പട്ടിയും പനിയും കൂടി ഒരു നാടിനെ വിറപ്പിക്കുമ്പോള്‍

0
47

നേരംപോക്ക്
എപ്പിസോഡ്-31

വരാന്തയില്‍ മൂടിപുതച്ചിരിക്കുന്ന ജോസ്. ഭാര്യ വന്ന് നെറ്റിയില്‍ തൊട്ടുനോക്കുന്നു.

ഭാര്യ: നല്ലോണം പനിക്കുന്നുണ്ടല്ലോ…അകത്തെങ്ങാനും പോയി കിടക്കാന്‍ മേലെ…തണുപ്പടിച്ചിരിക്കുന്നതെന്നാത്തിനാ…

ജോസ്:(പനിയുടെ വിറയലോടെ) എത്രനേരമാ കെടക്കുന്നത്…കുറച്ചുനേരം ഇവിടെയിരിക്കട്ടെ…

ഭാര്യ:(വാതിലില്‍ ചാരിനിന്നുകൊണ്ട്) കുറച്ചു കഞ്ഞിഎടുക്കട്ടെ…

ജോസ്: ഓ…ഒന്നുംവേണ്ട…(ദൂരേക്കു നോക്കി) അതാരാ തങ്കച്ചനാണോ വരുന്നത്…..കൈയേലും കാലേലുമെല്ലാം വെച്ചുകെട്ടുണ്ടല്ലോ….

തങ്കച്ചന്‍ നടന്നുവരുന്നു. കൈയേലും കാലേലും കെട്ടുണ്ട്.

ജോസ്: തങ്കച്ചാ എന്നാ പറ്റി…എവിടെയേലും ഉരുണ്ടുവീണോ…

തങ്കച്ചന്‍: വീണതൊന്നുമല്ല…പട്ടികടിച്ചതാ….ഇന്നലെ വൈകുന്നേരം റോഡിലോട്ടൊന്നിറങ്ങിയതാ….മൂന്നു പട്ടികള് ചുമ്മാവന്ന് കടി തുടങ്ങി….ഒരു വിധത്തിലാ രക്ഷപ്പെട്ടത്…

ജോസ്: തല്ലികൊല്ലാന്‍ മേലായിരുന്നോ എല്ലാത്തിനേം…

തങ്കച്ചന്‍: അവന്മാര് എന്നെ കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യം…ഒരു പട്ടി എന്റെ നേരെ ചാടിവന്നു…ഞാന്‍ വലംകാലിനു തൊഴിച്ചു…അവന്‍ വലംകാലിനു കടിച്ചു…വേറൊരുത്തന്‍ ചാടിവന്നു…അവനെ ഇടംകാലിനു തൊഴിച്ചു…അവന്‍ ഇടംകാലിനു കടിച്ചു…പിന്നെ കുറച്ചുനേരത്തേന് ഒറു ബഹളമായിരുന്നു…കടിച്ചു മതിയായപ്പം അവന്മാര് പോയി…

ഭാര്യ: രക്ഷപ്പെട്ടതു ഭാഗ്യം….പഞ്ചായത്തില്‍ പരാതി കൊടുക്കാന്‍ മേലായിരുന്നോ…ചേട്ടാ…

തങ്കച്ചന്‍: കടിച്ച പട്ടിയെ അവര് അന്വേഷിച്ചോണ്ടിരിക്കുവാന്നാ പറഞ്ഞെ….പട്ടികളെല്ലാം ഒളിവില് പോയെന്ന്…

ജോസ്: പട്ടിയെ തൊഴിച്ചകാര്യം ആരോടും പറയേണ്ട്…പട്ടിയെ തൊഴിച്ചെന്ന് പറഞ്ഞ് നിങ്ങടെ പേരില് കേസെടുക്കും…

ഭാര്യ: ഇത്തിരി കഞ്ഞി എടുക്കട്ടെ….

തങ്കച്ചന്‍: നാരങ്ങാ അച്ചാറ് വേണോ എന്നു നേരേ ചോദിച്ചാല്‍ പോരായിരുന്നോ…(ജോസിനോട്)നീയെന്നാ മൂടിപ്പുതച്ചിരിക്കുന്നത്….കണ്ടാല്‍ ഡാഡിഗിരിജയാണെന്ന് തോന്നുമല്ലോ…നിനക്ക് വല്ല അധോലോകബന്ധവുമുണ്ടോ ജോസേ…

ഭാര്യ: ഇങ്ങേരെ അതിനുവല്ലതും കൊള്ളുമോ…വല്ല അധോലോകത്തിലും പോയായിരുന്നേ വയസനാം കാലത്ത് സുഖമായി ജീവിക്കാമായിരുന്നു…

ജോസ്: അധോലോകത്തിലെന്നാ പെന്‍ഷന്‍ കിട്ടുമോ…വയസാകുമ്പം സുഖിക്കാന്‍… രണ്ടുദിവസമായി പനിയായിട്ട് ഏല്‍ക്കാന്‍മേലാതെ കിടപ്പായിരുന്നു….ഇന്നൊന്ന് പുറത്തോട്ടിറങ്ങിയിരുന്നതാ….

ഭാര്യ: ഇത്തിരി കഞ്ഞിയെടുക്കട്ടെ…

തങ്കച്ചന്‍: ഇതെന്നാ ഒടിയന്‍ സിനിമയില്‍് മഞ്ജു വാര്യര് പറയുന്നതുപോലെ എപ്പഴും കഞ്ഞിയെടുക്കട്ടെ…കഞ്ഞിയെടുക്കട്ടെ എന്നു ചോദിക്കുന്നത്….

ജോസ്: കഞ്ഞി ആകുമ്പം ആരും വേണമെന്ന് പറയില്ല…നാരങ്ങാവെള്ളമോ മറ്റോ ആണേല്‍ എടുത്തോളാന്‍ പറയും….എങ്ങനുണ്ട ബുദ്ധി…

തങ്കച്ചന്‍: ങാ…ഇതിനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്….കൃത്രിമ ബുദ്ധിയെന്ന്ു പറയുന്നത്…സായിപു കണ്ടു പിടിക്കുന്നതിനുമുന്നേ മലയാളി ഇവിടെ കണ്ടുപിടിച്ചതാ…നമ്മളിതിനെ ഉഡായിപ്പെന്നു വിളിക്കും…

ജോസ്: ഉഡായിപ്പിനു കൈയും കാലും വെച്ചവരാ മലയാളിയെന്നാ പൊതുവേ പറച്ചില്…

ഭാര്യ: പറഞ്ഞ് പറഞ്ഞ് നിങ്ങളെല്ലാവരുംകൂടി എന്നെ ഉഡായിപ്പാക്കി…(അകത്തേക്കു പോകുന്നു)

തങ്കച്ചന്‍: കേരളം മൊത്തം പനിച്ചു കിടക്കുവാ…തൊമ്മിക്കുഞ്ഞിനും പനി പിടിച്ചെന്നു പറഞ്ഞേ…ഭയങ്കര ചുമയാന്നാ പറഞ്ഞേ…നിനക്കു ചുമയില്ലേ….

ജോസ്: ചുമയുണ്ടായിരുന്നു….അതുഞാന്‍ ഒരു ഒറ്റമൂലിയെ പറത്തി…

തങ്കച്ചന്‍: നമ്മളെ മൂലയ്ക്കിരുത്തുന്ന ഒറ്റമൂലിയാണോ….

ജോസ്: ഇതു ചുമയ്ക്ക് ഫസ്റ്റാ…(ഒറ്റമൂലിയുടെ വിവരണം)

തങ്കച്ചന്‍: ഇങ്ങനെ പനിയാണേല്‍ പറമ്പില്‍ നില്‍ക്കുന്നതെല്ലാം ഒറ്റമൂലിയാന്ന് പറഞ്ഞ് പറിച്ചുതിന്നേണ്ടിവരും…പണ്ട് ചിക്കന്‍ഗുനിയ വന്നപ്പോ കമ്യൂണിസ്റ്റ് പച്ചവരെ അരച്ച് കാലേലിട്ടതാ….

ജോസ്: മലയാളിയുടെ ഒരു കാര്യം ഓര്‍ത്തേ…എന്നും പ്രശ്‌നങ്ങളാ…ഇപ്പം പട്ടികടി, പനി…ഓരോസമയത്തും ഓരോന്ന്…

തങ്കച്ചന്‍: പനിക്കുള്ള ഒറ്റമൂലിവേറെയുണ്ട്…ഒരു പെഗ്ഗ് ഒഴിക്കുക…അതിലേക്ക് കുറച്ച് കുരുമുളക് പൊടിയിട്ട് ഒറ്റവലി…

ജോസ്: കേരളത്തിലുള്ള സകല കുടിയന്മാരും കാലങ്ങളായി പറഞ്ഞുവരുന്ന ഒറ്റമൂലിയാ…ഇതുകഴിച്ചിട്ട് പനിപോയതായിട്ട് ആരും പിറ്റേന്ന് സാക്ഷ്യപ്പെടുത്തിയിട്ടില്ല….

തങ്കച്ചന്‍: പഞ്ചായത്തില്‍വരെ ഒന്നൂടിപോണം….പട്ടികടിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന് പറയുന്നതു കേട്ടു…

ജോസ്: ങാഹാ…കാശുകിട്ടുമോ…എന്നാ നിങ്ങളെ കടിച്ച പട്ടിയെ ഇങ്ങോട്ടൊന്നു പറഞ്ഞുവിട്ടേക്കാമോ….

ഭാര്യ ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായിവരുന്നു.

ഭാര്യ: ചേട്ടന് ദാഹിക്കുന്നില്ലേ…നാരങ്ങാവെള്ളംകുടി…

തങ്കച്ചന്‍: ഇത്രേകാലം ഇവിടെവന്നിട്ടും ഒരു നാരങ്ങാവെള്ളം തന്നിട്ടില്ല….ഇന്നിപ്പം പ്ട്ടികടിച്ചെന്നറിഞ്ഞപ്പോ നാരങ്ങായുമായി വന്നു…

ജോസ്: നിങ്ങള് വെള്ളം കാണുമ്പഴേ ഇങ്ങനെ പേടിക്കുന്നതെന്നാത്തിനാ….ഒന്നു സൂക്ഷിച്ചോ…

തങ്കച്ചന്‍: നാരങ്ങാവെള്ളം ഒന്നുംവേണ്ട…ഉപ്പിട്ടിത്തിരി കഞ്ഞിവെള്ളം എടുത്തോണ്ടുവാ….

ഭാര്യ: കഞ്ഞിവെള്ളമിരിപ്പില്ല…പശൂന്റെ വെള്ളത്തിലൊഴിച്ചു….

ജോസ്: നീ ഇത്രേംനേരം മഞ്ജുവാര്യര് കളിച്ചതെന്നാത്തിനാ…കഞ്ഞിയെടുക്കട്ടെ കഞ്ഞിയെടുക്കട്ടെ എന്നു ചോദിച്ച്….

ഭാര്യ: യ്യോ…അങ്ങു കടിച്ചുതിന്നാന്‍ വരുവാണല്ലോ…ഞാനിത്തിരി കഞ്ഞിവേണമെന്നല്ലേ ചോദിച്ചൊള്ളു…അരിശം കമ്ടാല്‍ തോന്നും കുഴിമന്തിവേണോയെന്നു ചോദിച്ചിട്ട് കൊടുത്തില്ലെന്ന്…(അകത്തോട്ടുപോകുന്നു)

തങ്കച്ചന്‍: നീയാ ഫോണെടുത്ത് തൊമ്മിക്കുഞ്ഞിനെ വിളിച്ചെ…പനിയെന്നായെന്ന് അറിയാമല്ലോ…ശ്വാസംമുട്ടിന് ഏതോ വൈദ്യന്റെയടുത്ത്‌പോയി മരുന്നു മേടിച്ചതാന്നാ പറഞ്ഞെ…

ജോസ്: (ഫോണെടുത്തുവിളിച്ചോണ്ട്) ഉള്ള ശ്വാസംകൂടി നിന്നേനെ…(വീഡിയോ കാളാണ്. ഫോണില്‍ നോക്കിയിട്ട്) യ്യോ….ഇതെന്നാ മൂടിപ്പൊതിഞ്ഞിരിക്കുന്നത്…

തങ്കച്ചന്‍: (ഫോണില്‍ നോക്കിയിട്ട്)ഇതെന്നാ വാഴക്കുല പഴുക്കാന്‍ വെച്ചിരിക്കുവാണോ.

ഫോണില്‍ തൊമ്മിക്കുഞ്ഞ് തലേലെ മൂടിമാറ്റുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ…ആവിപിടിക്കുവാരുന്നു…ഒരു പുകയൂംകൂടി എടുത്തിട്ട് തുണ്ി മാറ്റാമെന്ന് കരുതി…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…പനി എങ്ങനെയുണ്ട്…

തൊമ്മിക്കുഞ്ഞ്: യ്യോ…ഒന്നും പറയേണ്ട…ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം…ഇതെന്നാ തങ്കച്ചാ…കയ്യേലെല്ലാം വെച്ചുകെട്ട്…

തങ്കച്ചന്‍: ഇതും ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം….പട്ടികടിച്ചതാ…

തൊമ്മിക്കുഞ്ഞ്: എന്നിട്ട് പട്ടിക്കുവല്ലതും പറ്റിയോ…

ജോസ്: പട്ടിയെ മെഡിക്കല്‍ കോളജിന് കൊണ്ടുപോയി…പല്ലു മാറ്റിവെക്കാന്‍…

തൊമ്മിക്കുഞ്ഞ്: ങാഹാ…ജോസിനും പനിയാണോ….എനിക്കും പനി….ജോസിനും പനി…അയ്യയ്യാ..അയ്യയ്യാ…

തങ്കച്ചന്‍: വേറൊരുത്തനും പനിയുണ്ടെന്നറിഞ്ഞപ്പോഴുള്ള സന്തോഷം കണ്ടില്ലേ…

ജോസ്: അപ്പോ തൊമ്മിക്കുഞ്ഞേ പനിയൊക്കെ മാറി എത്രയും പെട്ടെന്ന് വീണ്ടുംകാണാം…

തങ്കച്ചന്‍: വീണ്ടും സന്ധിക്കുംവരെ വണക്കം…(കൈയുയര്‍ത്തുന്നു. തൊമ്മിക്കുഞ്ഞും കൈയുയര്‍ത്തുന്നു)

ജോസ്: മഴക്കാലമാകുമ്പം പനി പതിവാ….അതുപോലെ തന്നെ കന്നിമാസമാകുമ്പം പട്ടികളുടെ ശല്യവും കൂടുതലാ…ഇതൊരു സ്ഥിരം പരിപാടിയാ..

തങ്കച്ചന്‍: ഏതേലും വിദേശരാജ്യത്ത് പോയി ഇതിനെ എങ്ങനെ നേരിടണമെന്ന് പഠിച്ചാലോ…

ജോസ്: പഠിക്കാന്‍ പോയാല് അതിലേ കറങ്ങിയിട്ട് ഇവിടെ വരുമ്പഴേക്ക് പഠിച്ചതൊക്കെ മറന്നുപോകും….

തങ്കച്ചന്‍: ഞാന്‍ നോക്കിയിട്ട് ഇനി ഒറ്റവഴിയേയുള്ളു…പെരയ്ക്കകത്ത് കയറി കതകടച്ചിരിക്കുക…പട്ടിയും കടിക്കുകേല…പകര്‍ച്ചവ്യാധിയും വരുകേല…

ജോസ്: അപ്പോ വയറ്റിലോട്ടുവല്ലോം പോകേണ്ടേ…

തങ്കച്ചന്‍: അങ്ങനത്തെ പരിപാടികളെല്ലാം ഓണ്‍ലൈനില്‍…സാധനങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ്…ഡോര്‍ഡെലിവറി…

ജോസ്: അക്കൗണ്ടില്‍ പൈസകൂടിവേണം…

തങ്കച്ചന്‍: പിള്ളേരോട് കാനഡേന്ന് അക്കൗണ്ടിലോട്ടിട്ടോളാന്‍ പറയണം….പിള്ളേരെയെല്ലാം പുറത്തോട്ടു വിടുക…നമ്മള് പെരയ്ക്കകത്ത് കയറി കതകടച്ചിരിക്കുക.

ജോസ്: അതു നല്ല ഐഡിയായാ….നിങ്ങള് വിട്ടോ….ഞാന്‍ അകത്തുകയറി കതകടയ്ക്കാന്‍ പോകുവാ…

തങ്കച്ചന്‍: നീ ബിസ്‌കറ്റിരുപ്പുണ്ടേല്‍ ഒരു പായക്കറ്റെടുക്ക്….ഇങ്ങോട്ടുവന്നപ്പോ ഒരു പായ്ക്കറ്റെടുത്തതാ…വഴീല്‍ തീര്‍ന്നു…

ജോസ്: അതെന്നാ റോഡേല്‍നടക്കുമ്പം ബിസ്‌കറ്റ് തിന്നുന്നത്…നിങ്ങള് കൊച്ചുപിള്ളേര് കളിക്കുവാണോ…

തങ്കച്ചന്‍: എനിക്കു തിന്നാനല്ല…വഴീകാണുന്ന പട്ടിക്കൊക്കെ കൊടുക്കാനാ…കടിക്കാതിരിക്കുവല്ലോ…ഈയിടെ ചാനല്‍ ചര്‍ച്ചയേല് ഒരു മൃഗസ്‌നേഹി പറഞ്ഞതാ….

ജോസ്: പട്ടീടെ ടൈം ബെസ്റ്റ് ടൈം….

LEAVE A REPLY

Please enter your comment!
Please enter your name here