വക്താക്കള്‍ക്ക് പൂട്ടിട്ട് കെപിസിസി; സതീശനെതിരെ പടനീക്കം തുടരുമോ?

Date:

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളാണ്. വി.ഡി. സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തി രണ്ടു മാസം പിന്നിടുന്നു. ഭരണ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട സമയം. എന്നാല്‍, കോണ്‍ഗ്രസ് ക്യാമ്പില്‍ എന്താണ് സംഭവിക്കുന്നത്..

സാധാരണയായി ഒരു പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പ്രതിപക്ഷമാണ് ആദ്യ വെടി പൊട്ടിക്കാറുള്ളത്. എന്നാല്‍ ഇവിടെ കഥ മാറി! സ്വന്തം പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ വാളെടുക്കുന്ന അസാധാരണ കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്. സംഗതി കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ കെപിസിസി നേതൃത്വം അടിയന്തരമായി ഇടപെട്ട് വക്താക്കളുടെ നാക്കിന് പൂട്ടിട്ടു. സതീശനെതിരായ നീക്കങ്ങള്‍ക്ക് കെപിസിസി താല്‍ക്കാലികമായി തടയിട്ടെങ്കിലും വടിവെട്ടാന്‍ പോയിട്ടേയുള്ളു എന്നമട്ടിലാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ആ പ്രസ്താവന.

എന്നാല്‍ കാര്യങ്ങള്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ഒദ്യോഗിക വക്താക്കളാണ്. പാര്‍ട്ടിയുടെ നയങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളും ജനങ്ങളിലെത്തിക്കേണ്ട ഔദ്യോഗിക വക്താക്കള്‍ മുഖ്യമന്ത്രിയെ പരസ്യമായി വിചാരണ ചെയ്യാന്‍ തുടങ്ങി. ചാനല്‍ മൈക്കുകള്‍ക്കു മുന്നിലും സോഷ്യല്‍മീഡിയ പേജുകളിലും അവര്‍ മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു.

സംഗതി കൈവിട്ടുപോകുമെന്ന് കണ്ടതോടെ കെപിസിസി നേതൃത്വത്തിന് കടുത്ത നിലപാടിലേക്ക് പോകേണ്ടി വന്നു. കെപിസിസി പുറത്തിറക്കിയ കര്‍ശനമായ സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
വക്താക്കള്‍ സ്വന്തം അജണ്ടയോ വ്യക്തിപരമായ അഭിപ്രായങ്ങളോ പറയരുത്. പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ എന്താണോ അത് മാത്രം പറയുക.
സര്‍ക്കാരിനോ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കോ എതിരെ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് പറയേണ്ടത് പരസ്യവേദികളിലല്ല, പാര്‍ട്ടിയുടെ ആഭ്യന്തര വേദികളിലാണ്.
ലക്ഷ്മണരേഖ ലംഘിക്കുന്ന വക്താക്കള്‍ക്കെതിരെ കര്‍ശന സംഘടനാ നടപടിയുണ്ടാകും.
ലളിതമായി പറഞ്ഞാല്‍, വക്താക്കളുടെ നാക്കിന് പൂട്ടിട്ടു!
ഇതിനെ കേവലം ഒരു സാധാരണ പാര്‍ട്ടി വഴക്കായി തള്ളിക്കളയാന്‍ കഴിയില്ല. ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളില്ല എന്നായിരുന്നു പുതിയ നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ അധികാരം കിട്ടി രണ്ടുമാസം തികയുമ്പോഴേക്കും പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുന്നു എന്നതിന്റെ തെളിവാണ് സതീശനെതിരെയുള്ള ഈ പടയൊരുക്കം.

സതീശനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു ശക്തമായ വിഭാഗമുണ്ട്. ഇതോടെ ‘സതീശന്‍ അനുകൂല’ ചേരിയും പ്രതിരോധവുമായി രംഗത്തിറങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച അനൂപ് വി.ആര്‍, ജിന്റോ ജോണ്‍ എന്നിവരെ പാര്‍ട്ടിയുടെ മീഡിയ പാനലില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നാണ് സതീശന്‍ ഗ്രൂപ്പിന്റെ ശക്തമായ ആവശ്യം.

പാര്‍ട്ടിക്കുള്ളിലെ ഈ ചേരിപ്പോരില്‍ മുതിര്‍ന്ന നേതാക്കള്‍ അസ്വസ്ഥര്‍ രാണ്. ഭരണം കൈയ്യില്‍ കിട്ടിയിട്ടും പരസ്യമായി തല്ല് തുടരുന്നത് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി വിളിച്ചുചേര്‍ത്ത് ഈ ആഭ്യന്തര കലഹത്തിന് പരിഹാരം കാണണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. വക്താക്കള്‍ എന്ന് പറഞ്ഞാല്‍ പാര്‍ട്ടിയുടെ മുഖവും ശബ്ദവുമാണ്. അവര്‍ തന്നെ മുഖ്യമന്ത്രിയെ തള്ളിപ്പറയുമ്പോള്‍, അണികള്‍ ആരെ വിശ്വസിക്കണം? പ്രതിപക്ഷത്തിന് ഇതിലും വലിയൊരു ആയുധം ഇനി വേറെ കിട്ടാനില്ല.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി എന്ന് തെളയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. അധികാരത്തിന്റെ മധുരം നുണയുമ്പോഴും ആഭ്യന്തര കലഹങ്ങളുടെ കയ്പ്പ് കോണ്‍ഗ്രസിനെ വിട്ടുമാറുന്നില്ല. വി.ഡി. സതീശനെതിരെയുള്ള നീക്കങ്ങള്‍ക്ക് കെപിസിസി താല്‍ക്കാലികമായി ബ്രേക്ക് ഇട്ടിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത? എത്രനാളത്തേക്ക്?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...