ഗ്യാനേഷ് കുമാര്‍ കുരുക്കില്‍; ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിസന്ധിയില്‍

Date:

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും എത്തിനില്‍ക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് കാരണക്കാരന്‍ . അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്.

ആരോപണങ്ങളുയരുമ്പോള്‍ അതെല്ലാം രാഷ്ടീയ അജണ്ടകളുടെ ഭാഗമാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് മോദി സര്‍ക്കാരിന്റെ പതിവ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഇലക്ഷന്‍കമ്മീഷനകത്തു നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നു.

ശരിക്കും പറഞ്ഞാല്‍ ഗ്യാനേഷ് കുമാര്‍ ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ പിടിയിലായ ഒരു അവസ്ഥയിലാണ്. ഇവിടെ ബിജെപി നേരിടുന്ന ഏറ്റവും വലിയ തലവേദന ഗ്യാനേഷ് കുമാറിനെ തള്ളാനും വയ്യാ, കൊള്ളാനും വയ്യാ എന്നതാണ്!

അദ്ദേഹത്തെ പിന്തുണച്ച് കൂടെനിര്‍ത്തിയാല്‍, പ്രതിപക്ഷവും സിജെപിയും തെരുവില്‍ നടത്തുന്ന ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരും. സിജെപി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തിറില്‍ സമരം തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ്.

ഇനി അതല്ല, അദ്ദേഹത്തെ രാജിവെപ്പിച്ച് പുറത്താക്കിയാലോ? പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞ ‘വോട്ട് ചോര്‍ച്ച’ ആരോപണങ്ങളെല്ലാം സത്യമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതിന് തുല്യമാകും അത്. എങ്ങനെ നോക്കിയാലും സര്‍ക്കാരിന് മുന്നില്‍ കെണിയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയും ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് തിരഞ്ഞെടുപ്പുകളിലെ അട്ടിമറിയും വോട്ട് ചോര്‍ച്ചയും. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ‘മാച്ച് ഫിക്‌സിംഗ്’ ആണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ക്ക് പുതിയ മാനം ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ചില ആഭ്യന്തര വിവരങ്ങളാണ്.

ഒന്നാമതായി, ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (SIR) അഥവാ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയിലെ ക്രമക്കേടുകള്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ അനാവശ്യമായി ഒഴിവാക്കി, എന്‍ഡിഎയ്ക്ക് എതിരായി വോട്ട് ചെയ്യാന്‍ സാധ്യതയുള്ള ബൂത്തുകളിലെ വോട്ടുകള്‍ വെട്ടിമാറ്റി എന്ന തരത്തിലുള്ള ആരോപണം മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ് തന്നെ ഉന്നയിച്ചു. ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ കമ്മീഷന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്ന കത്തെഴുതുന്നു എന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു!

രണ്ടാമതായി, വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങളും ഡാറ്റാബേസിലെ കൃത്രിമത്വവും. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും തന്നെ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങള്‍ക്കെതിരെ 10 മാസത്തിനിടെ 14 തവണ വിയോജനക്കുറിപ്പ് എഴുതി നല്‍കി!

കമ്മീഷനകത്തു തന്നെയുള്ള ഭിന്നതയാണ് ഇതിലൂടെ പുറത്തുവന്നത്. ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടാതെ, മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ വെളിപ്പെടുത്തലും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. 2019-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് നിര്‍ദ്ദേശിച്ചെന്ന ജിജി തോംസണ്‍ന്റെ വെളിപ്പെടുത്തലുകള്‍ കമ്മീഷന്റെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ചുരുക്കത്തില്‍, രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും എന്താണോ ആരോപിച്ചത്, അതിനെ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവരുന്നത്.

അതേസമയം, സര്‍ക്കാരും ബിജെപിയും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, കമ്മീഷനില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എല്ലാ തീരുമാനങ്ങളും മൂന്ന് കമ്മീഷണര്‍മാരുടെയും അനുമതിയോടെയാണ് എടുത്തതെന്നുമാണ്.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും ബിജെപി വക്താക്കള്‍ കുറ്റപ്പെടുത്തുന്നു.പക്ഷേ, ഈ പ്രതിരോധം എത്രത്തോളം വിജയിക്കും?

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആള്‍ നിഷ്പക്ഷനല്ലെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കുന്നുണ്ടെന്നും ജനങ്ങള്‍ സംശയിച്ചു തുടങ്ങിയാല്‍, അത് രാജ്യത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥയിലുള്ള വിശ്വാസ്യത തന്നെ തകര്‍ക്കും.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഇദ്ദേഹത്തെ മാറ്റുക എന്നത് എളുപ്പമല്ല. അങ്ങനെ ചെയ്താല്‍ അത് പ്രതിപക്ഷത്തിന്റെ വിജയമായി മാറും. ‘ഞങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു, സര്‍ക്കാര്‍ വോട്ട് മോഷണം സമ്മതിച്ചു’ എന്ന് രാഹുല്‍ ഗാന്ധി ഉറക്കെ പറയും. അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.

ഗ്യാനേഷ് കുമാര്‍ രാജിവെക്കാതെ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ തീരുമാനിച്ചാല്‍, പ്രതിപക്ഷം സമരം ശക്തിപ്പെടുത്തും. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങിക്കഴിഞ്ഞു.

ജന്തര്‍മന്തിറില്‍ വലിയ ഉപരോധ സമരം തുടങ്ങുമെന്നാണ് സിജെപിയും മറ്റ് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, സര്‍ക്കാരിന് സമാധാനത്തോടെ ഭരിക്കാന്‍ കഴിയാത്ത അന്തരീക്ഷം ഉണ്ടാകും.

ഗ്യാനേഷ് കുമാര്‍ രാജിവെച്ചാല്‍ എന്ത് സംഭവിക്കും? അങ്ങനെയൊരു തീരുമാനം ഉണ്ടായാല്‍, അത് പ്രതിപക്ഷത്തിന് വീണുകിട്ടുന്ന ഏറ്റവും വലിയ ആയുധമായിരിക്കും.’ഞങ്ങള്‍ പറഞ്ഞ വോട്ട് ചോര്‍ച്ച തെളിഞ്ഞു’ എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് മുന്നിലേക്കെത്തും. മുന്‍കാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടും. ബിജെപിയുടെ ജനപ്രീതിയെയും ഭരണപക്ഷത്തിന്റെ ധാര്‍മ്മികതയെയും അത് ബാധിക്കും. അതുകൊണ്ടാണ് ബിജെപി ഇപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിയാനാവാതെ നില്‍ക്കുന്നത്.

ചുരുക്കത്തില്‍, ഗ്യാനേഷ് കുമാര്‍ വിഷയം വെറുമൊരു വ്യക്തിക്കെതിരെയുള്ള ആരോപണമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്‍പ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വരും ദിവസങ്ങളില്‍ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ രൂക്ഷമാകും. ഇന്ത്യ മുന്നണി നടത്തുന്ന പ്രതിഷേധങ്ങളും പാര്‍ലമെന്റിലെ നീക്കങ്ങളും സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.

ഗ്യാനേഷ് കുമാറിനെ കൂടെനിര്‍ത്തി പ്രതിപക്ഷത്തിന്റെ ആക്രമണം നേരിടണോ, അതോ രാജി ചോദിച്ചുവാങ്ങി, വരാനിരിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കണോ? മോദി സര്‍ക്കാരും ബിജെപിയും എടുക്കുന്ന തീരുമാനമെന്തായിരിക്കും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരളത്തില്‍ തമ്മില്‍ത്തല്ല്; ഡല്‍ഹിയിലെത്തിയാല്‍ ഒറ്റക്കെട്ട്

കേരളത്തിലെ തെരുവുകളില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരയൊഴുക്കുന്നു. ലാത്തിക്കുള്ള അടിയേറ്റ് കൈകാലുകള്‍ ഒടിയുന്നു. തലപൊട്ടി...

അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിന്ന് മടങ്ങുമ്പോള്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അടയാളങ്ങളില്‍...

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...