നേതാവ് കക്കൂസില്‍ നിന്നിറങ്ങിവരുമ്പഴും മൈക്കു നീട്ടരുത്

0
103

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ആളുമാറി പ്രതികരിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയായില്‍ തകര്‍ക്കുകയാണ്. ചാനലുകാരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സുധാകരന് അമളി പിണഞ്ഞത്. മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരന്‍ കെ.ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് സുധാകരന്‍ ആളുമാറി പ്രതികരിച്ചത്. ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നുവെന്നായിരുന്നു സുധാകരന്റെ മറുപടി.

കുറച്ചുനാള്‍ മുന്നേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഇതേപോലൊരു അമളി പിണഞ്ഞിരുന്നു. മുഹമ്മദലിയേക്കുറിച്ചുള്ള ചോദ്യത്തിനാണ് അന്ന് കായികമന്ത്രിയായിരിക്കെ ജയരാജന്‍ ആളുമാറി പ്രതികരിച്ചത്.

പണ്ടൊക്കെ ഇത്തരം അബദ്ധങ്ങള്‍ നാക്കുപിഴയായി കണക്കാക്കി മാധ്യമങ്ങള്‍ തമസ്‌കരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് നേരേ തിരിച്ചാണ് ഇത്തരം സംഭവങ്ങള്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. സുധാകരന് അമളി പിണഞ്ഞ വീഡിയോ ശ്രദ്ധിച്ചാല്‍ അറിയാം അദ്ദേഹം ധൃതിയില്‍ ഇറങ്ങിവരുകയാണ്. അപ്പോഴാണ് വാതില്‍ക്കല്‍ പരുങ്ങിനിന്നവര്‍ മൈക്കും നീട്ടിപ്പിടിച്ചെത്തിയത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമെന്താണെന്ന് പോലും സുധാകരന്‍ ശരിക്കും കേട്ടിട്ടില്ല. തന്റെ ചോദ്യമെന്താണെന്ന് മാധ്യമപ്രവര്‍ത്തകനും ശരിയായരീതിയില്‍ വിശദീകരിച്ചിട്ടില്ല. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. സുധാകരനും കാണിച്ചു മണ്ടത്തരം. കേട്ടപാതി കേള്‍ക്കാത്തപാതി ഉത്തരം റെഡി. ഇത് പൊതുവേ രഷ്ട്രീയക്കാര്‍ക്കുള്ളതാണ്. സൂര്യനുകീഴിലുള്ളതെന്തിനേക്കുറിച്ചും അവര്‍ പ്രതികരിക്കും. രാഷ്ട്രീയപ്രവര്‍ത്തകന്‍ സര്‍വവിജ്ഞാനകോശമായിരിക്കണമെന്ന് എഴുതിവെച്ചിട്ടുള്ളതുപോലെയാണ്. എന്താണ് സംഭവമെന്ന് സുധാകരന് മാധ്യമപ്രവര്‍ത്തകരോട് ആരായാമായിരുന്നു. അതുണ്ടായില്ല. ഇവിടെ എന്തിനും മറുപടി റെഡിയാണല്ലോ. ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍ ഒരു മുന്‍കരുതലെടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സോഷ്യല്‍മീഡിയാക്കാര്‍ ഇതുപോലെയെടുത്തുടുക്കും.

ഇപ്പോള്‍ വാര്‍ത്തകളില്‍ എഡിറ്റും കട്ടുമൊന്നുമില്ല. കിട്ടുന്നതെന്തോ അതുവെച്ചുകാച്ചുന്നു. ഓഫ് ദ റിക്കാര്‍ഡായി പറയുന്ന കാര്യങ്ങള്‍വരെ വാര്‍ത്തയായി വരുന്നു. ചാനലുകാരുടെ വരവോടെയാണ് എന്തിനും ഏതിനും പ്രതികരണമെടുക്കലു തുടങ്ങിയത്. പത്രങ്ങളുടെ ആയകാലത്ത് പ്രതികരിക്കേണ്ടവര്‍ പത്രഓഫീസിലേക്ക് വിളിക്കും. അല്ലെങ്കില്‍ പ്രസ്താവന കൊടുത്തുവിടും. അങ്ങനെ വരുമ്പോള്‍ ഇത്തരം അബദ്ധങ്ങളുണ്ടാവില്ല. വിവേകത്തോടെ ചിന്തിച്ചേ പ്രതികരിക്കൂ. ഇനി അതല്ല എന്തെങ്കിലും അബദ്ധങ്ങളുണ്ടെങ്കില്‍ അത് തിരുത്തിയേ ഡെസ്‌കിലിരിക്കുന്നവര്‍ പ്രസിദ്ധീകരിക്കൂ. അതു മാന്യതയുളള്ള പത്രപ്രവര്‍ത്തനത്തിന്റെ കാലം. ഇന്നിപ്പോള്‍ പ്രതികരണത്തിനായി നേതാക്കളുടെയും സിനിമാതാരങ്ങളുടെയും വാതില്‍പ്പടികളില്‍ കാവല്‍കിടക്കുകയാണ്. ചില ചോദ്യങ്ങള്‍ കേട്ടാല്‍ കണ്ടുനില്‍ക്കുന്നവര്‍ തലയില്‍ മുണ്ടിടും.

ആരെയും പഴിച്ചിട്ടു കാര്യമില്ല. നേതാവ് കക്കൂസില്‍ നിന്നിറങ്ങിവരുമ്പോള്‍ പോലും പ്രതികരിക്കാന്‍ മൈക്കു നീട്ടിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. എപ്പഴും അപ്‌ഡേറ്റായിട്ടിരിക്കാനും എന്തുചോദിച്ചാലും ഉത്തരം പറയാനും ഇവരാരും ചാറ്റ് ജിപിടിയല്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here