കടിക്കാന്‍ വരുന്ന പട്ടിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം

0
51

നേരംപോക്ക്
എപ്പിസോഡ്-4

റോഡില്‍ നിന്നും ഓടിക്കയറി വരുന്ന തങ്കച്ചന്‍. വരുന്ന വഴി തിരിഞ്ഞു നിന്നു കല്ലെടുത്തെറിയുന്നു. പോടാ പട്ടീ എന്നു വിളിച്ച് വീണ്ടും കല്ലെടുത്തെറിയുന്നു. പട്ടി പിന്നാലെയില്ലെന്ന് നോക്കി ഉറപ്പുവരുത്തി നടന്നു വരുന്നു.

തങ്കച്ചന്‍ ഓടിവരുന്നതും കല്ലെടുത്തെറിയുന്നതുമെല്ലാം ജോസ് കാണുന്നുണ്ട്. എന്താണ് സംഭവമെന്നറിയാന്‍ ഓടിയെത്തുന്ന ജോസ്.
എന്നാ പറ്റി തങ്കച്ചാ…

ഓട്ടത്തിന്റെയും കുനിഞ്ഞതിന്റെയും ബഹളത്തില്‍ അഴിയാറായ മുണ്ട് ഒന്നു കൂടി ശരിയാക്കിക്കൊണ്ട് തങ്കച്ചന്‍:
ഒന്നൂല്ലെടാ ഉവ്വെ…ഒരു പട്ടി അവിടെ നില്‍പ്പുണ്ടായിരുന്നു. ഇനി വല്ല പേയുമുള്ളതാണോന്നു കരുതി ഞാനിങ്ങു വിട്ടുപോന്നു. അന്നേരമുണ്ട് അവനെന്റെ പുറകേ. ഞാന്‍ കല്ലെടുത്തപ്പം അവന്‍ വിട്ടുപോയി.

ജോസ്: നിങ്ങളെ കടിക്കുവോ മാന്തുവോ വല്ലതും ചെയ്‌തോ. (അടിമുടി നോക്കുന്നു.) ഇപ്പം പേപ്പട്ടിക്കാലമാ…

തങ്കച്ചന്‍: പിന്നെ…എന്നെ തൊട്ടായിരുന്നേ അവന്റെ പേ ഞാന്‍ ഇറക്കിയേനേ…

ജോസ്: ങാ…അതുശരി…നിങ്ങളു വെറുതേ വായിതോന്നുന്നത് വിളിച്ചു പറയരുത്. ചിലപ്പം പട്ടിയേ പേടിപ്പിച്ചെന്ന് പറഞ്ഞ് നിങ്ങളെ അകത്താക്കും. (മുന്നോട്ടു പോകുന്നു)

തങ്കച്ചന്‍: പിന്നേ…ഉലത്തും…നീ എങ്ങോട്ടുപോകുവാ…

ജോസ്: ഞാന്‍ പോയി പട്ടിക്കെന്നാ പറ്റിയെന്നു നോക്കട്ടെ…നിങ്ങളെ കണ്ട് പേടിച്ച് അതിനിനി വല്ല പേയും പിടിക്കുമോ…

തങ്കച്ചന്‍: പോടാ പ്രകാശം പരത്തുന്നവനെ…നീ പോയി അവന്റെ വായിലോട്ടു കയറികൊടുത്ത് മേടിച്ചുകെട്ടുക്കൊണ്ടുവാ…വരുമ്പഴേക്ക് വേണേല്‍ ഞാന്‍ കുറച്ച് നാരങ്ങാ അച്ചാറെടുത്തോണ്ടുവരാം…

തങ്കച്ചന്‍ മുന്നോട്ടു നടക്കുന്നു. പിന്നാലെ ചിരിച്ചുകൊണ്ട് ജോസും വരുന്നു.
കല്ലേലിരുന്ന് പത്രം എടുത്തു നിവര്‍ത്തി വായിക്കാന്‍ തുടങ്ങുന്നു. ഇത്തിരി വായിച്ച് അസ്വസ്ഥനായി പത്രം മടക്കിവെച്ചുകൊണ്ട് തങ്കച്ചന്‍:
ന്റെ പൊന്നെടാ ഉവ്വേ…പത്രമെടുത്തു നിവര്‍ത്തിയാല്‍ പട്ടികടിയെക്കുറിച്ചു മാത്രമേയുള്ളു.

ജോസ്: തെരുവു നായ്ക്കളുടെ ശല്യം ഓരോ ദിവസവും കൂടിവരുവാ…ടീവി തുറന്നാലും ഇതേക്കുറിച്ചുള്ള ചര്‍ച്ചയേയുള്ളു.

തങ്കച്ചന്‍: അവന്മാര് മുറിയടച്ചിട്ടിരുന്നു ചര്‍ച്ച നടത്തിയിട്ടു കാര്യം വല്ലോമുണ്ടോ.

ജോസ്: നമ്മളെയെല്ലാം ബോധവത്കരിക്കാനല്ലേ ചര്‍ച്ച. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാന്‍…അങ്ങനെ അധികാരികളുടെ കണ്ണില്‍ ഇക്കാര്യം പെടടണം…

തങ്കച്ചന്‍: പിന്നെ ഈ അധികാരികളെന്നാ കണ്ണുപൊട്ടന്മാരാണോ…അവരും ഇവിടെത്തന്നെയല്ലേ ജീവിക്കുന്നത്…ഇവന്മാര് ചര്‍ച്ച നടത്തിയിട്ടു വേണോ കാര്യം മനസിലാക്കാന്‍.

ജോസ്:അതെന്റെ തങ്കച്ചാ…ചര്‍ച്ച അടിയുംപിടിയുമായി മുന്നേറുമ്പോള്‍ ചാനലിന്റെ റേറ്റിംഗ് ഉയരും…അപ്പം പരസ്യക്കാര് വരും…അവര്‍ക്ക് കാശു കിട്ടും…നമ്മള് മണ്ടന്മാര് ഈ അന്തിചര്‍ച്ചയെല്ലാം കേട്ട് ടെന്‍ഷനടിച്ച് ഉറങ്ങാന്‍ കിടക്കും…എന്നിട്ട് ഉറക്കം വരില്ല…അസുഖം കുറേവരും…ഷുഗറായിട്ടും പ്രഷറായിട്ടും…

തങ്കച്ചന്‍: അതുനേരാടാ ഉവ്വേ…എനിക്ക് ഈ അന്തിചര്‍ച്ച കണ്ടേച്ച് കിടന്നാല്‍ ഉറക്കം വരില്ല…ഉറക്കം ശരിയായില്ലേല്‍ പിറ്റേന്ന് രാവിലത്തെ കാപ്പി കുടി ശരിയാവില്ല…പിന്നെ അരിശമായി…ഭാര്യയെ തെറിവിളിയായി…ആകപ്പാടെ അലമ്പായി…

ജോസ്: ങാ…എന്നാണേലും നിങ്ങള് പുറത്തിറങ്ങി വലിയ ചുറ്റിക്കളിക്കൊന്നും പോകണ്ട… പട്ടികള് കറങ്ങി നടപ്പുണ്ട്.

തങ്കച്ചന്‍: എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചേദിക്കുവാ…ഇത്രയും നാള് ഇല്ലാതിരുന്ന ഈ പ്രശ്‌നം ഇത്രപെട്ടെന്ന് എങ്ങനെയാ രൂക്ഷമായത്…

ജോസ്: അതിന്റെയൊക്കം കാരണം അറിയണമെങ്കില്‍ വാട്ട്‌സാപ്പ് നോക്കണം….നമ്മള് ഞെട്ടിപ്പോകും…ആരൊക്കെയോ ഇതിന്റെ പിന്നലുണ്ടത്രേ…

തങ്കച്ചന്‍: ങൂംം… ഉണ്ടത്രേ…അത് പത്രക്കാരുടെ ഭാഷയാ…വലിയ പിടുത്തമില്ലാത്ത കാര്യമെഴുതുമ്പം അതിനകത്ത് ഒരു പത്ത് ഉണ്ടേ്രത കാണും…ന്റെ പൊന്നേ…അതിലൊന്നും വലിയ കാര്യമില്ല…ഓരോരുത്തന്മാര് വായില്‍ തോന്നുന്നത് തട്ടിവിടുന്നതാ…

ജോസ്: എന്നാ പിന്നെ ഞാനൊരുകാര്യം ചോദിക്കട്ടെ…ഇവിടേയ്ക്ക് കൊണ്ടുവന്ന പേവിഷത്തിനെതിരെയുള്ള വാക്‌സിന്‍ വേണ്ട പരിശോധനകളൊന്നും ഇല്ലാതെയാണെന്ന് വാര്‍ത്തയുണ്ടായിരുന്നല്ലോ. വാക്‌സിന്‍ എടുത്തിട്ടും മരണവുമുണ്ടായി….എന്നിട്ടിവിടെ അന്വേഷണം വല്ലതുമുണ്ടായോ…

തങ്കച്ചന്‍: നീ പറഞ്ഞതുശരിയാ…ഒരു ചുക്കും സംഭവിച്ചില്ല…ആ കൊച്ചു മരിച്ചുപോയതിന്റെ സങ്കടം ഇനിക്കിപ്പഴും പോയിട്ടില്ല.

ജോസ്: ഇന്നാള് ഒരു നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ കൊച്ചുങ്ങള്‍ക്ക് ബിസ്‌കറ്റ് കൊടുക്കാന്‍ ഓടിവന്നവരെയൊന്നും ഇവിടെ കണ്ടില്ല.

തങ്കച്ചന്‍: പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലെടെ…ഇവിടെയിങ്ങനെയൊക്കെയേ നടക്കൂ…

ജോസ്: നമ്മള് ചുമ്മാ അങ്ങനെ പറഞ്ഞിരിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നത്…ജനത്തിന് അരണേടെ ബുദ്ധിയാന്ന് അധികാരത്തിലിരിക്കുന്നവര്‍ക്ക് അറിയാം…ഒന്നും നാളത്തേന് ഓര്‍ക്കില്ല…അടുത്ത വിഷയം വരുമ്പം ഇന്നത്തേത് മറക്കും…

തങ്കച്ചന്‍: ഈ റോക്കറ്റ് തൊടുത്തുവിടുന്നതുപോലെയാ ഇലക്ഷന് ജയിച്ചു കയറിപ്പോയാല്‍….പിന്നെ ഭൂമിയിലുള്ളവരുമായിട്ട് ബന്ധമില്ല…

ജോസ്: ങാാാ…ഭൂമിയുമായിട്ടു ബന്ധമില്ലേല് കുറച്ചു കഴിയുമ്പം റോക്കറ്റ് നേരേ കടലിലോട്ട് പതിക്കും…അതു മറക്കരുത്…

തങ്കച്ചന്‍: അതോക്കെ പോട്ടെ…ഈ പട്ടിപ്രശ്‌നത്തിന് എന്നതാ ഒരു പരിഹാരം.

ജോസ്: ഇതിനൊറ്റ പരിഹാരമേയുള്ളു(തട്ടിക്കളഞ്ഞേക്കാനുള്ള ആംഗ്യം കാണിക്കുന്നു)

തങ്കച്ചന്‍: (സിനിമാ സ്റ്റൈലില്‍) നടേശാ കൊല്ലണ്ട…(ചിരിക്കുന്നു)

ജോസ്: പിന്നല്ലാണ്ട്…ഇവിടെ കോഴിക്ക്, പന്നിക്ക്, താറാവിന് നമ്മള് വളര്‍ത്തുന്ന എന്തിനെങ്കിലും അസുഖം വന്നാല്‍ ആ ഏരിയായിലുള്ള സകലതിനെയും കൊന്ന് കത്തിക്കും…ആരും കരയാനുമില്ല…നഷ്ടപരിഹാരം കൊടുക്കാനുമില്ല…

തങ്കച്ചന്‍: ഞാന്‍ അതിശയപ്പെട്ടുപോയ കാര്യമുണ്ട്…ഇന്നാള് കൊല്ലാന്‍ വന്ന പുലിയെ വെട്ടിക്കൊന്ന സംഭവമുണ്ടായില്ലേ…അന്ന് ചാനലില്‍ വന്ന് ഒരുത്തന്‍ പറയുവാ…പുലിയെ കൊന്നയാള്‍ക്കെതിരെ കേസെടുക്കണമെന്ന്…ടിവി ഞാന്‍ കാശുമുടക്കി മേടിച്ചതായിപ്പോയി…അല്ലേല്‍ ഞാന്‍ തല്ലിപ്പൊട്ടിച്ചേനെ…

ജോസ്: ന്റെ തങ്കച്ചാ…ഇതൊക്കെ ചുമ്മാ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു തന്ത്രമല്ലേ…എല്ലാവരും പറയുന്നതിനെതിരെ പറയുമ്പം അയാളെ എല്ലാവരും ശ്രദ്ധിക്കും…അത്രേയുള്ളു…

തങ്കച്ചന്‍: ഞാന്‍ പറയുന്നത് ഈ വലിയ പട്ടിപ്രേമം പറയുന്നവരെയെല്ലാം വിളിച്ചു കൂട്ടണം…എന്നിട്ട് ഓരോ സ്ഥലത്തും അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കളെയെല്ലാം ഇവര് ദത്തെടുത്തോട്ടെ…ഇവര് കൊണ്ടു പോയി പൊന്നുപോലെ വളര്‍ത്തിക്കോട്ടെ…അന്നേരം നിക്കും ഇവന്മാരുടെ പട്ടിഷോ…

ജോസ്: അതിപ്പം തെരുവിലുള്ള നായകള്‍ക്കുമാത്രമല്ലല്ലോ പേ പിടിക്കുന്നത്. കൂട്ടിലിട്ടു വളര്‍ത്തുന്ന വരത്തന്മാര്‍ക്കുമുണ്ടല്ലോ…

തങ്കച്ചന്‍: അതെന്നാ…ഈ….നമ്മുടേതിന് ഒരു പേരേയുള്ളു…. നാടന്‍പട്ടി…. പുറത്തൂന്നുവരുന്നതിനെല്ലാം പല പേരാ…ജര്‍മന്‍ ഷെപ്പേര്‍ഡ്…ലാബ്രഡോര്‍…പോമറേനിയന്‍….ഇതിനെയല്ലാം ഇങ്ങനെ പേരേ വിളിക്കൂ….നമ്മടേതിനെ പട്ടീന്നും….

ജോസ്: അതീ മുറ്റത്തെ മുല്ലയ്ക്ക് മണില്ലെന്നല്ലേ…സായിപ്പിനോടുള്ള ബഹുമാനം…

തങ്കച്ചന്‍: അതുനേരാ…പണ്ട് പട്ടിയെന്നത് ഒരു മോശം വാക്കുകൂടിയായിരുന്നു…സ്‌കൂളില്‍ പഠിക്കുമ്പം പോടാ പട്ടീയെന്ന് ആരെങ്കിലും വിളിച്ചാല്‍ അവനിട്ട് രണ്ട് കൊടുക്കാതെ മനസമാധാനം വരില്ലായിരുന്നു…

ജോസ്: അന്നൊക്കെ ആരെയേലും വെല്ലുവിളിക്കുന്നത്…ഇക്കാര്യം നടന്നില്ലേല്‍ എന്റെ പേര് നിന്റെ പട്ടിക്കിട്ടോയെന്നല്ലെ.

തങ്കച്ചന്‍: എന്നാ പറഞ്ഞാലും വരത്തനേക്കാളും സ്‌നേഹവും ബുദ്ധിയും നമ്മുടെ നാടന്‍ പട്ടിക്കു തന്നെയാ…

ജോസ്: പണ്ടൊക്കെ നമ്മുടെ വീട്ടില്‍ പട്ടിയെ വളര്‍ത്തും…അതിനെ പൂട്ടിയിടാറുപോലുമില്ലായിരുന്നു…അത് അവിടെയങ്ങാനും ചുരുണ്ടു കൂടി കിടന്നുറങ്ങും…നമ്മള് കഴിച്ചു കഴിയുമ്പോ മിച്ചം വരുന്നതെല്ലാം കൂടി വാരിക്കുഴച്ചു കൊടുക്കും…

തങ്കച്ചന്‍: എല്ലാവരും കഴിച്ചിട്ടേ പട്ടിക്കു കൊടുക്കൂ…ഒരു ദിവസം അപ്പന് ചോറുകൊടുക്കാന്‍ അമ്മ താമസിച്ചു…ചോറുണ്ണാന്‍ വിളിച്ചപ്പോ അപ്പനൊരു ചോദ്യം…പട്ടിക്കു കൊടുത്തോ…അമ്മയങ്ങ് ചൂളി നില്‍ക്കുന്നത് ഞാനിപ്പഴും ഓര്‍ക്കുന്നു…

ജോസ്: ങാാാ…ഇന്ന് പട്ടിക്കു കൊടുത്തിട്ടല്ല…വീട്ടുകാരുടെ കൂടെയാ പട്ടിയും കഴിക്കുന്നത്…എച്ചിലു കൊടുത്താ പല പട്ടിയും കഴിക്കില്ല…

തങ്കച്ചന്‍: ഇന്ന് പട്ടിത്തീറ്റ വില്‍ക്കാന്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റ് പോലത്തെ കടകളല്ലേ…മനുഷ്യര് തിന്നുന്നതിനേക്കാള്‍ കൂടുതല്‍ ബിസ്‌കറ്റാ പട്ടിക്കുള്ളത്…ഒരു സിനിമേല്‍ പറയുന്നതുപോലെ പട്ടിയുടെ ടൈം ബെസ്റ്റ് ടൈം…

ജോസ്: ഞാനേ കുറച്ചുനാള് മുമ്പ് തമിഴ്‌നാട്ടില്‍കൂടി പോയി…അവിടെ റോഡിലൊക്കെ നമ്മടെയിവിടത്തേക്കാള്‍ പട്ടികളുണ്ട്. പക്ഷേ അവിടെയൊന്നും ഇവിടത്തേപോലെ പ്രശ്‌നമില്ലല്ലോ…

തങ്കച്ചന്‍: അവിടെയെങ്ങാനും ഇതുപോലെ നടന്നാല്‍ പട്ടിയെല്ലാം വിവരമറിഞ്ഞേനെ…പട്ടിക്കും വിവരമുണ്ട്….(ചിരിക്കുന്നു)

ജോസ്: തമിഴ്‌നാട്ടുകാരെ നമ്മള് പണ്ട് അതുമിതും പേരുവിളിച്ച് കളിയാക്കുമായിരുന്നു….ഇപ്പം അവരെയും നമ്മളേകൂടി താരതമ്യപ്പെടുത്താന്‍ പറ്റില്ല…അവര് (ആംഗ്യത്തോടെ) അതുക്കുംമേലേ… ങാാാ…അതൊക്കെ പോട്ടെ…നമുക്കീ പട്ടികടീന്നു രക്ഷപ്പെടാനുള്ള വഴിവല്ലോം കണ്ടു പിടിക്കാം…

തങ്കച്ചന്‍: വാട്‌സാപ്പില്‍ കഴിഞ്ഞ ദിവസം ഒന്നു കണ്ടായിരുന്നു….പട്ടി വരുമ്പം (ആംഗ്യത്തോടെ) കൈ വീശി ഓടിക്കരുത്…പട്ടി ചാടി കൈയേ കടിക്കും….കാലു വീശി തൊഴിക്കരുത്…കാലേ കടിക്കും….ഓടരുത് …പട്ടി പിന്നാലെ വന്ന് കടിക്കും….കഴുത്ത് കാലിനിടയിലേക്കാക്കി ചുരുണ്ടു കൂടുക…അതേയുള്ളു മാര്‍ഗമെന്നാ അതിനകത്ത് പറയുന്നത്…

ജോസ്: (തെല്ലരിശത്തോടെ) തങ്കച്ചാ ഒരു കാര്യം പറഞ്ഞേക്കാം…മേലാല്‍ വാട്‌സാപ്പില്‍ വരുന്നതെല്ലാം വായിച്ചിട്ട് വല്ലയിടത്തും പോയി വിളമ്പരുത്.

തങ്കച്ചന്‍: അതെന്നാടാ….

ജോസ്: പട്ടി കടിക്കാന്‍ വരുമ്പം അതിന്റെ മുന്നില്‍ ചുരുണ്ടു കിടന്നു കൊടുത്താല്‍ കടിക്കുകേലാത്ത പട്ടിയും വല്ല ഇറച്ചിതുണ്ടവുമാണെന്നു കരുതി മൊത്തം കടിച്ചു പറിക്കും…

തങ്കച്ചന്‍: (പൊട്ടിച്ചിരിച്ചുകൊണ്ട്) അതു നീ പറഞ്ഞത് സത്യമാ…എന്നാ നീ ഒരു വഴി പറ..

ജോസ്: എന്റെ അപ്പന്‍ പണ്ട് പഠിപ്പിച്ച വടിയഭ്യാസം മതി….( എണീറ്റ് താറുവാച്ചി അടുത്തു കിടന്ന നീളന്‍ വടിയെടുത്ത് അഭ്യാസമുറയില്‍ വടി വീശുന്നു.)

തങ്കച്ചന്‍: പിന്നേ…പട്ടി വരുമ്പം നിന്റെ പെമ്പ്രന്നോത്തി വരും വടിയുമായിട്ട്…

ജോസ്: അല്ലേല്‍ പിന്നെ വേറെ ഒരു വഴിയുണ്ട്…അതും എന്റെ അപ്പന്‍ പറഞ്ഞു തന്നതാ…ആക്രമിക്കാന്‍ വരുന്ന മൃഗത്തിന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നാല്‍ മതി…

തങ്കച്ചന്‍: പിന്നെ…കണ്ണില്‍നോക്കി നിന്ന് കണ്ണു കഴയ്ക്കുമ്പം പട്ടി തിരിച്ചുപോകും…പന്ത്രണ്ട് സെക്കന്റില്‍ കൂടുതല്‍ നോക്കിയെന്നു പറഞ്ഞ് പട്ടികൊണ്ടുപോയി കേസ് കൊടുക്കും…(ചിരിക്കുന്നു)

ജോസ്: ന്നാ പിന്നെ…ഒറ്റ വഴിയേയുള്ളൂ…മുകളിലോട്ട് നോക്കി …എല്ലാം ഞങ്ങളുടെ വിധിയെന്നു പറഞ്ഞിരുന്നോ…

തങ്കച്ചന്‍: അതിന്റെ കൂടെ (നെഞ്ചില്‍ കൊട്ടിക്കൊണ്ട്) ഞങ്ങളുടെ പിഴ…ഞങ്ങളുടെ പിഴ…ഞങ്ങളുടെ വലിയ പിഴ… എന്നുകൂടി പറഞ്ഞോ…

ഇരുവരും ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here