സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, സിനിമ എന്തുമാകട്ടെ താര ആരാധനമൂത്ത് ഭ്രാന്തായ അവസ്ഥയാണ് കേരളത്തില്‍

0
49

നേരംപോക്ക്
എപ്പിഡോസ്-7

ജോസ് വ്യായാമത്തിലാണ്. ജോഗിംഗ് മോഡിലും, കൈയുയര്‍ത്തി ചാടി കൂട്ടിയടിച്ച് കാലുകള്‍ അകത്തിചവിട്ടിയുമുള്ള വ്യായാമം. കാലിന്റെ മസിലുകള്‍ അയഞ്ഞു കിട്ടാനായി കാല് കല്ലിലേക്ക് ചവുട്ടിയമര്‍ത്തിയുള്ള മുറകള്‍.

നടന്നു വരുന്ന തങ്കച്ചന്‍ ഇതെല്ലാം കണ്ട് അദ്ഭുതത്തോടെ നോക്കിനില്‍ക്കുന്നു. ചിരിച്ചുകൊണ്ട്,

തങ്കച്ചന്‍: എടാ ജോസേ…ഇതെന്നാടാ നീ കയ്യാല ചവിട്ടി മറിക്കുന്നത്. നിനക്കെന്നാ പറ്റി.

ജോസ്: (കിതച്ചുകൊണ്ട്) നിങ്ങളെവിടെയായിരുന്നു. ഞാനിന്നലെ വിളിച്ചിട്ടൊന്നും കിട്ടിയില്ലല്ലോ.

തങ്കച്ചന്‍: ങാ…ഇന്നലെ പറമ്പിലിത്തിരി പണിയുണ്ടായിരുന്നു. അതുകൊണ്ട് ഫോണൊന്നും നോക്കാന്‍ നേരമില്ലായിരുന്നു…ആട്ടെ…നീ ഇതെന്നാ പരിപാടിയാ…

ജോസ്: നിങ്ങളിതൊന്നും അറിഞ്ഞില്ലേ…ഇന്നാണ് മാസ്‌റ്റേഴ്‌സ് മീറ്റ്…

തങ്കച്ചന്‍: മാസ്‌റ്റേഴ്‌സ് മീറ്റോ…പള്ളിക്കൂടത്തിലെ മാസ്റ്റര്‍മാരുടെയാണോ…അതിന് നീ ഇവിടെ കിടന്ന് തുള്ളുന്നതെന്തിനാ…

ജോസ്: നിങ്ങളേത് കോത്താഴത്തുകാരനാ…മാസ്‌റ്റേഴ്‌സ് എന്നുപറഞ്ഞാലെന്താ…

തങ്കച്ചന്‍: ഞാന്‍ മനസിലാക്കിയിരിക്കുന്നത് പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്ന മാസ്റ്റര്‍മാര്…പിന്നെ പണ്ട് ഈ ബാലനടന്മാരെ മാസ്റ്റര്‍ എന്നു പറഞ്ഞായിരുന്നു വിളിച്ചിരുന്നത്…മാസ്റ്റര്‍ രഘു…എന്നൊക്കെ…പിന്നെ വിവരമുള്ളവരെയൊക്കെ മാസ്റ്റര്‍ എന്ന് വിളിക്കും.

ജോസ്: എന്നാ കേട്ടോ…ഇത് അതൊന്നുമല്ല…മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ്…നാളെയാ സംഭവം.

തങ്കച്ചന്‍: ങാ…അതൊക്കെ നടന്നോട്ടെ…നിനക്കെന്നാ അതില്‍ കാര്യം…

ജോസ്: ഹാ…നിങ്ങള് പത്രമൊന്നും വായിക്കാത്തതിന് ഞാനെന്തു പിഴച്ചു…ഇത് 35 വയസിന് മുകളിലോട്ടുള്ളവര്‍ക്കുള്ള കായികമത്സരമാ. ഓട്ടവും ചാട്ടവുമെല്ലാമുണ്ട്…

തങ്കച്ചന്‍: ആ…ഞാനീ സ്‌പോര്‍ട്‌സ് പേജൊന്നും വായിക്കില്ല…നിനക്കുവേറേ പണിയൊന്നുമില്ലേ ജോസേ…മുട്ടിനുവേദനയാന്ന് പറഞ്ഞ് കുഴമ്പിട്ടിരിക്കുന്നവനാ ഓടാനും ചാടാനും പോകുന്നത്…

ജോസ്: (കൈ വട്ടം വീശിയുള്ള വ്യായാമത്തോടെ) എന്റെ തങ്കച്ചാ …ചുമ്മാ ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കാതെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ജീവിക്ക്…

തങ്കച്ചന്‍: ആട്ടെ …നീ എന്നാ മത്സരത്തിനാ കൂടുന്നേ…

ജോസ്: ഹര്‍ഡില്‍സിന്…ഇങ്ങനെ വേലിക്കു മുകളിലൂടെ ചാടി ഓടുന്ന ഇനമാ….

തങ്കച്ചന്‍: ങാ…അതു നീ ചിലപ്പം കപ്പടിക്കും…ഇന്നാള് പശു കുത്താന്‍ വന്നപ്പോ നീ വേലിപ്പത്തലിന്റെയും കയ്യാലയുടെയും മുകളിലൂടെ ചാടി ഓടുന്നത് ഞാന്‍ കണ്ടതാ.

ജോസ്: ങാ..അതാണ്…അന്നാണ് എന്നിലൊരു സ്‌പോര്‍ട്‌സ്മാന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്…

തങ്കച്ചന്‍: എന്നാപിന്നെ… പശൂവിനെകൂടി കൊണ്ടുപൊയ്‌ക്കോ…എന്നാലല്ലേ സ്പീഡ് കിട്ടുവൊള്ളു.

ജോസ്: നിങ്ങളിവിടെ കളിയാക്കികൊണ്ടിരുന്നോ…ഇവിടുത്തെ മത്സരം ജയിച്ചാല്‍ പിന്നെ ഡല്‍ഹിയിലാ…അവിടുന്നും ജയിച്ചാ ഒളിമ്പിക്‌സ് നടന്ന സ്റ്റേഡിയത്തിലാ മത്സരം…

തങ്കച്ചന്‍: ങാഹാ…എന്നാലിനി ഒളിമ്പ്യന്‍ ജോസ് എന്ന് പേര് മാറ്റേണ്ടിവരുമോ….

ജോസ്: നിങ്ങളെപ്പോലുള്ള പിന്തിരിപ്പന്‍ മൂരാച്ചികളാണ് ഈ നാടിന്റെ ശാപം…ഞാന്‍ പോയി ട്രോഫിയുമായി വരാം…

തങ്കച്ചന്‍: ങാ….നീ പെമ്പ്രന്നോത്തിയൊടൊന്നു പറഞ്ഞിട്ടുപൊയ്‌ക്കോ…നിലവിളി ശബ്ദവുംഇട്ടു വരുമ്പഴത്തേക്ക് ചൂടുവെള്ളവും കുഴമ്പും എടുത്തുവെച്ചേക്കും….

വ്യായാമമുറകളോടെ ജോസ് പോകുന്നു.
കുറച്ചുനേരം ആ പോക്കുനോക്കിയിരുന്ന് കൈമലര്‍ത്തിക്കൊണ്ട് തങ്കച്ചന്‍: എന്താകുമോ എന്തോ…വരാനുള്ളത് വഴിയില്‍ തങ്ങുകേല….

തങ്കച്ചന്‍ പത്രംവായനയിലേക്ക്


പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചന്‍. ജോസ് ഒത്തിയൊത്തിവരുന്നു.

തങ്കച്ചന്‍: ങാ…ഇതാര് ഒളിമ്പ്യന്‍ ജോസോ… ഇന്നലെ വേലി ചാടാന്‍ പോയിട്ട് എന്നാ കിട്ടിയെടാ…

ജോസ്: (ഇത്തിരി ദയനീയഭാവത്തില്‍ നടന്നുവന്നിരുന്നുകൊണ്ട്) കിട്ടിയതൊക്കെ കളയാതിങ്ങ് കൊണ്ടുവന്നിട്ടുണ്ട്.

തങ്കച്ചന്‍: (കളിയാക്കി ചിരിച്ചുകൊണ്ട്) അതെന്നാ ട്രോഫി കാലേല്‍കെട്ടിവെച്ചാണോടാ തന്നത്…ഒരു ഒത്തല്…

ജോസ്: ശവത്തേല്‍ കുത്തല്ലേ തങ്കച്ചാ…ആദ്യത്തെ വേലി ചാടിക്കടന്നപ്പം കുഴപ്പമില്ലായിരുന്നു… രണ്ടാമത്തെ വേലി ചാടിയപ്പം വലത്തേകാലിനൊപ്പം ഇടത്തേ കാല് പോന്നില്ല…വേലിയേല്‍ തട്ടി ….വലത്തേകാല് കുത്തി താഴെവീണു…

തങ്കച്ചന്‍: എന്നിട്ടിത്രയേ പറ്റിയൊള്ളോ….

ജോസ്: വീണത് വേറൊരു ചേട്ടന്റെ മുതുകത്തോട്ടാ…അതുകൊണ്ട് എനിക്കധികം പറ്റിയില്ല. അങ്ങേരെ മെഡിക്കല്‍ കോളജിന് കൊണ്ടുപോയി….

തങ്കച്ചന്‍: എടാ…ജോസേ …ഞാന്‍ അന്നേരമേ പറഞ്ഞില്ലേ…ആകാവുന്ന പണിക്കേപോകാവുള്ളുവെന്ന്.

ജോസ്: എന്റെ തങ്കച്ചാ നിങ്ങളുവന്നൊന്നു കാണണം..എണ്‍പതും തൊണ്ണൂറും വയസുള്ളവരാ പലതിനും ഫസ്റ്റ് മേടിക്കുന്നത്…

തങ്കച്ചന്‍: സാധിക്കില്ലെന്നു ഞാന്‍ പറയില്ല…അത് നിരന്തരമായ പരിശീലനവും ജീവിതക്രമീകരണങ്ങളും വേണം. അല്ലാതെ വെറുതേകുത്തിയിരുന്നിട്ട്. ഓടാനായിട്ട് അങ്ങുചെന്നാല്‍ മൂക്കുംകുത്തിവീഴും.

ജോസ്: ഒരു കാര്യം ചെയ്യാം…ഇനി അടുത്തതവണ നോക്കാം. അതിനുള്ള പരിശീലനം ഇപ്പഴേ അങ്ങുതുടങ്ങിയേക്കാം…

തങ്കച്ചന്‍: ങാ…അതൊരു നല്ല കാര്യമാ..അതിനുവേണേല്‍ ഞാനും നിന്റെകൂടെ കൂടാം.

ജോസ്: നിങ്ങളെന്നതാ ഇത്രകാര്യമായിട്ട് വായിക്കുന്നത്…സംഭവങ്ങള് വല്ലതുമുണ്ടോ…ഞാനിന്ന് പത്രം നോക്കിയതേയില്ല..(പത്രം എടുത്തു നിവര്‍ത്തുന്നു)

തങ്കച്ചന്‍: ലോകകപ്പ് ഫുട്‌ബോള്‍ നടക്കുവല്ലേ…പത്രത്തില്‍ മുഴുവന്‍ അതേയുള്ളു….

ജോസ്: ഹാ…നിങ്ങള് സ്‌പോര്ട്‌സ് നോക്കില്ലെന്ന് പറഞ്ഞിട്ട്…

തങ്കച്ചന്‍: എനിക്കീ ക്രിക്കറ്റും കോപ്പുമൊന്നും ഇഷ്ടമില്ല. ഫുട്‌ബോള് നമ്മടെ സ്വന്തം കളിയാ….

ജോസ്: അല്ലേലും മലയാളിക്ക് ഫുട്‌ബോളെന്നു വെച്ചാല്‍ ഭ്രാന്താ…

തങ്കച്ചന്‍: ഏതുകാര്യത്തിനാണേലും ഭ്രാന്തു കാണിക്കുന്നതില്‍ മലയാളിയെ വെല്ലാന്‍ ആരുമില്ല… വേണ്ടീട്ടുള്ള കാര്യങ്ങളൊന്നും ചെയ്യില്ലെന്നു മാത്രം….

ജോസ്: കഴിഞ്ഞ ദിവസം കണ്ടില്ലെ കൊല്ലത്തിനടുത്ത് രണ്ടു കളിക്കാരുടെ ആരാധകര് തമ്മില് പൂക്കുറ്റി അടി…പാലക്കാട്ട് ആരാധകരും പൊലീസും തമ്മിലടി…

തങ്കച്ചന്‍: ഞാനും അടീടെ വീഡിയോ കണ്ടായിരുന്നു… ഈ പിള്ളേര് സെറ്റിന് എന്തിന്റെ കേടാ ഇങ്ങനെ തലേംവാലുമില്ലാത്ത പരിപാടികള് കാണിക്കാന്‍…

ജോസ്: പിള്ളേരെ മാത്രമെന്തിന് പറയുന്നു അടിയുണ്ടാക്കിയവന്മാരില്‍ മുതുക്കന്മാരും ഉണ്ടായിരുന്നു…

തങ്കച്ചന്‍: മറ്റുള്ള രാജ്യങ്ങളിലൊക്കെ വലിയ കളിക്കാരെ കണ്ട് ആവേശംകേറിയാ പിള്ളേര് ഫുട്‌ബോളിലേക്കും മറ്റും വരുന്നത്….ഇവിടെ ആവേശം കേറി ഫാന്‍ക്ലബ് ഉണ്ടാക്കി തമ്മിലടിക്കും…

ജോസ്: ലോകകപ്പിന്റെ ബഹളം തീരുന്നതോടെ ഇവിടെയുള്ളവന്മാരുടെ ആവേശം തീരും…പിന്നെയൊരുത്തനെയും കാണില്ല….അടുത്ത ലോകകപ്പിനെ ഇനി കട്ടൗട്ടും യൂണിഫോം നിക്കറും ബനിയനുമായിട്ട് ഇറങ്ങത്തുള്ളു….

തങ്കച്ചന്‍: മലയാളിയുടെ മാനസികനില മാറിപ്പോയി….ഇവിടെ കളിയിലായാലും സിനിമയിലായാലും മതത്തിലായാലും എന്തിലായാലും ആള്‍ദൈവങ്ങളെ ഉണ്ടാക്കുകയാണ്…എന്നിട്ടവരെ ആരാധിക്കുക…അവര്‍ക്കുവേണ്ടി മരിക്കാന്‍ തയാറാകുക…ഇതാണിവിടെ നടക്കുന്നത്…

ജോസ്: എനിക്ക് തോന്നുന്നത് മെയ്യനങ്ങി അധ്വാനിക്കാനുള്ള മടിയാണിതിനു കാരണമെന്നാ….

തങ്കച്ചന്‍: എടാ ജോസെ…പണ്ടൊക്കെ നമ്മള്‍ സ്‌കൂളില്‍ പഠിക്കുമ്പോ നിങ്ങടെ റോള്‍മോഡലാരാ എന്നായിരുന്നു ചോദിച്ചിരുന്നത്…നമ്മള് ഗാന്ധിജി, നെഹ്രു, എബ്രാഹം ലിങ്കണ്‍ എന്നൊക്കെ പറയും…

ജോസ്: ങാ…ഇന്ന് റോള്‍ മോഡലൊന്നും ഇല്ല….ആരുടെ ഫാനാണെന്നാ തമ്മില്‍ തമ്മിലുള്ള ചോദ്യം….അന്നേരം വല്ല സിനിമാ നടന്റെയും നടിയുടെയുമൊക്കെ പേരു പറയും….

തങ്കച്ചന്‍: ങാ…അതുതന്നെയാ ഞാന്‍ പറഞ്ഞുവന്നത്….അന്നിവിടെ സിനിമാക്കാര്‍ക്ക് ഫാന്‍സ് അസോസിയേഷനുണ്ടോ…തമിഴന്മാരെ ഫാന്‍സിന്റെ പേരില്‍ നമ്മള് കളിയാക്കുമായിരുന്നു…

ജോസ്: ങാ…ഇവിടെയിപ്പം തമിഴ് തെലുങ്ക് സിനിമാക്കാര്‍ക്ക് വരെ ഫാന്‍സാ….വെളുപ്പിന് അഞ്ചുമണിക്ക് വീട്ടിലിരുന്ന് വല്ലതും വായിച്ചു പഠിക്കേണ്ട നേരത്ത് പിള്ളേര് തമിഴ് പടത്തിന്റെ റിലീസാന്നു പറഞ്ഞ് തിയേറ്ററിനു മുന്നില്‍ പോയി ചെണ്ടകൊട്ടും പാണ്ടിമേളവുമാ….

തങ്കച്ചന്‍: കഥയെഴുതുന്നവന്റെയും സംവിധായകന്റെയും പിന്നെ കംപ്യൂട്ടറിന്റെയും കാശുമുടക്കുന്നവന്റെയും മിടുക്കുകൊണ്ട് സിനിമ വിജയിക്കും…പിന്നെ ഇപ്പറഞ്ഞവരാരുമില്ല…നായകന്‍ മാത്രമേയുള്ളു…മൊത്തം ക്രഡിറ്റ് അങ്ങേര് കൊണ്ടുപോകും. പടം പൊട്ടിയാല്‍ ഇപ്പറഞ്ഞവരുടെ കട്ടേംപടോം മടങ്ങും…എന്നാലും നായകന്‍ അടുത്തഫാന്‍സുകാരെക്കൊണ്ട് പൊക്കിയെഴുതിച്ച് അടുത്ത സിനിമയിലേക്ക് ചാടി രക്ഷപ്പെടും.

ജോസ്: ഇേ്രതം പൈസയൊക്കെ ഈ സിനിമേന്നു കിട്ടുമോന്നാ എന്റെ സംശയം…ഓരോ പടവും ഇറങ്ങിക്കഴിമ്പഴേ നായകനും സംവിധായകനുമൊക്കെ ലക്ഷങ്ങളുടെ കാറുകളാ മേടിക്കുന്നത്….

തങ്കച്ചന്‍: കിട്ടുമായിരിക്കും… കാശുകൊടുത്താലല്ലേ കാറ് കിട്ടുകയുള്ളു….അല്ലേല്‍പിന്നെ പാര്‍ട്ടീടെ നേതാവിന് ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങാന്‍ സര്‍ക്കാര്‍ കാശുമുടക്കുന്നതുപോലെ ആരെങ്കിലും മുന്നിട്ടിറങ്ങണം….

ജോസ്: അങ്ങേര് ഏതോ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാ….പാര്‍ട്ടിക്കു വേണ്ടി ഏറെ സേവനങ്ങള്‍ ചെയ്തിട്ടുള്ളയാളാ…

തങ്കച്ചന്‍: പാര്‍ട്ടിക്കുവേണ്ടിയല്ലേ….നാടിനുവേണ്ടിയല്ലല്ലോ…അപ്പോ പാര്‍ട്ടി കാശുമുടക്കണം അത്രയുള്ളു…

ജോസ്: സര്‍ക്കാരിന് കാശില്ലാത്തപ്പം ഇങ്ങനെ കാണിച്ചത് ശരിയായോ എന്ന് പത്രക്കാര് ധനകാര്യത്തിന്റെ മന്ത്രിയോട് ചോദിച്ചപ്പം മറുപടി ആവശ്യമുള്ളതിന് കാശുമുടക്കേണ്ടെ എന്നാ…

തങ്കച്ചന്‍: ആ…ശരിയാ…അവര്‍ക്കാവശ്യമുള്ളതിന്….നമ്മുടെ ആവശ്യങ്ങള് ചോദിച്ചാ മുണ്ടു മുറുക്കിയുടുത്തോളാന്‍ പറയും…

ജോസ്: ങാ…ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ എല്ലാവരും മുണ്ടു മുറുക്കേണ്ടിവരും…അരേലല്ല….(കഴുത്തേലെന്ന് ആംഗ്യം കാണിക്കുന്നു).

തങ്കച്ചന്‍: ആരെയും പഴിച്ചിട്ടു കാര്യമില്ല…ഭരണപക്ഷത്തിരിക്കുന്നവര്‍ വേണ്ടാത്ത പരിപാടി കാണിച്ചാല്‍ അത് ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ശക്തമായ പ്രതിപക്ഷം വേണം…

ജോസ്: ങാ…പ്രതിപക്ഷത്ത് കസേരകളിയല്ലേ…നാലുവര്‍ഷം കഴിഞ്ഞ് കിട്ടുമെന്ന് കരുതുന്ന കസേരയ്ക്കുവേണ്ടിയുള്ള വട്ടം ചുറ്റി കളി…

തങ്കച്ചന്‍: ഹൈക്കമാന്‍ഡിലെ കസേര കളി കഴിഞ്ഞ് ഓര്‍ക്കാപ്പുറത്ത് പുതിയൊരാളും കൂടി ഇവിടത്തെ വട്ടംചുറ്റിക്കളിയില്‍ കേറിയതോടെ ആകെപ്പാടെ അങ്കലാപ്പാ…

ജോസ്: നമ്മടെ ഇവിടുത്തെ പ്രശ്‌നങ്ങളെല്ലാം മാറി ഒരു പുതിയ തുടക്കത്തിന് എന്താ ഒരു വഴി…

തങ്കച്ചന്‍: എനിക്ക് തോന്നുന്നത്….ജോസേ…ഒരു ഉടച്ചുവാര്‍ക്കല് വേണം….

ജോസ്: ഉടയ്ക്കാന്‍ എളുപ്പമാ…പിന്നെ വാര്‍ക്കാന്‍ പറ്റുമോന്നാ സംശയം…

തങ്കച്ചന്‍: അതല്ലെടാ ഞാന്‍ പറഞ്ഞത്….നമ്മുടെയൊക്കെ മനോഭാവത്തില് മാറ്റം വരണം…അതിന് കേരളത്തിലുള്ള എല്ലാവര്‍ക്കും കൗണ്‍സിലിംഗ് കൊടുക്കണം…അങ്ങനെ നമ്മടെ കാഴ്ചപ്പാടുകളില്‍ ഒരു മാറ്റം വരണം…

ജോസ്: അതൊന്നും നടക്കുന്ന കാര്യമല്ല….നമ്മടെയിവിടം എന്നല്ല….ലോകം മൊത്തം രക്ഷപ്പെടണമെങ്കില്‍ ഒറ്റവഴിയേയുള്ളു…

തങ്കച്ചന്‍: അതെന്നതാടാ നീ കണ്ടുപിടിച്ച വഴി….കേള്‍ക്കട്ടെ…

ജോസ്: ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന് അറിയുന്ന ആ നിമിഷം…അവര്‍ ഭൂമിയിലേക്കെത്തുന്നുവെന്ന് അറിയുന്ന ആ നിമിഷം…. എല്ലാം തകിടം മറിയും….വരുന്നവര്‍ നല്ലതാണെങ്കില്‍ ഭൂമി രക്ഷപ്പെടും അല്ലെങ്കില്‍ അതോടെ ഭൂമി തീരും…

തങ്കച്ചന്‍: എണീറ്റുപോടാ….ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ….വരാന്‍പോകുന്നത് ചെകുത്താനാണോ മാലാഖയാണോയെന്ന് അറിയില്ലെങ്കില്‍ ഉള്ളതുകൊണ്ട് ജീവിക്കുന്നതാ നല്ലത്…

ജോസ്: ങാ…ഇതാണ് മലയാളിയുടെ കുഴപ്പം ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തങ്ങ് പോകുക….(പയ്യെ എണീക്കുന്നു. കാലിന്റെ വേദന മുഖത്തുണ്ട്)

തങ്കച്ചന്‍: എടാ…നീ ഈ ട്രോഫിയുമായിട്ട് വന്നപ്പോ പെമ്പ്രന്നോത്തിയൊന്നും പറഞ്ഞില്ലേടാ…

ജോസ്: അതിന് അവള് ഇവിടെയില്ല…മകളുടെയടുത്ത് പോയതാ…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) അതുശരി…അപ്പം…വെറുതെയല്ല നീ വേലി ചാടാന്‍ പോയത്…

LEAVE A REPLY

Please enter your comment!
Please enter your name here