ബോളിവുഡിന്റെ നെഞ്ചിലേക്ക് വീണ്ടും വെടിയുണ്ടകള്‍ പാഞ്ഞിരിക്കുകയാണ്. !മുംബൈ ജുഹുവില്‍ വെച്ച് നടന് ടൈഗര്‍ ഷ്രോഫിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം ഒരു അപ്രതീക്ഷിത വെടിവെപ്പല്ല. അത് രാജ്യത്തെ നടുക്കുന്ന അധോലോക സിന്‍ഡിക്കേറ്റിന്റെ കൃത്യമായ താക്കീതാണ്!
കാരണം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ലോറന്‍സ് ബിഷ്ണോയ് സംഘമാണ്. ‘സല്മാന് ഖാനുമായി സഹകരിക്കുന്നവര്‍ അടുത്ത ഇര’ എന്ന പരസ്യമായ ഭീഷണി! ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ബിഷ്ണോയ്. തിഹാര്‍ ജയിലില്‍ അന്മോല് ബിഷ്ണോയും. പക്ഷേ ജയിലിലിരുന്ന് ഇവര്‍ ഭരിക്കുന്ന ഈ ‘ക്രിമിനല്‍ നെറ്റ്വര്‍ക്ക്’ അഴികള്‍ക്ക് പുറത്ത് ഭീതിയുടെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്!
ആരാണ് ഈ ബിഷ്ണോയ് സഹോദരങ്ങള്‍? ഇതൊരു സാധാരണ ഗുണ്ടാസംഘമല്ല. പഞ്ചാബിലെ ഫസില്‍ക്ക സ്വദേശിയായ ലോറന്‍സ് ബിഷ്ണോയ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൂടെ അനിയന് അന്മോല് ബിഷ്ണോയും ചേര്‍ന്നതോടെ സംഘം അതിവേഗം വളര്‍ന്നു. കൊലപാതകം, ക്വട്ടേഷന്‍, വ്യാപാരികളെ ഭീഷണിപ്പെടുത്തല്‍, അതിര്‍ത്തി കടന്നുള്ള ആയുധക്കടത്ത്. ഇന്ത്യ, കാനഡ, യു.എസ്.എ തുടങ്ങി ആഗോളതലത്തില്‍ ശൃംഖലയുള്ള ക്രൈം സിന്‍ഡിക്കേറ്റായി ഇവര്‍ മാറി. സിദ്ധു മൂസെവാല വധം മുതല്‍ ബാബാ സിദ്ദിഖി വധം വരെ, ഈ സംഘത്തിന്റെ ചോരക്കറ പുരണ്ട കൈകള്‍ എവിടെയുമുണ്ട്!
1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസോടെയാണ് സല്മാന് ഖാനോടുള്ള ശത്രുതയ്ക്ക് തുടക്കം. ബിഷ്ണോയ് സമുദായം കൃഷ്ണമൃഗത്തെ ദൈവത്തെപ്പോലെ പൂജിക്കുന്നവരാണ്. തങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സല്മാന് ഖാന് ചോദ്യം ചെയ്തുവെന്ന് ബിഷ്ണോയ് ആരോപിക്കുന്നു. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. ദൈവത്തിന്റെ പേരിലിറങ്ങി പിന്നീട് ബോളിവുഡിനെ മുഴുവന്‍ ഭയപ്പെടുത്തി നിര്‍ത്താനുള്ള അടവായി അവര്‍ ഈ ശത്രുതയെ മാറ്റി! സല്മാന് ഖാന്റെ അപ്പാര്‍ട്ട്മെന്റിന് നേരെ വെടിവെപ്പ് നടന്നു. ഇപ്പോള്‍ ടൈഗര്‍ ഷ്രോഫിനു നേരെയും! സല്‍മാന്റെ കൂടെ നില്ക്കുന്ന ഓരോരുത്തര്‍ക്കും നേരെ തോക്കുചൂണ്ടുകയാണ് ഈ ബിഷ്ണോയ് ഗാങ്.
ജയിലിനുള്ളില്‍ കിടന്നുകൊണ്ട് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴിയും അന്താരാഷ്ട്ര ശൃംഖലകള്‍ വഴിയുമാണ് ഇവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഹൈടെക് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് ക്വട്ടേഷനുകള്‍ നടപ്പിലാക്കുന്നു. നിയമവ്യവസ്ഥയ്ക്ക് നേരെ പരസ്യമായ വെല്ലുവിളിയാണിത്. ജയിലുകള്‍ പോലീസിന് സുരക്ഷിത തടവറയാണെങ്കില്‍, ബിഷ്ണോയ് സഹോദരങ്ങള്‍ക്ക് അത് സുരക്ഷിതമായ ആസ്ഥാനങ്ങളാണ്!


