ഒത്തുതീര്‍പ്പിനു തയാറെങ്കില്‍ കുടുംബജീവിതത്തില്‍ വഴക്കില്ലാതെ പോകാം

0
44

ചേട്ടനും ചേടത്തിയും
എപ്പിഡോസ്-15

ചേട്ടന്‍ മുറ്റത്തുകൂടി കൈവീശി നടക്കുന്നു. ചേടത്തി അക്തതുനിന്നും ഇറങ്ങിവരുന്നു.

ചേടത്തി: നിങ്ങളിതെന്നാ കാണിക്കുവാ മനുഷ്യാ…ഒരുമാതിരി പട്ടാളക്കാരു കവാത്തു നടത്തുന്നതുപോലെ…

ചേട്ടന്‍: എടീ…ഇത് എക്‌സര്‍സൈസ് ചെയ്യുന്നതാ…വയറുകുറയാന്‍…

ചേടത്തി: അതിനു മുറ്റത്തുകിടന്ന് ചാടിയിട്ടു കാര്യമില്ല…അകത്ത് തീന്‍മേശേലിരിക്കുമ്പം ഓര്‍ക്കണം…കൊഴുപ്പെല്ലാം വന്നടിയുന്നതാ വയറു ചാടുന്നത്…

ചേട്ടന്‍: ഞാനെന്നാ കഴിക്കുന്നെന്നാടീ നീ പറയുന്നത്…രാവിലെ ഒരഞ്ചാറു ദോശ…ഒരു പഴം പുഴുങ്ങിയത്….പിന്നെ ഉച്ചയ്ക്ക് രണ്ടുപിടി ചോറ്…

ചേടത്തി: ആ രണ്ടു പിടി ഒരു പിടിതന്നെയാ…ഇതിനിടയ്ക്ക് കഴിക്കുന്നതു മറന്നുപോയോ…

ചേട്ടന്‍: ഇടയ്‌ക്കെന്നതാ….വല്ല പേരയ്ക്കായോ…മാങ്ങാപ്പഴമെ…ചക്കപ്പഴമോ…അങ്ങനെവല്ലതുമോ….

ചോടത്തി: അങ്ങനെ വല്ലതുമൊക്കെ ഒരു വല്ലം…

ചേട്ടന്‍: (ഇയ്ക്കുകയറി) നീയെന്നാടീ ഇങ്ങനെയായത്…ഓരോ ഭാര്യമാര് അവരുടെ ഭര്‍ത്താക്കന്മാര് ഒന്നും തിന്നുന്നില്ലേ എന്ന പരാതിയാ…ഇവിടെ ഇവള്…ഇയാള് മുഴുവന്‍ തിന്നുന്നേ എന്നു പറഞ്ഞാ ബഹളം…

ചേടത്തി: അതേതു ഭാര്യമാരാ നിങ്ങളോടങ്ങനെ പറഞ്ഞത്…എനിക്കൊന്നറിയണമല്ലോ…

ചേട്ടന്‍: ആണ്ട്…ഇനി അതേപ്പിടിച്ചായിരിക്കും ബഹളം…ഞാനൊന്നും പറഞ്ഞില്ലേ…
(ഫോണ്‍ ബെല്ലടിക്കുന്നു)ഇതാരാ ഇപ്പം…(ഫോണ്‍ എടുക്കുന്നു) ഹലോ…അതേ…ഞാനാണ്…ങാ…എല്‍സമ്മേ…എന്നാ പറയുന്നു…ഓ..ഞാനിവിടെ ചേടത്തിക്കിത്തി പാചകവിദ്യകളൊക്കെ പറഞ്ഞു കൊടുക്കുവായിരുന്നു…പിന്നെ പാചകത്തില് ഞാന്‍ അഗ്രഗണ്യനല്ലേ…ചേടത്തിക്ക് പറഞ്ഞു കൊടുക്കും..അവളതുപോലെ ചെയ്യും…ന്നാലും ന്റെ കൈപുണ്യം അവള്‍ക്ക് കിട്ടിയിട്ടില്ല….ഓ…അതിനെന്നാ ഞാന്‍ പറഞ്ഞു തരാം…ങേ…മീറ്റിംഗോ…എന്നാ ..ബുധനാഴ്ച…പിന്നെ എല്‍സമ്മ വിളിച്ചാല്‍ എന്ത് പരിപാടിയുണ്ടേലും അതെല്ലാം മാറ്റി വെച്ച് ഞാന്‍ വന്നിരിക്കും…ഊംംം…ഓകേ…അപ്പം ബുധനാഴ്ച രണ്ടു മണി…ഓേേക…

(കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം ചേടത്തിക്കു പിടിക്കുന്നില്ല. മുഖഭാവത്തില്‍ നിന്നു വ്യക്തം.ഫോണ്‍ വെച്ചിട്ടും ചേട്ടന് വിളിയുടെ ഇമ്പം മാറിയിട്ടില്ല)

ചേടത്തി: നിങ്ങളെനിക്ക് എന്നാ പാചകവിദ്യയാ പറഞ്ഞുതരുന്നത്…ചുമ്മാ അങ്ങു തള്ളുന്നതുകണ്ടല്ലോ…

ചേട്ടന്‍: എടീ അതു ഞാന്‍ ചുമ്മാ ഒരുഇമ്പത്തിന് തട്ടിയതല്ലേ…പാചകം അറിയാവുന്ന ആണുങ്ങളോട് പെണ്ണുങ്ങള്‍ക്ക് വലിയ ആരാധനയാ…

ചേടത്തി: നിങ്ങള്‍ക്ക് റിയാവുന്നത് വാചകവിദ്യയാ…ങൂംം…വലിയ ആരാധനയൊന്നും വേണ്ട….അവള്…എല്‍സമ്മ…എന്തിനാ വിളിച്ചത്…

ചേട്ടന്‍: ങാ…അത്…അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിംഗ് ഉണ്ട്…അതില്‍ രണ്ടു വാക്ക് ഞാന്‍ സംസാരിക്കണമെന്ന്….

ചേടത്തി: അത് പെണ്ണുങ്ങളുടെ മീറ്റിംഗല്ലേ…അതിന് നിങ്ങളെയെന്തിനാ വിളിക്കുന്നത്…

ചേട്ടന്‍: എടീ യോഗ്യനായ ഒരു പുരുഷനെ വിളിക്കണമെന്ന് അവര്‍ക്കു തോന്നി…അവരുനോക്കിയപ്പോ ചുറ്റുവട്ടത്ത് അങ്ങനെയൊരാള്‍ ഞാന്‍ മാത്രമേയുള്ളൂ…

ചേടത്തി: (കളിയാക്കിക്കൊണ്ട്) പിന്നെ…ഒരു യോഗ്യന്‍ വന്നിരിക്കുന്നു…കയ്യിലിരുപ്പ് എന്നതാന്ന് എനിക്കല്ലേ അറിയൂ….

ചേട്ടന്‍: എടീ..അസൂയയ്ക്ക് മരുന്നില്ല….നീ കേറിപ്പോ..ഞാനൊരു പ്രസംഗം തയാറാക്കി പഠിക്കട്ടെ….അവരൊത്തിരി പ്രതീക്ഷയോടെയായിരിക്കും എന്നെ വിളിച്ചിരിക്കുന്നത്….എന്റെ കൈയില്‍ നിന്നും പവിഴമുത്തുകള്‍ ഒത്തിരി വീഴുമെന്നവര്‍ക്കറിയാം…അത് വാരിയെടുക്കാന്‍ തയാറായിട്ടായിരിക്കും അവര് വരുന്നത്…

ചേടത്തി: മുത്തു കുറേ വീഴും…മുന്‍നിരയിലിരിക്കുന്നവര്‍ക്കേ കിട്ടൂ…വായീന്നു തുപ്പലു തെറിക്കുന്നത്….

ചേട്ടന്‍: (ഉന്മേഷത്തോടെ അകത്തോട്ട് ഓടിക്കൊണ്ട്) അസൂയയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ….അഭിനന്ദനം…നിനക്കഭിനന്ദനം….

സീന്‍-2

ചേട്ടന്‍ കടലാസിലെഴുതിയ പ്രസംഗം പഠിച്ചുകൊണ്ട് മുറ്റത്തുകൂടി നടക്കുന്നു. ചേടത്തി അകത്തുനിന്നുംവരുന്നു.

ചേടത്തി: യ്യോ…ഇവിടെ തകര്‍പ്പന്‍ പരിപാടിയാണല്ലോ…

ചേട്ടന്‍: ങാ…നീ വന്നോ…ഞാന്‍ നിന്നെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു….

ചേടത്തി: അതെന്നാത്തിനാ…വല്ലോം ശാപ്പാടു കൊണ്ടുവരാനായിരിക്കും…

ചേട്ടന്‍: നീയിങ്ങോട്ടു വ്‌ന്നേ….ഇവിടെയിരുന്നേ…ഞാന്‍ ഒരു റിഹേഴ്‌സലു നടത്താം…എങ്ങനെയുണ്ടെന്നറിയാമല്ലോ…

ചേടത്തി ഇരിക്കുന്നു. ചേട്ടന്‍ ഒരു പ്രസംഗകന്റെ ഭാവഹാവാദികളോടെ തുടങ്ങുന്നു.

ചേട്ടന്‍: (മുരടനനക്കി) എല്ലാവര്‍ക്കും നമസ്‌കാരം…സുന്ദരികളും സുശീലകളും സര്‍വോപരി സ്വഭാവവൈശിഷ്ട്യം നിറഞ്ഞവരുമായ മഹിളാമണികളേ….

ചേടത്തി; (ഇടയ്ക്കുകയറി) രമണിയും സുലോചനയും എല്‍സമ്മയുമൊക്കെയാണ് നിങ്ങളീ പറഞ്ഞ സുന്ദരികളും സുശീലകളും സ്വഭാവ വൈശിഷ്ട്യം നിറഞ്ഞവരും. എന്നെക്കൊണ്ടൊന്നും പറയിക്കരുത്…നിങ്ങള്‍ക്ക് നാണമില്ലേ മനുഷ്യാ…

ചേട്ടന്‍: ശ്ശെ…ഇങ്ങനെ ഇടയ്ക്കുകയറാതെ….ഞാന്‍ ചുമ്മാ അവരെ സുഖിപ്പിക്കാന്‍ പറയുന്നതല്ലേ….പറയാന്‍ വന്നത് മറന്നു…ഇനി പേപ്പറ് നോ്ക്കണം…(പോക്കറ്റില്‍ നിന്നു പേപ്പറെടുത്തു നോക്കുന്നു) ങാ…(മടക്കിപോക്കറ്റിലിട്ടുകൊണ്ട്) സത്രീശാക്തീകരണത്തിന്റെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്…സ്ത്രീകള്‍ പഴയതുപോലെ അബലകളല്ല സുഹൃത്തുക്കളെ….

ചേടത്തിയുടെ മൊബൈല്‍ അടിക്കുന്നു. ചേടത്തി പ്രസംഗം തടസ്സപ്പെടുത്തി ഫോണ്‍ എടുക്കുന്നു)

ചേട്ടന്‍: (അരിശം) ശ്ശെ…ആ ഫ്‌ളോ പോയി…

ചോടത്തി: (മിണ്ടാതെ എന്ന് ആംഗ്യം കാണിച്ച്) ഹലോ…അതേ…ങാ…വര്‍ഗീസേ എന്നാ പറയുന്നു…വരാല്ലോ…അതിനെന്നാ…എപ്പഴാ വരേണ്ടത്….പ്രസംഗം പറയാം…പാട്ടും…നോക്കാം…പണ്ട് പാടുമായിരുന്നു…ഇപ്പം പ്രാക്ടീസൊന്നുമില്ലല്ലോയെന്നേ…ങാ…ശരി…വന്നേക്കാ…

ചേടത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പം ചേട്ടന്റെ മുഖത്ത് അസ്വസ്ഥത

ചേട്ടന്‍: നീയെന്നാ പറഞ്ഞത് പണ്ട് പാട്ടുപാടുമായിരുന്നെന്നോ….ഇപ്പം പ്രാക്ടീസില്ലെന്നോ…പാട്ടെന്നു പറഞ്ഞാ എന്നതാന്ന് നിനക്കറിയാമോ…

ചേടത്തി: പിന്നെ…നിങ്ങള്‍ക്കുമാത്രമേ തള്ളാന്‍ പറ്റുവൊള്ളോ…എനിക്കെന്നാ പറ്റുകേലേ…

ചേട്ടന്‍: ആട്ടെ വര്‍ഗിസെന്തിനാ വളിച്ചത്…

ചേടത്തി: അവരുടെ സംഘത്തിന്റെ മീറ്റിംഗിന് പ്രസംഗിക്കാന്‍ വിളിച്ചതാ…പറ്റുമെങ്കില്‍ ഒരു പാട്ടും പാടണമെന്ന് പറഞ്ഞു…ശ്രമിച്ചു നോക്കാം…

ചേട്ടന്‍: എന്നാപ്പിന്നെ അവനെന്നെ അല്ലേ വിളിക്കേണ്ടത്…നിന്നെയൊന്നു വിടാമോയെന്നു ചോദിച്ച്…

ചേടത്തി: എന്നിട്ട് എല്‌സമ്മ എന്നെയല്ലല്ലോ വിളിച്ചത്…നിങ്ങളെയൊന്നു വിടാമോയെന്ന്ു ചോദിച്ച്….

ചേട്ടന്‍: (തപ്പിത്തടഞ്ഞ്) അതുപിന്നെ…(ആലോചിച്ചിട്ട്) അവന്റേത് പുരുഷന്മാരുടെ സംഘമല്ലേ…അതുശരിയാകില്ല….നീ പോകേണ്ട്…

ചേടത്തി: പിന്നെ…നിങ്ങള്‍ക്ക് സ്ത്രീകളുടെ സംഘത്തില്‍ പ്രസംഗിക്കാന്‍ പോകാമെങ്കില്‍ പിന്നെ എനിക്ക് പുരുഷന്മാരുടെ സംഘത്തില് പോകാന്മേലേ…ഞാന്‍ ചെറുക്കനെക്കൊണ്ട് ഒരു പ്രസംഗമെഴുതിക്കട്ടെ….(അകത്തേക്കു പോകുന്നു. എന്തുചെയ്യണമെന്നറിയാതെ ചേട്ടന്‍ നില്‍ക്കുന്നു)

സീന്‍-3

ചേട്ടന്‍ കേസരയില്‍ കിടന്ന് പ്രസംഗം പഠിക്കുകയാണ്. കൈകൊണ്ട് ആംഗ്യം കാണിച്ചുള്ള പഠിത്തം. പെട്ടെന്ന് അങ്ങേവശത്തുനിന്ന് ചേടത്തിയുടെ ശബ്ദം.

ചേടത്തി: ഈ നാടിന്റെ രോമാഞ്ചമായ പുരുഷകേസരികളെ….സുന്ദരന്മാരും അരോഗദൃഢഗാത്രരുമായ മാന്യമിത്രങ്ങളേ…

ചേട്ടന്‍: ങേ…ഇത് അവളാണല്ലോ…അതുകൊള്ളാമല്ലോ…(എണീറ്റോടുന്നു.

സീന്‍- 4

ചേടത്തി പ്രസംഗം തകര്‍ക്കുകയാണ്. ചേട്ടന്‍ ഓടിവരുന്നു.

ചേടത്തി: ധൈര്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ ഒരു നാടിന്റെ സമ്പത്താണ്. സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുന്ന പുരുഷന്മാരുടെ നാടാണിത്…

ചേട്ടന്‍ പ്രസംഗം തട്ടിപ്പറിക്കുന്നു.

ചേട്ടന്‍: അത്രയ്ക്കങ്ങു ചേര്‍ത്തുനിര്‍ത്തേണ്ട.

ചേടത്തി: നിങ്ങളെന്നാ പണിയാ കാണിക്കുന്നത്…എനിക്കു പ്രസംഗം പഠിക്കേണ്ടെ…

ചേട്ടന്‍: നീ അങ്ങനെയിപ്പം അവിടെപ്പോയി പ്രസംഗിക്കേണ്ട്…

ചേടത്തി: അതെന്നാ…നിങ്ങള്‍ക്കെന്നാ വേണേലും കാണിക്കാം…എനിക്കൊന്നും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ…

ചേട്ടന്‍: തര്‍ക്കിക്കാനൊന്നും ഞാനില്ല…ഒരു കാര്യം ചെയ്യ്…നമ്മള്‍ക്ക് കോംപ്രമൈസാക്കാം…എന്റെ പ്രസംഗം നീ പിടി…നിന്റെ പ്രസംഗം ഞാനുമെടുത്തു….(കടലാസു കൊടുക്കുന്നു)

ചേടത്തി: അതെങ്ങനെ ശരിയാകും….

ചേട്ടന്‍: അതൊക്കെ ശരിയാകും…സ്ത്രീകളുടെ സമ്മേളനത്തിന് നീ പോകുന്നു…പുരുഷന്മാരുടെ സമ്മേളനത്തിന്. ഞാന്‍ പോകുന്നു..

ചേടത്തി: അതു കുഴപ്പമില്ല….അങ്ങനെ കോംപ്ലിമെന്റ്‌സാക്കാം…

ചേട്ടന്‍: എ്ന്നാ പിള്ളേര് കാണിക്കുന്നതുപോലെ…(കൈകള്‍ കൂട്ടിമുട്ടിച്ച് ) കോംപ്ലിമെന്റ്‌സ്….

LEAVE A REPLY

Please enter your comment!
Please enter your name here