അടിച്ചു ഫിറ്റായി മീന്‍ പിടിക്കാന്‍ കുളത്തിലിറങ്ങി

0
35

നേരംപോക്ക്
എപ്പിസോഡ്-44

കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടാനുള്ള തയാറെടുപ്പില്‍ ജോസ്. നടന്നു വരുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: ഇതെന്നാടാ ജോസേ..നീ മീന്‍ പിടിക്കാന്‍ പോകുവാണോ…

ജോസ്: മീന്‍ പിടിക്കാന്‍ എങ്ങോട്ടെങ്കിലും പോകുന്നതെന്നാത്തിനാ…ഇതല്ലേ മീന്‍ കുളം…

തങ്കച്ചന്‍: (കുളത്തിലേക്ക് നോക്കി) യ്യോ…ഇത് കുളമായിരുന്നോ…ഇതില്‍ മീനുണ്ടോ…ഞാന്‍ ഇത്ര നാളും കരുതിയത് ഇത് വേസ്റ്റ് കുഴിയാണെന്നാ…

ജോസ്: പൊക്കോണം…ഞാന്‍ പതിനായിരങ്ങള് മുടക്കി കുളമുണ്ടാക്കി മീനെ വളര്‍ത്തുകയാ…നിങ്ങള് എന്നെ മാത്രമല്ല ഇതിനകത്തു കിടക്കുന്ന മീനുകളെക്കൂടിയാ അപമാനിച്ചത്…

തങ്കച്ചന്‍: (കുളത്തില്‍ നോക്കിയിട്ട്) ഇതിനകത്ത് എത്ര മീന്‍ കാണും…പിടിച്ചാല്‍ ഒന്നു വറക്കാന്‍ കിട്ടുമോ…

ജോസ്: ഒന്നു വറക്കാനോ…എത്ര ലോഡ് കിട്ടുമെന്ന് ചോദിക്ക്…

ഭാര്യ വരുന്നു.

ഭാര്യ: നിങ്ങള്‍ക്കൊരു വട്ടോനെ പോലും കിട്ടിയില്ലേ ഇതുവരെ…

ജോസ്: നീ പറയുമ്പഴേ മീനിങ്ങു ചാടിക്കേറിവരുകേല…ഇതു സമയമെടുക്കും…

ഭാര്യ: സമയത്തിന് ഒരു പരിധിയില്ലേ….

തങ്കച്ചന്‍: ഇതെന്നാ ഇപ്പം മീന്‍വേട്ടയ്ക്കിറങ്ങാന്‍ കാരണം…

ഭാര്യ: എന്റെ പൊന്നു ചേട്ടാ…ഞാന്‍ രാവിലെ കറിവെക്കാനൊന്നുമില്ല മീന്‍ മേടിച്ചോണ്ടുവരാനൊന്നു പറഞ്ഞു പോയി…അന്നേരം വിഷം ചേര്‍ത്തതുവേണ്ട ജൈവമീന്‍ വേണമെന്ന് പറഞ്ഞ് ഇറങ്ങിയതാ…ഈ നേരത്ത് കടലില്‍ പോയി മീന്‍ പിടിക്കാവായിരുന്നു…

ജോസ്: പിന്നെ..കടലിന്റെ അരികില്‍ക്കൂടി നീ മീന്‍ നട്ടുവെച്ചിരിക്കുവല്ലെ…ചെല്ലുമ്പഴേ ഇങ്ങു പറിച്ചെടുത്തോണ്ടുവരാന്‍…

തങ്കച്ചന്‍: നിങ്ങള് വഴക്കുണ്ടാക്കാതെ…എന്തേരെ മീന്‍ കാണും കുളത്തില്‍…

ജോസ്: കുറഞ്ഞത് ഒരു ലോഡ് കാണും…

തങ്കച്ചന്‍: (കുളത്തിലേക്ക് ചെവി വട്ടംപിടിച്ച്) ആരോ ചിരിക്കുന്നതുപോലെ…കുളത്തില്‍ കിടന്ന് മീനാണെന്ന് തോന്നുന്നു…

ഭാര്യ: ചെറുക്കന്‍ രണ്ടു കൊല്ലം മുമ്പ് അഞ്ഞൂറു മീന്‍ കുഞ്ഞുങ്ങളെ കൊണ്ടുവന്നിട്ടതാ..പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല…

ജോസ്: (അരിശപ്പെട്ട്) പിന്നെ നിന്റെ…. ആരാ കൊണ്ടുവന്ന് തീറ്റ കൊടുത്തത്….

ഭാര്യ: അതിന്റെ കഥ പറയേണ്ട…തീറ്റ കൊടുത്തതെന്നതാ…ആഫ്രിക്കന്‍ പായല്…മൂന്നു ബംഗാളികളെ ഒരാഴ്ച നിര്‍ത്തിയാ അത് പിന്നെ കോരിക്കളഞ്ഞത്….

തങ്കച്ചന്‍: അതേണ്ട് തൊമ്മിക്കുഞ്ഞ് വരുന്നു…

ഭാര്യ: യ്യോ…എല്ലാം പൂര്‍ത്തിയായി…ഇനി ഇപ്പം എന്നാ ഒക്കെ ഐഡിയായിരിക്കും….മീന്‍ ഗള്‍ഫിലേക്ക് കയറ്റുമതിവരെ നടത്തും…ഞാന്‍ പോയേക്കാമേ….മീന്‍ കൊണ്ടുവന്നാല്‍ പൊരിച്ചു ചോറ് തരും…

ഭാര്യ പോയി.

തൊമ്മിക്കുഞ്ഞ്: ഇതെന്നാ പ്രശ്‌നം…എന്തോ വലിയ ചര്‍ച്ചയാണല്ലോ…

തങ്കച്ചന്‍: കുളത്തീന്നു മീന്‍ പിടിക്കണം…ജോസിന് ഉച്ചയ്ക്ക് പൊരിച്ച് ചോറിന് കറി കൂട്ടണം…

തൊമ്മിക്കുഞ്ഞ്: അത്രേയുള്ളോ കാര്യം…മീന്‍കാരന്‍ ഇപ്പം വരും..ഒന്നോരണ്ടോ കിലോ മേടിച്ച്…പൊരിക്കുവോ കറിവെക്കുവോ എന്താന്നുവെച്ചാ ചെയ്യ്…കമ്പനിക്ക് ഞങ്ങളും വേണേല്‍ കൂടാം…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..നീ അങ്ങനെ വെറുതെ നിസാരവത്കരിക്കരുത്…ടണ്‍ കണക്കിന് മീനാ കുളത്തില്‍ കിടക്കുന്നത്…

തൊമ്മിക്കുഞ്ഞ്: യ്യോ…എന്നിട്ടാണോ…വറക്കണം ..പൊരിക്കണമെന്നു പറഞ്ഞ് നിക്കുന്നത്…(കുളത്തിലോട്ട് നോക്കി ആലോചിച്ചു നില്‍്ക്കുന്നു)

ജോസ്: ഇതെന്നാ തൊമ്മിക്കുഞ്ഞിന്റെ ചാനല് പോയോ…മിണ്ടാതെ നില്‍ക്കുന്നത്…

തൊമ്മിക്കുഞ്ഞ്: ഞാനാലോചിക്കുവായിരുന്നു….(തലകുലുക്കി) ഓകെ…ഒരു സംഭവം വര്‍ക്കൗട്ടാകും…നമുക്ക് മീന്‍ ലേലം നടത്താം…

തങ്കച്ചന്‍: അതുകൊള്ളാം സൂപ്പര്‍ ഐഡിയായാ…

ജോസ്: മീന്‍ ലേലം എന്നുപറഞ്ഞാലെന്നതാ…

തങ്കച്ചന്‍: അതെനിക്കറിയത്തില്ല…തൊമ്മിക്കുഞ്ഞിനോട് ചോദിക്കണം അവനല്ലേ പറഞ്ഞത്…

ജോസ്: പിന്നെ നിങ്ങള് സൂപ്പറാന്നു പറഞ്ഞത്…

തങ്കച്ചന്‍: അതുഞാന്‍ തൊമ്മിക്കുഞ്ഞിനെ ഒന്നു പ്രോത്സാഹിപ്പിച്ചതല്ലെ…

തൊമ്മിക്കുഞ്ഞ്: നിങ്ങള് ഇതു ശ്രദ്ധിക്ക്…നമ്മള് മീന്‍ പിടിച്ച് ലേലം നടത്തുന്നു…നാട്ടുകാര്‍ക്ക് നല്ല മീനും കൂട്ടാം..നമുക്ക് കൈ നിറയെ കാശും…

ജോസ്: അതിന് മീന്‍ കുളത്തീന്ന് പിടിക്കേണ്ടെ…അതെങ്ങനെ പിടിക്കും…

തൊമ്മിക്കുഞ്ഞ്: അതൊക്കെ ഞാന്‍ ആളെ സംഘടിപ്പിക്കാം…നിങ്ങള് പോയി ഡ്രസൊക്കെ മാറി വാ…

തങ്കച്ചന്‍: മീന്‍ പിടിക്കാനെന്നാത്തിനാ ഡ്രസ് മാറുന്നത്…പെണ്ണുകാണാന്‍ പോകുവൊന്നുമല്ലല്ലോ…

തൊമ്മിക്കുഞ്ഞ: ഇതാണ് നിങ്ങള്‍ക്ക് വിവരമില്ലെന്ന് പറയുന്നത്…ഓരോ കാര്യങ്ങള് ചെയ്യുമ്പം അതിനനുസരിച്ച് ഡ്രസ് കോഡും ആമ്പിയന്‍സുമൊക്കെ വേണം…കൈലി മുണ്ടും ഷര്‍ട്ടുമിട്ടു വരാന്‍…

ജോസ്: എന്നാലങ്ങനെ പച്ചമലയാളത്തില്‍ പറയണം…വാ തങ്കച്ചാ..നമുക്ക് തുണി മാറി വരാം..

രണ്ടുപേരും പോകുന്നു.

തൊമ്മിക്കുഞ്ഞ്: അങ്ങുപോകുവാണോ…അവിടെ നിന്നേ…എനര്‍ജിക്കുള്ള സാധനം സംഘടിപ്പിക്കണം…നൂറേല്‍ നിന്നാലേ കാര്യം നടക്കൂ…

ജോസ്: അതു പറയണോ…തൊമ്മിക്കുഞ്ഞേ…അണ്ടര്‍സ്റ്റുഡല്ലേ….കുപ്പീം ഗ്ലാസും എല്ലാം റെഡി… മോഹന്‍ലാല് പറഞ്ഞതുപോലെ മൂന്നാമത്തെ ഐസ്‌ക്യൂബിടുമ്പഴേക്ക് തൊമ്മിക്കുഞ്ഞ് ഇങ്ങെത്തിയേക്കണം…

തൊമ്മിക്കുഞ്ഞ്: ഓകേ…

തങ്കച്ചന്‍: (നടന്നുകൊണ്ട്)എനിക്ക് ഐസിടേണ്ട…തൊണ്ടയക്കു വേദനയാ…

സീന്‍-2

നടന്നു പോകുന്ന തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: ഇനി കുളത്തിലിറങ്ങാനൊരുത്തനെ എവിടുന്ന് സംഘടിപ്പിക്കും…കേറി ഏറ്റുംപോയി…

എതിരെ കയ്യില്‍ കയറും കൈക്കോടാലിയുമായി ഒരാള്‍. അപരിചിതന്‍ തൊമ്മിക്കുഞ്ഞിനെ ചേട്ടാ എന്നു വിളിച്ച് വിഷ് ചെയ്യുന്നു. തൊമ്മിക്കുഞ്ഞ് വലിയ ഗൗനിക്കാതെ മുന്നോട്ട്. പെട്ടെന്ന് ആലോചിച്ച് നിന്ന് തിരിഞ്ഞു വിളിക്കുന്നു.

തൊമ്മിക്കുഞ്ഞ്: മാണിക്കുഞ്ഞേ…നീ എവിടെ പോയി…

മാണിക്കുഞ്ഞ്: മരത്തിന്റെ ഏരം വെട്ടാന്‍ പോയതാ…

തൊമ്മിക്കുഞ്ഞ്: നിനക്ക് വെള്ളത്തിലിറങ്ങാമോ…

മാണിക്കുഞ്ഞ്: വെള്ളത്തിലിറങ്ങി ഒന്നു കുളിക്കാനായിട്ടാ ഞാനിതിലെ വന്നത്…

തൊമ്മിക്കുഞ്ഞ്: എന്നാ നിനക്ക് കുളിക്കുകേം ചെയ്യാം… മീനേം പിടിക്കാം…

മാണിക്കുഞ്ഞ്: മീനേ പിടിക്കാനോ..ചേട്ടനെന്നതാ പറയുന്നത്…

തൊമ്മിക്കുഞ്ഞ്: (മുന്നോട്ടു നടന്ന്) നീ എന്റെ പിന്നാലെ വാ …നിന്നെ ഞാന്‍ മീനേ പിടിക്കുന്നവനാക്കാം…(തിരിഞ്ഞു നിന്ന്) ഭയങ്കര മീന്‍ പിടുത്തക്കാരനാന്നേ പറയാവൂ…

സീന്‍-3

കുളത്തിന്റെ കരയില്‍ തയാറായി നില്‍ക്കുന്ന ജോസും തങ്കച്ചനും.

തൊമ്മിക്കുഞ്ഞ്: ഇതേ…ഞാന്‍ പറഞ്ഞയാള്…മാണിക്കുഞ്ഞ്…ഞങ്ങളൊക്കെ മീന്‍കുഞ്ഞെന്നു വിളിക്കും…മീന്‍ പിടുത്തത്തില്‍ തെക്കന്‍ കേരളത്തില്‍ ഇത്രേം എക്‌സ്‌പേര്‍ട്ടായിട്ടാളില്ല…

തങ്കച്ചന്‍: അതെന്നാ മീന്‍കുഞ്ഞേ…വടക്കന്‍ കേരളത്തിലേക്കൊന്നും പോകാറില്ലേ…

മാണിക്കുഞ്ഞ്: ഇവിടുത്തെ ഏരമിറക്കല്…. അല്ല മീന്‍ പിടുത്തം കഴിഞ്ഞിട്ടുവേണ്ടെ..വടക്കോട്ടു പോകാന്‍…

ജോസ്: സാധാരണ മീന്‍ പിടുത്തക്കാര് വലയും ചൂണ്ടയുമായിട്ടാ നടക്കുന്നത്…ഇതാദ്യമായിട്ടാ കോടാലിയും കയറുമായിട്ടൊരാളെ കാണുന്നത്…

മാണിക്കുഞ്ഞ്: ഞാന്‍ പാരമ്പര്യരീതികളില്‍ വിശ്വസിക്കുന്നയാളല്ല…(കുളത്തിലേക്ക് നോക്കി നില്‍ക്കുന്നു)

തങ്കച്ചന്‍: എന്നാ കുളം കണ്ടിട്ട് പേടിയുണ്ടോ…

മാണിക്കുഞ്ഞ്: പേടിയോ എനിക്കോ…ഇതിലും ഉയരമുള്ള മരത്തേല്‍ ഞാന്‍ കയറുന്നതാ…പിന്നെയാണോ ഈ കുളം…

ജോസ്: ങാഹാ…മീന്‍കുഞ്ഞ് മരത്തേലും കയറുമോ…

തൊമ്മിക്കുഞ്ഞ്: (ധൃതിയില്‍) മീന്‍കുഞ്ഞാരാന്നാ കരുതിയത്…സകലകലാവല്ലഭനല്ലെ…ആട്ടെ നമുക്ക് അടുത്ത നടപടിക്രമങ്ങള്‍ തുടങ്ങാം..ജോസേ കുപ്പിയും വെള്ളവും എവിടെ…

ജോസ്: കയ്യാലേടെ പുറകില്‍ വെച്ചിരിക്കുവാ..അവള് വന്നാല്‍ കാണേണ്ട…

തൊമ്മിക്കുഞ്ഞ്: ഓകെ…അപ്പോള്‍ നമ്മുടെ മീന്‍ ക്യാച്ച് ഓപ്പറേഷന്‍ സ്റ്റാര്‍ട്‌സ്…ഫോളോ മി…

മൂന്നുപേരും ഉഷാറായി പോകുന്നു. തിരിച്ചുവരുന്നു. തിരിച്ചുവരുമ്പോള്‍ ഇത്തിരി എനേര്‍ജികൂടി.

മാണിക്കുഞ്ഞ് അളവെടുക്കുകയാണ്.

ജോസ്: ഇതെന്നാ മീന്‍കുഞ്ഞ് കുളം കുത്താന്‍ പോകുവാണോ…കുളംകുത്താനല്ല മീന്‍ പിടിക്കാനാ വിളിച്ചത്…

തങ്കച്ചന്‍: ഇനി കുഴല്‍കിണറ്റില്‍ ആളുപോകുമ്പം ഇപ്പുറത്തൊരു കുഴി കുഴിച്ച് അതിലേ ഇറങ്ങിച്ചെന്ന് ആളെ രക്ഷിക്കുന്നതുപോലെ…ഇവിടെ കുളം കുഴിച്ച് ഇതിലേ ഇറങ്ങി മീന്‍ പിടിക്കാനാണോ…

തൊമ്മിക്കുഞ്ഞ്: മീന്‍കുഞ്ഞേ എന്നതാ പരിപാടി…പ്ലാന്‍ പറ..

മീന്‍കുഞ്ഞ്: പ്ലാന്‍ എയും ബിയും സിയുമുണ്ട്…

തങ്കച്ചന്‍: എ ഉണ്ടേല് അതുപറ ആദ്യം..കേള്‍ക്കാനതായിരിക്കും രസം…

ജോസ്: നിങ്ങളുദ്ദേശിച്ച എ അല്ലിത്…

മീന്‍കുഞ്ഞ്: കുളത്തിലേക്ക് ചാടി മീന്‍ പിടിക്കുന്നു. പതിനഞ്ച് അടി താഴ്ചയുള്ള കുളത്തിലേക്ക് മുപ്പതടി അതായത് ഇരട്ടി ദൂരം ഓടി ചാടുന്നു…കുളത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്നു…. മൂന്നു മീനുമായി പൊങ്ങുന്നു..(അഭിനയിച്ചുകൊണ്ട്) മുങ്ങുന്നു..പൊങ്ങുന്നു…മുങ്ങുന്നു…പൊങ്ങുന്നു…മീനെല്ലാം കരേല്…

തൊമ്മിക്കുഞ്ഞും തങ്കച്ചനും വിജയമുദ്ര കാണിക്കുന്നു.

ജോസ്: (സംശയത്തോടെ)രണ്ടുകയ്യല്ലേ ഉള്ളു..മൂന്നെണ്ണത്തെ എവിടെ പിടിക്കും…

മീന്‍കുഞ്ഞ്: ഓരോ കയ്യിലും ഓരോന്ന്…ഒരെണ്ണം വായില്‍ കടിച്ചു പിടിക്കും…പക്ഷേ…പ്ലാന്‍ എ ഇവിടെ നടക്കില്ല..

തങ്കച്ചന്‍: അതെന്നാ പറ്റി

മീന്‍കുഞ്ഞ്: (കൈ ചൂണ്ടി) ഇവിടെ ഓടാന്‍ മുപ്പതടി കിട്ടില്ല…അവിടെ കുഴിയല്ലേ…

തങ്കച്ചന്‍: ജോസേ…ഒരു ജെസിബി വിളിച്ച് കുഴി അങ്ങു നികത്തിയാലോ…

തൊമ്മിക്കുഞ്ഞ്: എന്നാ നമുക്ക് പ്ലാന്‍ ബി നോക്കിയാലോ മീന്‍ കുഞ്ഞേ…

മാണിക്കുഞ്ഞ്: ഞാന്‍ കുളത്തിലേക്ക് കയറുന്നു..അല്ല ഇറങ്ങുന്നു…കോടാലിക്ക് മീന്‍ വെട്ടി വെട്ടി ഇടുന്നു….കയറ് എറിഞ്ഞു തരുന്നു..നിങ്ങള് വലിച്ചിടുന്നു…(പറയുന്നത് ഒരു മരംവെട്ടുകാരന്റെ ഭാവഹാവാദികളോടെ)

തൊമ്മിക്കുഞ്ഞ്: അതുമതി …അതുകൊള്ളാം..(തിരിഞ്ഞുനോക്കുമ്പം ജോസും തങ്കച്ചനും കിറിതുടച്ച് വരുന്നു) ങാഹാ..ഇതിനിടെ നിങ്ങള് പോയി അടിച്ചോ…അതുശരിയാകുകലേലല്ലോ…(ധൃതിയില്‍ നടക്കുന്നു)

ജോസ്: എന്നാ ഞങ്ങളും ഒരു കമ്പനിക്കു വരാം…

മൂന്നുപേരും പോകുന്നു.

മാണിക്കുഞ്ഞ്: (പോക്കുനോക്കി) ഇവന്മാര് മിക്കവാറും ഇന്നു മീന്‍ പിടിച്ചതാ..ഇനി പാമ്പായിട്ടെങ്ങാനും പോയി പിടിച്ചാലേ ഉള്ളൂ…

ഉഷാറായിട്ടു വരുന്ന മൂന്നുപേരും. തലയില്‍ തോര്‍ത്തൊക്കെ കെട്ടിയാണ് വരവ്.

തൊമ്മിക്കുഞ്ഞ്: ജോസേ…ടാര്‍പോളിനൊരെണ്ണം എടുക്കണം…ഇവിടെ വിരിച്ചിടണം…മീന്‍ കൂട്ടിയിടാന്‍…എന്നിട്ടുവേണം ലേലം വിളിക്കാന്‍…

ജോസ്: ആരു ലേലം വിളിക്കും…എനിക്ക് ലേലം വിളിക്കാനറിയില്ല…

തങ്കച്ചന്‍: ഈ തങ്കനിവിടെയുള്ളപ്പം വേറെ ആരു ലേലം വിളിക്കാന്‍…ഞാന്‍ ലേലം വിളിയില്‍ എക്‌സ്‌പേര്‍ട്ടാ…

തൊമ്മിക്കുഞ്ഞ്: എന്നാ നമുക്കൊരു ട്രയല്‍ നോക്കാം…

തങ്കച്ചന്‍: (തയാറെടുപ്പുകളോടെ) പെടയ്ക്കണ മീന്‍…പെടയ്ക്കണ മീന്‍…ആദായ വില…വാ..വാ…കുറകിന് മതിപ്പുവില…

ജോസ്: ങേ..മീനിന് കുറകുണ്ടോ…

മീന്‍കുഞ്ഞ്: (കുളത്തിലേക്ക് നോക്കി) ഇതിനകത്ത് വല്ല പോത്തിനേം ഇവന്മാര് ഇറക്കിവെച്ചിട്ടുണ്ടോ..

തങ്കച്ചന്‍: കഴിഞ്ഞയാഴ്ച പോത്തിനെ കൊന്ന് ലേലം നടത്തിയായിരുന്നു…അതിന്റെ ഹാങ്ഓവറില്‍ പറഞ്ഞുപോയതാ….

ചട്ടിയുമായി ഓടിവരുന്ന ഭാര്യ.

ഭാര്യ: മീന്‍ പിടിച്ചോ…എന്നാ രണ്ടെണ്ണം താ…പൊരിക്കാം…

ജോസ്: (അരിശപ്പെട്ട്) ഹോ..ഇതിനെക്കൊണ്ടു ഞാന്‍ തോറ്റു…ഞങ്ങള് ട്രയല് നടത്തിയതാ…

ഭാര്യ: ഉണ്ണാന്‍ വന്നിരിക്കുമ്പഴും ഞാന്‍ ട്രയലു നടത്തും…

മീന്‍കുഞ്ഞ്: ചേച്ചീ…വല്ല ചമ്മന്തിയുമരച്ച് ചോറുണ്ടോ…നടപടിയുള്ളത് അതാ…

ഭാര്യ: രാവിലെ മുതല് ഇങ്ങോട്ടു വന്ന വരവെല്ലാം നേരെ നടന്നായിരുന്നേല്‍ കടപ്പുറത്ത്ു ചെന്നേനെ…

ജോസ്: ഞാന്‍ വിളിച്ചേക്കാം…നീ പൊക്കോ…ഇപ്പോ ലോഡു കണക്കിന് മീന്‍ വന്നു വീഴും…

ഭാര്യ: മൊത്തം പിടിക്കുവാണോ…എന്നാ ആങ്ങളമാരോടുംകൂടെ വരാന്‍ പറയാം…അവര്‍ക്കൂടെ കൊടുക്കാമല്ലോ…

ജോസ്: അവന്മാരെ ഇപ്പം വിളിക്കണ്ട…ലേലം കഴിഞ്ഞിട്ടു മതി…(തങ്കചച്‌നോട്) അല്ലേല് മുഴുത്തതുനോക്കി അവന്മാര് കൊണ്ടുപോകും…

ഭാര്യ: അവിടുന്നിങ്ങോട്ടു കൊണ്ടുവരുമ്പം മുഴുപ്പുപോരെന്നു പറയുമല്ലോ…

തങ്കച്ചന്‍: ദേ..നിങ്ങള് പിന്നെ വഴക്കുകൂട്…ഞങ്ങളീ മീനെല്ലാം ഒന്നു കരയ്ക്കു കയറ്റിക്കോട്ടെ…

ഭാര്യ: (തിരിച്ചു നടന്നുകൊണ്ട് പിറുപിറുക്കുന്നു) എന്റെ വീട്ടുകാരെ പറയാന്‍ ഭയങ്കര മിടുക്കാ….

തൊമ്മിക്കുഞ്ഞ്: സ്പീഡാക്കിക്കേ…സ്പീഡാക്കിക്കേ…

തങ്കച്ചനും ജോസും കയ്യാലയ്ക്കലേക്ക് സ്പീഡില്‍ പോകുന്നു.

തൊമ്മിക്കുഞ്ഞ്: ഇവന്മാരെങ്ങോട്ടാ…അതുശരി…പിന്നെ ഞാന്‍ വെറുതെ നിക്കണോ…(പോകുന്നു)

മീന്‍കുഞ്ഞ്: ഇവന്മാര് എന്നോട് വേണോയെന്നു പോലും ചോദിക്കുന്നില്ലല്ലോ…തന്നെയങ്ങു വീക്കുവാ അല്ലേ…മനസാക്ഷിയില്ലാത്തവന്മാര്…

മൂന്നുപേരും ഉഷാറായി വരുന്നു.

മാണിക്കുഞ്ഞ്: (ഭവ്യതയോടെ)വെള്ളത്തിലിറങ്ങുമ്പം തണുക്കും…തണുപ്പു മാറ്റാന്‍…

തങ്കച്ചന്‍: അതിനു നീ എന്നാത്തിനാ വെള്ളത്തിലിറങ്ങുന്നത്…

മാണിക്കുഞ്ഞ്; ഞാന്‍ മീന്‍ പിടിക്കാന്‍…

തങ്കച്ചന്‍: ജോസേ..കേട്ടില്ലേ…മീന്‍ പിടിക്കാന്‍ വന്നതാന്ന്…

തൊമ്മിക്കുഞ്ഞ്; ഒരു പത്തുമിനിറ്റ് വെയിറ്റ് ചെയ്താല്‍ വീട്ടില്‍ കൊണ്ടു പോകാന്‍ രണ്ടു മീന്‍ തരാം….(കൈകൊണ്ട് ആംഗ്യം കാണിച്ച്) ഒണ്‍ലി ടൂ മീന്‍സ്

തങ്കച്ചന്‍: (കയ്യിലെ വാച്ച് ഊരിക്കൊടുത്ത് സ്‌റ്റൈലില്‍) നീ ഗാലറിയിലിരുന്ന് കളി കാണ്….

ജോസ്: (കുളത്തിലേക്ക് നോക്കി) തൊമ്മിക്കുഞ്ഞേ..ഞാനീ കുളത്തിലേക്കങ്ങു ചാടിയാലോ…വെറുതെയെന്തിനാ കഷ്ടപ്പെട്ട് ഇറങ്ങുന്നത്…

തൊമ്മിക്കുഞ്ഞ്: ജോസേ പാടില്ല..മീനുകള്‍ പേടിക്കും…പേടിച്ച മീനിനെ തിന്നാല്‍ കൊള്ളില്ല…നമ്മളെല്ലാം സയന്റിഫിക്കായിട്ടു ചിന്തിച്ചേ ചെയ്യാവൂ…

മൂവരും കുളത്തിലേക്ക് വേച്ചുവേച്ചിറങ്ങുന്നു. പരസ്പരം സൂക്ഷിച്ചോണമെന്നുള്ള മുന്നറിയിപ്പുകള്‍.

മാണിക്കുഞ്ഞ്: ഇത് മീനിന് ഒരു വര്‍ഷത്തേക്കുള്ള തീറ്റായാകുമെന്നാ തോന്നുന്നത്…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..ഗ്ലാസും കുപ്പിയുമൊക്കെ എടുത്തില്ലേ…

തൊമ്മിക്കുഞ്ഞ്: എന്നെ മറന്നാലും അതു ഞാന്‍ മറക്കുമോ…

ജോസ്: വെള്ളം എടുത്തോ…

തങ്കച്ചന്‍: വെള്ളം എന്നാത്തിനാ വെള്ളത്തിലോട്ടല്ലേ നമ്മള് പോകുന്നത്…

കുളത്തിനു പുറത്തേക്ക് ശബ്ദം മാത്രം. മാണിക്കുഞ്ഞ് കുളത്തിന് പുറത്ത് എരിപൊരി സഞ്ചാരം…

തൊമ്മിക്കുഞ്ഞ്: ഹോ..മോഹന്‍ലാല് ഒരു സിനിമേല് കുളത്തില്‍ ഗ്ലാസ് മുക്കിയടിക്കുന്നുണ്ട്. അതുകണ്ടപ്പം മുതല് ഞാന്‍ ഓര്‍ക്കുന്നതാ…ഇതുപോലെ കുളത്തിലെ വെള്ളം മുക്കി അടിക്കണമെന്ന്…

തങ്കച്ചന്‍: സിനിമേലെ വലിയ കുളമാ…

ജോസ്: മോഹന്‍ലാലിനെ പോലെ നമുക്കു പറ്റുമോ…നമ്മള് പാവങ്ങള് …

തൊമ്മിക്കുഞ്ഞ്: അണ്ണാറക്കണ്ണനും തന്നാലായത്…

തങ്കച്ചന്‍: (പാടുന്നു) അണ്ണാറക്കണ്ണാ…വാ…ഒരു കിന്നാരം ചൊല്ലാം ഞാന്‍..

ജോസ്: തങ്കച്ചനിലെ ഗായകന്‍ ഉണര്‍ന്നു..

തൊമ്മിക്കുഞ്ഞ്: എന്റെ ജോസേ ഇത്രേം നല്ല സ്ഥലമിരുന്നിട്ടാണോ…നമ്മളാ റബര്‍തോട്ടത്തില് പോയിരുന്ന് കൊതുകുകടി കൊണ്ടത്..

തങ്കച്ചന്‍: ഇവിടെയിപ്പം എന്നാ സുഖമാ..അവളേംപേടിക്കേണ്ട…കുളത്തില്‍ വെള്ളോം ഉണ്ട്…ഒരടുപ്പുംകൂടി കൂട്ടിയാല്‍ മീന്‍പിടിച്ച് വറുത്ത് ടച്ചിംഗ്‌സുമായി…

ജോസ്: തങ്കച്ചാ…എല്ലാത്തിനും അതിന്റേതായ സമയമുണ്ട്…

മാണിക്കുഞ്ഞ്: (കുളത്തിലേക്ക് നോക്കി) ചേട്ടന്മാരെ എന്നെ മറന്നോ…ഞാനും കൂടി വരട്ടെ…

തങ്കച്ചന്‍: ഇവന്‍ പോയില്ലേ…ഞങ്ങള്‍ക്കു തികയാതിരിക്കുവാ..അന്നേരമാ..അതേ പങ്കുപറ്റാന്‍ വരുന്നത്…

ജോസ്; പോയിട്ട് തിങ്കളാഴ്ച വാ..

മാണിക്കുഞ്ഞ്: നമുക്ക് മീന്‍ പിടിക്കേണ്ടേ…

തൊമ്മിക്കുഞ്ഞ്: ഇപ്പം നല്ല മൂഡിലിരിക്കുവാ..അന്നേരമാണോ മീന്‍ പിടുത്തം…അടുത്തയാഴ്ചയാവട്ടെ

തങ്കച്ചന്‍: വിട്ടുപോടാ..ചെറുക്കാ…അവന്റെ മീന്‍ പിടുത്തം…മീന്‍ വേണേല്‍ ഞങ്ങള് കടലില്‍ പോയി പിടിക്കും…കുളത്തീന്നു മീന്‍ പിടിക്കുന്നത് ഞങ്ങടെ സ്റ്റാറ്റസിന് മോശമാ…പോ…പോ..മോനേ ദിനേസാ….

തൊമ്മിക്കുഞ്ഞ്: അതുശരിയാ കടലില്‍പോയി മീന്‍ പിടിച്ചാലേ ഒരു ത്രില്ലുള്ളു…

മാണിക്കുഞ്ഞ്: (തലകുലുക്കി) അങ്ങു രസിച്ചിരിക്കുവാ അല്ലേ…ഞാന്‍ പണി തരാം…(തിരിഞ്ഞുനടക്കുന്നു.)

സീന്‍-4

വീടിന്റെ മുന്നിലെത്തി മണിയടിക്കുന്ന മാണിക്കുഞ്ഞ്

ഭാര്യ വാതില്‍ തുറന്നുവരുന്നു.

മാണിക്കുഞ്ഞ്: മൂന്നു വലിയ വാളയെ പിടിച്ച് കുളത്തിന്റെ കരേല്‍ വെച്ചിട്ടുണ്ട്….

ഭാര്യ: (സന്തോഷത്തോടെ)യ്യോ…വലിയ മീനാണോ….

മാണിക്കുഞ്ഞ്: ഒരു പത്തെഴുപതുകിലോ വീതം വരും..

ഭാര്യ: അത്രേം ഉണ്ടോ….(ചാടിയിറങ്ങിവരുന്നു)അവരെന്തിയേ…

മാണിക്കുഞ്ഞ്: അവര് വെള്ളത്തിലാ…

ഭാര്യ: (ധൃതിയില്‍ നടന്നുകൊണ്ട്) ശ്ശൊ..അതുങ്ങള് വെള്ളത്തില്‍ കിടന്ന് കഷ്ടപ്പെടുവായിരിക്കും….

മാണിക്കുഞ്ഞ്: ഏയ്…അവര് വെള്ളത്തില്‍ കിടന്ന് അര്‍മാദിക്കുവല്ലേ…

ഭാര്യ: ഞാന്‍ ആങ്ങളമാരേക്കൂടി വിളിക്കാമെന്നു പറഞ്ഞതാ…എങ്കിലിപ്പം ഒരു സഹായമായേനെ…

മാണിക്കുഞ്ഞ്: ആങ്ങളമാരെക്കൂടി വിളിക്കുന്നതായിരിക്കും നല്ലത്…

ഭാര്യ: ഒന്നു നോക്കിയിട്ടാകട്ടെ..

കുളത്തിന്റെ കരയ്ക്ക് വന്നപ്പോ മാണിക്കുഞ്ഞ് നില്‍ക്കാതെ പോകുന്നു.

ഭാര്യ: പോകുവാണോ…സഹായിക്കുന്നില്ലേ…

മാണിക്കുഞ്ഞ്: ഇതില്‍ക്കൂടുതല് ഞാന്‍ എന്നാ സഹായിക്കാനാ…പോയിട്ടു വരാം…

കുളത്തില്‍ നിന്നും ജോസ്: പരിചയമുള്ള ഒരു സ്ത്രീ ശബ്ദം. അതിനു പിന്നാലെ ഭാര്യയുടെ മുഖം കുളത്തിലേക്ക്. മൂന്നു പേരും കുളത്തിന്റെ കരേല്‍ ചാരിക്കിടക്കുന്നു.

ഭാര്യ: യ്യോ…മീന്‍ പിടിച്ചു മടുത്തോ..ആങ്ങളമാരെക്കൂടി വിളിക്കാമെന്നു ഞാന്‍ പറഞ്ഞതല്ലേ…മീനെന്തിയേ….വലിയ മൂന്നു വാളയെ കിട്ടിയെന്ന് അയാള് പറഞ്ഞു..

തങ്കച്ചന്‍: (കുഴഞ്ഞ ശബ്ദ്ം)മീന്‍ എവിടെയാ ജീവിക്കുന്നത്..വെള്ളത്തില്…അതവിടെ തന്നെയുണ്ട്…

ഭാര്യ: ങാ…ഹാ..ഞാന്‍ മാറിയപ്പം പണി പറ്റിച്ചല്ലേ…മൂന്നും ഏതുനേരവും വെള്ളത്തിലല്ലേ..അവിടെത്തന്നെ കിടന്നോ…(പോകുന്നു)

ജോസ്: എടീ..അളിയന്മാരെ വിളിക്കെടീ…ഞങ്ങള്‍ക്ക് തന്നെ കേറത്തില്ല…

ഭാര്യ: (നടന്നുകൊണ്ട്) അളിയന്മാരെ വിളിക്കുന്നുണ്ട്…ജെസിബീയുമായി വരാന്‍…അവിടെയിട്ടു ഞാന്‍ മൂടും…

കുളത്തില്‍ നിന്നും ജോസ്: തങ്കച്ചാ..അവള് പറഞ്ഞാ പറഞ്ഞതാ…ഇനി എന്നാ ചെയ്യും.

കുളത്തിനു മുകളില്‍ നിന്നുള്ള ദൃശ്യം.

തൊമ്മിക്കുഞ്ഞ്: (പൂസാണ്)ഒരൈഡിയായുണ്ട്….ക്രയിന്‍ കൊണ്ടുവന്നാലോ…

തങ്കച്ചന്‍: നീ മിണ്ടരുത്…രക്ഷപ്പെടണേല്‍ ഫോണെടുത്ത് വല്ല ബംഗാളിയേയും വിളിക്കെടാ….

LEAVE A REPLY

Please enter your comment!
Please enter your name here