മലൈക്കോട്ട വാലിബനും ഷാജിപാപ്പനും പിന്നെ വടംവലിയും

0
50

നേരംപോക്ക്
എപ്പിസോഡ്-33

പ്ലാസ്റ്റിക് വള്ളിയില്‍ പിടിച്ച് വലിക്കുന്ന ജോസും ഭാര്യയും. അവിടേക്കുവരുന്ന വരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ഇതെന്നാ രാവിലെ ഭാര്യയും ഭര്‍ത്താവും തമ്മിലൊരു പിടിവലി….വടംവലിയാണോ…

തൊമ്മിക്കുഞ്ഞ്: ങാ..നടക്കട്ട്….ആര്‍ക്കാ ഉശിരെന്നറിയാമല്ലോ…

ഭാര്യ: പിടിവലിയും വടംവലിയുമൊന്നുമല്ല….ചെടിപിടിച്ചുകെട്ടാന്‍ വള്ളിയൊന്നു മുറിച്ചുതരാന്‍ പറഞ്ഞതാ…അന്നേരം കത്തിയെടുക്കാന്‍ അകത്തോട്ടു പോകാന്‍ കഴിയുകേലാത്തതിന് വലിച്ചു പൊട്ടിക്കാമെന്ന് പറഞ്ഞുള്ള പരിപാടിയാ…

തങ്കച്ചന്‍: അത്രേം കേസേയുള്ളോ…ഇങ്ങുതാ…ഞാന്‍ പോട്ടിച്ചുതരാം…(മേടിച്ച് ഒറ്റവലിക്കുപൊട്ടിച്ചുകൊടുക്കുന്നു. ഗമയില്‍) ചുമ്മാ ചീള് കേസ്…ഇന്നാ കൊണ്ടുപോയി…ചെടിയോ എ്‌നനാന്നുവെച്ചാ പിടിച്ചുകെട്ട്….ഇനീം പൊട്ടിക്കാനുണ്ടോ…

ജോസ്: ഞാന്‍ വലിച്ചു പൊട്ടാറാക്കിയതായിരുന്നു….നിങ്ങള് വല്യശക്തിമാന്‍ കളിക്കാതെ…

തൊമ്മിക്കുഞ്ഞ്: അതിനൊക്കെ ഒരുനായ്ക്കുണ്ട് ജോസേ…എന്നാലേ വലിക്കുമ്പോ പൊട്ടൂ…

തങ്കച്ചന്‍: അങ്ങനെ പറഞ്ഞുകൊടുക്കെടാ തൊമ്മിക്കുഞ്ഞേ…ആയകാലത്ത് വലിയ വടം വലിച്ചുപൊട്ടിച്ചിട്ടുള്ളവനാ ഞാന്‍…

ജോസ്: വല്ല എലിയും കരണ്ട് വച്ചിരുന്നതായിരിക്കും…

തൊമ്മിക്കുഞ്ഞ്: ഹോ…വടമൊക്കെ പൊട്ടിച്ചെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുകേല…

തങ്കച്ചന്‍: നീയൊന്നും വിശ്വസിക്കേണ്ടെടാ…ഉരപ്പാംകുഴിക്കാരോട് ചെന്നിട്ട് ആരോടുവേണേലും ഇപ്പഴും ചോദിക്ക്…അവര് പറഞ്ഞുതരും…അടുത്തകാലം വരെ പൊട്ടിയവടം അവര് സ്മാരകമായിട്ടു റോഡരുകില് മരത്തേല്‌സ്മാരകമായിട്ടു സൂക്ഷിച്ചിട്ടുണ്ടായിരുന്നു…പിന്നെ ദേശീയപാതയ്ക്ക് വീതികൂട്ടിയപ്പോ…..വടം ജെസിബിയെ കോരിയെടുത്തോണ്ടുപോയി…

ജോസ്: എന്നാ ഉരപ്പാംകുഴിവരെയൊന്നു പോണോല്ലോ…പത്താളേംകൂട്ടിയേ പോകാവൂ…ഇങ്ങോരുടെ പേരപറഞ്ഞാ ഇനിവല്ല തല്ലുംകിട്ടുമോ…അന്ന് എന്നാ ഒപ്പിച്ചേച്ചാ പോന്നതെന്ന് അറിയത്തില്ലല്ലോ…

തൊമ്മിക്കുഞ്ഞ്: മരത്തേ പിടിച്ചുകെട്ടിയതിന്റെ വല്ല സ്മാരകവുമാണോ…

തങ്കച്ചന്‍: നീയൊക്കെ കളിയാക്കിക്കോടാ…തെളിവുവേണേല്‍ ഇനിയും നിരത്താം…വടംവലിയില്‍ മാടമലതങ്കന്‍ ഈ നാട്ടിലെ മുടിചൂടാമന്നനായിരുന്നു….

തൊമ്മിക്കുഞ്ഞ്: ജോസ് മുടിചൂടാ മന്നനായിരുന്നുവെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിച്ചേനേ…തങ്കച്ചന് മുടിയുണ്ടായിരുന്നതല്ലേ…

തങ്കച്ചന്‍: എടാ…പൊട്ടാ…ഞാന്‍ ആലങ്കാരികമായിട്ടു പറഞ്ഞതല്ലേ…ഒരു കലാഹൃദയമില്ലാത്തവന്‍….എന്റെ കൂടെ നടന്നിട്ടും നീയൊന്നും നന്നാകുന്നില്ലല്ലോ….

ജോസ്: വിഷയത്തീന്ന് പോകാതെ…തെളിവു നിരത്ത്…

തങ്കച്ചന്‍: എന്തിന് പഴയകഥകള്‍ പറയണം…പുതിയ കഥ പറയാം…ലോകം മുഴുവന്‍ ഏറ്റുപിടിച്ച കാര്യം പറയാം…

ജോസ്: ഏത് നിങ്ങളെക്കുറിച്ചോ…

തങ്കച്ചന്‍: നീ ഇടയ്ക്ക് കയറാതെ ആ ഫ്‌ലോ അങ്ങുപോകും…നീങ്ങളെല്ലാം കണ്ടതല്ലെ…ആട് ഒരു ഭീകര ജീവിയാണെന്ന സിനിമയും ഷാജി പാപ്പന്റെ വടംവലിയും…

തൊമ്മിക്കുഞ്ഞ്: അതും നിങ്ങളും തമ്മിലെന്നാ ബന്ധം….

തങ്കച്ചന്‍: ങാ..ബന്ധമുണ്ട്…അതെന്റെ കഥയാ…

ജോസ്: ഷാജി പാപ്പന്റെ കേട്ടാ നിങ്ങളെ ഇവിടെവന്ന് തല്ലും…

തങ്കച്ചന്‍: ആരും ത്ല്ലില്ല…ഞാന്‍ പറയാം…ഉരപ്പാം കുഴിയില്‍ വടംവലിക്കുപോയ കാര്യം പറഞ്ഞില്ലേ…അന്നവിടെവെച്ച് ഒരു കൊച്ചുപയ്യന്‍ എന്റെയടുത്തുവന്നു…ഒരു വള്ളിനിക്കറൊക്കെയിട്ട്….അവനെന്നോടു ചോദിച്ചു ചേട്ടന്റെ പേരെന്നാ…ഞാന്‍ പറഞ്ഞു തങ്കന്‍…അപ്പം അവന്‍ ചോദിക്കുവാ ഞാന്‍ തങ്കന്‍പാപ്പാന്നു വിളിച്ചോട്ടെയെന്ന്…വടംവലിയൊക്കെ കഴിഞ്ഞിട്ട് പിന്നേം അവന്‍ എന്റെയടുത്ത്ുവന്നു…തങ്കന്‍ പാപ്പാ ഞാന്‍ മസിലേലൊന്നു തൊട്ടോട്ടെയെന്ന്…പിള്ളേരുടെ ആഗ്രഹമല്ലേ….(ആംഗ്ംകാണിച്ച്) ഞാന്‍ ഇങ്ങനെ മസിലുപിടിച്ചു..അവന്‍ തൊട്ടേച്ചു പോയി….പിന്നെ അവനെ പല വടംവലി സ്ഥലത്തുംവെച്ചു കണ്ടു….

ജോസ്: നിങ്ങളീ പറയുന്ന കഥയും ആടുകഥയും തമ്മിലെന്നതാ ബന്ധം….

തങ്കച്ചന്‍: ഹോ…രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതേടെ ആരാന്നു ചോദിക്കുന്നതുപോലെയുണ്ടല്ലോടാ ഇത്…ഈ പയ്യനാണ് ആടു സിനിമേടെ സംവിധായകന്‍…

തൊമ്മിക്കുഞ്ഞ്: ജോസേ പിടിച്ചു നിന്നോ…ചിലപ്പം ഈ തള്ളില് നമ്മളങ്ങുപോകും…ങാ..ബാക്കി പറ…

തങ്കച്ചന്‍: സിനിമയെടുക്കുന്നതിനുമുന്നേ…ഈ പയ്യന്‍ എന്നേ വിളിച്ചു…തങ്കന്‍ പാപ്പാ…കൊച്ചുനാള് മുതലുള്ള എന്റെ ആഗ്രഹമാ തങ്കന്‍ പാപ്പന്റെ വടംവലി സിനിമായാക്കണമെന്ന്…അനുഗ്രഹിക്കണം….നായകന്‍ തങ്കന്‍ പാപ്പന്‍ എന്നാ പേരിട്ടിരിക്കുന്നത്….ഞാന്‍് അന്നേരെ വെട്ടി…എനിക്കു പബ്ലസിറ്റി ഇഷ്ടമില്ലല്ലോ…ന്റെ പൊന്നുമോനെ എന്റെ പേരൊന്നും ിടേണ്ട…വല്ല ഷാജീന്നോ വല്ലതുമിട്ടാല്‍് മതി…അന്നേരെ അവനൊറ്റ കാറിച്ച…തങ്കന്‍ പാപ്പാ അതുകലക്കി….നല്ല പേര്…അങ്ങനെ നായകന്റെ പേരും ഞാനിട്ടു….

ജോസും തങ്കച്ചനും: (കളിയാക്കി പാടുന്നു) പാപ്പന്‍..പാപ്പന്‍…തങ്കന്‍ പാപ്പന്‍….മുത്താണീ പാപ്പന്‍….സ്വത്താണീ പാപ്പന്‍….പരപര പാപ്പന്‍…ഹാജിമസ്താന്‍ സലാം വെക്കും തള്ളുവീരന്‍ പാപ്പന്‍….(പാട്ടുകേട്ട് തങ്കച്ചന്‍ നല്ല അഭിമാനത്തോടെ നില്‍ക്കുന്നു.)

തങ്കച്ചന്‍: ഹോ…പഴയഓര്‍മകളിലേക്കു പോയപ്പോ…വീണ്ടുമൊന്നു കളത്തിലിറങ്ങാന്‍ മോഹം…

തൊമ്മിക്കുഞ്ഞ്: നമുക്കൊരു വടംവലി ടീമുണ്ടാക്കിയാലോ…അടുത്ത ഓണത്തിന് ഒരു പിടിപിടിക്കാം…

ജോസ്: അതിനൊക്കെ ആളെകിട്ടണ്ടേ….

തങ്കച്ചന്‍: ആളെയൊക്കെ ഞാന്‍ സംഘടിപ്പി്‌ച്ചോളാം…പഴയ കക്ഷികളെയെല്ലാം വിളിച്ചുകൂട്ടിയാല്‍മതി…

ജോസ്: വടിംകുത്തി നടക്കുന്നവരാ ഇനി വടംവലിക്കുവരുന്നത്….

തങ്കച്ചന്‍: നീയെന്നതാ കരുതിയത്…ഞാനാ ബാക്കില്‍ നില്‍ക്കുന്നതെന്നറിഞ്ഞാലുണ്ടല്ലോ…വടിംകുത്തി നടക്കുന്നവനൊക്കെ വടിപൊക്കംവിട്ടേച്ച് ചാടിതുള്ളിവരും…

തൊമ്മിക്കുഞ്ഞ്: എന്നാ ഫികസ്ഡ്…നമ്മള്‍ വടംവലി രംഗത്തേക്ക്…

തങ്കച്ചന്‍: അങ്ങനെ ചാടിതുള്ളിയങ്ങിറങ്ങാതെ…നീനക്കൊക്കെ എന്റെ ടീമില്‍ കേറാനുള്ള സ്റ്റാമിനയുണ്ടോയെന്ന് ടെസ്റ്റ് നടത്തണം…

ജോസ്: അതിനിപ്പം വടത്തിന് എവിടെ പോകുന്നു…

തൊമ്മിക്കുഞ്ഞ്: നിങ്ങളന്ന് വലിച്ചുപൊട്ടിച്ച വടത്തിന്റെ ബാക്കിവല്ലതും ജെസിബിക്കാരോടു ചോദിച്ചാ കിട്ടുമോ….

തങ്കച്ചന്‍: ഇതിപ്പം ട്രയലല്ലേ….നമ്മള്‍ക്കിവിടുന്നെങ്ങാനും വല്ല ചെറിയ കയറുമെടുക്കാം…

ജോസ്: മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിങ്ങനെ വടവും പിടിച്ച് അലറുന്നതിന്റെ പടമുണ്ട്…അതുക്കൂട്ട് വടംവേണം…

തങ്കച്ചന്‍: (ആംഗ്യം കാണിച്ച്)ന്റെ ജോസേ എന്നെക്കൊണ്ടിങ്ങനെ പറയിക്കാതെ…നിങ്ങള് വിചാരിക്കും ഞാന്‍ തള്ളുവാന്ന്…

തൊമ്മിക്കുഞ്ഞ്: അതും നിങ്ങടെ കഥയാണോ…

തങ്കച്ചന്‍: ആ സീന്‍ വന്നപ്പോ മോഹന്‍ലാലിന് അലര്‍ച്ച് ശരിയായില്ല….സംവിധായകന്‍ കുഴങ്ങി…മോഹന്‍ ലാല് സംവിധായകന്റെ ചെവീചെന്നു പറഞ്ഞു….ഒരു ക്ലൂ തരുവാണേല്‍ എളുപ്പമായെന്ന്…

ജോസ്: അതും നിങ്ങടെ വടംവലി കണ്ടിട്ടുള്ള സംവിധായകനാണോ…

തങ്കച്ചന്‍: ഇടയ്ക്കുകയറാതെ…ആടുസംവിധായകന്റെ അടുത്ത് അയാള് വിവരം പറഞ്ഞു..അന്നേരെ അവന്‍ ഞാന്‍ വടംപൊട്ടിച്ചേച്ച് അലറുന്ന പടം അയച്ചുകൊടുത്തു…കണ്ട്പപോ മോഹന്‍ ലാല് പറഞ്ഞു…ഇതുനേരത്തെ കാണിച്ചാ പോരായിരുന്നോയെന്ന്…

ജോസ്: നിങ്ങടെ തള്ളും കേട്ടോണ്ടിരുന്നാല്‍ വടംവലി നടക്കുകേല….(അകത്തോട്ടു നോക്കി) നീ ഒരു കയറെടുത്തോണ്ടുവന്നേ…ഇന്നലെ റബറ് വലിച്ചുകെട്ടാന്‍ മേടിച്ചത്….

ഭാര്യ കയറ് കൊണ്ടുവന്നു കൊടുക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഈ ചക്കരകയറുകൊണ്ടെങ്ങനെയാ ജോസേ വടംവലിക്കുന്നത്…

തങ്കച്ചന്‍: (കയറ് വാങ്ങിക്കൊണ്ട്) ചക്കരയെങ്കില്‍ ചക്കര…എനിക്ക് നിങ്ങടെ സ്റ്റാമിനായും പൊസിഷനുമൊക്കെ മനസിലാക്കിയാല്‍ മതി….രണ്ടുപേരുടെയും കയ്യിലോട്ട് കയറ് രണ്ടറ്റം കൊടുത്തിട്ട്) പിടിച്ചേ നോക്കട്ടെ…

രണ്ടുപേരും പിടിച്ചു വലിക്കുന്നു.

തങ്കച്ചന്‍: ഇങ്ങനെയാണോ വടംവലിക്കുന്നത്…എന്നെ നാണംകെടുത്തരുത്…ചുമ്മാ പിള്ളേര് ഉഴുന്നാടവള്ളിക്ക് കടിപിടികൂടുന്നതുപോലെ…ശ്ശെ…ശ്ശെ….

ജോസ്: എന്നാ പിന്നെ എങ്ങനാ..നിങ്ങളൊന്നു കാണിച്ചുതന്നെ…

തങ്കച്ചന്‍: ദേ നോക്ക്…കയറിലായിരിക്കണം കണ്ണും മനസും…ട്രാക്കിനു പുറത്ത് ആരവങ്ങളുയരും…അങ്ങോട്ടൊന്നും ശ്രദ്ധ മാറരുത്…കാലുകളില്‍ ചുവടുറപ്പിച്ച് കൈകളിലേക്ക് ആവേശം പകര്‍ന്ന് ഒരേതാളത്തില്‍ ചുവടുമാറി തോളുമാറി പിന്നിലേക്ക് കുതിക്കണം….

തൊമ്മിക്കുഞ്ഞ്: ഇത്രേംമതിയോ..നിസാരം…

തങ്കച്ചന്‍: എന്നാ ഒന്നുകൂടി പിടിച്ചേ…നോക്കട്ടെ….

കയറിന്റെ നടുക്കു പിടിച്ച് ആശാന്‍ കളിച്ച് പിടിവിട്ട് വസിലടിച്ച് പുറകോട്ടു മാറുന്നു. രണ്ടുപേരും പിടിക്കുന്നു. തങ്കച്ചന്‍ തോര്‍ത്തു വീശി ആവേശം പകരുന്നു.

തങ്കച്ചന്‍: (പിന്നലേക്ക് നോക്കി താടിക്കു കൈകൊടുത്തു നില്‍ക്കുന്ന ഭാര്യയോട്) ചുമ്മാ നില്‍ക്കാതെ ആര്‍പ്പുവിളിക്ക്..എന്നാലേ കളിക്കാര്‍ക്ക് ആവേശംവരുകയുള്ളു….

ഭാര്യ: പിന്നേ ആര്‍പ്പുവിളിക്കുന്നു…കെളവന്‍മാരുടെ ഊളക്കളിക്ക് ജയ്‌വിളിക്കാനല്ലേ എനിക്കുനേരം…മുട്ടിനുവേദനയുള്ളയാള് കിടന്നു പിടിക്കുന്ന പിടുത്തം കണ്ടില്ലേ…ഇതുകഴിയുമ്പം തിരുമ്മാനായിട്ട് അങ്ങുവന്നേര്…(പോകുന്നു)

രണ്ടുപേരും വലിച്ച് അവശരായി.

തൊമ്മിക്കുഞ്ഞ്: എങ്ങനെയുണ്ട് ആശാനേ…

തങ്കച്ചന്‍: സ്റ്റാമിന പോര..ഓരോരുത്തരായിട്ട് എ്‌ന്നോടു മുട്ട്…നിന്നോടത്തുനിന്ന് ഞാന്‍ അനങ്ങില്ല….

ജോസ്: എന്നാലതൊന്നു കാണണമല്ലോ…

തങ്കച്ചന്‍:(ദൂരോട്ടു നോക്കിയിട്ട് അതാരാ അവിടെനിന്ന് ഒളിഞ്ഞു നോക്കുന്നത്…

ജോസും തൊമ്മിക്കുഞ്ഞും നോക്കുന്നു.

തൊമ്മിക്കുഞ്ഞ്: ആരെയും കാണുന്നില്ലല്ലോ…

തങ്കച്ചന്‍: (പുറകോട്ടു തിരിഞ്ഞുനില്‍ക്കുകയാണ്. കൈകൊണ്ട് എന്തോ ചെയ്യുകയാണ്.) നല്ലോണം നോക്ക്…അങ്ങോട്ടു പതുങ്ങി…

ജോസ്: എവിടെ…അവിടെയാരെയും കാണുന്നില്ല..

തങ്കച്ചന്‍: (തിരിഞ്ഞുകൊണ്ട്) എന്നാ എനിക്കുതോന്നിയതായിരിക്കും…അതുപോട്ടെ പിടി..

ജോസ് കയറില്‍ പിടിക്കുന്നു. തങ്കച്ചന്‍ നിന്നിടത്തുനിന്ന് അനങ്ങുന്നില്ല.

തൊമ്മിക്കുഞ്ഞ്: ജോസ് മാറിക്കേ..ഞാനിപ്പം അയാളെ വലിച്ചു താഴെയിടാം….

തൊമ്മിക്കുഞ്ഞ് വലിക്കുന്നു. രക്ഷയില്ല. തങ്കച്ചന്റെ ആരവം…

തങ്കച്ചന്‍: രണ്ടുപേരും കൂടി ഒന്നിച്ചു പിടിച്ചോ…ഞാന്‍ അനങ്ങില്ല…

രണ്ടടുപേരും കൂടി പിടിക്കുന്നു. കയറ് പൊട്ടുന്നു. രണ്ടുപേരും പുറകോട്ടു വീഴുന്നു. തങ്കച്ചന്‍ കയര്‍ എടുത്തുവീശി അട്ടഹസിച്ച് ആരവം മുഴക്കുന്നു…

തങ്കച്ചന്‍: ഇപ്പം മനസിലായോടാ..മാടമല തങ്കന്‍ വടംപൊട്ടിച്ചവനാണെന്ന്….(പെട്ടെന്ന് ഫോണ്‍ ബെല്ലടിക്കുന്നു. തങ്കച്ചന്‍ ഫോണെടുത്തുകൊണ്ട് മുന്നോട്ട് നീങ്ങുന്നു)

തൊമ്മിക്കുഞ്ഞ്: ജോസേ…നാണക്കേടായിപ്പോയി…തങ്കച്ചനെ സമ്മതിക്കണം…ഭയങ്കര കപ്പാസിറ്റിയാ…

ജോസേ: (സൂക്ഷിച്ചുനോക്കിയിട്ട്) തൊമ്മിക്കുഞ്ഞേ…അങ്ങോട്ടുനോക്കിക്കേ…(ചാടിയേണീറ്റ് ) വന്നേ….

തങ്കച്ചന്‍ നിന്നിരുന്ന തൂണിന്റെയടുത്തേക്ക് വേഗത്തില്‍ വരുന്നു. കൂടെ തൊമ്മിക്കുഞ്ഞും. തൂണേല്‍ കയറ് കെട്ടിയിട്ടിരിക്കുകയാണ്. തങ്കച്ചന്‍ ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.

ജോസ്: അയാള് നമുക്കിട്ട് പണിയുകയായിരുന്നു…തൂണേല്‍ കയറ് കെട്ടിയിട്ട് വലിച്ചാല്‍ നിന്നേടത്തു നിന്ന് അനങ്ങുമോ…കയറ് പൊട്ടുകയല്ലാതെ…

തൊമ്മിക്കുഞ്ഞ്: ഇതിനു മറുപണി കൊടുക്കണം…

തങ്കച്ചന്‍ ഇതൊന്നുമറിയാതെ ഫോണ്‍വിളി കഴിഞ്ഞ് വരുന്നു.

തങ്കച്ചന്‍: ഇപ്പം മനസിലായോടാ മാടമല തങ്കന്റെ വീരചരിതം..

ജോസ്: ഞങ്ങളറിയാന്‍ വൈകിപ്പോയി…മാപ്പാക്കണം…

തൊമ്മിക്കുഞ്ഞ്: ആശാനെ ഞങ്ങളൊന്ന് എടുത്തുപൊക്കിക്കോട്ടെ….

രണ്ടുപേരുംകൂടി തങ്കച്ചനെ പിടിക്കുന്നു.

തങ്കച്ചന്‍: മതി മതി..എടുക്കുവൊന്നും വേണ്ട…ഇപ്പഴെങ്കിലും ഞാന്‍ പറഞ്ഞത് നിങ്ങള് വിശ്വസിച്ചല്ലോ….

ജോസ്: (തങ്കച്ചനെ തൂണോടു ചേര്‍ത്തുകെട്ടിക്കൊണ്ട്) മരത്തേല്‍ സ്മാരകമായിട്ട് വടം സൂക്ഷിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിശ്വാസമായി…

തങ്കച്ചന്‍: (കുതറിക്കൊണ്ട്) എല്ലാം ഒരു നേരംപോക്കല്ലേടാ…ഇങ്ങനെയൊക്കെ കാണിക്കാമോ…

തൊമ്മിക്കുഞ്ഞ്: ഇനി ഈ കയറ് ഇവിടെ സ്മാരകമായിട്ട് കിടക്കട്ടെ…

ഇരുവരും നടക്കുന്നു.

തങ്കച്ചന്‍: ലേലു അല്ലൂ…ലേലു അല്ലൂ…അഴിച്ചുവിടെടാ മറുതകളെ….

LEAVE A REPLY

Please enter your comment!
Please enter your name here