പശുവളര്‍ത്തലിന്റെ വിജയകഥയല്ല…സങ്കട കഥ

0
55

നേരംപോക്ക്
എപ്പിസോഡ്-8

പശുവിനെ തീറ്റിക്കൊണ്ടിരിക്കുന്ന ജോസ്. പശുവിനെ വാത്സല്യത്തോടെ തലോടുകയും ചെയ്യുന്നുണ്ട്. കൂടെ ഒരു മൂളിപ്പാട്ടും…
ഗോക്കളെ മേച്ചു കളിച്ചും ചിരിച്ചും…ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും…കേളികളാടി വനമാലി…

പിന്നില്‍ നിന്നും പാട്ടിന്റെ തുടര്‍ച്ച
വിശക്കുന്ന നേരം പശുവിന്‍ അകിട്ടിലെ
ജോസ് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പിന്നല്‍ തങ്കച്ചന്‍
തങ്കച്ചന്‍: (ആംഗ്യവിക്ഷേപങ്ങളോടെ..പാട്ട് തുടരുന്നു) പാല്‍മുത്തിക്കുടിച്ചു കൈതവശാലി..

ജോസ്: നിങ്ങളിതെപ്പം വന്നു ഞാന്‍ കണ്ടില്ലല്ലോ..

തങ്കച്ചന്‍: നീ എങ്ങനെ കാണും..നീ എല്ലാം മറന്ന് ഗോപരിപാലനത്തിലല്ലായിരുന്നോ…ആട്ടെ നീ ഇതിനെ എവിടെ നിന്നു സംഘടിപ്പിച്ചു…വാങ്ങിയതാണോ…

ജോസ്: എന്റെ തങ്കച്ചാ..ഒന്നും പറയേണ്ട…അങ്ങനെയൊരു പണി കിട്ടി…

തങ്കച്ചന്‍: അതെന്നാടാ സംഭവം…നീ പശുവിനെ വാങ്ങാന്‍ പോകുന്ന കാര്യമൊന്നും പറഞ്ഞില്ലായിരുന്നല്ലോ…

ജോസ്: എല്ലാം പെട്ടെന്നായിരുന്നു…ഞാന്‍ ചുമ്മാ വീട്ടിലിരിക്കാതെ കറങ്ങി നടക്കുവാന്നും പറഞ്ഞ് പെമ്പ്രന്നോത്തിയും പിള്ളേരും കൂടി ഒരു പണി തന്നതാ…

തങ്കച്ചന്‍: നിന്റെ കറക്കവും പശുവുമായിട്ടെന്നാ ബന്ധം…

ജോസ്: പശുവുണ്ടേല്‍ അതിനെനോക്കി വീട്ടിലിരുന്നോളുമെന്നാ അവരു പറഞ്ഞത്…

തങ്കച്ചന്‍: അത് നല്ല എട്ടിന്റെ പണിയാണല്ലോടാ നിനക്കിട്ടു കിട്ടിയത്…സാരമില്ലെടാ നിനക്ക് കറങ്ങാന്‍ ഒരു കൂട്ടായെന്നു കരുതിയാ മതി…

ജോസ്: ങാ..അതുശരി…ചാഞ്ഞുകിടക്കുന്ന മരത്തേല്‍ത്തന്നെ ഓടിക്കേറിക്കൊള്ളണം…

തങ്കച്ചന്‍: എനിക്കു തോന്നുന്നതേ…നീ ഇതിനെയും വലിച്ചോണ്ടു നടക്കുമ്പം എവിടേലും ഉരുണ്ടുവീഴും… അന്നേരം തിണ്ണേക്കേറി ഇരുന്നോളുമെന്ന കണക്കുകൂട്ടലായിരിക്കും അവര്‍ക്കെന്നാ…

ജോസ്: നിങ്ങളാ കരിനാക്കുവളച്ച് ആവശ്യമില്ലാത്തത് പറയരുത്…പശുവിനെ വിട്ടു കുത്തിക്കും ഞാന്‍…

തങ്കച്ചന്‍: നീ ചുമ്മാ അതിന്റെ വാലേല്‍ തൂങ്ങി നടക്കാതെ അതിനെ അങ്ങോട്ടെങ്ങാനും കെട്ടിയിട്….നമുക്കങ്ങോട്ട് മാറിയിരിക്കാം…
(മുന്നോട്ടു നടക്കുന്നു)

ജോസ്: (പശുവിനെ കെട്ടിക്കൊണ്ട്) തങ്കച്ചാ ..നിങ്ങള് നോക്കിക്കോ…ഇവള് പ്രസവിക്കുമ്പം ഒരു പശുകിടാവായിരിക്കും..അതുകഴിഞ്ഞ് ഇവളും അവളുംകൂടി പ്രവസവിക്കും…വീണ്ടും പശുകിടാക്കള്‍…പിന്നെ അവരെല്ലാവരും കൂടി പ്രസവിക്കും …അങ്ങനെ ഇവിടം ഞാനൊരു ഗോശാലയാക്കും തങ്കച്ചാ…

തങ്കച്ചന്‍: (തിരിഞ്ഞു നിന്ന്) എടാ..ജോസേ നിന്റെ പെമ്പ്രന്നോത്തിയും പിള്ളേരും കൂടി നിനക്കിട്ടു പണി തന്നതാന്നാ ഞാന്‍ ആദ്യം കരുതിയത്….ഇതിപ്പം നിന്റെ ചാനലുപോയതാണോയെന്നെനിക്കൊരു സംശയം.

(രണ്ടുപേരും ചിരിച്ചുകൊണ്ട് മുന്നോട്ട്)

തങ്കച്ചന്‍: (ഇരുന്നുകൊണ്ട്) എടാ…ജോസേ…നീ പറഞ്ഞതിലും കുറച്ചു കാര്യമുണ്ട്…നമുക്ക് ആവഴിക്ക് ഒന്നാലോചിച്ചാലോ…

ജോസ്: ഏതുവഴിക്ക്…

തങ്കച്ചന്‍: ങാഹാ…പറഞ്ഞ് നാക്ക് വായിലിടുന്നതിനു മുന്നേ മറന്നോ….പശുവിനെ വളര്‍ത്തുന്ന കാര്യം….ഒരു പശു ഫാം അങ്ങ് തുടങ്ങിയാലോ…

ജോസ്: അതുശരി നിങ്ങളെന്നെ കൊലയ്ക്കു കൊടുക്കാനാണോ…

തങ്കച്ചന്‍: അതെന്നാടാ …ഇപ്പം സര്‍ക്കാരീന്ന് ഒത്തിരി ധനസഹായവും ബാങ്ക്‌ലോണും സബ്‌സിഡിയുമൊക്കെയുണ്ടെന്ന് വായിച്ചായിരുന്നല്ലോ…

ജോസ്: എന്റെ തങ്കച്ചാ നിങ്ങളീ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്…പശുവിനെ വളര്‍ത്തി രക്ഷപ്പെട്ട ആരെയെങ്കിലും നിങ്ങള്‍ക്ക് കാണിക്കാമോ…

തങ്കച്ചന്‍: ജോസേ നീ പത്രത്തിലും യു ട്യൂബിലുമൊക്കെ കാണുന്നില്ലേ ക്ഷീരകര്‍ഷകരുടെ വിജയകഥകള്‍…

ജോസ്: അതൊക്കെ കാണും അതുകഴിഞ്ഞ് നിങ്ങള് അവരെ നേരിട്ടു പോയൊന്നു കാണണം… അപ്പോഴറിയാം അവരുടെ സങ്കട കഥകള്‍…

തങ്കച്ചന്‍: പാലിന് കഴിഞ്ഞദിവസവും വില കൂട്ടിയില്ലേ…

ജോസ്: പാലിന് വിലകൂട്ടിയാലേ അതിന്റെ ഇരട്ടി അന്നുതന്നെ കാലിത്തീറ്റയ്ക്കു കൂട്ടും…പിന്നെ, ഈ കൂട്ടുന്ന വിലയൊന്നും കര്‍ഷകനു കി്ട്ടില്ല..

തങ്കച്ചന്‍: അതുപിന്നെ ആരു കൊണ്ടുപോകും…

ജോസ്: അതു തങ്കച്ചാ നിങ്ങള്‍ക്കിതിന്റെ കളിയൊന്നും അറിയത്തില്ലാഞ്ഞിട്ടാ.. നിങ്ങളെത്ര രൂപയ്ക്കാ കടേന്നു പാലു മേടിക്കുന്നേ…

തങ്കച്ചന്‍: ഇപ്പം ലിറ്ററിന് 56 ന്…

ജോസ്: അപ്പം കര്‍ഷകന് എന്നാ കിട്ടുമെന്നാ നിങ്ങളുടെ ഒരു ധാരണ…

തങ്കച്ചന്‍: പാലില്‍നിന്നും നെയ്യും എല്ലാമെടുത്തേച്ചല്ലേ നമുക്ക് തരുന്നത്. അപ്പം നെയ്യ് അവരുടെ ലാഭമമായിട്ടു കൂട്ടിയാല്‍ ബാക്കി അനാമത്ത് ചെലവെല്ലാം കഴിഞ്ഞ് ലിറ്ററിന് അമ്പത് രുപ കിട്ടില്ലേ…

ജോസ്: കിട്ടും…നിങ്ങള് പാത്രോംകൊണ്ട് അങ്ങ് ചെന്നാ മതി…

തങ്കച്ചന്‍: അതെന്നാ അങ്ങനെ പറഞ്ഞത്…

ജോസ്: എന്റെ തങ്കച്ചാ…കര്‍ഷകന് കിട്ടുന്നത്, ഏറ്റവും കൂടിയാല്‍ ലിറ്ററിന് 39 രൂപ. ഭൂരിഭാഗം പേര്‍ക്കും 37 കിട്ടും. ഇപ്പം വിലകൂട്ടിയപ്പം ഏറ്റവും കൂടുതല്‍ കിട്ടുന്നത് 41 രൂപ.

തങ്കച്ചന്‍: അപ്പം ബാക്കി കാശോ…

ജോസ്: നമ്മള് സൊസൈറ്റിയില്‍ പാലൂറ്റുമ്പോള്‍ കിട്ടുന്ന കണക്കാ ഇത്…ഈ ഊറ്റിയ പാല് അതേപടി അവരാര്‍ക്കേലും കൊടുത്താല്‍ അവര് 55വെച്ചു മേടിക്കും.

തങ്കച്ചന്‍: കര്‍ഷകരെ സഹായിക്കാനല്ലേ സൊസൈറ്റി….

ജോസ്: അത് പറച്ചിലില്…ഇനി കാലിത്തീറ്റയ്‌ക്കെന്നാ വിലയാണെന്നറിയാമോ..ചാക്കിന് 1535 രൂപ. ഒരു പശുവിന് ദിവസം കുറഞ്ഞത് 5 കിലോ കൊടുക്കണം. അങ്ങനെവരുമ്പോള്‍ പത്തുദിവസത്തേക്കുണ്ട് ഒരു ചാക്ക്. പിന്നെ കാല്‍സ്യം, വരിമരുന്ന് അങ്ങനെയൊരോന്നും…വല്ല അസുഖവും വന്നാല്‍ അത് വേറെ…

തങ്കച്ചന്‍: പശുവിനെ വാങ്ങാനും മറ്റുമൊക്കെ സര്‍ക്കാര് സഹായം തരുന്നുണ്ടല്ലോ…

ജോസ്: കേള്‍ക്കുമ്പം ഇതൊക്കെ നല്ല രസമാ…ഒന്നു വാങ്ങാന്‍ ചെല്ലണം കളി കാണണേല്….

തങ്കച്ചന്‍: ഞാനിന്നലേ വാട്ട്‌സാ്പ്പില് കണ്ടു അഞ്ച് പശു, പത്തു പശു എന്നിങ്ങനെ പശുവിനെ വാങ്ങാന്‍ സ്‌കീമുകളുണ്ടെന്ന്.

ജോസ്: ങാ…അതിന്റെ കളി പറഞ്ഞു തരാം…പശുവിനെ നാട്ടീന്ന് വാങ്ങാന്‍ സമ്മതിക്കുകേല….

തങ്കച്ചന്‍: പിന്നെ എവിടേന്നു വാങ്ങണം…

ജോസ്: തമിഴ്‌നാട്ടിലോ കര്‍ണാകയിലെ പോയി വാങ്ങണം…അതു നമ്മളൊറ്റയ്ക്കു പോയി വാങ്ങിയാല്‍ പോര….ഇവിടുത്തെ മൃഗഡോക്ടറേയും കൂട്ടി പോണം..

തങ്കച്ചന്‍: അതെന്തിനാ അങ്ങനെയൊക്കെ…

ജോസ്: അത് നമ്മുടെ ഇവിടുത്തെ കന്നുകാലികളുടെ മേന്മ വര്‍ധിപ്പിക്കാനാന്നാ പറയുന്നത്…

തങ്കച്ചന്‍: അതു സര്‍ക്കാര് പറയുന്നത് ശരിയല്ലേ..നമ്മുടെ നാട്ടിലേക്ക് മേന്മയുള്ള കന്നുകാലികളെത്തുകേലേ…

ജോസ്: ങാ…എത്തും…നോക്കിയിരുന്നാല്‍ മതി… അവിടുത്തെ കാലാവസ്ഥയാണോ ഇവിടെ…ചൂടു കൂടുതലല്ലേ…പശു അണച്ച് നിക്കും…പാലും കിട്ടുകേല…. അളിയന് ഇതുപോലെ പ്രാന്തുകേറി പശുവിനെ എടുക്കാന്‍ തമിഴ്‌നാടിനുപോയപ്പോ ഞാനും പോയായിരുന്നു…വന്ന വഴിക്ക് വണ്ടിയേല് ഒരു പശു പെറ്റു…അതോടെ അളിയന്റെ കൊതിയും മതിയും തീര്‍ന്നു…

തങ്കച്ചന്‍: വെറുതെയല്ല ഓരോരുത്തരും കുറച്ചുനാള് വളര്‍ത്തിയിട്ട് ഓടി രക്ഷപെടുന്നത്….

ജോസ്: പശുക്കൂട് പണിയാനും ധനസഹായമുണ്ട്….പക്ഷേ പണിതിട്ടു വേണം ചെല്ലാന്‍… അവര് പറഞ്ഞതില്‍നിന്നെങ്ങാനും വല്ല മാറ്റവും വന്നാല്‍ അതും തീര്‍ന്നു….

തങ്കച്ചന്‍: മുഖ്യമന്ത്രിക്ക് തൊഴുത്തുപണിയാന്‍ 45ലക്ഷം കൊടുത്തല്ലോ….

ജോസ്: അത് മുഖ്യമന്ത്രിക്ക്, നമുക്ക് ഏറിയാല്‍ ഒരു ലക്ഷം…

തങ്കച്ചന്‍: സാധാരണക്കാരന്‍ ഒരു ലക്ഷം രൂപയ്ക്ക് പണിയുന്ന തൊഴുത്തിന് 45 ലക്ഷം ആകുന്നതെങ്ങനാ…

ജോസ്: അത് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം…അവിടെ തൊഴുത്തു പണിയുന്ന കാശുണ്ടേല്‍ നൂറു പശുക്കളെ വാങ്ങി കര്‍ഷകര്‍ക്കു കൊടുക്കാന്‍മേലെ…അവരോട് രണ്ടു ലിറ്ററ് പാല് എന്നും ക്ലിഫ് ഹൗസിലോട്ട് എത്തിച്ചേക്കാന്‍ പറഞ്ഞാല്‍പോരേ…

തങ്കച്ചന്‍: ന്റെ ജോസേ…അതൊക്കെ പറഞ്ഞാല് കൂടിപ്പോകും അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല….നമ്മുടെ നാട്ടിലൊക്കെ ഒരുത്തന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ചെയ്യുന്ന അവസാനത്തെ അഭ്യാസമായിട്ടാ പശുവളര്‍ത്തലിനെ കാണുന്നത്..

ജോസ്: അങ്ങനെയെങ്കില്‍ കേരളത്തിന്റെ കാര്യം കട്ടപ്പൊകയായോ…നമ്മുടെയൊക്കെ വീട്ടില്‍ പശുവിനെ മേടിച്ചാല്‍ പിന്നെ പുല്ലുചെത്തും കറവയുമൊക്കെയായി വേറൊരു പരിപാടിക്കും സമയം കിട്ടില്ല….ഒരു കല്യാണത്തിനോ കേറിത്താമസത്തിനോ ഒന്നും പോകാന്‍ നേരം കിട്ടില്ല…

തങ്കച്ചന്‍: ങാ…എന്നാ അതുകൊണ്ടായിരിക്കും ഗവര്‍ണറുടെ ക്രിസ്മസ് പരിപാടിക്ക് ആരും പോകാത്തത്….സമയമില്ലായിരിക്കും..

ജോസ്: അതിനങ്ങ് പോയായിരുന്നേ ആ ഉടക്കങ്ങ് തീര്‍ന്നേനെ…ഇങ്ങനെ വിരുന്നിന് ക്ഷണിച്ചും വിരുന്നുണ്ടുമൊക്കെയല്ലേ പിണക്കങ്ങള് തീരുന്നേ…

തങ്കച്ചന്‍: അങ്ങനെ തീരണമെന്ന് അവര്‍ക്കില്ലായിരിക്കും…ഗവര്‍ണറെ മാറ്റി ഈ യൂണിവേഴ്‌സിറ്റികളിലെല്ലാം ചാന്‍സലര്‍മാരെ വെക്കാന്‍ പറ്റിയാല്‍ എത്ര പേര്‍ക്കാ അവസരം കിട്ടുന്നത്…അതുംകൂടാതെ പേഴ്‌സണല്‍ സ്റ്റാഫായിട്ട് എത്രപേര്….
(താളത്തില്‍)ചാകര….കടപ്പുറത്തിനി ഉത്സവമായി…ചാകര….

ജോസ്: എത്ര ബന്ധുക്കളായിരിക്കും ഇപ്പം സ്വപ്‌നവും കണ്ട് കിടക്കുന്നത്…

തങ്കച്ചന്‍: മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലാകാതിരുന്നാല്‍ മതി…

ജോസ്: അത് അവര് താഴെവീണ് പൊട്ടാതെ നോക്കിക്കോളും…. നമ്മുടെ സ്വപ്‌നങ്ങളാ താഴെവീണ് ചിതറിപ്പോയത്…

തങ്കച്ചന്‍: പശു ഫാം തുടങ്ങാമെന്ന് സ്വപ്‌നം കണ്ടതാ…നീ പറഞ്ഞതു കേട്ടപ്പോ അതും വേണ്ടെന്നു വെച്ചു…നീ ആ പശൂനെ കയറൂരി വിട്…അതെവിടെയങ്കിലും പോയി രക്ഷപ്പെടട്ടെ…

ജോസ്: നിങ്ങളെന്റെ കഞ്ഞീല്‍ കല്ലിടരുത്…വീട്ടിച്ചെല്ലുമ്പോ ഞാനെന്നാ സമാധാനം പറയും…

തങ്കച്ചന്‍: ഇവിടെ രക്ഷയില്ലാത്തതുകൊണ്ട് പശു കാനഡായ്ക്കു പോയെന്ന് പറയ്…

(ഇരുവരും ചിരിക്കുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here