മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ സ്വീകരിക്കുന്നതിങ്ങനെ

0
28

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-20

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടുകൊണ്ട് പുറത്തേക്ക് വരുന്ന ചേട്ടന്‍. എവിടേക്കോ യാത്ര പോകുന്നതിനുള്ള തയാറെടുപ്പുകളാണ്. നല്ല വടിപോലത്തെ ഷര്‍ട്ടും ബനിയനും.

ചേട്ടന്‍: (അക്തതേക്ക് നോക്കി. അസ്വസ്ഥതയോടെ) എടിയേ…എടിയേ…ഇതെവിടെ പോയി കിടക്കുവാ…

ചേടത്തി: (അകത്തുനിന്നും വരുന്നു) ഞാനിവിടെയുണ്ട്…എന്തിനാ വിളിച്ചു കൂവുന്നത്…

ചേട്ടന്‍: എങ്ങോട്ടേലും പോകാന്‍ നേരത്ത് വിളിക്കുമ്പം കാണുകേല…അല്ലെങ്കില്‍ എപ്പഴും മുന്നിലുണ്ട്…

ചേടത്തി: നിങ്ങളെക്കൊണ്ട് തോറ്റല്ലോ…ഇവിടെയെങ്ങാനും ഇരിക്കുവാണേല്‍ ചോദിക്കും അടുക്കളേല്‍ പണിയൊന്നുമില്ലേയെന്ന്…

ചേട്ടന്‍: (ഇടയ്ക്കുകയറി) ഞാനൊരു വഴിക്കു പോകാനൊരുങ്ങുവല്ലേ…അപ്പം പല ആവശ്യങ്ങളും കാണും…അന്നേരം ഇവിടെ കാണണം…

ചേടത്തി: ഇപ്പം നിങ്ങള്‍ക്കെന്നാ വേണ്ടത്..

ചേട്ടന്‍: ചീപ്പെടുത്തോണ്ടുവാ….

ചേടത്തി: (ചിരിക്കുന്നു) നിങ്ങള് ചുമ്മാ രാവിലെ കോമഡിയടിക്കാതെ…

ചേട്ടന്‍: ഞാന്‍ കോമഡി പറഞ്ഞാല്‍ ചിരിക്കുകേലാത്ത നീ ഇപ്പഴെന്നാത്തിനാ ചിരിക്കുന്നത്…ചീപ്പെടുക്കാനല്ലെ പറഞ്ഞുള്ളു…

ചേടത്തി: നിങ്ങളിതുവരെ പറഞ്ഞതിലേ ഏറ്റവും വലിയ കോമഡിയല്ലെ ഇത്…നിങ്ങള്‍ക്കെന്തിനാ ചീപ്പ്…തല ചൊറിയാനാണോ…

ചേട്ടന്‍: എടീ ഇല്ലാത്തവനെ കളിയാക്കരുതെന്നല്ലേ പറയുന്നത്…ചീപ്പ് ഇട്ടൊന്നു തലേല്‍ വീശുക… അതൊരു ശീലമായിപ്പോയി….

ചേടത്തി: ആവശ്യമില്ലാത്ത ശീലങ്ങളൊക്കെ ഒഴിവാക്കണം…അല്ലേല്‍ ആള്‍ക്കാര് കളിയാക്കും…

ചേട്ടന്‍: എടീ ആള്‍ക്കാരെ ആര് മൈന്‍ഡ് ചെയ്യുന്നു…അവര് എന്തെല്ലാം പറയും…എനിക്ക് മുടിയുണ്ടായിരുന്ന കാലത്ത് ഞാന്‍ നീ്ടടിവളര്‍ത്തിയിരിക്കുവായിരുന്നു…അന്നെന്നാ കളിയാക്കായിരുന്നു നാട്ടുകാര്…..ചെറുക്കന്‍ മുടി നീട്ടിവളര്‍ത്തി നടക്കുവാ…ഹിപ്പിയായി പോയി…അമ്മയാണേല്‍ കണ്ണീരും കരച്ചിലും…

ചേടത്തി: അതെന്നാ നിങ്ങള്‍ക്ക് ഇത്രേനീളത്തില്‍ മുടി…ഞാന്‍ കണ്ടിട്ടില്ലല്ലോ…

ചേട്ടന്‍: പെണ്ണുകാണാന്‍ വന്നപ്പോ എല്ലാവരും കൂടിപിടിച്ച് മുടിവെട്ടിച്ചേച്ചാ വന്നത്….

ചേടത്തി: (അടിമുടിനോക്കി) നിങ്ങടെ ഒരുക്കം കണ്ടാല്‍ പെണ്ണുകാണാന്‍ പോകുവാണെന്നു തോന്നുമല്ലോ….തൊമ്മന്റെ കേറിത്താമസത്തിനു പോകുവല്ലേ….അതോ ഇനി വേറെ വല്ല ചുറ്റിക്കളിക്കുമാണോ….

ചേട്ടന്‍: (കൈകുപ്പി) എടീ ചൂടുവെള്ളത്തില്‍ വീണ പൂച്ചവെള്ളമാണേല്‍ പോലും ചാടുമോ….ഒന്നു പറ്റിയതുപറ്റി…ഇനിയില്ല….

ചേടത്തി: ദേ…അവിടേംഇവിടേമെല്ലാം നിരങ്ങിയിട്ട് മുണ്ടേല#മുഴുവന്‍ ചെളിയും പറ്റിച്ച് വന്നേക്കരുത്…അലക്കിവെളുപ്പിക്കാന്‍ പറ്റുകേല….

ചേട്ടന്‍: നീയെന്നതാ പറയുന്നത്….ഞാനവിടെ ചെന്നാലിരിക്കുക പോലുമില്ല…ഇരുന്നാല്‍ മുണ്ടും ഷര്‍ട്ടും ഉടയും…ഇപ്പം നല്ല കുട്ടപ്പനായല്ലേ ഇരിക്കുന്നത്…

ചേടത്തി: കുട്ടപ്പനൊക്കെയാ…കുട്ടകളിക്കിറങ്ങിയേക്കരുത്….തൊമ്മന്റെ മോന്‍ ഫോറിനീന്ന് വല്ലതുമൊക്കെ കൊണ്ടുവന്നിട്ടുകാണും…അതൊക്കെ കാണുമ്പം എല്ലാം മറക്കരുത്….

ചേട്ടന്‍: അങ്ങനത്തെ പരിപാടിക്കൊന്നും ഞാനില്ല…ഞാന്‍ നേരെ അങ്ങുചെല്ലുന്നു….തൊമ്മനെയും കുടുംബത്തെയും വിഷ് ചെയ്യുന്നു…സമ്മാനം കൊടുക്കുന്നു…വീടൊന്നു ചുറ്റിയടിച്ചുകാണുന്നു…ബുഫെ കഴിക്കുന്നു…തിരിച്ചുവരുന്നു…

ചേടത്തി: പ്ലാനിംഗൊക്കെ ഗംഭീരമാ…നടന്നാല്‍ മതി…

ചേട്ടന്‍: (മുണ്ട് നേരെപിടിച്ചിട്ട്) എങ്ങനെയുണ്ട്….ഒരു തൂവാലകൂടി എടുത്തോ…ഇടയ്ക്ക് മുഖം തൂത്തോണ്ടിരിക്കണം…

ചേടത്തി: നിങ്ങള് ചോദിക്കുമെന്നെനിക്കറിയാമായിരുന്നു…ഞാനതെടുക്കുവായിരുന്നു…(തൂവാല കൊടുക്കുന്നു)

ചേട്ടന്‍:(തൂവാല വാങ്ങി മുഖമൊന്ന് ഒപ്പി) എല്ലാം പറഞ്ഞതുപോലെ….എന്നാല്‍ ശരി…(പോകാനൊരുങ്ങി) ഒരു കാര്യം മറന്നു….ഇതുപിടിച്ചോ…(ഒരു ഫ്‌ളൈയിംഗ് കിസ് നല്‍കുന്നു)

ചേടത്തി:(നാണത്തോടെ തലവെട്ടിച്ച്) നിങ്ങള് പോ മനുഷ്യാ…ചുമ്മാ വൃത്തികേടുകാണിക്കാതെ…

ചേട്ടന്‍: (കള്ളച്ചിരിയോടെ) എടീ ചെറുക്കന്‍ ജോലിക്കുപോകുമ്പം അവള്‍ക്കു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെടീ…അവള് നിന്നെപ്പോലെ മുഖം വെട്ടിക്കേല…ദേ..ഇതുപോലെ ചാടിപിടിക്കും..(ആംഗ്യം കാണിക്കുന്നു)

ചേടത്തി: (ചെറുചിരിയോടെ) ചിലനേരത്തെ നിങ്ങളുടെ സ്വഭാവം…തൊലിയുരിഞ്ഞുപോകും…

ചേട്ടന്‍: (ചേടത്തിയുടെ മുന്നില്‍ വന്ന് ആംഗ്യത്തോടെ) പൂക്കാലം വന്നു…പൂക്കാലം….(തിരിഞ്ഞ് ഉത്സാഹിച്ചു നടന്നുകൊണ്ട്) പൂത്തുമ്പീ ചെല്ല പൂത്തുമ്പീ…

സീന്‍-2

ചേട്ടന്‍ വണ്ടിയേല്‍ വന്നിറങ്ങുന്നു. അങ്ങോട്ടുപോയ ചേട്ടനാണെന്നു തോന്നില്ല. ആകെ ഉലഞ്ഞ്..ഷര്‍ട്ടുംമുണ്ടും എല്ലാം അലങ്കോലപ്പെട്ടുകിടക്കുന്നു. നല്ല പൂസാണ്. ആടിയാടി നില്‍ക്കുന്നു. വണ്ടി തിരിച്ചുപോകുന്നു.

ചേട്ടന്‍: (കുഴഞ്ഞസ്വരത്തില്‍) മാനേ…സൂക്ഷിച്ചുപോണം…അവിടെയിച്ചിരി കയറ്റമാണ്…ചക്രം കറങ്ങും…നിന്നുപോകാതെ നോക്കണം…നിന്നാല്‍ ഹാഫ് ക്‌ളച്ചിലെടുക്കണം….സംശയമുണ്ടേല്‍ വിളിച്ചോണം…ഞാന്‍ വന്ന് കേറ്റിത്തരാം. (നോക്കിയിട്ട്) ങാ…പോയി…പോട്ടെ…

മുറ്റത്തേക്ക് ആടിയാടിവരുന്നു. തൂണേല്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു.

ചേട്ടന്‍: എടിയേ…എടിയേ….ചേട്ടന്‍ വന്നു…യു കം ഹിയര്‍…

ചേടത്തി: (ഇറങ്ങിവരുന്നു) ആഹാ…നല്ല കോലത്തിലാണല്ലോ വന്നിരിക്കുന്നത്…

ചേട്ടന്‍: കോലത്തിനെന്താടീ കുഴപ്പം…ഐ ആം സമാര്‍ട്ട് ആന്‍ഡ് എനര്‍ജെറ്റിക്ക്…

ചേടത്തി: ങൂം…എനര്‍ജെറ്റിക്ക്….നേരെ രണ്ടു ചുവടു നടക്കാമോ…

ചേട്ടന്‍: (നടന്നുകൊണ്ട്) എന്നാടീ കുഴപ്പം ഞാന്‍ സ്റ്റെഡിയല്ലേ…

ചേടത്തി: നിങ്ങളിതെന്നാ ഭാവിച്ചാ മനുഷ്യാ….ആരെങ്കിലും കാണുമെന്ന വിചാരം പോലുമില്ലേ…കുടിച്ചു വെളിവുകെട്ടുവന്നിരിക്കുന്നു…

ചേട്ടന്‍: അങ്ങനെ പറയരുത്…കുടിച്ചു എന്നുള്ളതു സത്യമാ…പക്ഷെ വെളിവു കെട്ടു എന്നു പറയരുത്…

ചേടത്തി: അതുഞാന്‍ പിന്‍വലിച്ചു..വെളിവുണ്ടേലല്ലേ കെടൂ…വെളിവുള്ളവരു വല്ലോം ഈ പ്രായത്തില് ഇങ്ങനെ കാണിക്കുമോ…

ചേട്ടന്‍: (ഇടയ്ക്കുകയറി) വെയിറ്റ് …വെയിറ്റ്…കുറേനാളായി നിനക്കൊരു വിചാരമുണ്ട്…എനിക്കുപ്രായമായെന്ന്…ആര്‍ക്കാടീ പ്രായമായത്…എന്നെക്കാള് രണ്ടുവയസുകൂടുതലാ നിനക്ക്…

ചേടത്തി: ദേ ചുമ്മാ കുടിച്ചു ലക്കുകെട്ട് വേണ്ടാത്തത് പറയരുത്….

ചേട്ടന്‍: അന്ന് കല്യാണത്തിനു കുറി തന്നപ്പോ മാമ്മോദീസ മുക്കിയ തീയതി നോക്കിയപ്പോഴല്ലെ മനസിലായത്…പിന്നെ അമ്മ പറഞ്ഞ് നിനക്കിതേ വിധിച്ചിട്ടുള്ളുവെന്ന്…

ചേടത്തി: നിങ്ങളോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ…എന്നെ മാമ്മോദിസാ മുക്കിയത് താമസിച്ചാന്ന്…

ചേട്ടന്‍: ങാ…അതിനി പോട്ട്..ഞാന്‍ സഹിച്ചു….

ചേടത്തി: ഞാനിപ്പം അങ്ങനെ പോട്ടെന്ന് വെക്കുന്നില്ല. കണ്ടില്ലേ ഒരു കോലം…ഇതുക്കൂട്ടു പണി കാണിക്കുമെന്നോര്‍ത്തിരുന്നേല്‍ ഞാന്‍ വിടുകേലായിരുന്നു.

ചേട്ടന്‍: (കൈകൂപ്പി) സോറി…ഒരു കയ്യബദ്ധം പറ്റി…തൊമ്മന്‍ നിര്‍ബന്ധിച്ചപ്പോ….പിടിച്ചുനില്‍ക്കാനായില്ല…

ചേടത്തി: ങാ…പിടിക്കാതെ നില്‍ക്കാന്‍ പറ്റുകേല…ഇനി എന്നാ പരിപാടി അകത്തേക്കോ പുറത്തേക്കോ….

ചേട്ടന്‍: ഇതെന്നാ പരിപാടി ബിഗ് ബോസ് പരിപാടിയോ പിടിച്ചു പുറത്താക്കാന്‍…

ചേട്ടത്തി: ങാ…അങ്ങനെതന്നെ…കുറച്ചുനാളിനി ജയിലില്‍ കിടക്ക്…..അതുകഴിഞ്ഞ് തീരുമാനിക്കാം പുരത്തേക്ക് വിടണമോയെന്ന്….

ചേട്ടന്‍: (നെഞ്ചത്ത് കൈവെച്ച്) ന്റെ ലാലേട്ടാ…ഇതൊരു ചെയ്ത്തായിപ്പോയി….വെറുതെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ആവസ്യമില്ലാത്ത കാര്യമൊക്കെ പഠിപ്പിച്ചു…

(ഭാര്യയുടെ പിന്നാലെ അകത്തേക്ക്. പാട്ടുപാടിക്കൊണ്ട്)
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങള്‍ മരിച്ചു

(തിരിഞ്ഞു നിന്ന് കൈകളുയര്‍ത്തി)

രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍

LEAVE A REPLY

Please enter your comment!
Please enter your name here