കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന്റെ വീടിന്റെ ഭിത്തിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു നോട്ടീസ് ഒട്ടിച്ചു വെച്ചു. മാസപ്പടിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഒരു സമന്‍സ്! പിണറായി വിജയനോടൊപ്പം മകളും മരുമകനും പ്രതികളായ ഒരു കേസിലാണിത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീട്ടുമുറ്റത്ത് വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. സാധാരണ ഒരു രാഷ്ട്രീയ നേതാവായിരുന്നു എങ്കില്‍ ആ നിമിഷം രാജിവെച്ചേനെ. അല്ലെങ്കില്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞേനെ.
പക്ഷേ, ഇവിടെ സംഭവിച്ചതെന്താണ്? പാര്‍ട്ടി ഒന്നടങ്കം അദ്ദേഹത്തിന് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. തുടര്‍ഭരണം നഷ്ടപ്പെട്ടിട്ടും, തിരിച്ചടി നേരിട്ടിട്ടും, പാര്‍ട്ടിയിലെ ഒരു നേതാവും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. മറിച്ച്, അദ്ദേഹത്തിന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വെള്ളിത്തളികയില്‍ വെച്ച് നല്‍കി. ഇവിടെ കൊണ്ട് തീരുന്നില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സി.പി.ഐ ചോദിച്ചു, ‘ഞങ്ങള്‍ക്ക് പ്രതിപക്ഷ ഉപനേതൃപദവി നല്‍കണം’.മറുപടി മുഖത്തുനോക്കിതന്നെ വന്നു, ‘തരില്ല’.
എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഒടുവില്‍ സി.പി.ഐക്കും വഴങ്ങേണ്ടി വന്നു. തൊട്ടതെല്ലാം തിരിച്ചടിയായിട്ടും, കേസും അന്വേഷണങ്ങളും വീടിന്റെ പടിവാതിക്കല്‍ എത്തിയിട്ടും, ചോദ്യം ചെയ്യപ്പെടാതെ പിണറായി വിജയന്‍ എങ്ങനെ അജയ്യനായി നില്‍ക്കുന്നു? സി.പി.എമ്മും സി.പി.ഐയും കേന്ദ്ര നേതൃത്വവും, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സര്‍ക്കാര്‍ പോലും പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധവികാരമാണെന്ന് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല എന്ന് പിണറായി വിജയന്‍ ഉറപ്പിച്ചു പറഞ്ഞു. ഉത്തരവാദിത്തം അണികള്‍ക്കാണ്. താഴെത്തട്ടിലുള്ള വീഴ്ചയാണ്. കേന്ദ്രനേതൃത്വം പോലും ഈ നിലപാടിന് മുന്നില്‍ തടസ്സങ്ങള്‍ ഉന്നയിച്ചില്ല. പാര്‍ട്ടി സ്ഥാപിച്ച അടിത്തറ മുഴുവന്‍ ഇളകിയപ്പോഴും, പിണറായി വിജയന്‍ എന്ന നേതാവിന്റെ അധികാരത്തിന് അണുവിട ഇളക്കം തട്ടിയില്ല.
സി.പി.എം എന്ന കേഡര്‍ പാര്‍ട്ടി സാധാരണ പ്രവര്‍ത്തിക്കുന്നത് വ്യക്തികള്‍ക്ക് മുകളിലാണ്. എ.കെ.ജിയും ഇ.എം.എസും നായനാരും വി.എസും ഒക്കെ നിയന്ത്രിക്കപ്പെട്ടത് പാര്‍ട്ടി വഴിയാണ്.എന്നാല്‍ ഇന്ന്, പാര്‍ട്ടിക്ക് മുകളിലാണ് പിണറായി വിജയന്‍.
അതുപോലെ തന്നെ അധികാരത്തിലെത്തിയിട്ടും മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ ശക്തമായ അന്വേഷണം നടത്താത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം ഉയരുകയാണ്. മാത്യു കുഴല്‍നാടന്‍ മുതല്‍ കെ. സുധാകരന്‍ വരെയുള്ളവര്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്നു.’എന്തുകൊണ്ടാണ് നിങ്ങള്‍ പിണറായിയെ ഭയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. ‘ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ അന്വേഷണമാമാങ്കങ്ങള്‍ മറന്നുപോയോയെന്നാണ് അവര്‍ മുഖ്യമന്ത്രി സതീശനോടും ആഭ്യന്തരമന്ത്രി ചെന്നിത്തലയോടും ചോദിക്കുന്നത്.
എന്തിനാണ് എല്ലാവരും ഇത്രയധികം പിണറായിയെ ഭയക്കുന്നത്?ഇതൊരു ദിവസമോ ഒരു വര്‍ഷമോ കൊണ്ട് ഉണ്ടായതല്ല. ഇതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
1998-ല്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ പിണറായി വിജയന്‍ ആദ്യം ചെയ്തത് സി.പി.എം എന്ന കൂറ്റന്‍ പ്രസ്ഥാനത്തെ തന്റെ വിരല്‍ത്തുമ്പില്‍ നിര്‍ത്തുമാറ് പുനഃസംഘടിപ്പിച്ചു എന്നതാണ്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വരെ ഓരോ പദവിയിലും തന്റെ വിശ്വസ്തരെ മാത്രം പ്രതിഷ്ഠിച്ചു.വി.എസ്. അച്യുതാനന്ദന്‍ എന്ന ജനപ്രിയ നേതാവിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും, ഒടുവില്‍ പിന്തള്ളാനും പിണറായി ഉപയോഗിച്ചത് ഈ സംഘടനാ കരുത്താണ്. ഇന്ന് പാര്‍ട്ടിയില്‍ ഒരു തിരുത്തല്‍ ശക്തിയോ, ബദല്‍ ശബ്ദമോ ഇല്ല. കാരണം, വിമര്‍ശിക്കുന്നവരുടെ രാഷ്ട്രീയ ഭാവി അന്നുതന്നെ അവസാനിക്കും എന്ന് എല്ലാവര്‍ക്കും അറിയാം.
പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍, സ്വത്തുക്കള്‍, മാധ്യമ സ്ഥാപനങ്ങള്‍, പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകള്‍… ഇതെല്ലാം നിയന്ത്രിക്കുന്നതിലും ശാക്തീകരിക്കുന്നതിലും പിണറായി വിജയന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു.പാര്‍ട്ടിക്കുള്ളിലാരും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വളര്‍ന്നിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയേക്കാള്‍ വലുതായി വളര്‍ന്നത് പിണറായിയുടെ വ്യക്തിപരമായ പ്രതിച്ഛായയാണ്.പ്രളയവും കോവിഡും നേരിട്ടപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിര്‍മ്മിച്ചെടുത്ത ആ ഇമേജ്, പാര്‍ട്ടിയെ പൂര്‍ണ്ണമായും പിണറായി എന്ന വ്യക്തിയില്‍ കേന്ദ്രീകൃതമാക്കി. പിണറായി വീണാല്‍ പാര്‍ട്ടി വീഴും എന്ന അവസ്ഥ സി.പി.എം സ്വയം വരുത്തിവെച്ചു. അതുകൊണ്ട് തന്നെ, ഇന്ന് തോല്‍വിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തലയില്‍ വെക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഭയക്കുന്നു.
എതിര്‍പാര്‍ട്ടിയിലുള്ള നേതാക്കളെ പേരെടുത്തു പറഞ്ഞ് വ്യക്തിപരമായി ആക്രമിക്കാനും, അവരുടെ ദുര്‍ബലതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനും പിണറായിക്ക് ഒരു മടിയുമില്ലായിരുന്നു. ഭരണത്തിലായിരുന്നപ്പോഴും പ്രതിപക്ഷത്തുള്ളപ്പോഴും തനിക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നവരെ നേര്‍ക്കുനേരെ നിന്ന് നേരിടാന്‍ പിണറായി മടിക്കില്ല. പിണറായിക്കെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം മടിക്കുന്നതും ഈ ‘തീവ്ര രാഷ്ട്രീയ ആക്രമണ’ ഭയം കൊണ്ടാണ്.
ഇപ്പോള്‍ മാസപ്പടി കേസില്‍ ഇ.ഡി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇഡി അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടന്നാല്‍ എന്താകും സംഭവിക്കുക. ? ഇവിടെ രണ്ടു സാധ്യതകളുണ്ട്.
ഒന്നാമത്തെ സാധ്യത:പിണറായി വിജയന്‍ ഇതിനെയും ഒരു രാഷ്ട്രീയ ആയുധമാക്കും. ‘കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു’ എന്ന വൈകാരിക കാര്‍ഡ് വീണ്ടും ഉയര്‍ത്തും. പാര്‍ട്ടിയും അണികളും വീണ്ടും അദ്ദേഹത്തിന് ചുറ്റും അണിനിരക്കും. തനിക്കെതിരെയുള്ള നീക്കങ്ങളെ പാര്‍ട്ടിക്കെതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് എളുപ്പം സാധിക്കും.
രണ്ടാമത്തെ സാധ്യത പിണറായിക്കെതിരെയുള്ള നീക്കങ്ങളാണ്. നിയമപരമായ തിരിച്ചടികള്‍ ഉണ്ടായാല്‍, പാര്‍ട്ടിക്കുള്ളില്‍ അടക്കിപ്പിടിച്ച അമര്‍ഷം പുറത്തുവരാം. സി.പി.ഐ പോലുള്ള ഘടകകക്ഷികള്‍ തുറന്ന പ്രക്ഷോഭത്തിലേക്ക് കടന്നേക്കാം. കോണ്‍ഗ്രസിനുള്ളില്‍ മാത്യു കുഴല്‍നാടനെയും സുധാകരനെയും പോലുള്ളവരുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാരും വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയേക്കാം.
പക്ഷേ, ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ലാവ്‌ലിന്‍ കേസായാലും, സ്വര്‍ണ്ണക്കടത്ത് കേസായാലും, മാസപ്പടിക്കേസായാലും… പ്രതിസന്ധികളുടെ മുനമ്പില്‍ നില്‍ക്കുമ്പോഴാണ് പിണറായി വിജയന്‍ കൂടുതല്‍ ശക്തനായി തിരിച്ചുവന്നിട്ടുള്ളത്. ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നേതാവ് എന്ന നിലയിലേക്കുള്ള പിണറായി വിജയന്റെ വളര്‍ച്ച കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ റിയാലിറ്റിയാണ്.
പിണറായി വിജയനെ ആളുകള്‍ ബഹുമാനിക്കുന്നുണ്ടോ, അതോ ഭയപ്പെടുന്നുണ്ടോ? ഉത്തരം എന്തായാലും ഒരുകാര്യം വ്യക്തമാണ്… കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ എന്ന പേരിന് ഇന്നും പകരക്കാരനില്ല.


