മലയാള സിനിമയെ വീണ്ടും നാണംകെടുത്തി താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജി. താരസംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ഭരണസമിതി അധികാരമേറ്റ് വെറും 310 ദിവസങ്ങള്‍ തികയുമ്പോഴാണ് ഈ നാടകീയ പടിയിറക്കം. ഒരു വര്‍ഷം പോലും തികയ്ക്കാനാകാതെ, കടുത്ത ആഭ്യന്തര കലഹങ്ങളെത്തുടര്‍ന്ന് 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചൊഴിഞ്ഞു.
ഒരു വശത്ത് കുറ്റാരോപിതരായ പഴയ ശക്തികള്‍ വീണ്ടും സംഘടനയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ശ്വേത മേനോന്‍ പറഞ്ഞതുപോലെ ‘പാവകളെ’ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് ഭരിക്കാന്‍ വലിയൊരു വിഭാഗം കരുക്കള്‍ നീക്കുന്നുണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സംഘടന വരുത്തിയെന്ന് അവകാശപ്പെട്ട എല്ലാ മാറ്റങ്ങളും വെറും ജലരേഖയായി മാറും. സംഘടനയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകരും.
മറുവശത്ത്, സിനിമയിലെ യുവനിരയും മാറ്റം ആഗ്രഹിക്കുന്നവരും ചേര്‍ന്ന് ഒരു പുതിയ ബദല്‍ ശക്തിയായി ഉയര്‍ന്നുവന്നേക്കാം. മമ്മൂട്ടിയും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ വിട്ടുനിന്നത് നിലവിലെ ചീഞ്ഞഴുകിയ വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് കൊണ്ടാണെങ്കില്‍, അവര്‍ പുതിയൊരു നേതൃത്വത്തെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ഭയപ്പെടേണ്ടത് മറ്റൊരു കാര്യമാണ്. ഈ ആഭ്യന്തര കലഹം തുടര്‍ന്നാല്‍, സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കും കൈനീട്ടം പോലുള്ള സഹായങ്ങള്‍ കൈപ്പറ്റുന്ന മുതിര്‍ന്ന കലാകാരന്മാര്‍ക്കുമാണ് ഇതിന്റെ ദോഷം നേരിടേണ്ടി വരിക.
പരസ്പരം പാരവെപ്പും ഈഗോയും മാത്രമാണ് തങ്ങള്‍ക്കിടയിലെന്ന് താരങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. വലിയ പ്രതീക്ഷയോടെ വന്ന ഒരു വനിതാ ഭരണസമിതിയെ, കൃത്യമായ അജണ്ടകള്‍ വെച്ച് പുകച്ചു പുറത്താക്കിയതാണെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്. അതല്ല, സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ അവര്‍ രാജിവെച്ചതാണെങ്കില്‍ അത് അതിലും വലിയ പരാജയമാണ്.
മുതിര്‍ന്ന നേതാക്കളുടെ മൗനവും, യുവനിരയുടെ വിട്ടുനില്‍ക്കലും ‘അമ്മ’യില്‍ വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ സൂചനയാണ് നല്‍കുന്നത്. പുതിയ തെരഞ്ഞെടുപ്പ് വരും, പുതിയ ഭാരവാഹികള്‍ ഉണ്ടാകും. പക്ഷേ, നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഈ സംഘടനയ്ക്ക് ഇനി എത്ര കാലം വേണ്ടിവരും?


