‘ഇലാമ’ പഴ തൈകളുടെ വില്‍പനയ്‌ക്കെത്തിയ വിരുതന്റെ വലയില്‍ ചേട്ടന്‍

0
23

ചേട്ടനും ചേടത്തിയും
എപ്പിസോഡ്- 21

ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫോണ്‍വരുന്നു.

ചേട്ടന്‍: ഹലോ…ആരാണ്…അപ്പോയിന്റ്‌മെന്റോ…യ്യോ…നമ്പര് മാറിപ്പോയി…ഇത് ഡോക്ടറല്ല…ങേ…അതെ….എങ്ങനെ…. കാണാന്‍ വരാനോ…പുതിയ കൃഷിയോ…എന്നെ സെലക്ട് ചെയ്‌തോ…..അതിനെന്നാ രാവിലെ പോര്…ഞാന്‍ കരുതി അപ്പോയിന്റ്‌മെന്റെന്നു പറഞ്ഞപ്പോ ആശുപത്രി ചീട്ടെടുക്കാന്‍ വിളിച്ചതായിരിക്കുമെന്ന്….പോര്…

ചേട്ടന്‍ ഫോണ്‍വെച്ച് ചാടിയെണീറ്റ് അകത്തേക്ക് വിളിക്കുന്നു.

ചേട്ടന്‍: എടിയേ…എടിയേ…ഇങ്ങുവന്നേ…(ആവേശംകയറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു)

ചേടത്തി: (അകത്തുനിന്നും വരുന്നു) എന്നാന്നേ….എന്നാത്തിനാ വിളിച്ചത്…

ചേട്ടന്‍: എടീ…നിനക്കൊക്കെയല്ലെ എന്നേവിലയില്ലാത്തത്….

ചേടത്തി: (ചിരിച്ചുകൊണ്ട്) എനിക്കുമാത്രമല്ലല്ലോ…നാട്ടുകാര്‍ക്കും വിലയില്ലല്ലോ….

ചേട്ടന്‍: നാട്ടുകാര്‍ക്ക് വിലയില്ലെന്നാരാടീ പറഞ്ഞത്…

ചേടത്തി: ആരാ പറയാത്തതെന്നുനോക്കുകയായിരിക്കും എളുപ്പം…

ചേട്ടന്‍: നിന്റെയൊക്കെ കൊള്ളിച്ച സംസാരത്തിനു അന്ത്യമാകാറായി…എനിക്കു വിളിവന്നു…

ചേടത്തി: (ചിരിച്ചുകൊണ്ട്)ങേ…നിങ്ങള് പോകാന്‍ തീരുമാനിച്ചോ…ഉടനെയൊന്നും പോകില്ലെന്നാണല്ലോ ഇത്രയും നാളും പറഞ്ഞോണ്ടു നടന്നത്…

ചേട്ടന്‍: (കലികയറി) പൊക്കോണം അവിടുന്ന്…അങ്ങനെയൊന്നും ഞാന്‍ പോകില്ലെടീ…എന്റെ പേര് ഇവിടെ തങ്കലിപികളില്‍ എഴുതിയിട്ടേ ഞാന്‍ പോകൂ…

ചേടത്തി: നിങ്ങള് കാര്യം പറ മനുഷ്യാ…ചുമ്മാ ആളെ വടിയാക്കാതെ…

ചേട്ടന്‍: പുതിയ ഒരു കൃഷിയുടെ നടത്തപ്പിനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. കമ്പനിയുടെ പ്രതിനിധി ഇപ്പോള്‍ തന്നെ വരും…ചുമ്മാതൊന്നുമല്ല…പോന്നോട്ടെ എന്ന എന്നോട് അനുവാദം മേടിച്ചിട്ടാ വരുന്നത്…

ചേടത്തി: ദേ…വല്ല ആട് തേക്ക് മാഞ്ചിയവുമായിരിക്കും…കാശ് ഇന്നാള് കുറേപോയത് മറന്നിട്ടില്ലല്ലോ…

ചേട്ടന്‍: ഹേ…ഇതങ്ങങ്ങനത്തെയൊന്നുമല്ല…വിശദമായി പഠിച്ചിട്ടേ ചെയ്യൂ…

ചേടത്തി: നിങ്ങള്‍ക്ക് ഉള്ള റബറും നോക്കി…വല്ല കപ്പയും വാഴയുമൊക്കെ നട്ട് ജീവിച്ചാല്‍ പോരേ…ചുമ്മാ ആവശ്യമില്ലാത്ത പണിക്കു പോണോ…

ചേട്ടന്‍: (നിരാശയോടെ) ഇതാണ് എനിക്കറിയാന്‍മേലാത്തത്…ഒരു പ്രോത്സാഹനവും തരില്ല…ഇങ്ങനെ പുറകോട്ട് വലിച്ചോണ്ടിരിക്കും….(കൈകള്‍ കൂപ്പി) വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..പ്ലീസ്…

ചേടത്തി: ങാ…അറിയാത്ത പിള്ള ചൊറിയുമ്പം പഠിക്കുമെന്നാ പ്രമാണം…അന്നേരം എന്റെയടുത്തോട്ടുവന്നേക്കരുത്.

ചേട്ടന്‍:(ധൃതിയില്‍) സംസാരിച്ചുനില്‍ക്കാന്‍ നേരമില്ല…എന്തെങ്കിലും കഴിക്കാനെടുക്ക്…കമ്പനീന്ന് ആളുവരുമ്പഴേക്ക് തയാറായി നില്‍ക്കണം….

അകത്തേക്കുപോകുന്നു.

സീന്‍-2

പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍. കമ്പനി പ്രതിനിധി വരുന്നു. എക്‌സിക്യൂട്ടീവ് സ്റ്റൈല്‍. തോളിലൊരു ബാഗും. ചേട്ടന്റെ മുന്നിലെത്തി മുരടനക്കുന്നു.

പ്രതിനിധി: സാര്‍…കാന്‍ യു സ്‌പെയര്‍ സം ടൈം വിത്ത് മി…

ചേട്ടന്‍: (പത്രം മടക്കി ചാടിയെണീറ്റ്) ങേ…കമ്പനീന്നാണോ..

പ്രതിനിധി: (സ്റ്റൈലില്‍) യാ…യാ…ഐ ഹാവ് ടേക്ക് ആന്‍ അപ്പോയിന്റ്‌മെന്റ്..ടു ടാക്ക് എ പ്രൊജക്ട്…

ചേട്ടന്‍: (അത്രപിടികിട്ടിയില്ല. എന്നാലും അതുപുറത്തുകാണിക്കാതെ) ആ..ആ..അപ്പോയിന്റ്‌മെന്റ്…മനസിലായി ഇരിക്ക്.

പ്രതിനിധി: (ഇരുന്നുകൊണ്ട്) ഓകെ..താങ്ക് യു.. ഐ ഗ്ലാഡ് ടു സീ യു ആന്‍ഡ്…

ചേട്ടന്‍: (ഇടയ്ക്കുകയറി) അത് മാനേ…പറയുന്നതുകൊണ്ടൊന്നും തോന്നരുത്…ഞാനീ വായിലെ പല്ലു പോയേ പിന്നെ ഇംഗ്ലീഷ് പറയാറില്ല…അതുകൊണ്ട് മലയാളത്തിലാക്കാം…

പ്രതിനിധി: ഷുവര്‍..തീര്‍ച്ചയായും…ഞാനിങ്ങനെ ശീലിച്ച കാരണം പറഞ്ഞെന്നേയുള്ളു…

ചേട്ടന്‍: (ഒന്നിളകിയിരുന്ന്) ഇതെന്നതാ സംഭവം…വിശദമായി പറഞ്ഞേ…

പ്രതിനിധി: ചേട്ടന്‍ ഒരു ഭാഗ്യവാനാണ്…ഒപ്പം അധ്വാനിയും നല്ല ഒരു കര്‍ഷകനുമാണ്…ഇതേപോലെയുള്ള നൂറുകണക്കിന് കര്‍ഷകരെയാണ് ഞങ്ങളുടെ റിസേര്‍ച്ച് ടീം കണ്ടെത്തിയിരിക്കുന്നത്…

ചേട്ടന്‍: (പുകഴ്ത്തലിഷ്ടപ്പെട്ടു) യ്യോ…ഞാന്‍ മറന്നു…കുടിക്കാനെന്താണൈടുക്കേണ്ടത്…..

പ്രതിനിധി: ഒന്നും വേണ്ട…ഞാന്‍ പറഞ്ഞത്….വിദേശത്ത് ഏറെ മാര്‍ക്കറ്റുള്ള ഇലാമ പഴത്തിന്റെ തൈകള്‍ ഞങ്ങള്‍ ഈ കര്‍ഷകര്‍ക്ക് നല്‍കും…അവര്‍ അത് പരിപാലിച്ച് ഇലാമപ്പഴങ്ങള്‍ വിളയിക്കും…ഞങ്ങളുടെ കമ്പനി അത് വാങ്ങി വിദേശത്തേക്ക് കയറ്റിയയ്ക്കും…

ചേട്ടന്‍: അങ്ങനെ ഒരു പഴത്തേക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ലല്ലോ…

പ്രതിനിധി: അതെങ്ങനെ കേള്‍ക്കും…ഇത് സമ്പന്നര്‍മാത്രം കഴിക്കുന്ന പഴമാണ്…അവര്‍ക്കേ ഇതു വാങ്ങാനുള്ള കപ്പാസിറ്റിയുള്ളു…

ചേട്ടന്‍: (അത്ഭുതത്തോടെ) അത്രയ്ക്കുവിലയാണോ…

പ്രതിനിധി: പിന്നെയല്ലാതെ…ഈ പഴം നമ്മുടെ ബുദ്ധിയെയും മാനസികാരോഗ്യത്തെയും വളര്‍ത്തും…അതുകൊണ്ട് ഒരിക്കലും സമ്പന്നര്‍ ഈ പഴത്തെക്കുറിച്ചുള്ള വിവരം സാധാരണക്കാരിലേക്കെത്തിക്കില്ല….അതല്ലേ ഞങ്ങളും രഹസ്യമായി ഇതു കര്‍ഷകരിലേക്കെത്തിക്കുന്നത്…

ചേട്ടന്‍: അത്രയ്ക്കു സൂപ്പര്‍ പഴമാണോ…

പ്രതിനിധി: പിന്നെയല്ലാതെ….പഴം കഴിക്കുന്ന കുറച്ചുപേരുടെ പേര് പറയാം…അപ്പോള്‍ വിശ്വാസമാകും…ബില്‍ഗേറ്റ്‌സ് ദിവസം മൂന്നു പഴം കഴിക്കും….പിന്നെ ഇലോണ്‍ മസ്‌ക്…അങ്ങേര് നാലെണ്ണം വരെ കഴിക്കുമെന്നാ പറയുന്നത്…ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ അങ്ങേര് ഇലാമപ്പഴം കഴിച്ചു തുടങ്ങിയേപ്പിന്നെയല്ലേ ഗൂഗിളിന്റെ മേധാവിയായത്….

ചേട്ടന്‍: (വാപൊളിച്ചിരിക്കുകയാണ്) എന്നാ ഇതിന് വലിയ വിലയായിരിക്കുമല്ലോ…

പ്രതിനിധി: വിലയാണോയെന്നോ…ഒരു കിലോ എന്നു പറയുന്നത് മൂന്നു പഴം വരും…അതിന്റെ വിലയെത്രയാന്ന് അറിയാമോ….

ചേട്ടന്‍: എത്രയാ…

പ്രതിനിധി: ഇരുപത് ഡോളര്‍…

ചേട്ടന്‍: അപ്പം രൂപായില്‍..

പ്രതിനിധി: രൂപാകേസ് വിട്….ഇതെല്ലാം ഡോളറേലാ കണക്കാക്കുന്നത്…ഇനി രൂപാ പറഞ്ഞാല്‍ ഇപ്പഴത്തെ റേറ്റ് എത്രയാ….അതിനെ ഇരുപതുകൊണ്ട് ഗുണിച്ചേ…

ചേട്ടന്‍: (കൈവിരലേല്‍ കണക്കുകൂട്ടി ഞെട്ടലോടെ) പതിനാറായിരം രൂപ…

പ്രതിനിധി: (ഗമയില്‍) അതുതന്നെ…ഇതു മാര്‍ക്കറ്റ് വിലയാ കേട്ടോ..കര്‍ഷകരില്‍ നിന്ന് കമ്പനി സംഭരിക്കുമ്പോ…കുറച്ചു കുറയും..

ചേട്ടന്‍: (അകത്തേക്കു നോക്കി) എടിയേ…കുടിക്കാനിത്തിരി വെള്ളം…

പ്രതിനിധി: (തടഞ്ഞുകൊണ്ട്) ഏയ് വേണ്ട…വേണ്ട…കുടിക്കാനൊന്നുംവേണ്ട…

ചേട്ടന്‍: ഇതെനിക്കാ…ഒരു പരവേശം…

പ്രതിനിധി: അപ്പം എങ്ങനെയാ ചേട്ടന്റെ പേര് രജിസ്റ്റര്‍ ചെയ്യട്ടെ…

ചേടത്തി അകത്തുനിന്നും വെള്ളവുമായി വരുന്നു. ചേടത്തിയെക്കണ്ട് പ്രതിനിധി വിനയത്തോടെ എണീക്കുന്നു.

ചേട്ടന്‍: എടീ…ഇതാണ് ഞാന്‍ പറഞ്ഞയാള്…ഭയങ്ക കൃഷിയാ…ബില്‍ഗേറ്റ്‌സും ഇലോണ്‍ മസ്‌കുമൊക്കെ കഴിക്കുന്ന ഇലാമ പഴത്തിന്റെ കൃഷിയാ…ഭയങ്കര ലാഭമാ…

ചേടത്തി: നമുക്ക് സാധാരണക്കാരു കഴിക്കുന്ന കപ്പയുടെ കൃഷി മതി…അതാ നല്ലത്.

പ്രതിനിധി: ചേടത്തി ചേട്ടനെപ്പോലെ ഒറു പുരോഗമന ചിന്താഗതിയുള്ളയാളല്ലോ….(മുന്നോട്ടു നടന്ന് പറമ്പിലേക്കു നോക്കി) ഈ കപ്പയെല്ലാം പറിച്ചുകളഞ്ഞ് ഇവിടെ ഇലാമ പഴങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നത് ഒന്നോര്‍ത്തു നോക്കിക്കേ…

ചേട്ടന്‍: ഹോ…എനിക്കു സങ്കല്‍പിക്കാനാവുന്നില്ല.

ചേടത്തി: എനിക്കും സങ്കല്‍പിക്കാനാവുന്നില്ല….ഇതൊന്നും നടപടിയുള്ള കാര്യമല്ല…

ചേട്ടന്‍: (ചേടത്തിയെ നോക്കി) നീ ചുമ്മാ അതുമിതും പറയാതെ…(പ്രതിനിധിയെ നോക്കി) മാനേ ഇതിന്റെ കാര്യങ്ങളെങ്ങനെയാ…

പ്രതിനിധി: അതീവരഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഞങ്ങളുടേത്…ആസ്ഥാനം ഓസ്‌ട്രേലിയയിലെ മെല്‍ബണാണ്…

ചേടത്തി: അപ്പം മക്കള് എന്നും ഓഫീസില്‍ പോയിവരുവാണോ…അതോ അവിടെ താമസിക്കുകയാണോ…

ചേട്ടന്‍: (രഹസ്യമായി) വിവരക്കേട് പറയാതെടീ…എന്റെ വില കളയരുത്…

പ്രതിനിധി: ആവശ്യമുള്ള തൈകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തുതരും…വളവും വിദേശത്ത് നിന്ന് എത്തിച്ചു തരും…ഇലാമ തൈയുടെ പരിപാലനമാണ് കര്‍ഷകന്റെ ചുമതല…വളരെശ്രദ്ധ വേണ്ട കൃഷിയാണിത്…

ചേട്ടന്‍: ഇതെന്നു കായ്ക്കും.

പ്രതിനിധി: ഒന്നാം വര്‍ഷംമുതല്‍ കായിട്ടു തുടങ്ങും….അതാണിതിന്റെ നേട്ടം…ചേട്ടന് എത്ര തൈ വേണം…ആദ്യം ബുക്കുചെയ്യണം…

ചേട്ടന്‍: (ആലോചിച്ച്) ആദ്യം ഒറു നാനൂറു തൈവേണം. പിന്നെ നോക്കിയിട്ട് കൂടുതല് വെക്കാം…

ചേടത്തി: നാലോ അഞ്ചോ മേടിച്ചാല് #മതി…ഇതെല്ലാം കൂടി എവിടെ വെക്കും.

ചേട്ടന്‍: കപ്പയെല്ലാം പറിച്ച് പള്ളേല്‍കളയാം…

ചേടത്തി: കഞ്ഞിയില്‍ കല്ലിടുന്ന പണി കാണിക്കരുത്…

പ്രതിനിധി: ഒരു തൈക്ക് ആയിരം രൂപയാണ്…തെരഞ്ഞെടുത്ത കര്‍ഷകനായതുകൊണ്ട് അഞ്ഞൂറു രൂപ സബ്‌സിഡിയുണ്ട്…അങ്ങനെയാകുമ്പം…നാനൂറു തൈക്ക് രണ്ടു ലക്ഷം രൂപ.
അതിന്റെ പത്തുശതമാനം രജിസ്‌ട്രേഷന്‍ സമയത്ത് തരണം. ബാക്കി പൈസ മൂന്നു തവണയായിട്ട് വിളവെടുക്കുമ്പം തന്നാല്‍ മതി…

ചേട്ടന്‍:(ആവേശത്തോടെ) ഹോ…ഇതുനല്ല പരിപാടിയാണല്ലോ…ഇവിടെയൊക്കെയാണേല്‍ ആദ്യമേ കാശെല്ലാം മേടിക്കും…

പ്രതിനിധി: ഞങ്ങളുടെ കമ്പനിക്കിതു വെറും കച്ചവടമല്ല….സേവനം കൂടിയാണ്…

ചേട്ടന്‍: അങ്ങനെയെങ്കില്‍ എല്ലാം പറഞ്ഞതുപോലെ…തൈ എപ്പം കിട്ടും…

പ്രതിനിധി: പൈസ അടച്ച് രജിസ്റ്റര്‍ ചെയ്യുമ്പഴേ ചേട്ടന്റെ പേര് മെല്‍ബണില്‍ ചെല്ലും…അവിടെ നിന്നും തൈ അപ്പോഴേ കയറ്റിയയ്ക്കും….പിന്നെ എറണാകുളത്ത് വെച്ച് ഇതിന്റെ കൃഷി രീതികളേക്കുറിച്ച് പരിശീലനമുണ്ട്…

ചേട്ടന്‍: (ഭാര്യയോട്) നീ പോയി തലയിണയ്ക്കടീന്ന് ഒരു ഇരുപതിനായിരം എടുത്തോണ്ടുവാ…

ചേടത്തി: ഒന്നുകൂടി ആലോചിച്ചിട്ടു പോരേ…

പ്രതിനിധി: ആലോചിച്ചു തീരുമാമെടുത്താല്‍ മതി…

ചേട്ടന്‍: അവള് ചുമ്മാ പറയുന്നതാ മാനേ…അവളുടെ രീതിയങ്ങനെയാ..

പ്രതിനിധി: യ്യോ…പിന്നെ ഒരു കാര്യം… ക്യാഷ് കൈയില്‍ വാങ്ങാന്‍ ഞങ്ങള്‍ക്കനുവാദമില്ല….

ചേടത്തി: പിന്നെയെങ്ങനാ ബാഗിലോട്ടിടണോ…

പ്രതിനിധി: ഗൂഗിള്‍ പേ ചെയ്താല്‍ മതി..എന്റെ നമ്പരുതരാം…

ചേട്ടന്‍: അപ്പോ…ഒരു വിധത്തിലുള്ള കള്ളത്തരവും നിങ്ങടെ കമ്പനി അനുവദിക്കില്ല…

ചേടത്തി: നിങ്ങടെ നമ്പരിലോട്ട് ഗൂഗിള്‍ പേ ചെയ്യുന്നതും കയ്യിലോട്ടു തരുന്നതും തമ്മിലെന്താ വ്യത്യാസം…

ചേട്ടന്‍: നീ ചുമ്മാ എല്ലാം സംശയത്തിന്റെ കണ്ണുകൊണ്ടുനോക്കാതെ…നല്ല നിലയും വിലയുമുള്ള കമ്പനിയാ…

പ്രതിനിധി: (പെട്ടെന്ന് വിഷയം മാറ്റാനായി) ചേട്ടന്റെ ഫോട്ടോയെടുക്കണം…ആധാര്‍ നമ്പറും വേണം…

ചേട്ടന്റെ ഫോട്ടോയെടുക്കുന്നു. ചേടത്തി ഫോണ്‍ കൊണ്ടുവന്നുകൊടുക്കുന്നു.

ചേട്ടന്‍: നമ്പരു പറഞ്ഞേ മാനേ…പൈസ ഇടാം…

പ്രതിനിധി നമ്പരു പറഞ്ഞുകൊടുക്കുന്നു.

പ്രതനിധി: കൃഷിസ്ഥലം റെഡിയാക്കിയിടുക. കമ്പനിയില്‍ നിന്ന് അടുത്തയാഴ്ച ആളുവരും. ഒരാഴ്ച പരിശീലനമുണ്ട്..പേപ്പേഴ്‌സെല്ലാം ഞാന്‍ ഓഫീസീല്‍ നിന്ന് അയപ്പിക്കാം.. വീണ്ടും കാണാം…

ചേട്ടന്‍: ബൈ മാനേ…

പ്രതിനിധി പോകുന്നു.

ചേടത്തി: ഇനി കണ്ടാല്‍ കണ്ടെന്നു പറയാം.

സീന്‍-3

ചേട്ടന്‍ കപ്പത്തോട്ടത്തിലേക്ക് നോക്കി നില്‍ക്കുകയാണ്. ചേടത്തിയും ഒപ്പമുണ്ട്. ചേട്ടന്റെ പ്ലാനിംഗാണ്.

ചേട്ടന്‍: ഈ കപ്പയെല്ലാം പറിച്ചു കളയണം….ഇവിടെ നിറച്ച് ഇലാമപ്പഴങ്ങള്‍…പിന്നെ കൈനിറയെ ഡോളേഴ്‌സ്….(അങ്ങനെ ലയിച്ചുനില്‍ക്കുന്നു)

ഫോണ്‍ ബെല്ലടിക്കുന്നു. ചേട്ടന്‍ എടുത്തു നോക്കിയിട്ട്.

ചേട്ടന്‍: കൃഷി ഓഫീസറാ…(ചേടത്തിക്കു ഫോണ്‍ കൊടുക്കുന്നു) ഞാനിവിടെയില്ല മെല്‍ബണിനു പോയെന്നു പറഞ്ഞേര്…

ചേടത്തി: ഏത്തവാഴ വിത്തും പച്ചക്കറിവിത്തുമൊക്കെ തരാമെന്നു പറഞ്ഞില്ലായിരുന്നോ…അതിനായിരിക്കും…

ചേട്ടന്‍: അയാളോട് പോകാന്‍ പറ…ഇനി അതൊന്നും വേണ്ട…ഇലാമപ്പഴമുള്ളപ്പഴാ അയാളുടെ നാലുമൂന്നും ഏഴു രൂപയുടെ ഏത്തവാഴ..

ചേടത്തി: (ഫോണെടുത്ത്) ഹലോ സാറേ….ഏത്തവാഴ വിത്തോ…ആ കൃഷി വേണ്ടെന്നു വെച്ചെന്നാ ചേട്ടന്‍ പറയുന്നത്. അതുകൊണ്ട് വിത്തുവേണ്ട…ങേ…വേറെയോ…ഓസ്‌ട്രേലിയേന്ന് ഏതാണ്ട് ഇലാമപ്പഴത്തിന്റെ ആള്‍്ക്കാര് വന്നായിരുന്നു. അതു കൃഷി ചെയ്യാനാന്നാ പറഞ്ഞത്…ങേ…കൊടുത്തു…ദൈവമേ..അതെയോ….യ്യോ….ഇനിയെന്നാ ചെയ്യും….

ചേട്ടന്‍: എന്നാടീ…നീ എന്തിനാ അവരോട് പറയാന്‍ പോയത്…അവര് പാരവെക്കും….

ചേടത്തി: അവരല്ല പാരവെച്ചത്…നിങ്ങള് തന്നെ നിങ്ങള്‍ക്കിട്ടു പാരവെച്ചു…

ചേട്ടന്‍: ങേ…നീയെന്നതാ ഈ പറയുന്നത്…

ചേടത്തി: അതു തട്ടിപ്പുകാരാന്ന…പലര്‍ക്കും കാശുപോയി…

ചേട്ടന്‍:(നെഞ്ചത്തുകൈവെച്ച്) ന്റെ ഇരുപതിനായിരം….

ചേടത്തി: തന്നെത്താനെ അവിടെയിരുന്ന് കാറിക്കോ…നിങ്ങള്‍ക്ക് രൂപാ വേണ്ടായിരുന്നല്ലോ…(തിരിഞ്ഞുനടന്നുകൊണ്ട്) ഡോളേഴ്‌സ് മതിയായിരുന്നല്ലോ..അനുഭവിച്ചോ…(എന്തോ നിലത്തുവീഴുന്ന ശബ്ദം) ങേ…എന്നതാ വീണത്…ചക്കവല്ലതും വീണായിരുന്നോ….(തിരിഞ്ഞുകൊണ്ട്) നിങ്ങള് കേട്ടോ…(നിലത്തുവീണു കിടക്കുന്ന ചേട്ടനെ കണ്ട് പെട്ടെന്ന് ഞെട്ടി) യ്യോ…എന്നാ പറ്റി…ആരെങ്കിലും ഓടി വരണേ…

ചേട്ടന്‍: (ബോധം കെട്ടുകിടക്കുമ്പം പിറുപിറുക്കുന്നു) എന്റെ ഇരുപതിനായിരം…ന്റെ ഡോളേഴ്‌സ്…

LEAVE A REPLY

Please enter your comment!
Please enter your name here