കേരളം തകരുകയാണോ വളരുകയാണോ? ഉത്തരം ആരുപറയും

0
190

കേരളം തകരുകയാണോ വളരുകയാണോ? ആരോടാണ് ചോദിക്കേണ്ടത്. ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ചോദിക്കാം. ആത്യന്തികമായി രാഷ്ട്രീയത്തില്‍ അങ്ങനെ രണ്ടു പക്ഷമേയുള്ളല്ലോ.

ഭരണപക്ഷത്തിന്റെ മറുപടി കേരളം അനുദിനം വളരുകയാണെന്നായിരിക്കും. വളര്‍ച്ചയുടെ കണക്കുകള്‍ ഉദ്ധരിച്ചുതന്നെയാവും അവരുടെ മറുപടി. വാ അടയ്ക്കാതെയുള്ള മറുപടിക്കു മുന്നില്‍ ചോദ്യം ചോദിച്ചവര്‍ക്ക് ഉത്തരംമുട്ടും.

ഇനി പ്രതിപക്ഷത്തോടു ചോദിക്കാം. കേരളം തളരുകയാണെന്നായിരിക്കും അവരുടെ എടുത്തടിച്ചുള്ള മറുപടി. അവരും കണക്കുകളുടെയും ഉദാഹരണങ്ങളുടെയും അടസിഥാനത്തിലാണ് വിവരിക്കുക. അവിടെയും ചോദ്യം ചോദിച്ചവന്‍ നിസഹായനാകും.

കൂടുവിട്ടുകൂടുമാറ്റം പോലെ ഭരണപ്രതിപക്ഷത്തെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുമ്പോഴും ഇതേചോദ്യത്തിനുള്ള മറുപടികള്‍ സമാനമായിരിക്കും.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെന്താണ് സംഭവിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളുടെ മറുപടി എന്തായിരിക്കും. കേരളത്തില്‍ അങ്ങനെയൊരു പക്ഷം ഇപ്പോഴില്ലെന്നാണ് പുതിയ കണ്ടെത്തല്‍.

ഇപ്പോള്‍ നിഷ്പക്ഷനെ കാണണമെങ്കില്‍ വീടുകളില്‍ ചെല്ലണം. പുറത്തിറങ്ങി നടക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളല്ല മലയാളി വീട്ടില്‍ചെന്നു കഴിയുമ്പോള്‍ പറയാറ്. കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധം കാണും. അവന്റെ സ്വന്തംപ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് വീട്ടില്‍ ചെല്ലുമ്പോഴാണ് ഉണ്ടാകുന്നത്. വീട്ടുചലവ്, മക്കളുടെ വിദ്യാഭ്യാസ ചെലവ്, ബാങ്ക് ലോണ്‍, വീട്ടിലെ പ്രശ്നങ്ങള്‍ അങ്ങനെ നീളും. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഇതെല്ലാം മറക്കും, മതവും രാഷ്ട്രീയവുമൊക്കെയാണ് പിന്നെ നയിക്കുന്നത്.

അങ്ങനെ വീട്ടില്‍ ചെന്ന് ഒരാളെ കാണുന്നു. കേരളം വളരുകയാണോ തളരുകയാണോ എന്നു ചോദിക്കുന്നു. എടുത്തടിച്ചതുപോലുള്ള മറുപടി ഇങ്ങനെയായിരിക്കും. ചേട്ടാ, കേരളം വളരുകയാണോ തളരുകയാണോയെന്നൊന്നും എനിക്കറിയില്ല. ഞാനും എന്റെ കുടുംബവും തളരുകയാ. സപ്ലൈകോയില്‍ ചെന്നാല്‍ ഒന്നുമില്ല. റേഷനരികിട്ടുന്നതിന് വൃത്തികെട്ട മണം. കടകളില്‍ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിനു പിടിയാവില. വണ്ടിയും കൊണ്ട് പുറത്തോട്ടിറങ്ങിയാല്‍ പെട്രോളടിച്ചുമുടിയും. ബാങ്കുലോണിന്റെ പലിശ കുമിഞ്ഞുകൂടുന്നു. കറന്റിനും വെള്ളത്തിനും ചാര്‍ജ് കൂട്ടി. ഹരിതകര്‍മസേനയ്ക്കുവരെ മാസം അമ്പതുവെച്ചു കൊടുക്കണം. ഇതിനെല്ലാം കൊടുക്കാന്‍ വരുമാനം വേണ്ടെ. അതെവിടെനിന്ന് കിട്ടും. മാസശമ്പളംകിട്ടുന്നവര്‍ക്കും വിദേശത്തുജോലിചെയ്യുന്നവര്‍ക്കും നടക്കും. കാര്‍ഷികവൃത്തിയും അനാമത്ത് പണികളുമായി നടക്കുന്നവര്‍ എന്നാ ചെയ്യും. പിള്ളേര്‍ക്ക് ഒരു ജോലികിട്ടുമെന്ന് സ്വപ്നം കാണാന്‍പോലും ഇപ്പോള്‍പറ്റുന്നില്ല.

ഇതാണ് കേരളത്തില്‍ താമസിക്കുന്ന ഒരാളുടെ അവസ്ഥ. ഇതുവല്ലതും ഇവിടെ ചര്‍ച്ചയാകുന്നുണ്ടോ. ചാനലുകളില്‍ അന്തിചര്‍ച്ച മുടങ്ങാതെ നടക്കേണ്ടതുകൊണ്ട് വിഷയങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നോളും. പക്ഷേ, ആര്‍ക്കാണ് നേട്ടം. ചാനലുകള്‍ക്ക് റേറ്റിങും കുറെ രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് തങ്ങളുടെയുള്ളിലുള്ള വേണ്ടാതീനങ്ങള്‍ ഛര്‍ദിച്ചിടാനുള്ള വേദിക്കുമപ്പുറം അന്തിചര്‍ച്ച സമാന്യജനത്തിന് എന്തു ഗുണമാണ് ചെയ്യുന്നത്. എല്ലാവരും ആര്‍ക്കാനോ വേണ്ടി ഓക്കാനിക്കുന്നു. പോക്കറ്റുകീറിയ ജനം ഒടുവില്‍ വീട്ടിലിരിക്കും. പുറത്തേക്കിറങ്ങനാവാതെ. തിരിച്ചറിവുണ്ടാകുമ്പോഴേക്കും ഒന്നും തിരികെപ്പിടിക്കാനാവാത്ത കാലമാകും.

LEAVE A REPLY

Please enter your comment!
Please enter your name here