അടുക്കളേലിരുന്നെങ്ങാനും കറിക്കരിയാന്മേലേ…

0
36

ചേട്ടനും ചേടത്തിയും
എപ്പിഡോസ്-6

ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി കൈയില്‍ കറിക്കരിയാനുള്ള സാധനങ്ങളുമായി വരുന്നു. ചേട്ടന്റെ അടുത്തുവന്നിരുന്ന് അരിയാന്‍ തുടങ്ങുന്നു. ചേട്ടനെ നോക്കുന്നുണ്ട്. ചേട്ടന്‍ ചേടത്തിയെ ശ്രദ്ധിക്കുന്നില്ല. പത്രം വായനയിലാണ്.

ചേടത്തി: നിങ്ങളുടെ പത്രം വായന തീരാറായില്ലേ…

ചേട്ടന്‍: (പത്രത്തില്‍ നിന്ന് മുഖമെടുക്കാതെ) തീര്‍ന്നാല്‍ പിന്നെ ഞാന്‍ ഇതുംപിടിച്ചോണ്ടിരിക്കുമോ..

ചേടത്തി: നിങ്ങളുടെ വായന കഴിയുമ്പോഴേക്കും നാളത്തെ പത്രം വരും.

ചേട്ടന്‍: (ഇഷ്ടപ്പെടാത്തമട്ടില്‍) പത്രം വായിക്കുന്നത് ഇഷ്ടമില്ലാത്തവരെ കണ്ടിട്ടുണ്ട്. പത്രം വായിച്ചോണ്ടിരിക്കുന്നവരെ കാണുന്നതും അലര്‍ജിയായിട്ടുള്ളവരെ ഇതാദ്യമാ….

ചേടത്തി: (ആക്കുന്ന മട്ടില്‍ നീട്ടി) ഓാാ.. നമ്മള് വലിയ പത്രാധിപരൊന്നുമല്ലേ….

ചേട്ടന്‍: നിനക്കാ അടുക്കളേലിരുന്നെങ്ങാനും കറിക്കരിയാന്‍ മേലെ…ചുമ്മാ കോണ്‍സെന്‍ട്രേഷന്‍ കളയാനായിട്ട്….

ചേടത്തി: (കളിയാക്കുന്ന മട്ടില്‍) ഞാനായിട്ട് നിങ്ങടെ ഒന്നും…എന്നതാ…ങാാാ…കോണ്‍സെന്‍ട്രേഷന്‍….അതെന്നാ സാധനമാ…ഒന്നും കളയുന്നിേേല്ലേ….

ചേട്ടന്‍ ചേടത്തിയെ രൂക്ഷമായി നോക്കുന്നു.

ചേടത്തി: എന്റെ പൊന്നോ…ഉരുട്ടി കണ്ണില്‍ കയറ്റല്ലേ…ഞാനങ്ങ് പൊക്കോളാം….ഉച്ചയ്ക്ക് കറിയെന്നതാ വെക്കേണ്ടതെന്ന് ചോദിക്കാന്‍ വന്നതാ…

ചേട്ടന്‍: പിന്നെ അവളെല്ലാം ചോദിച്ച് അനുവാദം വാങ്ങിയിട്ടേ ചെയ്യൂ…പൊക്കോണം അവിടുന്ന്….

ചേടത്തി: അതുശരി…ചോദിച്ചാല്‍ കുഴപ്പം…ചോദിച്ചില്ലേല്‍ കുഴപ്പം…ആട്ടെ ഉച്ചയ്ക്ക് ചിക്കനായാലോ…

ചേട്ടന്‍: (ശാപ്പാടിന്റെ കാര്യമായപ്പോള്‍ മയപ്പെട്ടു) ആയിക്കോട്ടെ…

ചേടത്തി: അല്ലേല്‍ മീനായാലോ…

ചേട്ടന്‍: മീനാണെങ്കിലും മതി…ഇറച്ചി ഒരു മടുപ്പാ ഇപ്പം…

ചേടത്തി: കറി വെക്കണോ… വറുക്കണോ…

ചേട്ടന്‍: കറിവെച്ചോ…വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കുന്നതാ നല്ലതാ…ആട്ടെ എന്നാ മീനാ…

ചേടത്തി: മീന്‍ മേടിച്ചതിരിപ്പില്ല…

ചേട്ടന്‍: ങേ…എന്നാ ചിക്കനാട്ടെ..

ചേടത്തി: ചിക്കന്‍ മേടിച്ചത് തീര്‍ന്നു….

ചേട്ടന്‍: (അരിശപ്പെട്ട്) പിന്നെ നീ എന്നാത്തിനാ എന്നോട് അഭിപ്രായം ചോദിച്ചത്…

ചേടത്തി: (ഞരങ്ങിമൂളി) അതുഞാനിങ്ങനെ ചോദിച്ചതല്ലേ…വെണ്ടയ്ക്കാ തോരന്‍ വെക്കാം…നിങ്ങള്‍ക്ക് വെണ്ടയ്ക്ക് നീളത്തിലറിയണോ വട്ടത്തിലരിയണോ…

ചേട്ടന്‍: ങാ…പച്ചക്കറിയെങ്കില്‍ പച്ചക്കറി…എനിക്ക് നീളത്തിലരിയുന്നതാ ഇഷ്ടം…നീയിപ്പംഎങ്ങനെയായിത് അരിഞ്ഞ് കൂട്ടുന്നത്…

ചേടത്തി: ഇതിപ്പം വട്ടത്തിലാ അരിയുന്നത്….

ചേട്ടന്‍: നിന്നെക്കൊണ്ടു ഞാന്‍ തോറ്റു…നീ എല്ലാത്തിനും വന്ന് അഭിപ്രായം ചോദിക്കുകേം ചെയ്യും എന്നിട്ട് നിനക്ക് തോന്നിയതുപോലെ ചെയ്യുകേം ചെയ്യും.

ചേടത്തി: നിങ്ങളോട് അഭിപ്രായം ചോദിച്ചെന്നു കരുതി എനിക്ക് ഉള്ളതുവെച്ചല്ലേ ഉണ്ടാക്കാന്‍ കഴിയൂ…അടുക്കളേല്‍ ചെന്ന് ഇടുകുടുക്കേ ചോറുംകറീം എന്നു പറഞ്ഞാല്‍ എല്ലാം കൂടിയിങ്ങുവരുകേല.

ചേട്ടന്‍: (നിരാശയോടെ) പറഞ്ഞിട്ടു കാര്യമില്ല…(പത്രം പൊക്കി പിടിച്ചുകൊണ്ട്) ഈ ഒരു മറ ഉള്ളതുതന്നെയാ നല്ലത്.

ചേടത്തി: നിങ്ങളീ പത്രമിങ്ങനെ പൊക്കിപ്പിടിച്ചോണ്ടിരുന്നാ എന്നാ കിട്ടാനാ….ലോകത്തു നടക്കുന്നതെല്ലാം ഇവിടെയിരിക്കുന്ന നിങ്ങളറിഞ്ഞിട്ട് എന്നാ കിട്ടാനാ…

ചേട്ടന്‍: എടീ അറിവു വേണം….ചുറ്റും നടക്കുന്നതെന്നതാന്നു നമ്മളറിയണം….അതു നിനക്ക് പറഞ്ഞാലറിയത്തില്ല…

ചേടത്തി: പിന്നെ വയസ് പത്തെഴുപതായി ഇനിയാ നിങ്ങള് അറിവു സമ്പാദിക്കാന്‍ പോകുന്നത്….

ചേട്ടന്‍: എടീ അക്ഷരം കൂട്ടിവായിക്കാറായപ്പം തുടങ്ങിയതാ ഞാന്‍ പത്രം വായന…അതുകൊണ്ട് എനിക്കിപ്പഴും ആരേലും എന്തെങ്കിലുമൊക്കെ പറയുമ്പം നീയിരിക്കുന്നതുപോലെ അന്തം വിട്ട് വായും പൊളിച്ചിരിക്കേണ്ടിവരില്ല….എനിക്ക് എന്റേതായ അഭിപ്രായവും കാഴ്ചപ്പാടുമുണ്ട്….

ചേടത്തി:(മടുപ്പോടെ) നിങ്ങള് പത്രം വായിക്കുകയോ വായിക്കാതിരിക്കുകയോ എന്തെങ്കിലും ചെയ്യ്…ഏതുനേരവും ഇങ്ങനെ കസേരയില്‍ ചുരുണ്ടുകൂടിയിരിക്കുന്നതിലാ എനിക്കെതിരഭിപ്രായം…

ചേട്ടന്‍: (പത്രം മടക്കിവെച്ചുകൊണ്ട്) ഞാന്‍ പിന്നെന്നാ ചെയ്യണമെന്നാ നീ പറയുന്നത്…

ചേടത്തി: അതുപറയാനല്ലേ ഞാന്‍ തുടങ്ങിയത്…അന്നേരം നിങ്ങള് എന്നെ കളിയാക്കലും പ്രസംഗവുമല്ലേ….

ചേട്ടന്‍: ആട്ടെ ഞാന്‍ മിണ്ടുന്നില്ല….നീ പറ…കേള്‍ക്കട്ടെ….

ചേടത്തി: ആ ശോശാമ്മേം കെട്ടിയോനും കണ്ടോ …. രാവിലെ എന്നും നടക്കാന്‍ പോകും…വൈകുന്നേരം അങ്ങേര് ജിമ്മിലും പോകും….

ചേട്ടന്‍: (ചിരിച്ചു കൊണ്ട്) ഇന്നലെ ആ ശോശാമ്മ ഫോണ്‍ വിളിച്ച് തള്ളുന്നതുകേട്ടപ്പഴേ എനിക്കറിയാമായിരുന്നു നീ ഈ കോളുമായിട്ടു വരുമെന്ന്…

ചേടത്തി: എന്നതാണേലും നല്ല കാര്യമല്ലേ…പ്രായമാകുമ്പം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാ ശോശാമ്മ പറഞ്ഞത്….

ചേട്ടന്‍: (ചിരിച്ചുകൊണ്ട്) എടീ…ഇതാ നിനക്ക് വിവരമില്ലെന്ന് ഞാന്‍ പറയുന്നത്….ശോശാമ്മയുടെ കെട്ടിയോനെയും എന്നെയും ഒരുപോലെ കാണാന്‍ പറ്റുമോ…

ചേടത്തി: എന്നതാ വ്യത്യാസം… രണ്ടുപേരും ഒരേപോലെയുള്ള കുടുംബക്കാരാ….

ചേട്ടന്‍: പൊക്കോണം അവിടുന്ന്..കുടുംബമഹിമ വെച്ചാണോ ആരോഗ്യം നോക്കുന്നത്. എടീ അയാള് സര്‍ക്കാരോഫീസില്‍ കൈക്കൂലീം വാങ്ങി അനങ്ങാതിരുന്നു ജോലി ചെയ്ത് അജീര്‍ണം പിടിച്ചു റിട്ടയറായവന്‍…ഷുഗര്‍, കോളസ്‌ട്രോള്‍ കണ്ടകടച്ച്രാണി മുഴുവനുണ്ട്….

ചേടത്തി: ങാ…അതാ പറഞ്ഞത്…യുകേലുള്ള പിള്ളേര് വ്യയാമം ചെയ്യാനുള്ള ഉപകരണങ്ങളൊക്കെ ഒരു മുറിനിറയെ മേടിച്ചിട്ടുണ്ട്….ശോശാമ്മേം അതേല്‍കയറിയിരുന്ന് കസര്‍ത്ത് കാണിക്കുമെന്നാ പറഞ്ഞത്…

ചേട്ടന്‍: എടീ ഞാന്‍ പറയട്ടെ….നീ ഇടയ്ക്കുകയറാതെ…ഞാന്‍ ചെറുപ്പം മുതലേ പറമ്പില്‍ പണിതു വളര്‍ന്നതാ…ഇപ്പഴും രാവിലെയും വൈകുന്നേരവും പറമ്പലിറങ്ങി പണിയുന്നുണ്ട്. ബാക്കി സമയത്ത് ഞാന്‍ വിശ്രമിക്കും. കാരണം, പഴയതുപോലെ അലഞ്ഞു പണിയെടുക്കേണ്ട കാര്യമില്ല. ശരീരം നോക്കിവേണം അധ്വാനിക്കാന്‍….

ചേടത്തി: നിങ്ങളീ പറമ്പില്‍ പണി ഇച്ചിരികുറയ്ക്ക്..

ചേട്ടന്‍: പറമ്പിലിറങ്ങി പണിയുന്നതുകൊണ്ടാ ഞാനിങ്ങനെ ഇരിക്കുന്നത്. എനിക്ക് ഷുഗറും കൊളസ്‌ട്രോളും ഒന്നുമില്ല. ശോശാമ്മേടെ കെട്ടിയോനേപ്പോലെ ചത്തേചതഞ്ഞേന്നു പറഞ്ഞല്ല ഞാന്‍ നടക്കുന്നത്. my body is fit in this seventees…അറിയാമോ…

ചേടത്തി: പിന്നെ…തള്ളാന്‍ നിങ്ങള് കഴിഞ്ഞല്ലേ ആളുള്ളു….
(ഫോണ്‍ ബെല്ലടിക്കുന്നു)
ങാഹാ..ശോശാമ്മയാണല്ലോ…ഇന്നു രാവിലെ പള്ളിയിലും കണ്ടില്ല…

ഹലോ…ശോശാമ്മേ ..എന്നാ ഉണ്ട്…ങേ…ആശുപത്രിയിലാണോ…എന്നാപറ്റി…..ങേ…യ്യോ…വീണോ….ങാ….ങാ….യ്യോ..മുട്ടുചിരട്ടയ്ക്കാ….ആരുണ്ട് കൂടെ….ങാ…ആയിക്കോട്ടെ…ഞങ്ങള് വരാം…

ചേട്ടന്‍: (അറിയാനുള്ള അമിതാഗ്രഹത്തോടെ) എന്നതാ…എന്നാ പറ്റി…

ചേടത്തി: ശോശാമ്മേടെ കെട്ടിയോന്‍ വീണെന്ന്….മുട്ടുചിരട്ടയ്ക്ക് പൊട്ടലുണ്ടെന്ന്..

ചേട്ടന്‍: അതെങ്ങനെയാ വീണത്….പുള്ളി മരത്തേലൊന്നും കേറുകേലല്ലോ…

ചേടത്തി: മരത്തേന്നൊന്നുമല്ല….ഓടുന്ന മെഷീനേന്നാ….അരേല്‍ ബെല്‍റ്റു കെട്ടിയത് മുറുകിയില്ലായിരുന്നു..തെറിച്ചു പോയി….

ചേട്ടന്‍: (ആവേശത്തോടെ) ഇപ്പം മനസിലായില്ലേടി നിനക്ക് ….എന്നെയും മുട്ടുചിരട്ട പൊട്ടിച്ചിടാനല്ലായിരുന്നോ നിന്റെ പരിപാടി….

ചേടത്തി: അതിപ്പം അപകടം എപ്പം എവിടാന്നു പറയാന്‍ പറ്റുമോ…

ചേട്ടന്‍: ങാ…പറയാന്‍ പറ്റും…ഇതിനാണ് ബോധം വേണമെന്ന് പറയുന്നത്…അവനവന്റെ സാഹചര്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമനുസരിച്ചുള്ള പരിപാടികള്‍ക്കേ നമ്മള്‍ പോകാവൂ…പ്രത്യേകിച്ചും പ്രായമായിക്കഴിഞ്ഞാല്‍….

ചേടത്തി: (കറി അരിയുന്ന പാത്രവുമായി എണീറ്റുകൊണ്ട്) ന്റെമ്മോ….ഞാന്‍ പറഞ്ഞതെല്ലാം പിന്‍വലിച്ചു…ഇനിയിപ്പം കുറേനാളത്തേക്ക് നിങ്ങളിതും പറഞ്ഞ് എന്റെമേല്‍ കുതിരകേറും….ഞാന്‍ പൊക്കാളാമേ….

ചേട്ടന്‍: (ചിരിച്ചുകൊണ്ട്) ങാ…വിട്ടോ…വിട്ടോ…ഇനി മുങ്ങുകല്ലാണ്ട് വേറെ രക്ഷയില്ല…..

LEAVE A REPLY

Please enter your comment!
Please enter your name here