ചേടത്തിയെ കാണാതായപ്പോള്‍ ചേട്ടന്‍

0
59

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-31

ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. വായനയ്ക്കിടയില്‍ ഇടയ്ക്കിടെ അകത്തേക്ക് നോക്കുന്നു. വാച്ച് നോക്കുന്നു.

ചേട്ടന്‍: (അസ്വസ്തനായി) ഇവള്‍ക്കിതുവരെ പോകാറായില്ലേ.(അക്തതേക്ക് നോക്കി) നിനക്കിതുവരെ ഇറങ്ങാറായില്ലേ…ബസ് പോകും…

ചേടത്തി: (അകത്തുനിന്ന്) സമയമായില്ല…അഞ്ചുമിനിറ്റുകൂടിയുണ്ട്. (ബാഗ് തോളിലിട്ടുകൊണ്ട് ഇറങ്ങി വരുന്നു)

ചേട്ടന്‍: അഞ്ചുമിനിറ്റ് നേരത്തെയിറങ്ങിയാലെന്നാ കുഴപ്പം…സാവധാനം നടന്നാല്‍ പോരേ..

ചേടത്തി: നിങ്ങളിതെന്നാത്തിനാ കിടന്ന് ബഹളം വെക്കുന്നത്…സമയമൊന്നുമായില്ലല്ലോ..

ചേട്ടന്‍: ചെറുക്കന്റെ കൂടെ പോകാമായിരുന്നല്ലോ…അതുപോയില്ല….താളംകണ്ടുനിന്നു…

ചേടത്തി: അത്രേം നേരത്തെ എന്നാത്തിനാ പോകുന്നത്…ഞാന്‍ അവിടെ പോയി ഒറ്റയ്ക്ക് നില്‍ക്കേണ്ടേ…

ചേട്ടന്‍: അങ്ങനെയാണേല്‍ ബസിന്റെ സമയം നോക്കി ഇറങ്ങേണ്ടെ…വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാതെ..

ചേടത്തി: അതിനു നിങ്ങളെന്നാത്തിനാ ടെന്‍ഷന്‍ അടിക്കുന്നത്…ഞാനല്ലേ പോകുന്നത്…ബസ് കിട്ടിയില്ലേല്‍ വല്ല റിട്ടേണ്‍ ഓട്ടോയോ കാറോ കിട്ടും…അതേല്‍ കേറിയങ്ങുപോകും…

ചേട്ടന്‍: വേണ്ട..വേണ്ട..പരിചയമില്ലാത്ത വണ്ടിയേലൊന്നും കേറണ്ട…തട്ടിക്കൊണ്ടുപോകലും സ്വര്‍ണം പിടിച്ചുപറിയുമെല്ലാമുള്ള കാലമാ…

ചേടത്തി: പിന്നെ…എന്നെ തട്ടിക്കൊണ്ടുപോകും….നിങ്ങള് ചുമ്മാ അതുമിതും പറഞ്ഞ് പേടിപ്പിക്കാതെ…

ചേട്ടന്‍: ഒരു കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞേക്കാം…നിനക്കീ റോഡിലോട്ടിറങ്ങിക്കഴിയുമ്പം ഒള്ള ഓട്ടോയ്‌ക്കെല്ലാം കൈകാണിക്കുന്ന പരിപാടിയുണ്ട്…അതു നിര്‍ത്തിക്കോണം…ബസിനു പോകാന്‍ മടിയാണേല്‍ ഓട്ടോ വിളിച്ചുതരാം…ഓട്ടോയ്ക്കുപോക്കോ…

ചേടത്തി: ഓ..എന്നാത്തിന്…വെറുതെ കാശുകളയാന്‍..റിട്ടേണ്‍ ഓട്ടോയാണേല്‍ കുറച്ചു പൈസ കൊടുത്താല്‍ പോരേ…

ചേട്ടന്‍: എടീ നിനക്ക് ഞാന്‍ പറയുന്നതെന്നാ മനസിലാകാത്തത്…പരിചയമില്ലാത്തവരുടെ വണ്ടിയേല്‍ കയറരുതെന്നല്ലേ പറഞ്ഞത്…പ്രത്യേകിച്ചും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്….

ചേടത്തി: നിങ്ങള് ആളെ പേടിപ്പിക്കാതെ…എന്നാ നിങ്ങളും കൂടി എന്റെകൂടെ വാ…

ചേട്ടന്‍: നിന്റെ കൂട്ടുകാരീടെ മകളുടെ കല്യാണത്തിന് ഞാനെന്നാത്തിനാ വരുന്നത്…എനിക്കവിടെ മിണ്ടാനും പറയാനും പോലും ആരുംകാണുകേല…

ചേടത്തി: ഹാ…നമ്മള്‍ക്കു രണ്ടുപേര്‍ക്കുംകൂടി മിണ്ടിയും പറഞ്ഞും നില്‍്ക്കാമെന്നേ…

ചേട്ടന്‍: എന്നിട്ടുവേണം വീട്ടിലെപോലെ പള്ളിമുറ്റത്തുകിടന്ന് അടിയുണ്ടാക്കാന്‍…

ചേടത്തി; സംസാരിച്ചുനിന്നു സമയം പോകും…ബസും പോകും…

ചേട്ടന്‍: ഓ…സമയം പോയി വേഗം ചെല്ല്…ഫോണെടുത്തല്ലോ…. സൈലന്റാക്കിവെച്ചേക്കരുത്…ഞാനിടയ്ക്ക് വിളിക്കും…

ചേടത്തി: എന്തേലും ആവശ്യമുണ്ടേല്‍ വിളിച്ചാല്‍ മതി..

ചേടത്തി പോകുന്നു. ചേട്ടന്‍ നോക്കിനില്‍്ക്കുന്നു.

ചേട്ടന്‍: ഇനി ഏതൊക്കെ വണ്ടിയേല്‍ കയറി എങ്ങനെയൊക്കെ പോകുമോ.

സീന്‍-2

ചേട്ടന്‍ ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു.

ചേട്ടന്‍: നീ എ്പ്പം ചെന്നു…വേറെ ആരൊക്കെയുണ്ട്….ശരി…പള്ളീന്നു കഴിയുമ്പം വിളിക്കണം….(ഫോണ്‍ വെച്ചിട്ട്. ഇരുന്നു കൊണ്ട്.) സമയം പത്തര…പള്ളീന്ന് കഴിയുമ്പം 12.30 ആകും…

സീന്‍-3

പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍.

ചേട്ടന്‍: (വാച്ചില്‍ നോക്കി) ഹോ…സമയം പോയതറിഞ്ഞില്ല…12.30 ആയല്ലോ…പള്ളീ കഴിഞ്ഞുകാണുമല്ലോ…എന്നിട്ടെന്നാ അവള് വിളിക്കാത്തത്…

ഫോണെടുത്ത് വിളിക്കുന്നു.

ചേട്ടന്‍: പള്ളീ കഴിഞ്ഞോ…നീയെന്നാ വിളിക്കാഞ്ഞത്…ങേ…ഊണുകഴിച്ചിട്ടു വിളിക്കാനിരിക്കുവായിരുന്നെന്നോ…വേണ്ടെടീ നീ ഇവിടെ വന്ന് അടുക്കളയ്ക്കകത്തിരുന്നു വിളിച്ചാല്‍ മതിയെടീ….(ഫോണ്‍ കട്ട് ചെയ്യുന്നു)

ചേട്ടന്‍: (്അരിശപ്പെട്ട് എണീറ്റുകൊണ്ട്) അവിടെ ചെന്ന് കൂട്ടുകാരെ കണ്ട് വാചകമടിച്ചങ്ങ് രസിച്ചു നടക്കുവാ….പിന്നെ വീട്ടിലെ കാര്യമെല്ലാം മറന്നു…ഇതാണിവളെയൊന്നും ഒരിടത്തും വിടാന്‍ കൊള്ളുകേലാത്തത്…(അകത്തോട്ടുപോകുന്നു)

സീന്‍-4

ചേട്ടന്‍ കലിതുള്ളി അകത്തുനിന്നും വരുന്നു.

ചേട്ടന്‍: ഇവളെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ…ഫോണ്‍ വിളിച്ചിട്ട് സ്വിച്ച ഓഫ്…ശ്ശെ…അവിടെ നിന്ന് ബസേല്‍ കേറുമ്പം വിളിക്കണമെന്ന് പറഞ്ഞതാ…ഇങ്ങുവരട്ടെ ഇ്ന്നവളെ…

ചേട്ടന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ചേട്ടന്‍: സമയം കണക്കുകൂട്ടിയതനുസരിച്ചാണേല്‍ അവളിപ്പം സെന്റ് മാത്യൂസേല്‍ കേറിവരേണ്ടതാ…കുട്ടപ്പനല്ലെ അതിന്റെ കണ്ടക്ടറ്…അവനെ ഒന്നു വിളിക്കാം…(വിളിക്കുന്നു) ശ്ശെ അവനെടുക്കുന്നില്ല്‌ല്ലോ…

ചേട്ടന്‍ വീണ്ടും നടക്കുന്നു.

ചേട്ടന്‍: ബസ് സ്‌റ്റോപ്പിലെ കൂള്‍ബാറുകാരന്‍ ജോര്‍ജിനെ വിളിച്ചുനോക്കാം…(ഫോണ്‍ വിളിക്കുന്നു) ജോര്‍ജേ..അവള് ബസേല്‍ വന്നിറങ്ങിയോ…ങേ…നീ അവിടെയില്ലേ…ങാ..വിളിക്ക്…

ചേട്ടന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ചേട്ടന്‍: ഇനി ആരെ വിളിക്കും….വഴിവക്കിലുള്ളവരെയെല്ലാം വിളിക്കാം…(ചറപിറ ഫോണ്‍ വിളിക്കുന്നു)

ചേട്ടന്‍: ശ്ശെ…ഒരു രക്ഷയമില്ലല്ലോ…സമയവുമങ്ങു പോകുന്നു…പോലീസില്‍ വിളിച്ചാലോ…(ആലോചിച്ച്) വരട്ടെ…പൊലീസുകാരെ തലങ്ങുംവിലങ്ങും ചോദിക്കും…മറുപടി കൊടുക്കാന്‍ തയ്യാറായിട്ടു വേണം വിളിക്കാന്‍…അല്ലേല്‍ ചിലപ്പം ഞാന്‍ അകത്താകും…

ചേട്ടന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആലോചിക്കുന്നു. ഒരു ബുക്കില്‍ എന്തോ വരയ്ക്കുന്നു. എഴുതുന്നു.

ചേട്ടന്‍: (ബുക്കില്‍ നോക്കി തലകുലുക്കി) കൊള്ളാം…ഒരു പഴുതുമില്ലാത്ത കൃത്യത…

ചേടത്തിയുടെ ശബ്ദം കേട്ട് ബുക്കില്‍നിന്ന് തലയുയര്‍ത്തുന്നു)

ചേടത്തി: (കലിതുള്ളിയാണ് വരുന്നത്) നിങ്ങളിവിടെയിരുന്ന് എന്നാ പണിയാ കാണിക്കുന്നത്…

ചേട്ടന്‍: ങാഹാ…നീ വന്നോ…നോക്കിയിരിക്കുവായിരുന്നു ഞാന്‍…

ചേടത്തി: നിങ്ങള് എന്നെ നാണംകെടുത്താന്‍ മനപൂര്‍വം കാണിക്കുന്നതാണോ…

ചേട്ടന്‍: അതുശരി..ഇവിടുന്ന് പോയിട്ട് ഒരു വിവരവുമില്ലാതിരുന്നിട്ട്…ഞാന്‍ നിന്നെ പിടിക്കുമെന്നു കണ്ടപ്പോള്‍ എന്നോട് ചാടിക്കളിക്കുന്നോ…

ചേടത്തി: ഞാനെന്നാ കാണിച്ചെന്നാ നിങ്ങള് പറയുന്നത്…

ചേട്ടന്‍: നീയെന്തിനാ തുള്ളുന്നത്…

ചേടത്തി: എങ്ങനെ തുള്ളാതിരിക്കും…അതുക്കൂട്ടു പണിയല്ലേ നിങ്ങള് കാണിച്ചത്…

ചേട്ടന്‍: ഞാനെന്നാ കാണിച്ചെന്നാ നീ പറയുന്നേ…

ചേടത്തി: എന്നെ കാണാതെ പോയെന്നും പറഞ്ഞ് നാട്ടുകാരുമുഴുന്‍ റോഡിലിറങ്ങി നില്‍ക്കുവാ…റോഡേല്‍ നടന്നുവരാന്‍ പറ്റുമോ…

ചേട്ടന്‍: നീ ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നിട്ടല്ലേ ഞാന്‍ അന്വേഷിച്ചത്…

ചേടത്തി: ഫോണ്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച്ഓഫായി…ബസ് വഴീല്‍ കേടായി…

ചേട്ടന്‍: എന്നാല്‍ അക്കാര്യം നിനക്ക് വേറെ ആരുടേലും ഫോണ്‍ മേടിച്ച് വിളിച്ചു പറയേണ്ടെ…

ചേടത്തി: ഞാന്‍ വേറൊരാളോട് ഫോണ്‍ ചോദിച്ചതാ…അന്നേരം അവരുപറയുകാ…ഇപ്പം ഫോണ്‍ അങ്ങനെ വേറേ ആള്‍്ക്കാര്‍ക്ക് കൊടുക്കത്തില്ല…ചെല്പപം പൊലീസ് വീട്ടില്‍വരുമെന്ന്…

ചേട്ടന്‍: അവര്‍ക്ക് വിവരമുണ്ട്..നിനക്കതില്ല….നിന്നെക്കുറിച്ച് ഒരു വിവരവുമില്ലാഞ്ഞിട്ട് ഞാന്‍ തിന്ന തീ നീ അറിയുന്നുണ്ടോ…

ചേടത്തി: ഞാനിങ്ങോട്ടല്ലേ വരുന്നത്..നിങ്ങളോടാരാ തീ തിന്നാന്‍ പറഞ്ഞത്…

ചേട്ടന്‍: എടീ ഞാനിവിടെ ചുമ്മായിരിക്കുവായിരുന്നെന്നാണോ നീ കരുതിയത്…ഞാന്‍ നിന്റെ റൂട്ട് മാപ്പ് തയറാക്കുവായിരുന്നു…

ചേടത്തി: ങേ…റൂട്ട് മാപ്പോ..അതെന്നാത്തിനാ…

ചേട്ടന്‍: ഞാന്‍ നിന്നെപ്പോലെയല്ല…എല്ലാം ശാസ്ത്രീയമായിട്ടാ കൈകാര്യം ചെയ്യുന്നത്…ഇതു നോക്ക്…(ബുക്ക് കാണിച്ച്) നോക്ക്…9.30 ന് നീ ഇവിടെ നിന്നു പറുപ്പെട്ടു. ബസ് സ്റ്റോപ്പിലേക്ക് 10 മനിറ്റ് ദൂരം…9.40ന് ഞാന്‍ വിളിക്കുമ്പം നീ ബസ് സ്‌റ്റോപ്പില്‍. 9.45 ന് ബസ് വരുന്നു..നീ കയറുന്നു…10.20ന് ഞാന്‍ വിളിക്കുമ്പം…നീ പള്ളിയുടെ അടുത്തുള്ള ബസ് സറ്റോപ്പിലിറങ്ങുന്നു…പള്ളിയിലേക്ക് പത്തുമിനിറ്റ് ദൂരം നടക്കുന്നു…10.30 നി ഞാന്‍ വിളിക്കുമ്പം നീ പള്ളിയിലേക്ക് കയറുന്നു. പള്ളിയിലെ ചടങ്ങുകള്‍ 12.30 ന് അസാനിക്കുന്നു..ഞാന്‍ വിളിക്കുമ്പം നീ പള്ളിയുടെ പുറത്തേക്ക്…പിന്നെ നിന്നെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല. സദ്യ കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്നും നീ 1.15ന് പുറത്തിറങ്ങേണ്ടതാണ്…അവിടെനിന്നും പത്തുമനിറ്റ് നടന്ന് 1.25നുള്ള ബസില്‍ കയറേണ്ടതാണ്…അങ്ങനെയെങ്കില്‍ 2ന് ബസ് സ്റ്റോപ്പിലെത്തി 2.15ന് ഇവിടെയെത്തേണ്ടതാണ്…ഇപ്പോള്‍ സമയമെത്രയായി…മൂന്നു മണി…ഞാനന്വേഷിക്കേണ്ടേ…12.30 മുതല്‍ മൂന്നു മണിവരെയുള്ള സമയം നീ മിക്‌സിംഗാണ്…അതാണ് പ്രശ്‌നമായത്…

ഞാന്‍ എല്ലാം റൂട്ട് മാപ്പ് തയാറാക്കിവെച്ചേക്കുവാ…അടുത്തത് നേരെ പോലീസ് സ്‌റ്റേഷനിലേക്ക്…അവരെന്റെ റൂട്ട് മാപ്പ് കണ്ട് അഭിനന്ദിച്ചേനേ…

ചേട്ടന്‍ ഗമയ്ക്കു നില്‍ക്കുന്നു.

ചേടത്തി: അന്നേരെ റൂട്ട് മാപ്പു വരയക്കാനാ പോയതല്ലേ…

ചേട്ടന്‍: പിന്നെ പഴുതടച്ച് വേണ്ടേ നമ്മള് മുന്നോട്ടു പോകാന്‍…കംപ്യൂട്ടററിയത്തില്ലാതെ പോയി അല്ലേല്‍ ഗ്രാഫിക്‌സൊക്കെ ചെയ്ത് അടിപൊളിയാക്കിയേനെ…

ചേടത്തി: എന്നാ താമസിക്കുന്നതെന്നാ പറ്റിയിട്ടാന്ന് അറിയാന്‍ നിങ്ങള്‍ക്ക് ബസ് സ്റ്റോപ്പിലോട്ടൊന്നുവരാന്‍ തോന്നിയില്ലല്ലോ…ഇവിടെയിരുന്ന് നാ്ടടുകാരെ മുഴുന്‍ ഫോണ്‍ വിളിച്ച് എന്നെ കാണാതെ പോയെന്ന് വിളംബരം ചെയ്തു…

ചേട്ടന്‍: എടീ ടെക്‌നോളജി മാറിയില്ലെ…ഇപ്പം എല്ലാം ഈ വിരല്‍തുമ്പിലല്ലെ കാര്യങ്ങള്‍ നടത്തുന്നത്…

ചേടത്തി: ഇതിപ്പം എന്റെ മാനംപോയില്ലേ…

ചേട്ടന്‍: ഞാന്‍ നിന്നോട് പറഞ്ഞല്ലേ വിട്ടത് എപ്പഴും വിളിച്ച് അപ്‌ഡേറ്റ് ചെയ്‌തോണ്ടിരിക്കണമെന്ന്…

ചേടത്തി: എന്നാ ചെയ്യണമെന്ന് എനിക്കറിയാം…ഇന്നത്തോടെ നിങ്ങടെ വിശകലനം ഞാന്‍ നിര്‍ത്തും(അരിശപ്പെട്ട് അകത്തേക്ക് പോകുന്നു)

ചേട്ടന്‍: (ബുക്കേലോട്ട് നോക്കി) എന്നെ സമ്മതിക്കണം…റൂട്ട് മാപ്പ് സൂപ്പര്‍…ചാനലുകാര് തോറ്റുപോകും…

ചേടത്തിഒരു റിമോട്ടുമായി അകത്തുനിന്നും വരുന്നു.

ചേടത്തി: നിങ്ങളിനി ചാനലു കാണണ്ട…ഉള്ള ചാനലിലെ വാര്‍ത്തയെല്ലാം കണ്ടിട്ടാ നിങ്ങളീ ആവശ്യമില്ലാത്ത റൂട്ടുമാപ്പും ഫോണ്‍വിളിയും പരിപാടിയും നടത്തുന്നത്…ഞാനിത് പൂട്ടിവെക്കാന്‍ പോകുവാ…

ചേട്ടന്‍: എടീ ആവശ്യമില്ലാത്ത പരിപാടി കാണിക്കരുത്…എനിക്ക് വാര്‍ത്ത കാണണം…കഞ്ഞികുടിച്ചില്ലേലും വേണ്ടുകേല ചാനല്‍ വാര്‍ത്ത കാണാതിരിക്കാന്‍ പറ്റില്ല..

ചേടത്തി: ഇതിങ്ങനെ വിട്ടാല്‍ പറ്റുകേല… ഇപ്പം ഇത്രയും…ഇനിയെന്നാ ഒക്കെ കാണിച്ചുകൂട്ടൂമെന്ന് ആര്‍്ക്കറിയാം…(അകത്തേക്ക് പോകുന്നു)

ചേട്ടന്‍: ചതിക്കല്ലേടീ……(പിന്നാലെ ഓടുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here