ഒരു വണ്ടിക്കച്ചവടം

0
70

നേരംപോക്ക്: എപ്പിസോഡ്-61

ജോസും ഭാര്യയും ചെടികളുടെ പരിപാലനത്തിലാണ്. തങ്കച്ചനും തൊമ്മിക്കുഞ്ഞും നടന്നുവരുന്നു.

തൊമ്മിക്കുഞ്ഞ്: (ക്ഷുഭിതനായി) ജോസേ ഈ പരിപാടി നടക്കത്തില്ല…

ജോസ്: (വെള്ളമൊഴിക്കുന്ന കപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞ്) ഇതേ ഞാന്‍ നിര്‍ത്തി..പോയേക്കാം…

ഭാര്യ: (കലികയറി) നിങ്ങള്‍ക്കെന്നാ ചേട്ടാ..മര്യാദയ്ക്ക് ജോലി ചെയ്‌ടോണ്ടിരുന്ന മനുഷ്യനാ…(ജോസിനോട്) കേള്‍ക്കേണ്ട താമസം..കപ്പങ്ങ് വലിച്ചെറിഞ്ഞു..ചെടിക്കു വെള്ളമൊഴിക്ക് മനുഷ്യാ…

തൊമ്മിക്കുഞ്ഞ്: അതിന് ജോസിനോട് ജോലിചെയ്യേണ്ടെന്ന് ഞാനെപ്പം പറഞ്ഞു…

ജോസ്: നീയല്ലേ പറഞ്ഞത് പരിപാടി നിര്‍ത്താന്‍…അന്നേരമാ ഞാന്‍ കപ്പ് വലിച്ചെറിഞ്ഞത്( കപ്പ് തിരിച്ചെടുക്കുന്നു)

തങ്കച്ചന്‍: അമ്പടാ…തൊമ്മിക്കുഞ്ഞ് പറയുന്നത് അതേപടി അനുസരിക്കുന്നവന്‍…എങ്ങനെ മുങ്ങണമെന്ന് നോക്കിയിരിക്കുവായിരുന്നു അവന്‍…

തൊമ്മിക്കുഞ്ഞ്: നമുക്കീ നായ നടക്കുന്നതുപോലെ നടക്കുന്ന പരിപാടി നിര്‍ത്തണം…

തങ്കച്ചന്‍: (ചിരിച്ച്) നീയിന്ന് ഇവന്റെ ഭാര്യേടെ കയ്യീന്ന് മേടിച്ചോണ്ടേ പോകുവുള്ളു…ഞാന്‍ പറയാം…ജോസേ നമുക്കൊരു വണ്ടി മേടിക്കണം…

ജോസ്: മകന് വണ്ടിയുണ്ടല്ലോ..പിന്നെന്നാത്തിനാ വേറേ മേടിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: അതിന് അവന്റെ കയ്യുംകാലും പിടിക്കേണ്ടേ…നമുക്ക് നമ്മുടെ ഇഷ്ടം പോലെ ഉപയോഗിക്കണം…

ഭാര്യ: എന്നാപറ്റി ചെറുക്കനുമായിട്ടു തെറ്റിയോ…

തങ്കച്ചന്‍: ചെറുക്കനുമായിട്ട് തെറ്റിയൊന്നുമില്ല…വഴീന്ന് ഞങ്ങള് കൈ കാണിച്ചിട്ട് കുര്യാപ്പി വണ്ടി നിര്‍ത്തിയില്ല…കൊഞ്ഞനം കുത്തി കാണിച്ചിട്ട് അവന്‍ പോയി…

തൊമ്മിക്കുഞ്ഞ്: അവന്റെ മുന്നീക്കൂടി നമുക്ക് വണ്ടിയേ ഞെളിഞ്ഞിരുന്നു പോകണം.

ജോസ്: വണ്ടി മേടിക്കണേല്‍ കാശൊത്തിരി വേണം..കാശില്ലാത്തതുകൊണ്ടല്ലേ ഞാനിവള് പറയുന്നതുകേട്ട് ഇവിടെയിരിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: നമുക്കൊരു സെക്കന്‍ഡ് ഹാന്‍ഡ് മേടിച്ചാല്‍മതി..മൂന്നുപേര്‍ക്കും ഷെയറിടാം..

ഭാര്യ: ങാഹാ..രാവിലെ ഷെയറ് പരിപാടിയാണോ…നിങ്ങളീ മനുഷ്യനെ കുടിപ്പിച്ചു നശിപ്പിക്കും..

തങ്കച്ചന്‍: ഷെയറെന്നുള്ളതുമാത്രമേ കേട്ടുള്ളു…വണ്ടി മേടിക്കാന്‍ ഷെയറിടാമെന്നാ പറഞ്ഞത്…

ഭാര്യ: ഞാനീ മനുഷ്യനോട് എത്രനാളായി പറയുന്നതാ വണ്ടി മേടിക്കാന്‍…ആങ്ങള പുതിയ വണ്ടിമേടിച്ചപ്പോ പഴയ വണ്ടി തന്നേക്കാമെന്നു പറഞ്ഞതാ…അന്നേരം വലിയ ഗമയായിരുന്നു.

ജോസ്: പിന്നെ..അവന്റെ പഴയ പാട്ടവണ്ടിയും വലിച്ചോണ്ടുനടക്കാന്‍ എന്റെ പട്ടിവരും…

തങ്കച്ചന്‍: നിങ്ങളിത് കുടുംബകലഹമാക്കരുത്…കാര്യത്തിലേക്കുവാ…

തൊമ്മിക്കുഞ്ഞ്: എല്ലാം പറഞ്ഞതുപോലെ…നമ്മള് മൂന്നുപേരും ഷെയറിട്ട് വെണ്ടി മേടിക്കുന്നു..

ഭാര്യ: വണ്ടി ഞങ്ങടെ മുറ്റത്തിടണം…

തങ്കച്ചന്‍: ജോസല്ലേ ഡ്രൈവറ്…ഇവിടെത്തന്നെ കിടക്കട്ടെ…

ഭാര്യ: കന്നിഓട്ടം എന്റെ വീട്ടിലോട്ടായിരിക്കും…

ജോസ്: എന്നാലതൊരു കഞ്ഞിഓട്ടമായിരിക്കും…

തങ്കച്ചന്‍: ഒരു നല്ലകാര്യത്തിനുള്ള തുടക്കമാ…അതിനിടേല്‍ അങ്ങോട്ടുമിങ്ങോട്ടും കുത്തിച്ചാകരുത്…

സീന്‍-2

മുറ്റത്തും വരാന്തയിലുമായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

തങ്കച്ചന്‍: വണ്ടി കാണുന്നില്ലല്ലോ…

തൊമ്മിക്കുഞ്ഞ്: വരും …കറിയാച്ചന്‍ പറഞ്ഞാല്‍ പറഞ്ഞതാ..

ജോസ്: തൊമ്മിക്കുഞ്ഞിന്റെ കേസായതുകൊണ്ട് വിശ്വസിക്കാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: ദാ..അങ്ങോട്ടുനോക്ക്…വരുന്നത്….(വണ്ടിവരുന്നു) തൊമ്മിക്കുഞ്ഞ് പറഞ്ഞാല്‍ പറഞ്ഞതാ.

തങ്കച്ചന്‍: ജോസേ…വണ്ടിയേക്കുറിച്ച് ശരിക്കും പഠിച്ചോണം…അബദ്ധം പറ്റരുത്…

ജോസ്: അക്കാര്യം ഞാനേറ്റു.

വണ്ടി വന്നു നില്‍ക്കുന്നു. എല്ലാവരും വണ്ടിക്കു ചുറ്റും വന്നു നില്‍ക്കുന്നു.

കറിയാച്ചന്‍: (പുറത്തേക്കിറങ്ങുന്നു. വണ്ടി ഓഫാക്കിയിട്ടില്ല) ദേ..ഞാന്‍ മനസായിട്ടു കൊടുക്കുന്നതല്ല…തൊമ്മിച്ചായന്‍ ചോദിച്ചിട്ടുമാത്രമാ…

തങ്കച്ചന്‍: കളറിനൊരു മങ്ങലുണ്ടല്ലോ…ഒരു തിളക്കമില്ല….

കറിയാച്ചന്‍: എന്റെ പൊന്നുചേട്ടാ..എന്നാ വെയിലാ..കണ്ടോ ചേട്ടനെന്നാ വെളുത്തിരുന്നതാ….വെയിലടിച്ചു മങ്ങിപ്പോയില്ലേ…പിന്നെ 24 മണിക്കൂറും വെയിലത്തുകിടന്നോടുന്ന വണ്ടീടെ കാര്യം പറയണോ…

തങ്കച്ചന്‍: ശരിയാ..രാവിലെ ഭാര്യയും പറഞ്ഞായിരുന്നു നിറമിച്ചിരി മങ്ങീന്ന്…

ജോസ്: അതവര്‍ക്ക് കണ്ണിനുമൂടലുള്ളതുകൊണ്ട് തോന്നുന്നതാ…

തൊമ്മിക്കുഞ്ഞ്: (വണ്ടിയുടെ അകത്തോട്ട് തലയിട്ട്) വണ്ടിക്ക് ബ്രേക്കില്ലെ…ഓടാന്‍ തുടങ്ങിയാ നിര്‍ത്താന്‍ പറ്റില്ലേ..

കറിയാച്ചന്‍: ചേട്ടനെന്നാ അങ്ങനെ ചോദിച്ചത്…ബ്രേക്കില്ലാത്ത വണ്ടിയുണ്ടോ…

തൊമ്മിക്കുഞ്ഞ്: അതല്ല… 24 മണിക്കൂറും ഓടുവാണെന്ന് പറഞ്ഞതുകൊണ്ടു ചോദിച്ചതാ….

കറിയാച്ചന്‍: എന്റെ ഊണും ഉറക്കവും ഇതിനകത്താണെന്നാ ഉദ്ദേശിച്ചത്..

തൊമ്മിക്കുഞ്ഞ്: ടോയിലറ്റ് സൗകര്യമൊക്കെയുള്ള വണ്ടിയാണോ…

കറിയാച്ചന്‍: (കൈകൂപ്പി) എന്റെ പൊന്നു ചേട്ടാ നമിച്ചു…ഞാന്‍ നിര്‍ത്തി…

ഭാര്യ: എസിയുണ്ടോ..

കറിയാച്ചന്‍: എസിയില്ല…പക്ഷേ എസിയിലിരിക്കുന്ന ഫീലാ…

തൊമ്മിക്കുഞ്ഞ്: ഫീലു ചെയ്താമതി…എസി വേണമെന്നില്ല..കാശു ലാഭിക്കാന്‍മേലേ..

തങ്കച്ചന്‍: (ഡോറ് തുറന്ന്) ഇതെന്നാ വണ്ടി കിടന്ന് വിറയ്ക്കുന്നത്….വിറയല് പനി വല്ലോം…

കറിയാച്ചന്‍: അതേ…(ചമ്മലോടെ) എഞ്ചിന്‍ ഓഫാക്കിയാല്‍ സെല്‍ഫ് എടുക്കില്ല….

തങ്കച്ചന്‍: ഓഫാക്കിക്കോ…നമുക്കിപ്പം സെല്‍ഫിയൊന്നും എടുക്കേണ്ട…

കറിയാച്ചന്‍ വണ്ടി ഓഫാക്കുന്നു.

ജോസ്: ഏതു മോഡലാ വണ്ടി…

തങ്കച്ചന്‍: കണ്ടാലറിയാന്‍മേലേ വാനാണെന്ന്…

കറിയാച്ചന്‍: 2001 മോഡലാ ചേട്ടാ…

തൊമ്മിക്കുഞ്ഞ്: ഹോ…വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വണ്ടിയാ അല്ലേ…

തങ്കച്ചന്‍: ഇങ്ങുവന്നേ (രണ്ടുപേരെയും മാറ്റി നിര്‍ത്തി) വണ്ടി കണ്ടിട്ടു കുഴപ്പമില്ല…ജോസേ നീ ഓടിച്ചോണം…എന്നാ ഉറപ്പിക്കുവല്ലേ…

ജോസ്: ഞാനേറ്റു…ധൈര്യമായിട്ട് ഉറപ്പിക്കാം…

ഭാര്യ: (കാറിനകത്തോട്ട് തലയിട്ട്) ഓഠിക്കോണ്ടിരിക്കുമ്പം ടിവി കാണാനുള്ള പരിപാടിയില്ലേ…

കറിയാച്ചന്‍: ഉണ്ടായിരുന്നു ചേച്ചീ…അഴിച്ചു ഡിക്കിയില്‍ വെച്ചിരിക്കുവാ…വണ്ടി ഓടിക്കുമ്പോ നമ്മടെ കോണ്‍സന്‍ട്രേഷന്‍ പോകുവേലേ…

ജോസ്: കറിയാച്ചാ…താക്കോലു തന്നേ…ഞാനൊന്നു കേറിനോക്കട്ടെ…

കറിയാച്ചന്‍: കച്ചവടം ആയിക്കഴിഞ്ഞാലേ ഓടിക്കാന്‍ ഞാന്‍ സമ്മതിക്കുവൊള്ളു…

ജോസ്: അല്ലേലും എനിക്കിപ്പം ഓടിക്കത്തില്ല…കാലുമേലാതിരിക്കുവല്ലേ…ചവിട്ടത്തില്ല….

ജോസ് വണ്ടിക്കകത്തേക്കു കയറുന്നു.

കറിയാച്ചന്‍: ഞാന്‍ പൊന്നുപോലെ നോക്കുന്ന വണ്ടിയാ…കല്യാണം കഴിഞ്ഞ് ഭാര്യേംകൊണ്ട് ഈ വണ്ടിയേലാ ഞാന്‍ വീ്ട്ടിലോട്ടുവന്നത്…

തങ്കച്ചന്‍: എന്നാ ദുരന്തങ്ങളൊത്തിരി കണ്ട വണ്ടിയാ അല്ലേ..

ജോസ്: (സ്റ്റിയറിംഗ് വട്ടം കറക്കി) തങ്കച്ചാ…വണ്ടിക്കു കുഴപ്പമില്ല…സ്റ്റിയറിംഗൊക്കെ കറങ്ങുന്നുണ്ട്….

തൊമ്മിക്കുഞ്ഞ്: എല്ലാവരും വണ്ടിക്കകത്തു കയറിക്കോ…ഒന്നിരുന്നു നോക്കാം…

എല്ലാവരും അകത്തു കയറുന്നു. തങ്കച്ചന്‍ മുന്നില്‍ കയറാന്‍ വന്നപ്പോഴേക്കും ഭാര്യ അകത്തുകയറി.

ഭാര്യ: (അകത്തോട്ടു കയറിക്കൊണ്ട്) എനിക്കു മുന്നിലിരിക്കണം…

തങ്കച്ചന്‍ വരാന്തയിലേക്കിരിക്കുന്നു.

തങ്കച്ചന്‍: (പിണങ്ങി) നിങ്ങള് പൊക്കോ ഞാനില്ല. മുന്നിലിരുന്നാണേലേ ഞാനുള്ളു…

കറിയാച്ചന്‍: (അടുത്തോട്ടുവന്ന് പിടിച്ച്) ചേട്ടന്‍ പിണങ്ങാതെ നമ്മള് പോകുന്നില്ലല്ലോ…കയറി ഇരിക്കുന്നതല്ലേയുള്ളു.

ഇരുവരും അകത്തേക്കു കയറുന്നു.

ഭാര്യ: (ഡ്രൈവറുട സീറ്റിലേക്ക് നോക്കി) ങേ…നിങ്ങളാണോ ഓടിക്കുന്നത്…യ്യോ…കഞ്ഞി അടുപ്പത്തു കിടക്കുവാ…വാര്‍ക്കാന്‍ മറന്നു പോയി…(ചാടി ഇറങ്ങുന്നു)

അപ്പോള്‍ത്തന്നെ തങ്കച്ചന്‍ ചാടി മുന്നിലിരിക്കുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ നമുക്കൊന്ന് ഓടിച്ചു നോക്കേണ്ടേ…

ജോസ്: എന്റെ കാലു മേലല്ലോ..കറിയാച്ചന്‍ ഓടിക്ക്…

കറിയാച്ചന്‍: ഞാനോടിച്ചോണ്ടല്ലേ വന്നത്….ഇനിയെന്നാ ഓടിക്കാനാ…(ഫോണ്‍ ബെല്ലടിക്കുന്നു. ഇറങ്ങിക്കൊണ്ട എടുക്കുന്നു.) ഹലോ…വണ്ടി ഉറപ്പിച്ചോണ്ടിരിക്കുവാ…കുറച്ചു കഴിഞ്ഞ് വിളിക്ക്…ഇതുനടന്നില്ലേല്‍ നോക്കാം….(മാറിനിന്ന്) എടി പൊട്ടുപറയുന്നതല്ല…വണ്ടി കച്ചവടമാക്കിക്കൊണ്ടിരിക്കുവാ…ഈ ടുംവെട്ട് സാധനം എങ്ങനെയെങ്കിലും തലയില്‍ നിന്ന് ഇറക്കിവെക്കട്ടെ…(തിരിച്ച് മൂവരുടെയും അടുത്തോട്ടുവന്ന്) ആള്‍ക്കാര് വിളിച്ചോണ്ടിരിക്കുവാ…വേഗം തീരുമാനം പറ…

തങ്കച്ചന്‍: കാശുകൊടുക്ക് ജോസേ…കച്ചവടമാക്കിയേക്കാം…

ജോസ്: (അകത്തോട്ടു നോക്കി) എടീ ഇന്നലെ എടുത്ത കാശെടുത്തോണ്ടുവാ…(കറിയാച്ചനെ നോക്കി) കിഴിവൊന്നും ഇല്ലേ…

കറിയാച്ചന്‍: കിഴിക്കാനൊന്നുമില്ല ചേട്ടാ…ഇതുപോലത്തെ വണ്ടി ഇപ്പം കിട്ടാനില്ല…

തൊമ്മിക്കുഞ്ഞ്: അതുനേരാ ഇതുപോലത്തെ വണ്ടി കിട്ടാന്‍ കാണുകേല…

ഭാര്യ പണം കൊണ്ടുവന്ന് കൊടുക്കുന്നു. ജോസ് കറിയാച്ചന് പണം കൊടുക്കുന്നു.

കരിയാച്ചന്‍: ഇനി താക്കോല്‍ കൈമാറ്റം…ആരുടെ കൈയിലാ തരേണ്ടത്…

തങ്കച്ചന്‍: ചെറുക്കന്‍ വണ്ടി മേടിച്ചപ്പോ അവനും അവളും കൂടി താക്കോല് മേടിക്കുന്ന ഫോട്ടോയൊക്കെ കൊണ്ടുവന്നു കാണിച്ചായിരുന്നു. നമുക്കും അതുപോലൊരു ഫോട്ടോയെടുക്കണം.

കറിയാച്ചന്‍: അതിനെന്നാ എടുത്തേക്കാം.

എല്ലാവരും ഫോട്ടോക്കു പോസു ചെയ്യുന്നു.

കറിയാച്ചന്‍: ഫോട്ടോ ആരെടുക്കും.

ജോസ്: അതുനേരാണല്ലോ…(ആരും അനങ്ങുന്നില്ല) തൊമ്മിക്കുഞ്ഞേ ഫോട്ടോയെടുക്ക്.

തൊമ്മിക്കുഞ്ഞ്: അന്നേരം ഞാന്‍ ഫോട്ടോയിലില്ലാതെ പോകില്ലേ…

ജോസ്: (ഭാര്യയോട്) എന്നാ നീ എടുക്ക്..

ഭാര്യ: മിക്കവാറും നടക്കും…എനിക്കിപ്പത്തന്നെ ഫോട്ടോ ഞങ്ങടെ ഫാമിലി ഗ്രൂപ്പിലിടേണ്ടതാ…

കറിയാച്ചന്‍: തൊമ്മിച്ചായനെടുക്ക്…ചേട്ടനെ വെട്ടിക്കേറ്റാം.

രണ്ടായിട്ടെടുക്കുന്നു.

കറിയാച്ചന്‍: എല്ലാം പറഞ്ഞതുപോലെ…എനിക്കൊത്തിരി ഐശ്വര്യം തന്ന വണ്ടിയാണ്…നിങ്ങള്‍ക്കും ഐശ്വര്യം കൊണ്ടുവരട്ടെ…

ജോസ്: ഐശ്വര്യം നേര്‍ന്നു പോകാതെ വണ്ടി ഷെഡിലോട്ടു കയറ്റിയിട്ടിട്ടു പോ…എന്റെ കാലു മേല…

കറിയാച്ചന്‍: വിറ്റ വണ്ടിയുടെ വളയം ഞാന്‍ പിടിക്കുകേല…അതെന്റെ നയമാ…

തങ്കച്ചന്‍: നീ ഷെഡിലോട്ടിട്ടു പോയാല്‍ മതി…അല്ലേല്‍ എന്റെ നയമിറക്കും…

കറിയാച്ചന്‍: ചേട്ടാ…ഒന്നു കൈവെക്കേണ്ടിവരും…എഞ്ചിന്‍ ഓഫാക്കരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ…സെല്‍ഫെടുക്കുകേല…

തങ്കച്ചന്‍: സെല്‍ഫിയെടുക്കുന്ന കാര്യമാന്നല്ലേ ഞാനോര്‍ത്തത്…പണി കിട്ടിയോടാ ജോസേ…

ജോസ്: ഞങ്ങടെ കാശു തിരിച്ചുതാടാ…അല്ലേല്‍ നിന്നെ ഞങ്ങള്‍ക്ക് കൈവെക്കേണ്ടിവരും…

കറിയാച്ചന്‍: (ഓടിക്കൊണ്ട്) വിറ്റ സാധനം തിരി്‌ച്ചെടുക്കുകേല…

മൂവരും പുറകെ ഓടിയിട്ട് തിരിച്ചുവരുന്നു.

ഭാര്യ: (താടിക്കു കൈകൊടുത്ത് നടേലിരുന്ന്) ചെറുക്കന്‍ വരുന്നതിനുമുന്നെ മുറ്റത്തിന്റെ നടുക്കൂന്ന് എങ്ങനെയേലും മാറ്റിവെക്ക്…

തൊമ്മിക്കുഞ്ഞ്: ജോസേ…നാലുമൂലയ്ക്ക് പിടിച്ച് അരികിലേക്ക് മാറ്റിവെച്ചാലോ…

തങ്കച്ചന്‍: ഇവന്റെ നാലുകാലേലും പിടിച്ച് വലിച്ചൊരേറ് കൊടുത്താലോ…

ജോസ് നടക്കുന്നു.

തങ്കച്ചന്‍: ജോസേ നീ എങ്ങോട്ടാ..

ജോസ്: കവലേല് ഒരാക്രിക്കാരനുണ്ട് അവനെ ഒന്നു കാണാന്‍ പോകുവാ….

തൊമ്മിക്കുഞ്ഞ്: ങാ…ഇനി അതേ മാര്‍ഗമുള്ളു..(മൂവരും നടക്കുന്നു)

ഭാര്യ: (വിളിച്ചു പറയുന്നു) വേറെ മൂന്നെണ്ണവും കൂടിയുണ്ടെന്ന് ആക്രിക്കാരനോട് പറ. മൊത്തത്തില്‍ കൊടുത്തേക്കാം.

തങ്കച്ചന്‍: അതവള് നമ്മളെ ഉദ്ദേശിച്ചു പറഞ്ഞതല്ലേ…

ജോസ്: തിരിഞ്ഞു നോക്കേണ്ട…വലിച്ചു വിട്ടോ….

LEAVE A REPLY

Please enter your comment!
Please enter your name here