറിയാതെ വിദേശത്തേക്ക് പോകാന്‍ സാധിക്കുമോ? അതോ ഇത് പ്രക്ഷോഭ തന്ത്രങ്ങളുടെ ഭാഗമായ ഒരു താത്ക്കാലിക ഇടവേളയാണോ? രാഹുല്‍ ഗാന്ധിയുടെ ഈ ‘അപ്രത്യക്ഷമാകലിന്’ പിന്നിലെ രാഷ്ട്രീയം എന്താണ്?
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ, പ്രത്യേകിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആക്രമണമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്. വോട്ട് മോഷണ ആരോപണം മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്യല്‍ വരെ എത്തി നില്ക്കുന്നു കാര്യങ്ങള്‍. ഇന്ത്യ സഖ്യത്തിന്റെ മുന്നണിപ്പോരാളിയായി രാഹുല്‍ ഗാന്ധി തന്നെ കളത്തിലിറങ്ങി. ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ നടന്നു. പ്രതിപക്ഷ നേതാക്കള്‍ തെരുവില്‍ ഉപരോധം തീര്‍ത്തു. രാഹുല്‍ തന്നെ ഒന്നിലധികം തവണ പോലീസിന്റെ കസ്റ്റഡിയിലായി.
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ ഈ സമരം അവസാനിക്കില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരസ്യ വെല്ലുവിളി. അപ്രതീക്ഷിത സമരങ്ങളായിരിക്കും ഉണ്ടാവുകയെന്നും നേതാക്കളും പ്രവര്‍ത്തകരും എപ്പോഴും സമരത്തിനിറങ്ങാന്‍ തയാറായിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
പക്ഷേ, ദസറ പ്രമാണിച്ച് പ്രതിഷേധങ്ങള്‍ക്ക് രണ്ട് ദിവസത്തെ ഇടവേള നല്കുന്നു എന്ന് കോണ്‍ഗ്രസ് പിന്നീട് പ്രഖ്യാപിക്കുന്നു. തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു യാത്രക്കാരന് ഫോണില്‍ പകര്‍ത്തിയ ദൃശ്യം. അതില്‍ കാണുന്നത് വിമാനത്തില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയെയാണ്.
ഉടന്‍ തന്നെ ബിജെപിയുടെ സൈബര്‍ കേന്ദ്രങ്ങളും പ്രമുഖ നേതാക്കളും രംഗത്തെത്തി. രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നു എന്ന് ബിജെപി ആരോപിക്കുന്നു. ‘സമരം നയിക്കേണ്ട സമയത്ത് നേതാവ് അവധിക്കാലം ആഘോഷിക്കാന്‍ പോയി’ എന്നാണ് ബിജെപിയുടെ പരിഹാസം. ഇവിടെയാണ് പ്രധാന ചോദ്യം ഉയരുന്നത്. ഈ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി എന്താണ്? കോണ്‍ഗ്രസ് ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഈ മൗനമാണ് വിവാദങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം പകരുന്നത്.
എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഈ വിദേശയാത്ര ഇത്ര വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നത്?മൂന്ന് പ്രധാന കാരണങ്ങളാണ് ഇതിനുള്ളത്. ഒന്നാമത്തേത് രാഹുലിന്റെ അപ്രത്യക്ഷമാകലിന്റെ സമയമാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിനെതിരെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്ന് നയിക്കുകയാണ്. അങ്ങനെയൊരു നിര്‍ണായക ഘട്ടത്തില്‍, പ്രക്ഷോഭത്തിന്റെ പ്രധാന മുഖമായ രാഹുല്‍ ഗാന്ധി പെട്ടെന്ന് അപ്രത്യക്ഷനാകുന്നത് അണികളുടെ ആത്മവീര്യത്തെ ബാധിക്കും.
രണ്ടാമതായി, ബിജെപിക്ക് കിട്ടിയ ശക്തമായ ആയുധമായി ഇതു മാറുന്നതാണ്. രാഹുല്‍ ഗാന്ധിയെ ഒരു ‘പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്’ എന്ന് ചിത്രീകരിക്കാന്‍ ബിജെപി എന്നും ശ്രമിച്ചിട്ടുണ്ട്. മുന്‍പും നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ രാഹുല്‍ വിദേശത്തേക്ക് പോയത് വലിയ വിവാദമായിട്ടുണ്ട്. ബാങ്കോക്ക്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മുന്‍ യാത്രകള്‍ ബിജെപി വലിയ വിഷയമാക്കിയിരുന്നു. ഇപ്പോഴും അതേ തന്ത്രം തന്നെയാണ് ബിജെപി പുറത്തെടുക്കുന്നത്. ‘പ്രക്ഷോഭം ഒരു നാടകമായിരുന്നു, നേതാവിന് വിശ്രമിക്കാന്‍ വിദേശത്ത് പോകണം’ എന്ന് ബിജെപി പരിഹസിക്കുന്നു.
മൂന്നാമതായി, പ്രതിപക്ഷ കൂട്ടായ്മയിലെ അസ്വസ്ഥതകളാണ്. ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, സി.പി.എം എന്നിവരെല്ലാം ഡല്‍ഹിയിലെ സമരത്തില്‍ സജീവമാണ്. രാഹുല്‍ മുന്നില്‍ നിന്ന് നയിക്കും എന്ന് കരുതിയ സഖ്യകക്ഷികള്‍ക്കും ഈ പെട്ടെന്നുള്ള മുങ്ങല്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ രാഹുലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത് മറ്റൊന്നാണ്.കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായ സമരങ്ങളും യാത്രകളും വാര്‍ത്താസമ്മേളനങ്ങളും രാഹുലിന് വലിയ മാനസിക-ശാരീരിക സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ദസറ അവധി ദിവസങ്ങളില്‍ രണ്ടുദിവസത്തെ റിലാക്സേഷന് മാത്രമാണ് രാഹുല്‍ എടുത്തതെന്നാണ് അവരുടെ വാദം.
ഇവിടെ മറ്റൊരു കാര്യം കൂടി കടന്നുവരുന്നുണ്ട്. രാഹുല്‍ ഗാന്ധി ഒരു സാധാരണ വ്യക്തിയാണോ? അല്ല!അദ്ദേഹം പ്രതിപക്ഷ നേതാവാണ്. Z+ കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. ഇനി ചിന്തിച്ചു നോക്കൂ… രാഹുല്‍ ഗാന്ധിയെപ്പോലെ സുരക്ഷയുള്ള ഒരാള്‍ക്ക് കേന്ദ്ര സര്‍ക്കാരോ സുരക്ഷാ ഏജന്‍സികളോ അറിയാതെ വിമാനത്താവളത്തില്‍ എത്താനോ, വിമാനം കയറി വിദേശത്തേക്ക് പോകാനോ സാധിക്കുമോ?ഒരിക്കലുമില്ല! അതാണ് പച്ചയായ സത്യം.
ഒരു Z+ സെക്യൂരിറ്റിയുള്ള നേതാവ് വിദേശത്തേക്ക് പോകുമ്പോള്‍ കൃത്യമായ പ്രോട്ടോകോള്‍ ഉണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള സേനാവിഭാഗം ഇത് മുന്‍കൂട്ടി അറിയണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ കൈമാറണം. ഇമിഗ്രേഷന്‍ വിഭാഗം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിദേശകാര്യ മന്ത്രാലയം… ഇവരെല്ലാം രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്.
അതായത്, ഇന്ത്യന്‍ സര്‍ക്കാര്‍ അറിയാതെ, ആഭ്യന്തര മന്ത്രാലയം അറിയാതെ രാഹുല്‍ ഗാന്ധിക്ക് വിമാനത്താവളത്തിന്റെ വാതില്‍ പോലും കടക്കാന്‍ കഴിയില്ല!എന്നിട്ടും ബിജെപി നേതാക്കള്‍ ചോദിക്കുന്നത്, ‘രാഹുല്‍ എവിടെപ്പോയി, എന്തിനുപോയി?’ എന്നാണ്. രാഹുല്‍ എവിടെപ്പോയി എന്ന് സര്‍ക്കാരിന് കൃത്യമായി അറിയാം. എങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ രാഹുലിനെ ‘മുങ്ങിപ്പോകുന്ന നേതാവ്’ എന്ന് ചിത്രീകരിക്കാന്‍ ബിജെപി ഈ അവസരം ഉപയോഗിക്കുന്നു. അതേസമയം, യാത്രയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാതെ കോണ്‍ഗ്രസും സസ്പെന്‍സ് നിലനിര്‍ത്തുന്നു.
രാഷ്ട്രീയത്തില്‍ ‘ടൈമിംഗ്’ വളരെ പ്രധാനമാണ്.പ്രതിപക്ഷം തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രതിരോധത്തിലാക്കിയ ഒരു സമയത്ത്, നേതാവ് രാജ്യം വിട്ടു എന്ന വാര്‍ത്ത വരുന്നത് തിരിച്ചടിയാണ്. അത് രാഹുല്‍ ഗാന്ധി വ്യക്തിപരമായ വിശ്രമത്തിന് പോയതാണെങ്കിലും അല്ലെങ്കിലും, ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ വലുതാണ്. അതേസമയം, സര്‍ക്കാരിന് അറിയാവുന്ന ഒരു കാര്യത്തെ വലിയൊരു രഹസ്യമാക്കി മാറ്റി രാഹുലിനെതിരെതന്നെ ഉപയോഗിക്കാന്‍ ബിജെപിക്കു സാധിക്കുന്നു.
രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുമോ? ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള സമരം പുനരാരംഭിക്കുമോ? അതോ ഈ വിവാദത്തില്‍ സമരം മുങ്ങിപ്പോകുമോ?


