ഫ്രാന്‍സ് ഇപ്പോള്‍ ഒരു യുദ്ധക്കളം പോലെയാണ്. സ്‌കൂള്‍ ഗേറ്റുകളില്‍ കത്തിയെരിയുന്ന ടയറുകളും, പൊലീസിന് നേരെ കല്ലുകളും പടക്കങ്ങളും. ഫ്രഞ്ച് ചരിത്രം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെയാണ് ആ രാജ്യം കടന്നുപോകുന്നത്.
നാനൂറിലധികം സ്‌കൂളുകളാണ് സമരത്തെ തുടര്‍ന്ന് ഇതിനോടകം അടച്ചുപൂട്ടിയത്. നാശനഷ്ടം മാത്രം ഇരുനൂറു കോടി രൂപ കവിയും. പതിനേഴായിരത്തിലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറുപതിലേറെ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇതിനകം പരിക്കേറ്റു.
സ്ഥിതി ഗുരുതരമാണ്. ഫ്രാന്‍സിന്റെ അതിരുകളും കടന്ന് പ്രക്ഷോഭം അയല്‍രാജ്യമായ ബെല്‍ജിയത്തിലേക്കും പടര്‍ന്നു കഴിഞ്ഞു. എന്താണ് ഫ്രാന്‍സില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? കുട്ടികള്‍ തെരുവിലിറങ്ങാന്‍ മാത്രം അവിടെ എന്താണ് പ്രശ്‌നം?
‘നമ്മള്‍ സാധാരണ വിചാരിക്കാറുള്ളത് കുട്ടികള്‍ എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യും എന്നാണ്. പക്ഷേ, ഇവിടെ കാര്യം അതല്ല. ഫ്രഞ്ച് ഹൈസ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും കുട്ടികള്‍ പറയുന്നത് അവരുടെ പഠന സാഹചര്യം നശിച്ചു എന്നാണ്.
വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ പരിശോധിക്കാം.
ക്ലാസ് മുറികളില്‍ തിക്കും തിരക്കുമാണെന്നതാണ് പ്രധാന പരാതി. ഒരു ക്ലാസില്‍ മുപ്പത്തിയഞ്ചിലധികം കുട്ടികളാണ് പഠിക്കുന്നത്. ശ്വാസം മുട്ടുന്ന അന്തരീക്ഷം.
സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ല. പല സ്‌കൂളുകളിലും അധ്യാപകര്‍ കുറവായതിനാല്‍ ക്ലാസുകള്‍ നടക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് മറ്റൊരു പരാതി. സ്‌കൂള്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. കടുത്ത ചൂടുകാലത്ത് ക്ലാസ് മുറികളില്‍ ഫാനോ എസിയോ പോലുമില്ല.
യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളിലെ പിഴവുകള്‍ കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. പഠിക്കാന്‍ വേണ്ടിയുള്ള അടിസ്ഥാന സൗകര്യം പോലും ചോദിച്ചാല്‍ കിട്ടാത്ത അവസ്ഥയെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.’
‘തുടക്കത്തില്‍ സമാധാനപരമായിരുന്ന സമരമാണ് പിന്നീട് തെരുവ് യുദ്ധമായി മാറിയത്. കുട്ടികള്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ഗേറ്റുകള്‍ അടച്ചു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു.എന്നാല്‍ പൊലീസ് ഇതിനെ വളരെ കടുപ്പത്തിലാണ് നേരിട്ടത്. കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ചിലയിടങ്ങളില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട് ഫ്രഞ്ച് സര്‍ക്കാര്‍ ഞെട്ടി. സമരക്കാര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് തള്ളിക്കളയുന്നു. തങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.’
‘അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വളരെ കൗതുകകരമാണ്. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. വിദ്യാഭ്യാസമന്ത്രിയും അനുനയനീക്കങ്ങൡലാണ്. അതേസമയം തന്നെ വിദ്യാര്‍ത്ഥികള്‍ക്കുനേരേ കടുത്ത നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി നേരിടാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സമരത്തിന് പിന്നില്‍ തീവ്ര ഇടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. കുട്ടികളുടെ ഭാവി വെച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം.
രാജ്യത്തെ പണപ്പെരുപ്പവും ഇന്ധനവിലക്കയറ്റവും ഇതിനോടകം ജനങ്ങളെ രോഷത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ കൂടെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടിയായപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്.’
ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അവിടെ മാത്രം ഒതുങ്ങുന്നില്ല. ബെല്‍ജിയത്തിലെ ഹൈസ്‌കൂളുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും ഈ സമരം പടര്‍ന്നു കഴിഞ്ഞു.ബെല്‍ജിയത്തിലെ വിദ്യാര്‍ത്ഥികളും സമാനമായ പ്രശ്‌നങ്ങള്‍ തന്നെയാണ് ഉന്നയിക്കുന്നത്.
കുറഞ്ഞ വിദ്യാഭ്യാസ ബജറ്റും, മോശം വിദ്യാഭ്യാസ സാഹചര്യങ്ങളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ കുട്ടികളെയും അസ്വസ്ഥരാക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഹൃദയഭാഗത്തുള്ള രാജ്യങ്ങളില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന തകര്‍ച്ചയാണ് ഇത് പുറത്തുകൊണ്ടുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബെല്‍ജിയം വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങിയിരിക്കുന്നത്.’
‘സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പിന്മാറാന്‍ തയ്യാറല്ല. വരുന്ന ആറാം തീയതി രാജ്യവ്യാപകമായി വീണ്ടും വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്, വിദ്യാര്‍ത്ഥി സമരം ഫ്രഞ്ച് സര്‍ക്കാരിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാം.
വിദ്യാഭ്യാസ മേഖലയിലെ അശാസ്ത്രീയമായ നയങ്ങള്‍ക്കെതിരെ യൂറോപ്പിലെ യുവതലമുറയുടെ പ്രക്ഷോഭം വലിയൊരു മാറ്റത്തിന് തിരികൊളുത്തുമോ? അതോ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമോ?


