അന്ന് മലബാറിന് ഇന്ന് കാനഡയ്ക്ക്

0
56

നേരംപോക്ക്…
എപ്പിസോഡ്-3

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ജോസ്. തങ്കച്ചന്‍ നടന്നു വരുന്നു. നടത്തത്തില്‍ ഒരു ഉന്മേഷമില്ല. തങ്കച്ചന്റെ ഉത്സാഹക്കുറവ് ജോസ് ശ്രദ്ധിക്കുന്നു.

ജോസ്: എന്നാ തങ്കച്ചാ ഇന്ന് ആകപ്പാടെ ഒരുമൂഡ് ഔട്ട്

തങ്കച്ചന്‍: ഓ എന്നാ പറയാനാടാ ഉവ്വേ… മനസിനൊരു സുഖമില്ല… ആകപ്പാടെ ഒരു തളര്‍ച്ച.

ജോസ്: അതുകണ്ടപ്പഴേ മനസിലായി… കാരണമെന്നാന്ന് പറഞ്ഞാല്‍ മതി…

തങ്കച്ചന്‍: പറയാടാ…ഒന്നിരിക്കട്ടെ.

ക്ഷീണഭാവത്തില്‍ ഇരിക്കുന്നു.

ജോസ്: എന്നാ പറ്റി…ഭാര്യയോട് അടിയുണ്ടാക്കിയോ…അതോ ചെറുക്കന്‍ വല്ല ചീത്തയും വിളിച്ചോ…

തങ്കച്ചന്‍: അതൊന്നുമില്ല… മൂത്തവന്റെ പയ്യന്‍ കാനഡായ്ക്ക് പോവുകാടാ…അതിന്റെ ടിക്കറ്റും കുന്തവുമെല്ലാം വന്നു.

ജോസ്: ങാ…അതു നല്ല കാര്യമല്ലെ…പയ്യന്‍ പോയി രക്ഷപെടട്ടെ…ഇതിലെ തെണ്ടിത്തിരിഞ്ഞു നടന്നിട്ടെന്നാ കിട്ടാനാ…

തങ്കച്ചന്‍: ഇങ്ങനെതന്നെയാ ഞാനുമാദ്യം ഓര്‍ത്തത്…

ജോസ്: എന്നിട്ടെന്നാ മുഖവും കുമ്പിട്ടിരിക്കുന്നേ…

തങ്കച്ചന്‍: എടാ…ആദ്യം എനിക്കും ഉത്സാഹമായിരുന്നു…അവിടെപോയി പഠിച്ച് നല്ല ജോലിയൊക്കെ കിട്ടി മിടുക്കനായിവരട്ടെയെന്നു കരുതി….പോകാറായപ്പോ വിഷമമായി…

ജോസ്: പിന്നെ…ഇപ്പഴെന്നാ മനംമാറ്റത്തിനു കാരണം.

തങ്കച്ചന്‍: അതല്ലെടാ ഉവ്വേ…അവനെന്നോട് വലിയപ്രിയമാ…ചെറുപ്പം മുതലെ എന്റെ കൂടെയാ ഉറക്കവും…എല്ലാം…

ജോസ്: അങ്ങനെ ചെറുക്കനെ എന്നും കൂടെക്കിടത്തിയുറക്കി കഴിഞ്ഞാ മതിയോ…അവന്‍ പുറത്തുപോയി രക്ഷപ്പെടട്ടെന്നേ…

തങ്കച്ചന്‍: എടാ…അവന്‍ കൊച്ചല്ലേടാ…

ജോസ്: പ്ലസ് ടു കഴിഞ്ഞില്ലേ…

തങ്കച്ചന്‍: പ്ലസ് ടു പാസായി .നല്ല മാര്‍ക്കും ഉണ്ട്.. ഇനി അവിടെ പോയി പഠിക്കണം. മൂന്നുകൊല്ലം പഠിച്ചു കഴിഞ്ഞാ അവടെത്തന്നെ ജോലിയും കിട്ടുമെന്നാ പറഞ്ഞെ…

ജോസ്: അപ്പം കാശു കുറേ ചെലവാകും..അതാ മനമുരുക്കം…അല്ലാതെ കൊച്ചുമോനെ പിരിയാനുള്ള വിഷമമൊന്നുമല്ല…അല്ലേ…

തങ്കച്ചന്‍: കാശുപോകുന്നതിന്റെയല്ലെടാ…കാശ് പത്തിരുപത്തഞ്ചാകും…അതവന്‍ അവിടെപൊയി പണിയെടുത്തുണ്ടാക്കിക്കോളാമെന്നാ പറഞ്ഞേ…. (സംശയത്തോടെ) അങ്ങനെ അവിടെചെല്ലുമ്പോഴേ പണി കിട്ടുമോ…

ജോസ്: അതില്ല…അവിടെ പഠിത്തവും അതിന്റെ കൂടെ എന്തെങ്കിലുമൊക്കെ ജോലിയും ചെയ്യാം.

തങ്കച്ചന്‍: ങാഹാ…അങ്ങനെ ജോലി കിട്ടുമല്ലേ…

ജോസ്: ന്റെ തങ്കച്ചാ.. കുക്കിനെ സഹായിക്കല്‍, പ്ലംമ്പറെ സഹായിക്കല്…ആപ്പിള്‍ തോട്ടത്തില് ..അങ്ങനെയൊക്കെ അസിസ്റ്റന്റ് പണി…

തങ്കച്ചന്‍:ങാ…അസിസ്റ്റന്റെങ്കില്‍ അസിസ്റ്റന്റ്…പണി കിട്ടുമല്ലോ…ഇവിടെ നിന്നാല്‍ ജോലിയൊക്കെ കിട്ടാന്‍ ഭയങ്കര പാടാന്നാ അവന്‍ പറയുന്നേ…

ജോസ്: കുക്കിന്റെ അസിസ്റ്റന്റെന്നു പറഞ്ഞാല്‍ മുളകും സബോളയും അരിയല്‍….അങ്ങനെയാ ഓരോ പണികളും…

തങ്കച്ചന്‍: അതുശരി ഇവിടെ കുളിച്ചു കഴിയുമ്പം തോര്‍ത്തു പിഴിഞ്ഞു കൊടുക്കണേല്‍ അവന്റെ മമ്മി വേണം. അവന്‍ മുളകരിയുമോ അവിടെ ചെന്ന്..

ജോസ്: അതൊക്കെ തന്നെ അരിയും…ഇവിടെയല്ലേ അങ്ങനെയുള്ള ജോലിക്കൊക്കെ ഗമ കുറവ്…

തങ്കച്ചന്‍: എന്നാലും കണ്ണടയ്ക്കുമ്പം അവന്‍ അരികിലുണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹം…

ജോസ്: അതെന്റെ തങ്കച്ചാ.. അവനിവിടെയുണ്ടെങ്കിലും നിങ്ങളു കണ്ണടയ്ക്കുമ്പം അവന്‍ അരികില്‍ കാണില്ല.

തങ്കച്ചന്‍: അതെന്നാടാ നീ അങ്ങനെ പറഞ്ഞത്.

ജോസ്: അതിപ്പം…ഇവിടെയാരാ വീട്ടില്‍ കിടന്നു മരിക്കുന്നത്. അതൊക്കെ നമ്മടെ കാര്‍ന്നോന്മാരുടെ കാലത്ത്…ഇപ്പം എല്ലാവരും ഐസിയുവിലും വെന്റിലേറ്ററിലും കിടന്നല്ലേ മരിക്കുന്നത്…മരിച്ചതെപ്പഴാന്ന് തമ്പുരാന് പോലും അറിയാന്‍ പറ്റാത്ത മട്ടിലാ കാര്യങ്ങള്….

തങ്കച്ചന്‍: ങാ…അതുമൊരു സത്യമാ…

ജോസ്: അതുകൊണ്ട് നിങ്ങള് തടസമൊന്നും പറയണ്ടാ…ഇനി അഥവാ പറഞ്ഞാലും അവന്‍ പോകും…

തങ്കച്ചന്‍: അത്‌നേരാ ഇപ്പഴത്തെ പിള്ളേര്‍ക്കെല്ലാം എങ്ങനെയും ഇവിടെനിന്ന് കടക്കണമെന്നേയുള്ളു.

ജോസ്: അത് തങ്കച്ചാ…രാവിലെ ബസ് കയറാന്‍ കവലേല്‍ പോയി നിന്നാല്‍ അത് മനസിലാകും… പണ്ട് കോളജ് പിള്ളേരേ തട്ടിയിട്ടു ബസില്‍ കയറാന്‍ പറ്റുമായിരുന്നോ…ഇപ്പം നമ്മുടെ നാട്ടില്‍ നിന്നു കോളജിലോട്ട് പോകുന്ന പിള്ളേരെ കൈവിരലില്‍ എണ്ണാം…ഒരുത്തനുമിവിടെയില്ല, എല്ലാം അക്കര കടന്നു.

തങ്കച്ചന്‍: എന്നാലും എനിക്കു മനസിലാകാത്തത് ഇവന്മാര്‍ക്ക് ഇവിടെ എന്തേലും ജോലി സംഘടിപ്പിച്ചു കൂടാന്‍ മേലേന്നാ…

ജോസ്: ഇവിടെ എന്നാ ജോലി കിട്ടാനാ തങ്കച്ചാ….സര്‍ക്കാര് ജോലിക്ക് ആണ്ടിലും ചങ്ങാതിക്കും വിളിക്കും…അത് വീതം വെപ്പുകഴിഞ്ഞ് എത്രപേര്‍ക്ക് കിട്ടും…പിന്നെ പ്രൈവറ്റ് കമ്പനിയില്‍ കിട്ടിയാല്‍ എപ്പം പണി പോകുമെന്ന് പറയാന്‍ പറ്റില്ല….അക്കരെ കടന്നാലേ ശമ്പളം ഡോളറിലാ….

തങ്കച്ചന്‍: നമ്മളൊക്കെ ഇവിടെ പിടിച്ചു നിന്നില്ലേ…

ജോസ്: നമ്മളെങ്ങനെ പിടിച്ചു നിന്നെന്നാ പറയുന്നേ തങ്കച്ചാ… നമ്മടെ കാര്‍ന്നോന്മാരുടെ കാലത്ത് മലബാറിലോട്ടും ഹൈറേഞ്ചിലോട്ടുമൊക്കെ കുടിയേറിയത് മറന്നോ…അങ്ങനെയാണേല്‍ നിങ്ങടെ ചേട്ടനും അനിയനുമൊക്കെ ഇവിടെ നിന്നാല്‍ പോരായിരുന്നോ…മലബാറിനു പോകേണ്ടായിരുന്നല്ലോ.

തങ്കച്ചന്‍: അന്നവന്മാരു പോയതുകാരണം അവര് രക്ഷപ്പെട്ടു…അമ്മ കരഞ്ഞുകാലേപിടിച്ചു പറഞ്ഞതാ…പോകല്ലേടാ മക്കളേ, ഞാന്‍ ചാകുമ്പം തുള്ളിവെള്ളമൊഴിച്ചു തരാന്‍ കാണണമെന്നു പറഞ്ഞായിരുന്നു നിലവിളി….

ജോസ്: എന്നിട്ടവന്മാര് പോയില്ലേ…അവിടെ ചെന്ന് അധ്വാനിച്ച് നല്ല നിലയിലുമായി… അമ്മയെ കാണാന്‍ ഓടfഓടിവരുമായിരുന്നല്ലോ….

തങ്കച്ചന്‍: പിന്നെ….ഇപ്പഴും ഇവിടെ എന്തെങ്കിലും പരിപാടിയുണ്ടേല്‍ അവന്മാരും മക്കളം തറിയിലുണ്ട്…

ജോസ്: അന്ന് കുടിയേറിയവരെല്ലാം എന്തേരെ കഷ്ടപ്പാട് സഹിച്ചതാ…മലമ്പനിയും കാട്ടാനയും എല്ലാം കൂടി ആകെ ബഹളമയമല്ലായിരുന്നോ..

തങ്കച്ചന്‍: ഉംം…ശരിയാ. ചേട്ടന്റെ രണ്ട് പിള്ളേര് മലമ്പനി പിടിച്ച് മരിച്ചുപോയി…ഇപ്പം എല്ലാവര്‍ക്കും നല്ല കാലമാണെങ്കിലും അന്നൊത്തിരി കഷ്ടപ്പെട്ടതാ…

ജോസ്: ഇന്നിനിയിപ്പം മലബാറിലോട്ടോ ഹൈറേഞ്ചിലോട്ടോ കുടിയേറാന്‍ പറ്റുമോ…അതുകൊണ്ട് അടുത്തസ്ഥലം നോക്കുന്നു…അത്രതന്നെ.

തങ്കച്ചന്‍: ആലോചിച്ചു നോക്കുമ്പോ നീ പറഞ്ഞതുശരിയാ…

ജോസ്: മലബാറിലോട്ടൊക്കെ ഒന്നു മരിച്ചറിയിച്ചു പോകാനും വരാനുമൊക്കെ എന്നാ പാടായിരുന്നു പണ്ട്. അന്നു മലബാറിനു പോയതിന്റെ പത്തിലൊന്നു സമയം വേണ്ട ഇന്നു കാനഡയില്‍ ചെല്ലാന്‍…പണ്ട് മലബാറിലോട്ട് ഒരു കത്തയച്ചിട്ട് മറുപടിക്കായി പോസ്റ്റമാനെയും നോക്കി എത്രനാളിരിക്കണമായിരുന്നു… ഇന്ന് അങ്ങനെയാണോ.

തങ്കച്ചന്‍: അതുനേരാ…പണ്ടൊക്കെ മരിച്ചറിയിച്ചു പോകലല്ലായിരുന്നോ പ്രധാനപരിപാടി. നാലുദിക്കിലേക്കും വണ്ടിയും ആളും വിടും. എത്രവേഗം പോയാലും സെമിത്തേരിയിലോട്ടെടുക്കുമ്പോഴേക്കേ ആളുവരൂ…

ജോസ്:ഇന്നിപ്പം രണ്ടു തോണ്ടിന് ലോകം മുഴുവന്‍ വിവരം എത്തും. പറഞ്ഞനേരംകൊണ്ട് ലോകത്തിന്റെ ഏതു മുക്കിലും നിന്നും ആളുമെത്തും.

തങ്കച്ചന്‍: അതല്ലെടാ ഉവ്വേ…പോകുന്നവനൊന്നും ഇങ്ങോട്ടുപിന്നെ തിരിച്ചുവരില്ല…ശവമടക്കിനുപോലും…

ജോസ്: ങാ…അതാരെയും പറഞ്ഞിട്ടുകാര്യമില്ല…അത് മക്കളെ വളര്‍ത്തുന്നതുപോലിരിക്കും…അവര്‍ക്ക് നമ്മളോടുള്ള സ്‌നേഹം പോലെയിരിക്കും…അല്ലാതെ മക്കള് കാനഡായിലാ, ഓസ്‌ട്രേലിയായിലാ യൂകേയിലാന്നൊക്കെ തള്ളിക്കൊണ്ടു നടന്ന് ആള്‍ക്കാരെ വെറുപ്പിച്ചാ അവസാനം അയല്‍പക്കംകാരുപോലും കാണില്ല…

തങ്കച്ചന്‍: അപ്പം നീ പറഞ്ഞുവരുന്നത് പിള്ളേരു പുറത്തോട്ടു പോട്ടേന്നാണോ…

ജോസ്: അവര് പോട്ടെ തങ്കച്ചാ…ഇതിലെ തെക്കോട്ടും വടക്കോട്ടും നടക്കാതെ ലോകം കാണട്ടെ…

തങ്കച്ചന്‍: നീ പറഞ്ഞതു ശരിയാ…കാനഡായും യൂകേയുമൊക്കെ നമ്മുടെ മലബാറും ഹൈറേഞ്ചുമാന്നു കരുതാം….

ജോസ്: പിന്നെ…പയ്യന്‍ അവധിക്കുവരുമ്പഴേ അവിടെ നിന്നും നല്ല കുപ്പിയൊക്കെ കൊണ്ടുവരും അന്നേരവും ഈ ലോഹ്യോം സ്‌നേഹവുമൊക്കെ കണ്ടേക്കണം…

തങ്കച്ചന്‍: അതിന് അവിടുന്നു വരുന്നതു നോക്കി ഇരിക്കുന്നതെന്തിനാ…അതൊക്കെ പണ്ട്… ഇപ്പം എല്ലാം ഇവിടെ കിട്ടുമല്ലോ…ഒന്നുമറിയാത്ത കൊച്ചുകള്ളന്‍…

ഇരുവരും ചിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here