കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അടയാളങ്ങളില്‍ ഒന്നായിരുന്നു ഇറാക്കിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം. എന്നാല്‍ ആ ചരിത്രത്തിന് ഇന്ന് ഔദ്യോഗികമായി തിരശ്ശീല വീഴുകയാണ്.
ഇറാക്കിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും യു.എസ് സൈനികര്‍ പൂര്‍ണ്ണമായി ഒഴിഞ്ഞിരിക്കുന്നു. താവളങ്ങളുടെ നിയന്ത്രണങ്ങളെല്ലാം ഇറാക്ക് സുരക്ഷാ സേനയ്ക്ക് കൈമാറി. ബാക്കിയുണ്ടായിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം സൈനികരെയും അവരുടെ ആയുധശേഖരങ്ങളെയും അമേരിക്ക ജോര്‍ദ്ദാന്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റിലെ മറ്റ് താവളങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത്, അതായത് 2024ല്‍ ഉണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ പിന്മാറ്റം. ഇത് വെറുമൊരു സൈനികരുടെ മടങ്ങിപ്പോക്ക് മാത്രമല്ല. അമേരിക്കയുടെ വിദേശനയത്തിലും പശ്ചിമേഷ്യന്‍ ശക്തിസമവായത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒരു വഴിത്തിരിവാണ്.
എന്തിന് അമേരിക്ക ഇറാക്കില്‍ എത്തി? ഈ ചോദ്യത്തിന് ഉത്തരമറിയാന്‍ നമ്മള്‍ കൃത്യം ഇരുപത്തിമൂന്ന് വര്‍ഷം പിറകിലേക്ക് പോകണം.
2003 മാര്‍ച്ച്. ലോകം ഒരു പുതിയ യുദ്ധത്തിലേക്ക് കണ്ണുതുറന്ന കാലം. അന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ആയിരുന്നു. ഇറാക്ക് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈവശം മാരക നശീകരണായുധങ്ങള്‍ ഉണ്ടെന്നും, അദ്ദേഹം ഭീകരവാദികളെ സഹായിക്കുന്നുണ്ടെന്നും ആരോചിച്ചായിരുന്നു അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖിനെതിരെ അധിനിവേശം ആരംഭിച്ചത്.
സദ്ദാമിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു അമേരിക്ക പറഞ്ഞ പ്രധാന കാരണം. പക്ഷേ, കാലം കടന്നുപോയപ്പോള്‍ സദ്ദാമിന്റെ കൈവശം അന്ന് പറയപ്പെട്ട രീതിയിലുള്ള മാരകനശീകരണായുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു.
അമേരിക്കയുടെ അധിനിവേശം ഇറാക്കിന്റെ മുഖഛയ തന്നെ മാറ്റിമറിച്ചു. സദ്ദാം പുറത്താക്കപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങളും ചേരിപ്പോരുകളും കത്തിപ്പടര്‍ന്നു. ആദ്യം പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ പാളിയെങ്കിലും, അമേരിക്കന്‍ സൈനിക സാന്നിധ്യം അവിടെ തുടര്‍ന്നു. ഒടുവില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 2011ല്‍ അമേരിക്കയ്ക്ക് ഇറാക്കില്‍ നിന്ന് പിന്മാറേണ്ടിവന്നു.
പക്ഷേ, മൂന്ന് വര്‍ഷം തികയും മുമ്പ്, അതായത് 2014 ആയപ്പോഴേക്കും ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കില്‍ കൊടുംക്രൂരതകളുമായി പിടിമുറുക്കി. ഐസിസിന്റെ മുന്നേറ്റം തടയാന്‍ ഇറാക്ക് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അമേരിക്കന്‍ സൈനികര്‍ വീണ്ടും മടങ്ങിയെത്തി. അങ്ങനെ നീണ്ട വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന ആ പോരാട്ടത്തിനാണ് ഇന്ന് അന്ത്യമാകുന്നത്.
ലക്ഷ്യം സാധിച്ചാണോ അമേരിക്കയുടെ മടക്കം? ഇപ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഉത്തരം അത്ര ലളിതമല്ല. അമേരിക്ക തങ്ങള്‍ ലക്ഷ്യമിട്ട പ്രധാനപ്പെട്ടൊരു ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അവകാശപ്പെടുന്നത്. ഐസിസിന്റെ ഇറാക്കിലെ സ്വാധീനം വലിയ തോതില്‍ തകര്‍ക്കാന്‍ കഴിഞ്ഞു. അവരുടെ വലിയ കേന്ദ്രങ്ങളും ഖിലാഫത്ത് എന്ന മോഹവും തകര്‍ത്തെറിയപ്പെട്ടു. ആയിരക്കണക്കിന് ഭീകരരെ വധിക്കാന്‍ സാധിച്ചു.
എന്നാല്‍ ഈ ഇരുപത് വര്‍ഷം നീണ്ട യുദ്ധം അമേരിക്കയ്ക്കും ഇറാക്കിനും വരുത്തിവെച്ച നഷ്ടം വളരെ വലുതാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഇറാക്ക് മണ്ണില്‍ മാത്രം നാലായിരത്തിലധികം (4,600) യുഎസ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ഈ യുദ്ധത്തിനായി ചെലവഴിച്ചത്.
അതേസമയം, ഇറാക്ക് ജനത അനുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ലക്ഷക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നുതരിപ്പണമായി. സദ്ദാമിന്റെ ഏകാധിപത്യം മാറി ജനാധിപത്യം വന്നെങ്കിലും, രാജ്യം പിന്നീട് കടുത്ത വര്‍ഗ്ഗീയ കലാപങ്ങളിലേക്കും അസ്ഥിരതയിലേക്കും വീഴുന്ന കാഴ്ചയാണ് ലോകം കണ്ടത്. അതുകൊണ്ട് തന്നെ, ‘ലക്ഷ്യം നേടി’ എന്ന് പൂര്‍ണ്ണമായി പറയാന്‍ അമേരിക്കയ്‌ക്കോ, ‘സമാധാനം കിട്ടി’ എന്ന് പറയാന്‍ ഇറാക്കിനോ ആവില്ല. അതൊരു അപൂര്‍ണ്ണമായ അധ്യായമായി തന്നെ അവശേഷിക്കുന്നു.
അമേരിക്കയുടെ പിന്മാറ്റം പശ്ചിമേഷ്യയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ പിന്മാറ്റത്തെ ഏറ്റവും ആഹ്ലാദത്തോടെ നോക്കിക്കാണുന്നത് ഇറാനും, ഇറാക്കിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളുമാണ്. തങ്ങളുടെ ദീര്‍ഘകാലത്തെ ചെറുത്തുനില്‍പ്പിന്റെ വിജയമായാണ് അവര്‍ ഇതിനെ കാണുന്നത്. അമേരിക്കന്‍ സാന്നിധ്യം ഇല്ലാതാകുന്നത് തങ്ങള്‍ക്ക് ഇറാക്കില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് അവര്‍ കരുതുന്നു.
എന്നാല്‍, ഇറാക്കിലെ സാധാരണ ജനങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഉള്ളില്‍ വലിയ ഭയമുണ്ട്.അമേരിക്കന്‍ സൈന്യം പോകുന്നതോടെ രാജ്യത്ത് വലിയൊരു സുരക്ഷാ ശൂന്യത ഉണ്ടാകുമോ എന്നാണ് പ്രധാന ആശങ്ക. ഐസിസ് പോലുള്ള ഭീകര സംഘടനകള്‍ പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. അവര്‍ ഇപ്പോഴും രഹസ്യകേന്ദ്രങ്ങളിലുണ്ട്. അമേരിക്കന്‍ സേനയുടെ കണ്ണുവെട്ടിച്ച് നില്‍ക്കുന്ന ഇത്തരം സായുധ ഗ്രൂപ്പുകളും ഐസിസ് ശേഷിപ്പുകളും വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ ഈ പിന്മാറ്റം അവസരമൊരുക്കുമെന്ന് ഭയപ്പെടുന്നു. സുരക്ഷാ ചുമതല പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ ഇറാക്ക് സുരക്ഷാ സേന പ്രാപ്തമാണോ എന്ന ചോദ്യത്തിന് മുന്നില്‍ ഇപ്പോഴും ഉത്തരമില്ല.
അങ്ങനെയെങ്കില്‍, ഇനി ഇറാക്കിന്റെ ഭാവി എന്തായിരിക്കും? ചോദ്യം വളരെ ഗൗരവമുള്ളതാണ്. അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷമുള്ള ഇറാക്ക് കടുത്ത പരീക്ഷണങ്ങളെയാണ് നേരിടാന്‍ പോകുന്നത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷ തനിച്ച് സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം ഇറാക്ക് സര്‍ക്കാരിന് മുന്നിലുണ്ട്. ഇറാന്റെ ഇടപെടലുകളും രാജ്യത്തിനകത്തെ സായുധ ഗ്രൂപ്പുകളുടെ സ്വാധീനവും എങ്ങനെ നിയന്ത്രിക്കും എന്നതും വലിയ വെല്ലുവിളിയാണ്.
പശ്ചിമേഷ്യയില്‍ മൊത്തത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, ഇറാക്ക് വീണ്ടും ഒരു യുദ്ധക്കളമായി മാറുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിലുമുണ്ട്. തങ്ങളുടെ സ്വന്തം കാലില്‍ നില്‍ക്കാനും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഇറാക്കി രാഷ്ട്രീയ നേതൃത്വത്തിന് ഇനി വരാന്‍ പോകുന്ന നാളുകളില്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.
അങ്ങനെ, രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുള്ള, ചോരയും കണ്ണീരും വീണ ഇറാക്ക് മണ്ണില്‍ നിന്ന് അമേരിക്കന്‍ പതാക താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു വലിയ അധ്യായം ഇവിടെ അവസാനിക്കുകയാണ്. എന്നാല്‍ ഈ പടിയിറക്കം ഇറാക്കിന് സമാധാനത്തിന്റെ പുലരി സമ്മാനിക്കുമോ, അതോ പുതിയൊരു അരക്ഷിതാവസ്ഥയിലേക്ക് ആ നാടിനെ തള്ളിവിടുമോ? ഉത്തരം കാലം തെളിയിക്കണം.


