സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി കോണ്‍ഗ്രസ്; മുരളീധരന്‍ തൃശൂരില്‍

0
66

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസുമായി കോണ്‍ഗ്രസ്. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനെ പരിഗണിക്കുന്നു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വമ്പന്‍ സര്‍പ്രൈസ് വരുന്നത്.

കെ മുരളീധരനെ തൃശൂരില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വടകരയില്‍ ഷാഫി പറമ്പില്‍ എം എല്‍ എയെ മത്സരിപ്പിക്കാനാണ് ആലോചന. ഷാഫി അല്ലെങ്കില്‍ ടി സിദ്ദിഖിനെയും കളത്തിലിറക്കാന്‍ ആലോചനയുണ്ട്.പാലക്കാട്ട് വി.കെ. ശ്രീകണ്ഠനു പകരം ഷാഫി പറമ്പിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. വടകരയില്‍ ഷാഫി വരുന്നതു വഴി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പായി.

ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. ആലപ്പുഴ തിരിച്ചുപിടിക്കാന്‍ വേണുഗോപാല്‍ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുടെ തിരക്കുകള്‍ മൂലം വേണുഗോപാല്‍ ഇല്ലെങ്കില്‍ ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പരിഗണിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാര്‍ഥി. കണ്ണൂരില്‍ സിറ്റിംഗ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരന്‍ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.

ബാക്കി മുഴുവന്‍ മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാര്‍ മത്സരിക്കാനാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധിച്ചു ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. അപ്രതീക്ഷിത പേരുകള്‍ പട്ടികയിലുണ്ടാകുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here