ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ഇഡിയുടെ അടുത്ത നീക്കം എന്ത്?

Date:

ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ കണ്ണുകളും ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിലേക്കായിരുന്നു. ചോദ്യം ചെയ്യല്‍ നീണ്ടത് കൃത്യം ഒന്‍പത് മണിക്കൂര്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിക്ക് മുന്നില്‍ ആദ്യമായി ഹാജരായ ദിവസം.
പലതവണ നോട്ടീസ് അയച്ചിട്ടും ഒടുവില്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ച ചോദ്യം ചെയ്യലിനാണ് ഇന്നലെ വീണ എത്തിയത്. രാവിലെ 10.25-ന് ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിലേക്ക് എത്തിയത്.
ഇഡി ഓഫീസിന്റെ ഗേറ്റിന് പുറത്തുവെച്ച് പോലീസ് വാഹനം തടയുന്നു. ഇഡി ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. മുന്‍പ് ഇഡി റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ്-സി.ഐ.എസ്.എഫ് കാവലായിരുന്നു അവിടെ. വാഹനം അകത്തേക്ക് കടത്തിവിട്ടില്ല.
കാറില്‍ നിന്നിറങ്ങി, നടന്ന് വേണമായിരുന്നു വീണയ്ക്ക് ഇഡി ഓഫീസിന് അകത്തേക്ക് പോകാന്‍.
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വന്‍ കോലാഹലങ്ങള്‍ ഉണ്ടാക്കിയ ഒരു നിറമുണ്ട്. കറുപ്പ്. ആ കറുത്ത മാസ്‌ക് ധരിച്ചാണ് വീണ ഇന്നലെ എത്തിയത്. മാധ്യമങ്ങളുടെ ക്യാമറകളില്‍ നിന്ന് മുഖം മറയ്ക്കാനായിരുന്നോ? അതോ രാഷ്ട്രീയമായ ഒരു പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലായിരുന്നോ അത്?
ഒന്‍പത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങുമ്പോഴും വീണയുടെ മുഖത്ത് കറുത്ത മാസ്‌കുണ്ടായിരുന്നു. അതിനാല്‍ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ മാധ്യമങ്ങളുടെ കാമറക്കണ്ണുകല്‍ക്ക് ഒപ്പിയെടുക്കാനായില്ല. മാധ്യമങ്ങള്‍ വീണയെ വളഞ്ഞു ചോദ്യങ്ങള്‍ ഓരോന്നായി എറിഞ്ഞു. പക്ഷേ, ഒരു വാക്കുപോലും മിണ്ടാതെ, ചോദ്യങ്ങളെയെല്ലാം പൂര്‍ണ്ണമായി അവഗണിച്ച് വീണ കാറിലേക്ക് കയറിപ്പോയി.

എന്തുകൊണ്ട് ഈ ചോദ്യം ചെയ്യല്‍ ഇത്രയേറെ പ്രാധാന്യമുള്ളതാകുന്നു എന്നതാണ് അടുത്ത ചോദ്യം.?
ലളിതമായി പറഞ്ഞാല്‍, ഇതൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മാത്രമല്ല. ഇതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. സിഎംആര്‍എല്‍ എന്ന സ്വകാര്യ കരിമണല്‍ കമ്പനി, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്‌സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിക്ക് 1.72 കോടി രൂപ നല്‍കി എന്നതാണ് ആരോപണം.
പ്രധാന ചോദ്യം ഇതാണ്: ഈ കോടികള്‍ വാങ്ങിയതിന് പകരമായി എന്ത് ഐടി സേവനമാണ് എക്്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് നല്‍കിയത്?
ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ അനുസരിച്ച്, അങ്ങനെയൊരു സേവനവും നടന്നിട്ടില്ല. സേവനം നല്‍കാതെ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണ്. അതിനാലാണ് ഇഡി ഇതില്‍ കള്ളപ്പണം ഉണ്ടെന്ന് സംശയിക്കുന്നത്.
അതുമാത്രമല്ല, സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടറുടെ മറ്റൊരു കമ്പനിയായ എംപവര്‍ ഇന്ത്യ, എക്‌സാലോജിക്കിന് 50 ലക്ഷം രൂപ ലോണ്‍ നല്‍കിയിരുന്നു. എക്‌സാലോജിക്കിന് ലഭിച്ച പണം ഇതിന്റെ തിരിച്ചടവിനായി ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലത്തെ ഒന്‍പത് മണിക്കൂറില്‍ ഇഡി ചോദിച്ചതും ഇതേ ചോദ്യങ്ങളായിരിക്കാം:
ബാങ്ക് അക്കൗണ്ടുകളുടെ രേഖകള്‍ എവിടെ?
ഡിജിറ്റല്‍ തെളിവുകള്‍ എവിടെ?
രണ്ടു കമ്പനികളും തമ്മിലുള്ള യഥാര്‍ത്ഥ കരാര്‍ എന്തായിരുന്നു?
ഇതിനു മുന്‍പ് ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്‍രെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇഡി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. അന്ന് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അവര്‍ ഇപ്പോഴും കടുത്ത നിയമനടപടികള്‍ നേരിടുകയാണ്. ആ കേസുകള്‍ റിമാന്‍ഡ് നടപടികളിലേക്കും കര്‍ശനമായ കോടതി നിരീക്ഷണത്തിലേക്കും നീങ്ങിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ, ഈ കേസ് കേവലം സാമ്പത്തികം മാത്രമല്ല, ക്രമസമാധാന പ്രശ്‌നം കൂടിയാണ്.
ഇനി ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കും? ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തതുകൊണ്ട് ഇഡി ഈ കേസ് അവസാനിപ്പിക്കുമോ? ഒരിക്കലുമില്ല.
ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച്, വീണ നല്‍കിയ മൊഴികളും ഡിജിറ്റല്‍ രേഖകളും ഇഡി വിശദമായി പരിശോധിക്കുകയാണ്. സിഎംആര്‍എല്‍ കമ്പനി ഉടമകളായ ശരണ്‍ കര്‍ത്താ, ജയ കര്‍ത്താ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ ഒത്തുനോക്കുയെന്നതായിരിക്കും ഇഡിയുടെ ആദ്യത്തെ പണി.
ഇനി വരാനിരിക്കുന്ന മൂന്ന് പ്രധാന നീക്കങ്ങള്‍ ഇവയാണ്:
രണ്ടാംഘട്ട ചോദ്യം ചെയ്യല്‍: ഇന്നലത്തെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി ചോദിച്ചതായാണ് സൂചന. അതിനാല്‍, പുതിയൊരു തീയതി നിശ്ചയിച്ച് വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. അത് ഉടന്‍ തന്നെ ഉണ്ടാകും.
ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന: എക്‌സാലോജിക് കമ്പനിയുടെ ലാപ്ടോപ്പുകള്‍, സെര്‍വറുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍ എന്നിവ ഇഡി ഇതിനകം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ചോദ്യം ചെയ്യലിന്റെ സ്വഭാവം മാറും.
അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍: ഇതിനകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട് 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അന്വേഷണം നീളും.
ഇതൊരു സാധാരണ രാഷ്ട്രീയ ആരോപണമല്ല. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമക്കുരുക്കുകള്‍ ശക്തമാണ്.
അടുത്ത ചോദ്യം ചെയ്യലില്‍ കൂടുതല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് സാധിക്കുമോ? അതോ ഇഡി കടുത്ത നടപടികളിലേക്ക് നീങ്ങുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...