എറണാകുളത്തേക്ക് ആസ്ഥാനം മാറ്റിയാലോ? ചോദിച്ചതേയുള്ളു അടിപൊട്ടി

0
36

നേരംപോക്ക്
എപ്പിസോഡ്-32

ജോസിന്റെ വീടിനുള്‍വശം. ഇരുവരും തമ്മില്‍ പൊരിഞ്ഞ വഴക്ക്.

ജോസ്: നീ പറയുന്നതുപോലൊന്നും കാര്യങ്ങള്‍ നടക്കില്ല.

ഭാര്യ: അതെന്നാ നടക്കാത്തത്….ഞാന്‍ ഒരു നല്ല കാര്യമല്ലെ പറഞ്ഞത്…

ജോസ്: നിനക്കു മാത്രം നല്ലതെന്നു തോന്നിയാല്‍ മതിയോ…എനിക്കൂടെ തോന്നേണ്ടെ….

ഭാര്യ: അങ്ങനെ നിങ്ങളു പറയുന്നതുമാത്രം നടന്നാല്‍ മതിയോ…എന്റെ വാക്കിനൊരുവിലയുമില്ലേ ഇവിടെ….

തങ്കച്ചന്‍ ഓടിക്കയറി വരുന്നു.

തങ്കച്ചന്‍: ജോസേ എന്നാ ഇവിടെ പ്രശ്‌നം…അലമ്പാണോ…അങ്ങ് റോഡില്‍ കേള്‍ക്കാമല്ലോ…

ജോസ്: അലമ്പൊന്നുമില്ല…ചുമ്മാ ഓരോ വേണ്ടാതീനം എഴുന്നള്ളിച്ചോണ്ടുവന്നാ സമ്മതിച്ചുകൊടുക്കണോ…

ഭാര്യ: വേണ്ടാതീനമെന്നു നിങ്ങളുമാത്രമങ്ങുതീരുമാനിച്ചാല്‍ മതിയോ….

തങ്കച്ചന്‍: ആക്ച്വലി വാട്ട് ഈസ് ദ പ്രോബ്‌ളം….നിങ്ങള് കാര്യമെന്നാന്നു പറ…എന്നാലല്ലേ ഏതെങ്കിലുമൊരു പക്ഷത്ത് ചേര്‍ന്ന് അടി മൂപ്പിക്കാന്‍ പറ്റുവൊള്ളു….

ജോസ്: നിങ്ങള് കുറുക്കന്റെ സ്വഭാവവുമായിട്ട് ഇറങ്ങിയിരിക്കുവാ അല്ലേ…എന്തിയേ തൊമ്മിക്കുഞ്ഞ്…

തങ്കച്ചന്‍: പുറത്തുനില്‍പുണ്ട്….ബഹളം കേട്ടിട്ട് ഓടണോ വേണ്ടയോ എന്നാലിച്ചു നില്ക്കുവാ….(പുറത്തേക്കു നോക്കി) തൊമ്മിക്കുഞ്ഞേ…കേറിപ്പോര്….നമുക്കു പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു…

തൊമ്മിക്കുഞ്ഞ്: (കയറിവരുന്നു) വെറുതേ സാക്ഷിയാകാന്‍ കഴിയുകേല….അതുകൊണ്ടാ അവിടെ നിന്നത്….കയ്യാങ്കളിയായോ..

തങ്കച്ചന്‍: തക്കസമയത്ത് ഞാന്‍ വന്നതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കൈവെച്ചില്ല…

തൊമ്മിക്കുഞ്ഞ്: സിസികാമറയൊക്കെ ഓണല്ലേ…ചെലപ്പം ആവശ്യം വേണ്ടിവരും…

ഭാര്യ: ഇവിടെ കയ്യാങ്കളി ഒന്നുമില്ല…ഞാനൊരു കാര്യം ആവശ്യപ്പെട്ടു…അതിങ്ങേര് സമ്മതിക്കുന്നില്ല…

തങ്കച്ചന്‍: അതല്ലേ ഞാന്‍ വന്നപ്പം മുതല് ചോദിക്കുന്നത്…എന്നതാ കാര്യമെന്ന്…ഇനി പുറത്തു പറയത്തില്ലാത്ത വല്ല കാര്യവുമാണോ…

ജോസ്: പുറത്ത് അറിഞ്ഞാല്‍ നാണക്കേടാ…

ഭാര്യ: നിങ്ങള് ചുമ്മാ എന്നതാ ഈ പറയുന്നത്…പുറത്ത് പറഞ്ഞാലെന്നാ നാണക്കേടാ…

തൊമ്മിക്കുഞ്ഞ്: ശ്ശെടാ…തേങ്ങാ ഉടയ്ക്ക് സ്വാമി….കാര്യം പറ….

തങ്കച്ചന്‍: എനിക്കാണേലങ്ങ് ചോറിഞ്ഞു കയറുന്നുണ്ട്….കാര്യം പറയാന്‍ പറഞ്ഞിട്ട്…ചുമ്മാ തിരിഞ്ഞു കളിക്കുവാണോ…

ജോസ്: നിങ്ങളധികം ചൊറിയേണ്ട…ഇവള്‍ക്കിപ്പം ഇവിടുന്ന ഈ വീടു കൊണ്ടുപോണം…

തങ്കച്ചന്‍: അതിനെന്തിനാ വഴക്കുണ്ടാക്കുന്നത്….എടുത്ത് തോളേലോട്ടുവെച്ച് കൊണ്ടുപോക്കോ…

തൊമ്മിക്കുഞ്ഞ്: അതല്ല….ഈ വീട് ഇവിടുന്ന് കൊണ്ടുപോകുമ്പം ഇവിടെ ഒരു ഗ്യാപ്പ് വരില്ലേ…അതിനെന്നാ ചെയ്യും…

ഭാര്യ: വെറുതെയല്ല രണ്ടും ഇങ്ങേരുടെ ചങ്ക് ബ്രോസ് ആയത്….ചുമ്മാ വളിച്ച കോമഡിയുമടിച്ചു നില്‍ക്കുവാ…

തങ്കച്ചന്‍: അല്ലാണ്ട് പിന്നെ ഇങ്ങനത്തെ ആവശ്യമൊക്കെ പറഞ്ഞാല്‍ എന്നതാ മറുപടി പറയേണ്ടത്…

ഭാര്യ: ഓ…ഞാന്‍ പറഞ്ഞത് ഈവീട് തലേല്‍ചുമന്നോണ്ടു പോണമെന്നല്ല…

തൊമ്മിക്കുഞ്ഞ്: പുറത്തൊക്കെ വീട് പൊക്കി ചക്രത്തേല്‍ വെച്ച് ഉരുട്ടിക്കൊണ്ടു പോന്ന പരിപാടിയുണ്ട്…അതൊന്നു നോക്കിയാലോ ജോസേ…

തങ്കച്ചന്‍: ഇറക്കം വരുമ്പം പുറകോട്ടുവലിച്ചു പിടിച്ചോണം….അല്ലേല്‍ കൈവിട്ടുപോകും…

ജോസ്: അവള്‍ക്കിപ്പം ഈ വീട് കൊണ്ടുപോയി എറണാകുളത്ത് വെക്കണം…പെണ്‍മക്കളുടെ വീട്ടില്‍ പോകാന്‍ അതാ സൗകര്യമെന്ന്…

ഭാര്യ: മൂത്തവളെ അങ്കമാലിയിലാ കെട്ടിച്ചിരിക്കുന്നത്…ഇളയവളെ മൂവാറ്റുപുഴയിലും….എരണാകുളത്താകുമ്പം രണ്ടു പേര്‍ക്കും വരാനും എനിക്കു പോകാനും എളുപ്പമല്ലേ…

തങ്കച്ചന്‍: ആഹാ…കളിച്ചു കളിച്ചു എങ്ങോട്ടാ പോയതെന്നു നോക്കിയേ…

ജോസ്: പിള്ളേരും പറയുന്നത് തറവാട് എറണാകുളത്താന്നു പറയുമ്പം വെയിറ്റ് കൂടുതലുണ്ടെന്ന്….

തങ്കച്ചന്‍: ഇത് ഇരുന്ന് സംസാരിക്കേണ്ട കാര്യമാ..(ഇരിക്കുന്നു)

തൊമ്മിക്കുഞ്ഞ്: എന്നാ നമുക്ക് ഇവിടുന്ന് മാറി അരണ്ടവെളിച്ചത്തിലോട്ടിരുന്നാലോ…

തങ്കച്ചന്‍: പ്രശ്‌നംപരിഹരിച്ചിട്ടാട്ടെ….നിങ്ങളിങ്ങോട്ടിരി…ചര്‍ച്ചകളിലൂടെയെ ഇതു പരിഹരിക്കാനാവൂ…അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും പോരുകൂടിയിട്ട് കാര്യമില്ല.

തൊമ്മിക്കുഞ്ഞ്: ജോസിന് ഇവിടെ തുടരണം….പുള്ളിക്കാരത്തിക്ക് എറണാകുളത്തിന് പോണം…അതായത് നിങ്ങടെ കുടുംബത്തിന്റെ ആസ്ഥാനം മാറണം…

ജോസ്: ആസ്ഥാനം മാറുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല…ഇവിടെയാണ് എന്റെയപ്പനപ്പൂപ്പന്മാര് തൊട്ട് താമസിച്ചിരുന്നത്…

ഭാര്യ: ഹാ…അതുനല്ലകൂത്ത്….എന്റെ അപ്പനപ്പൂപ്പന്മാര് താമിച്ചിരുന്ന സ്ഥലം വിട്ടിട്ടല്ലെ ഞാനിങ്ങോട്ടു വന്നത്…

തങ്കച്ചന്‍: അതങ്ങനെ പറഞ്ഞാല്‍ ശരിയാകില്ല…നിന്നെ കാര്‍ന്നോന്മാര് ആലോചിച്ച് പാസ്‌പോര്‍ട്ടും വിസായുമെടുത്ത് ഇങ്ങോട്ട് വന്ന ഇവിടെ പിആറെടുത്തതാ….ഇതിപ്പം അതല്ലല്ലോ കേസ്…

തൊമ്മിക്കുഞ്ഞ്: ഇതിപ്പം എന്നതാ ഇങ്ങനെയൊരു ആലോചന വരാന്‍ കാരണം…

ജോസ്: ഞാനിതൊന്നും അറിയുന്നില്ലെന്നേ…രാവിലെ പത്രം വായിച്ചോണ്ടിരുന്നപ്പഴാ കാര്യം അറിയുന്നത്….

തൊമ്മിക്കുഞ്ഞ്: ങാഹാ…പത്രത്തിലുണ്ടായിരുന്നോ…ഞാന്‍ കണ്ടില്ല…..തങ്കച്ചന്‍ വായിച്ചോ….

തങ്കച്ചന്‍: ഞാന്‍ ഇംഗ്ലീഷ് പത്രമാ വായിക്കുന്നത്…അതിലില്ലായിരുന്നോ…

ജോസ്:ഓ…അതൊന്നുമല്ല…പറഞ്ഞുതീരുന്നതിനുമുന്നേ കേറിയങ്ങു തള്ളുവാ….പത്രം വായിച്ചോണ്ടിരുന്നപ്പഴാ അവള് വന്നു പറഞ്ഞതെന്ന്…

ഭാര്യ: പിള്ളേരാ ഇങ്ങനെയൊരു ഐഡിയ പറഞ്ഞത്…അവര്‍ക്കു രണ്ടുപേര്‍ക്കും വരാന്‍ എളുപ്പമുണ്ടല്ലോയെന്ന്…രണ്ടുപേരുടെയും നടുക്കായിട്ടു നമുക്കു താമസിക്കാം…

ജോസ്: (ഇടയ്ക്കു കയറി) അതു നടക്കുകേല…ഞാന്‍ ജീവിച്ചിരിക്കുമ്പം നടക്കുകേല…അതു കഴിഞ്ഞ് നീയെന്നാ വേണേലും ചെയ്‌തോ…

ഭാര്യ: അതിന് നിങ്ങടെ അനുവാദം വേണ്ടല്ലോ…

തങ്കച്ചന്‍: ആദ്യം ജോസാ പോകുന്നതെന്ന് അങ്ങു തീരുമാനിച്ചു…

ജോസ്: ഇവിടുന്നു കുടുംബത്തിന്റെ ആസ്ഥാനം മാറ്റുന്ന പ്രശ്‌നമില്ല…

ഭാര്യ: നമുക്കു കാണാം…

തങ്കച്ചന്‍: അടികൂടരുത്…അടികൂടരുത്…എന്തിനും നമുക്കു പരിഹാരമുണ്ടാക്കാം….

തൊമ്മിക്കുഞ്ഞ്: ഒരു കാര്യം ചെയ്യ്…ആദ്യം നമുക്ക് ഉഭയകക്ഷി ചര്‍ച്ച നടത്താം…അതുകഴിഞ്ഞ് രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിക്കാം….അല്ലേല്‍ ചിലപ്പം രണ്ടുപേരും ആശുപത്രീലോട്ട് ആസ്ഥാനം മാറ്റേണ്ടിവരും…

തങ്കച്ചന്‍: (എണീറ്റ്) ജോസേ…ഇങ്ങുവന്നേ….പറയട്ടെ…

തങ്കച്ചനും തൊമ്മിക്കുഞ്ഞും ജോസിനെ മാറ്റി നിര്‍ത്തി സംസാരിക്കുന്നു. ഭയങ്കര സീരിയസായിട്ടുള്ള ചര്‍ച്ചയാണ്. ഭാര്യ ചെവി വട്ടം പിടിച്ചു കേള്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

തങ്കച്ചന്‍: ജോസേ…ബാറിലോട്ട് പോണോ…അതോ ബിവറേജീന്ന് ഒരെണ്ണം മേടിക്കണോ…

തൊമ്മിക്കുഞ്ഞ്: ഹേ…ബാറിലൊന്നും പോകേണ്ടെന്നേ…നമുക്കൊരെണ്ണം മേടിച്ചോണ്ടുവന്ന് പറമ്പിലെങ്ങാനുമിരിക്കാം…

ജോസ്; ടച്ചിംഗ്‌സ് മേടിക്കണം…മറക്കരുത്…ഷെയറിട്ടേക്കാം…

തങ്കച്ചന്‍: (സംസാരിച്ചതിന്റെ തുടര്‍ച്ചയെന്നോണം പറഞ്ഞുകൊണ്ട് പിരിയുന്നു) എന്നാലങ്ങനെ ചെയ്യാം…ഇനിയൊരു മാറ്റമുണ്ടായേക്കരുത്…

ഭാര്യയുടെയടുത്ത് വന്ന് തങ്കച്ചനും തൊമ്മിക്കുഞ്ഞും സംസാരിക്കുന്നു.

തങ്കച്ചന്‍: ഇന്ന് ഊണിനെന്നതാ സ്‌പെഷ്യല്…

ഭാര്യ: മീനുണ്ട്….

തങ്കച്ചന്‍: എന്നാമീനാ…

തൊമ്മിക്കുഞ്ഞ്: വറക്കലിന്റെ മണംകേട്ടിട്ട് അയലയാന്നാ തോന്നുന്നത്….

ഭാര്യ: ങാ…അയലയാ…ജോസിന് അയലയേ ഇഷ്ടമുള്ളു…

തങ്കച്ചന്‍: ഇടയ്ക്ക് ബീഫുംവെക്കണം…ചിക്കന്‍ അധികം കൂട്ടാതിരിക്കുവാ നല്ലത്….

തൊമ്മിക്കുഞ്ഞ്: ജോസെങ്ങനെയാ അടുക്കളേലൊക്കെ സഹായിക്കുമോ…

ഭാര്യ: പിന്നെ…ജോസ് സഹായിക്കും…മീന്‍വെട്ടുന്നതൊക്കെ ജോസാ…

തങ്കച്ചന്‍: ങാഹാ…ഒരു സഹായിയാ അല്ലേ…എന്നിട്ടാണോ…(പറഞ്ഞതിന്റെ ബാക്കിയെന്നോണം തിരിഞ്ഞ്) അതവിടെയങ്ങനെ നില്‍ക്കട്ടെ….ജോസേ … ഞങ്ങളിപ്പം വരാം.

തൊമ്മിക്കുഞ്ഞും തങ്കച്ചനും മാറി നിന്ന് ഗൗരവത്തില്‍ സംസാരിക്കുന്നു.

തങ്കച്ചന്‍: അയല ഇവിടെ വറക്കുന്നുണ്ടെങ്കില്‍ നമ്മള് വേറെ ടച്ചിംഗ്‌സ് എന്തിന് മേടിക്കണം…മൂന്നു പീസ് ഇവിടുന്നെടുത്താല്‍ പോരേ…

തൊമ്മിക്കുഞ്ഞ്: മതി അതിന്റെ ആവശ്യമേയുള്ളു…വെറുതെയെന്തിന് കാശുകളയണം….

തങ്കച്ചന്‍: വേറെ ഒറു പ്രശ്‌നമുണ്ട്…എവിടെയിരിക്കും….

തൊമ്മിക്കുഞ്ഞ്: അതുസാരമില്ല….വഴിയുണ്ടാക്കാം…ജോസിന്റെ കന്നുകാലിക്കൂടിന്റെ പുറകിലിരിക്കാം…

തങ്കച്ചന്‍ സംസാരിച്ചതിന്റെ ബാക്കിയെന്നോണം പറഞ്ഞുകൊണ്ട് തിരിയുന്നു.

തങ്കച്ചന്‍: എന്നാ അങ്ങനെയങ്ങു തീരുമാനിക്കാം….

തങ്കച്ചനും തൊമ്മിക്കുഞ്ഞും ഗമയ്ക്ക് വന്നിരിക്കുന്നു.

തങ്കച്ചന്‍: രണ്ടുപേരും കേള്‍ക്കാനായിട്ടു പറയുകയാ…കുടുംബത്തിന്റെ ആസ്ഥാനം മാറ്റുകയെന്നതിനെക്കുറിച്ചാണല്ലോ നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്….

ജോസ്: നിങ്ങള് വലിച്ചുനീട്ടാതെ തീരുമാനം പറ…കുറച്ചുനേരമായി തുടങ്ങിയിട്ട്…

തൊമ്മിക്കുഞ്ഞ്: ജോസിന് ആസ്ഥാനം മാറ്റാന്‍ ഉദ്ദേശമില്ല…ഇവിടെ തുടരണമെന്നല്ലേ…ഇവിടെ തുടരട്ടെ…

തങ്കച്ചന്‍: നിനക്ക് എറണാകുളത്തേക്ക് ആസ്ഥാനം മാറ്റണമെന്നല്ലേ…അതങ്ങനെതന്നെ നടക്കട്ടെ….അപ്പം മൂന്നുപേരുടെയും നടുക്കായി നീ…മൂന്നിടത്തോട്ടും ഒരുപോലെ പോകാം…

ജോസ്: (ചാടിയെണീറ്റ് കൈകൊടുത്ത്) വളരെ നല്ല തീരുമാനം…എനിക്കു പൂര്‍ണസമ്മതം….

ഭാര്യ: എന്നാ എനിക്കത്ര സമ്മതമല്ല…എന്നെ പറഞ്ഞുവിട്ടിട്ട് മൂന്നിനുംകൂടി ഇവടെകിടന്ന് അര്‍മാദിക്കാനല്ലെ….

തൊമ്മിക്കുഞ്ഞ്: അങ്ങനെ പറഞ്ഞാലെങ്ങനാ…ആസ്ഥാനംമാറ്റേണ്ടെ….

ഭാര്യ: ഞാനിപ്പം ആസ്ഥാനം മാറ്റുന്നില്ല….തീര്‍ന്നില്ലേ….(ചാടിടെണീറ്റ് പോകുന്നു)

തങ്കച്ചന്‍: ജോസേ എങ്ങനെയുണ്ട്….നമ്മുടെ ഒത്തുതീര്‍്പ്പുചര്‍ച്ച…ഞൊടിയിടയില്‍ പരിഹരിച്ചില്ലേ….

തൊമ്മിക്കുഞ്ഞ്: വെള്ളമടിക്കാനൊരു താവളമൊത്തല്ലോയെന്നു ഞാനോര്‍ത്തു….അതുപൊളിഞ്ഞു…

തങ്കച്ചന്‍: (എണീറ്റ്. ആംഗ്യംകാണിച്ച്) നമ്മടെ ചര്‍ച്ചയിലെ കാര്യങ്ങളിലേക്ക് കടക്കാം….പോകുവല്ലേ…

തൊമ്മിക്കുഞ്ഞ്: അയല മൂന്നുപീസ് എടുക്കേണ്ടേ….ടച്ചിംഗ്‌സ്…

ജോസ്: അങ്ങ് ചെന്ന്‌കേറിക്കൊടുക്ക് അവള് മൂന്നുപീസാക്കും….

LEAVE A REPLY

Please enter your comment!
Please enter your name here