ചേട്ടനെ ഉത്തരംമുട്ടിച്ച് ചേടത്തി

0
53

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-7

ചേട്ടന്‍ ചാരുകസേരയില്‍ ചാരിയിരുന്ന് മൂളിപ്പാട്ടാണ്. നല്ല സുഖിച്ചുള്ള ഇരിപ്പാണ്.

ചേട്ടന്‍: സുഖമൊരു ബിന്ദൂ…ദു:ഖമൊരു ബിന്ദൂ…ബിന്ദുവില്‍ നിന്നും ബിിന്ദുവിലേക്ക്…..

പാട്ടുമുറിച്ചുകൊണ്ട് ചേടത്തിയുടെ ശബ്ദം.

ചേടത്തി: ആ..ബിന്ദുവിലേക്ക് കുറച്ചുദൂരമുണ്ട്…അവിടെയിരുന്നോണ്ടാല്‍ മതി…

ചേട്ടന്‍: ആഹാ…വന്നല്ലോ കട്ടുറുമ്പ്…

ചേടത്തി: വലിയ രസത്തിനുപോയാല്‍ കട്ടുറുമ്പ് കടിക്കും…

ചേട്ടന്‍: ഇപ്പോ എന്താണോ ആഗമനോദ്ദേശം…അതോ ഇയാളങ്ങനെ രസിച്ചിരിക്കേണ്ട ചുമ്മാ ഒന്നു മാന്തിയേച്ചു പോയേക്കാമെന്നേയള്ളോ…

ചേടത്തി: പിന്നെ…വലിയ മഹാരാജാവല്ലെ…അങ്ങനെ വന്ന് മുഖം കാണിച്ച് ..ആഗമനോദ്ദേശമൊക്കെ പറഞ്ഞ് മടങ്ങാന്‍…

ചേട്ടന്‍: ഈ വീട്ടിലെ മഹാരാജാവ് ഞാനാടീ…എന്നാ സംശയം…

ചേടത്തി: യ്യോ…(കുനിഞ്ഞ്) എന്നാ അടിയന്‍ വിടകൊള്ളട്ടെ…

ചേട്ടന്‍: ങാ…ഇതാണ്…നിനക്കൊരു വകവെയ്പില്ല എന്നെ…പിന്നെങ്ങനെ ശരിയാകും…എടീ ഞാന്‍ മഹാരാജാവാണെങ്കില്‍ നീ മഹാറാണിയാണെന്നു തിരിച്ചറിയാനുള്ള ബോധംവേണം…അതില്ല…പറഞ്ഞിട്ടു കാര്യമില്ല…

ചേടത്തി: പിന്നെ…പെരയ്ക്കകത്തു കയറി മഹാരാജാവും മഹാറാണിയും കളിച്ചിരുന്നാല്‍മതി…

ചേട്ടന്‍: എടീ ഓരോ വീട്ടിലും മഹാരാജാവും മഹാറാണിയും രാജകുമാരനും രാജകുമാരിയുമുണ്ട്. അങ്ങനെവേണം ഓരോ കുടുംബവും കഴിയാന്‍…

ചേടത്തി: അപ്പോ…ആരാണാവോ പ്രജകളും തോഴനും തോഴിയുമൊക്കെ…അതുംവേണ്ടേ…

ചേട്ടന്‍: എടീ…ഒരേസമയം മഹാരാജാവും മഹാറാണിയും മറ്റുള്ളവര്‍ക്ക് തോഴനും തോഴിയുമായി മാറാന്‍ കഴിയണം. അവിടെയാണ് കുടുംബവിജയം.

ചേടത്തി: യ്യോ…ഇതാര്…ഇത്രവലിയ തത്വചിന്തകന്‍…വെയിലത്തുനിന്ന് മാറിയിരിക്ക്…തലേല്‍ വെയിലുകൊള്ളി്‌ക്കേണ്ട്.

ചേട്ടന്‍: എടീ ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അംഗീകാരം കിട്ടിയിട്ടില്ല്. കല്ലെറിഞ്ഞ് ഓടിച്ചിട്ടേയുള്ളു…

ചേടത്തി: ങാ…(ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട്) നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടെന്നു കരുതിയാ…അല്ലെങ്കില്‍ ഞാനതു ചെയ്‌തേനെ…

ചേട്ടന്‍: ങാ…നിന്റെ മനസിലിരുപ്പ് ഇടയ്ക്ക് പുറത്തേക്ക് വരുന്നത് നല്ലതാ…

ചേടത്തി: (വിഷയംമാറ്റിക്കൊണ്ട്) ഇന്ന് പത്രമൊക്കെ വായിച്ചുതീര്‍ന്നോ…

ചേട്ടന്‍: ഓ..ഇന്നു വലിയവാര്‍ത്തയൊന്നുമില്ലായിരുന്നു….

ചേടത്തി: എന്നാലും പതിനാറുപേജും നിറച്ച് അവരെന്തെങ്കിലുമൊക്കെ അടിച്ചുവെയ്ക്കുമല്ലോ…നിങ്ങള്‍ക്കെന്തെങ്കിലും പത്രം നിവര്‍ത്തിപ്പിടിച്ച് വായിച്ചോണ്ടിരിക്കണമെന്നല്ലേയുള്ളു…

ചേട്ടന്‍: നിന്നോട് പറഞ്ഞിട്ടു കാര്യമില്ല…പത്രോം വായിക്കത്തില്ല…പത്രംവായിക്കില്ലാത്തതാന്ന് അറിയാമായിരുന്നേല്‍ നിന്നെ ഞാന്‍ കെട്ടില്ലായിരുന്നു.

ചേടത്തി: ങാഹാ…എന്നാ അന്ന് പെണ്ണുകാണാന്‍ വന്നപ്പോ പത്രം വായിക്കുമോയെന്ന് ചോദിക്കാന്‍മേലായിരുന്നോ…നിങ്ങള് കുറേ പെണ്ണുകണ്ടതല്ലേ…എല്ലായിടത്തും ചെല്ലുമ്പഴേ പത്രം വായിപ്പിക്കുകയായിരുന്നോ….

ചേട്ടന്‍: ഞാന്‍ സാമാന്യവിവരമുണ്ടോയെന്ന് ചോദിച്ചു മനസിലാക്കുമായിരുന്നു.

ചേടത്തി: എന്നെ കണ്ടപ്പഴേ ബുദ്ധിയുള്ളയാളാണെന്ന് മനസിലായി കാണും…അല്ലേ…

ചേട്ടന്‍: (അടിമുടി നോക്കി) പിന്നെ ബുദ്ധിയുള്ളയാള്….അന്ന് വന്നപ്പോ അവിടെ മൂന്നു നാലു പത്രം കിടക്കുന്നതുകണ്ടു..ഞാന്‍ ഓര്‍ത്തു ഇതെല്ലാം വായിക്കുമെന്ന്…അത് അയലോക്കത്തോട്ടുള്ള പത്രമെല്ലാം അവിടെയിടുന്നതാണെന്ന് പിന്നെയല്ലേ…അറിയുന്നത്…ഒരുപത്രം പോലും വരുത്തുന്നുമില്ല…

ചേടത്തി: അതെല്ലാം നമുക്ക് വായിക്കാന്‍മേലേ…പിന്നെന്നാത്തിനാ കാശുകൊടുത്ത് പത്രം വരുത്തുന്നേ….

ചേട്ടന്‍: ഊംംം വായിക്കാം….കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഞാന്‍ വലിയ കാര്യത്തിന് പത്രമെല്ലാം എടുത്തുവെച്ച് വായിക്കാന്‍ തുടങ്ങി…ഓരോരുത്തരായിട്ട് വന്ന് നാട്ടുകാര് പത്രോം എടുത്തോണ്ടുപോയി….

ചേടത്തി: വായിച്ചേച്ചു കൊടുത്താല്‍ മതിയല്ലോ…അവരൊന്നും പറയില്ല…

ചേട്ടന്‍: പിന്നെ…ഓരോരുത്തരും പിടിച്ചുവലിച്ചൊണ്ടാ പോയത്…അവര് കാശ് കൊടുത്തു വാങ്ങുന്ന പത്രം നാട്ടുകാര്‍ക്ക് വായിക്കാനാണോ…

ചേടത്തി: പിന്നെ നമ്മടെ വീട്ടില്‍കൊണ്ടിട്ടിട്ടല്ലേ….

ചേട്ടന്‍: ങാാാ….നിങ്ങള് പത്രം ഇടുന്നതിനും തറവാടകമേടിക്കുന്ന ടീംസാ….

ചേടത്തി: പിന്നെ…നിങ്ങടെ വീട്ടുകാരെപ്പോലെ അരക്കന്മാരല്ല ഞങ്ങള്….ജാതിക്കായുടെ കാലമായാല്‍ ജാതിക്കാത്തൊണ്ടുകൊണ്ട് പന്ത്രണ്ടുകൂട്ടം കറിവെക്കുന്നവരാ….

ചേട്ടന്‍: ഓാാ…വലിയ ലാവീഷുകാര്….എന്നെക്കൊണ്ടൊന്നും പറയിക്കരുത്….കല്യാണം കഴിഞ്ഞ് ഒരാഴ്ച അവിടെ നിന്നതെങ്ങനെയാന്ന് എനിക്കേ അറിയത്തുള്ളു…അഞ്ചാംപക്കം ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെടുകയായിരുന്നു…വീട്ടില്‍ വ്‌നനുകയറിയ ഉടനേ ഒരുപാത്രം കപ്പേം പോത്തും കഴിക്കുന്നതു കണ്ട്…നിനക്കവിടെ ഒന്നും തിന്നാല്‍ കിട്ടിയില്ലേടായെന്ന് അമ്മചോദിച്ചത് ഇന്നും ഓര്‍ക്കുന്നു.

ചേടത്തി: എന്നാപ്പിന്നെ വേറേ പെണ്ണുങ്ങളെ കണ്ടതല്ലേ…കെട്ടാന്‍മേലായിരുന്നോ….അന്നേരം അഞ്ചുലക്ഷോം…സ്വര്‍ണോം കണ്ടപ്പം കണ്ണ് മഞ്ഞളിച്ചുപോയി….

ചേട്ടന്‍: ങാാാാ..(ദീര്‍ഘനിശ്വാസംവിട്ടുകൊണ്ട്) എല്ലാം കൂടി ദൈവം ഒന്നിച്ചു നല്‍കില്ലെന്ന് ആശ്വസിക്കാം….

ചേടത്തി: ങാാാ…ഞാനുമങ്ങനെതന്നെയാ ആശ്വസിക്കുന്നത്….

ചേട്ടന്‍: (ചിരിച്ചുകൊണ്ട്) ഒരു കാര്യം ചെയ്യ്…നമുക്കിങ്ങനെ പരസ്പരം ആശ്വസിപ്പിച്ച് ഇരിക്കാം…

ചേടത്തി: ഇളയപ്പന്റെ തോമസുകുട്ടിയുടെ മോന്റെ കല്യാണം നാളെയാ…നേരത്തെ ചെല്ലണമെന്ന് അവര് പറഞ്ഞിട്ടുണ്ട്…അപ്പഴാ പോകുന്നത്…

ചേട്ടന്‍: ഓാാ..ഞാനെങ്ങും പോകുന്നില്ല… അവന്റെ കൂടെയെങ്ങാനും പോ…

ചേടത്തി: പിന്നെ പോകുന്നില്ല….അവരെല്ലാം പിള്ളേരുടെ കല്യാണ്തതിനു വന്നതാ….നിങ്ങള്‍ക്ക് സമ്മാനമൊന്നും കൊടുക്കാന്‍ കഴിയുകേല അത്രേയുള്ളു കാര്യം….

ചേട്ടന്‍: ഞാന്‍ വന്നാലും സമ്മാനമൊന്നും കൊടുക്കുകേല…നമ്മടെ കല്യാണത്തിന് ഈ ഇളയപ്പന്‍ എന്തെങ്കിലും തന്നോ ഇല്ലല്ലോ…ആകപ്പാടെ നിന്റെ വീട്ടുകാര് മൂന്നു സമ്മാനമേ തന്നുള്ളു…ഒരു നിലവിളക്കും വാച്ചും ടൈംപീസും…അതനുസരിച്ചേ ഞാനും ചെയ്യുവുള്ളു…

ചേടത്തി: ങാഹാ…കൊള്ളാമല്ലോ…മോള്‍ടെ കല്യാണത്തിന് ഇളയപ്പന്‍ മൂന്നു പവന്റെ മാലയാ കൊണ്ടുവന്നിട്ടത്…അന്നേരം ചിരിച്ചോണ്ട് അടുത്തുനില്‍ക്കുന്ന ഫോട്ടോ ആല്‍ബത്തിലുണ്ട്. എടുത്തോണ്ടുവരണോ…

ചേട്ടന്‍: എന്നാ അവളോട് സമ്മാനം കൊടുക്കാന്‍ പറ….മാലയുമായിട്ട് അവളല്ലേ പോയത്….ഇവിടെ വെച്ചേച്ചല്ലല്ലോ പോയത്…

ചേടത്തി: നിങ്ങളിതെന്നാ മനുഷ്യാ…പിള്ളേരുടെ കല്യാണത്തിനും നിങ്ങളുടെ കഴുത്തേല്‍ കൊണ്ടുവന്ന് മാലയിടണോ….

ചേട്ടന്‍: നീയിപ്പഴും നിന്റെ വീട്ടുകാരുടെ കൂടെയാ…എന്റെ കൂടെ നില്‍ക്കാത്തതെന്നാ…ചോറിങ്ങും കൂറങ്ങുമെന്നു പറഞ്ഞതുപോലെയാ….

ചേടത്തി: ഞാനെന്തിനാ എന്റെ വീട്ടുകാരെ തള്ളിപ്പറയുന്നത്…നമ്മളുടെ മക്കള് കല്യാണം കഴിഞ്ഞിട്ട് നമ്മളെ തള്ളിപ്പറഞ്ഞാല്‍ നിങ്ങള്‍ക്കിഷ്ടപ്പെടുമോ…നിങ്ങള് എല്ലാദിവസവും വിളിച്ച് വര്‍ത്തമാനം പറയുന്നത് കേള്‍ക്കാമല്ലോ….

ചേട്ടന്‍: അതിപ്പം അവരെ ഞാന്‍ വിളിച്ചില്ലേല്‍ ആരു വിളിക്കും…ഒരു ദിവസം അവരെ വിളിച്ചില്ലേല്‍ എനിക്കുവിഷമമാ…കിടന്നാല്‍ ഉറക്കം വരില്ല…അവര്‍ക്കും സങ്കടമാ…

ചേടത്തി: ങാ….അതാ പറഞ്ഞത്…എല്ലാവര്‍ക്കും അവരവരുടെ മക്കളെ കാര്യമാ…ആ വിചാരം വേണം…അല്ലാതെ ചുമ്മാ ഭാര്യവീട്ടുകാരെയും തെറിവിളിച്ച് രസിച്ചിരുന്നാല്‍ പോര…

ചേട്ടന്‍: അതിനു ഞാന്‍ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ…ഉള്ള കാര്യമൊക്കെയല്ലേ പറഞ്ഞുള്ളു…

ചേടത്തി: എന്തെങ്കിലുമൊക്കെ പോരായമകളൊക്കെ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ….അതൊക്കെയങ്ങ് വിട്ടുകളയണം…

ചേട്ടന്‍: ഞാന്‍ വലിയ തത്വം പറയുന്നെന്നു പറഞ്ഞിട്ട് നീ ആണല്ലോ തത്വം വിളമ്പുന്നത്…

ചേടത്തി: ഞാന്‍പറഞ്ഞത് തത്വമല്ല…അലമ്പില്ലാതെ ജീവിക്കാനുള്ള വഴികളാ….നിങ്ങള് വിഷയത്തില്‍ നിന്നു മുങ്ങാതെ…കല്യാണത്തിന് എപ്പഴാ പോകുന്നത്…

ചേട്ടന്‍: രാവിലെതന്നെ പോയേക്കാം…സമ്മാനോം കാര്യമായിട്ടു വാങ്ങിയേക്കാം….(ചിരിച്ചുകൊണ്ട്) എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കിയിരിക്കുന്നു….ഒരു നല്ല ചായ എടുത്തോണ്ടു വാ…ചായപ്പൊടീം പഞ്ചസാരയും എല്ലാം പാകത്തിനായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here