കത്തിവാസു മുട്ടുമടക്കി

0
60

നേരംപോക്ക്
എപ്പിസോഡ്-55

വഴിവക്കില്‍ മുണ്ടു മടക്കികുത്തി വില്ലന്‍ ലുക്കില്‍ നില്‍ക്കുന്ന ഗുണ്ടാ വാസു. ഒരു നാടന്‍ ഗുണ്ടയുടെ ഭാവഹാവാദികള്‍. കത്തികൊണ്ട് ഇടയ്ക്ക് താടി ചൊറിയുന്നു.

വാസു: (കത്തികൈയിലിട്ട് രാകിക്കൊണ്ട്) ഇന്നൊരുത്തനെയും കാണുന്നില്ലല്ലോ. ഒരു ചായകുടിക്കാഞ്ഞിട്ട് വയറ്റില്‍ കിടന്ന് മറിയുന്നു. (രണ്ടു ചാലു നടക്കുന്നു) പഴയപോലെ അങ്ങോട്ടൊന്നും ഏല്‍ക്കുന്നില്ല. (കത്തി കഴുത്തില്‍ ചൊറിഞ്ഞ് എല്ലാം മറന്ന് നില്‍ക്കുന്നു. പഴയ ഓര്‍മകള്‍. അറിയാതെ കത്തി കഴുത്തില്‍ അമരുന്നു. ഞെട്ടിയുണര്‍ന്ന്) ഹോ…ഇപ്പം പണി പാളിയേനേ. (ദൂരേക്ക് നോക്കി) ഒരുത്തന്‍ വരുന്നുണ്ടല്ലോ…അവനെകണ്ടിട്ട് പഞ്ചപാവമാന്ന് തോന്നുന്നു. എങ്കിലിന്ന് ചായമാത്രമല്ല പൊറോട്ടയ്ക്കുമുള്ള വകുപ്പുണ്ടാക്കും.

നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്. മരത്തേല്‍ കാലുകുത്തി ചാരി കത്തികൊണ്ട് മുഖം ചൊറിഞ്ഞ് നില്‍ക്കുന്ന വാസു. മൈന്‍ഡ് ചെയ്യാതെ കടന്നുപോകുന്ന തൊമ്മിക്കുഞ്ഞ്.

വാസു: ങേ…അവന്‍ വിട്ടുപോകുവാണോ….ടാ..നില്ലെടാ അവിടെ….

തൊമ്മിക്കുഞ്ഞ് ഞെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു.

തൊമ്മിക്കുഞ്ഞ്: യ്യോ…പേടിച്ചുപോയല്ലോ…ആരാ…

വാസു: പേടിക്കണം…കത്തിവാസുവിന്റെ മണം അടിച്ചാല്‍ ആ ഏരിയായിലെ ഈച്ച പോലും അതുവഴി പറക്കില്ല.

തൊമ്മിക്കുഞ്ഞ്: (ചുറ്റും നോക്കി) ഞാനും അതോര്‍ത്തുവരുവായിരുന്നു…എവിടെ നിന്നാ ഈ വൃത്തികെട്ടനാറ്റം വരുന്നതെന്ന്…

വാസു: എവിടെ പോകുവാടാ…

തൊമ്മിക്കുഞ്ഞ്: ഞാന്‍ കവല വരെ പോകുവായിരുന്നു…എന്നാ ഞാന്‍ പൊക്കോട്ടെ…

വാസു: ങും…വാസുവിന് ടോള്‍ തന്നിട്ട് പൊക്കോ…

തൊമ്മിക്കുഞ്ഞ്: ടോളോ…അതു ഹൈവേയിലല്ലേ…

വാസു: ഞങ്ങള് ഗുണ്ടാ പിരിവിന് ഇപ്പം ടോള് പിരിവെന്നാ പറയുന്നത്….കാലത്തിനനുസരിച്ചൊരു മാറ്റം…

തൊമ്മിക്കുഞ്ഞ്: അതു നേരാ…രണ്ടും ഫലത്തില്‍ ഒന്ന്ുതന്നെയാ…പഴ ഗുണ്ടാ പിരിവുപോലെ തന്നെയാ ടോളും നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല് പിരിവ്…

വാസു: നീ വലിയ വകുപ്പൊന്നും അടിക്കേണ്ട…ടോളെടുക്കെടാ…

തൊമ്മിക്കുഞ്ഞ്: എന്റെ കൈയില്‍ കാശൊന്നുമില്ല…

വാസു: ഇതുകണ്ടോ…കത്തി…ഒരേറെറിഞ്ഞാല്‍ നിന്റെ നെഞ്ചുതുളച്ച് അപ്പുറം പായും…

തൊമ്മിക്കുഞ്ഞ്: ന്റെ വാസു…ഒന്നും ചെയ്യരുത്…അരിമേടിക്കാനായിട്ട് ഭാര്യ തന്നുവിട്ട നൂറുരൂപയേയുള്ളു….

വാസു: (ബലമായിട്ട് പോക്കറ്റില്‍ നിന്ന് പൈസ എടുക്കുന്നു) എനിക്കും അരിമേടിക്കേണ്ടേ…ങാഹാ…കൊള്ളാമല്ലോ…അഞ്ഞൂറ്….നീ വെളച്ചിലെടുക്കുവാ അല്ലേ…

തൊമ്മിക്കുഞ്ഞ്: നൂറ് രൂപയ്ക്കരിയും ബാക്കി പൈസയ്ക്ക് ഷെയറിട്ട് ഒരെണ്ണം മേടിക്കാനുമായിരുന്നു…അതിങ്ങ് താ…

വാസു: (തലങ്ങും വിലങ്ങും കത്തി വീശി) നീ കള്ളം പറഞ്ഞിട്ട അഭ്യാസം എടുക്കുന്നോടാ…കത്തി വാസു വേറെ എന്തും സഹിക്കും…കള്ളം പറയുന്നവനെ വെറുതെ വിടില്ല…(കത്തിവീശുന്നു)

തൊമ്മിക്കുഞ്ഞ്: (പേടിച്ച്) യ്യോ…ഒന്നും ചെയ്യരുത്…ഞാന്‍ പൊക്കോളാം..

വാസു: അങ്ങനെ അങ്ങുപോയാല്‍ ശരിയാകുമോ…കള്ളം പറഞ്ഞതിന് ശിക്ഷ വേണ്ടേ…തുണി പറിച്ച് തലേല്‍ കെട്ടെടാ…

തൊമ്മിക്കുഞ്ഞ് തുണി പറിച്ച് തലേല്‍ കെട്ടുന്നു.

വാസു: തിരിഞ്ഞു നോക്കാതെ ഓടെടാ…..

തൊമ്മിക്കുഞ്ഞ് ഓടുന്നു.

വാസു: (അഞ്ഞൂറ് രൂപ നോട്ട് നിവര്‍ത്തിപ്പിടിച്ച് നോക്കി) ഇന്ന് കണികണ്ടവനെ എന്നും കാണണേ….

സീന്‍-2

തിണ്ണയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ജോസും തങ്കച്ചനും. ജോസിന്റെ ഭാര്യ കേട്ടുകൊണ്ടു നില്‍ക്കുന്നു.

തങ്കച്ചന്‍: (പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി) ഞാന്‍ പിന്നെയൊന്നും നോക്കിയില്ല ജോസേ…തലങ്ങും വിലങ്ങും അടിയായിരുന്നു…ലാസ്റ്റ് എന്റഎ സ്‌പെഷ്യല്‍ ഐറ്റം…

ഭാര്യ: അതെന്നതാ…

തങ്കച്ചന്‍: അതുകേട്ടിട്ടില്ലേ…(അഭിനയിച്ചു കാണിച്ച്) ഉടുത്തിരിക്കുന്ന മുണ്ടിങ്ങനെ പറിച്ചിട്ട് അവന്റെ തലയങ്ങുമൂടിയിട്ട്….ചന്നംപിന്നം ഇടിയാ…പിന്നെ ഞാന്‍ ചുറ്റും ഒന്നും നോക്കും…

ഭാര്യ: അതെന്നാത്തിനാ ആരെങ്കിലും വരുന്നുണ്ടെന്നാണോ…

തങ്കച്ചന്‍: ഹേ…അതൊന്നുമല്ല…അടുത്തെങ്ങാനും കിണറുണ്ടോന്ന്…അവനെ കിണറ്റിലേക്കെടുത്തിട്ടാലേ എനിക്കൊരു സാറ്റിസ്ഫാക്ഷന്‍ കിട്ടൂ…

ഭാര്യ: ഇതു ഞാനേതോ…സിനിമേല്‍ കണ്ടിട്ടുണ്ടല്ലോ…

തങ്കച്ചന്‍: സിനിമേലൊക്കെ വരുന്നതിനുമുന്നേ ഞാന്‍ തുടങ്ങിയ പരിപാടിയല്ലേ ഇത്…

ജോസ്: ഇങ്ങനെയുള്ള സംഭവങ്ങള് കേട്ടല്ലേ…സിനിമാക്കാര് കഥയെഴുതുന്നത്…എന്നോട് സിനിമാക്കാര് വന്ന് ചോദിച്ചിട്ടുള്ളതല്ലേ…

ഭാര്യ: അതെപ്പം…ഞാനറിഞ്ഞില്ലല്ലോ…

ജോസ്: കല്യാണത്തിനു മുമ്പേയാ…അന്ന് പള്ളിപ്പെരുന്നാളായിരുന്നു…ബാന്റ് മേളക്കാരുടെയിടയില്‍ കിടന്ന് ഒരുത്തന്‍ അലമ്പ്…ചുറ്റും ആളുകൂടി….ഞാന്‍ നേര്‍ച്ചപ്പണം എണ്ണിക്കോണ്ടിരിക്കുവായിരുന്നു…ബഹളം കേട്ട് ഓടിവന്നപ്പോള്‍ ആള്‍്ക്കൂട്ടം കാരണം അടി നടക്കുന്നിടത്തേക്ക് കയറാന്‍ പറ്റുന്നില്ല…ഞാന്‍ ഒന്നും നോക്കിയില്ല..കുറച്ച് പുറകോട്ട് മാറി കൈ നിലത്തുകുത്തി ഒരു മലക്കംമറിച്ചില്‍..നേരേ കളത്തില്…ആള്‍ക്കാര് അന്തംവിട്ടുനില്‍ക്കുവാ…കത്തിയും വീശിനില്‍ക്കുന്നവന് ആലോചിക്കാന്‍ സമയം കൊടുക്കുന്നതിനുമുന്നേ….വന്നവരവിന് ഒന്നു കൂടി കറങ്ങി കാലിന് ഒരൊറ്റ തൊഴി…അവന്‍ മേലേക്കൂടി പറന്ന് പള്ളിക്കിണറ്റില്…ആള്‍ക്കാരെല്ലാം കൂടി എന്നെ പൊക്കിക്കൊണ്ടാ പോയത്….

ഭാര്യ: കിണറ്റീന്നോ…

ജോസ്: കാലുകൊണ്ടുള്ള അഭ്യാസമായിരുന്നു എന്റെ മെയിന്‍…

ഭാര്യ: എന്നാ അങ്ങനെയായിരിക്കും മുട്ടിനുവേദന പിടിച്ചത്…

തങ്കച്ചന്‍: (ദൂരേക്ക് നോക്കി) ആരാ ഒരുത്തന്‍ നിക്കറുമിട്ട് ഓടിവരുന്നത്…

ഭാര്യ: തലമൂടിയാണല്ലോ വരുന്നത്…

ജോസ്: വല്ല കൊള്ളക്കാരുമാണോ…അകത്തുകയറിക്കോ…

പറഞ്ഞുതീര്‍ന്നതും തങ്കച്ചന്‍ അകത്തേക്കോടി. ഭാര്യയും ഓടാനൊരുങ്ങുന്നു.

ജോസ്: എടീ എ്‌നനെക്കൂടി കൊണ്ടുപോടി…കാലുമേലെന്ന് അറിയാന്മേലേ…

ഭാര്യ ജോസിനെ താങ്ങുന്നതിനായിവരുന്നു. അപ്പോഴേക്ക് തൊമ്മിക്കുഞ്ഞ് നിലവിളിച്ച് വരുന്നു.

ജോസ്: ങേ…തൊമ്മിക്കുഞ്ഞായിരുന്നോ…

ഭാര്യ: ഇതെന്നാ പറ്റി ചേട്ടാ…തുണിയുടുക്കാന്‍ മറന്നുപോയോ…

തൊമ്മിക്കുഞ്ഞ് അവശനായി ഇരിക്കുന്നു.

തൊമ്മിക്കുഞ്ഞ്: പറയാം…തങ്കച്ചനെന്തിയേ..

ജോസ്: തങ്കച്ചാ…ഇറങ്ങിപ്പോര്…ഇതു തൊമ്മിക്കുഞ്ഞാ…

തങ്കച്ചന്‍ ചമ്മലോടെ പുറത്തേക്കിറങ്ങിവരുന്നു.

തങ്കച്ചന്‍: ഞാനേ ആയുധമെന്തെങ്കിലും എടുക്കാനായിട്ട് അകത്തോട്ടു കയറിയതാ…(ചമ്മലമുമാറ്റി) തൊമ്മിക്കുഞ്ഞേ നിനക്കെന്നാ പറ്റിയെടാ…

തൊമ്മിക്കുഞ്ഞ്: ഒരുത്തന്‍ കവലേല്‍വെച്ച് എന്റെ കാശുപിടിച്ചുപറിച്ച് തുണി പറിച്ച് തലേല്‍കെട്ടിച്ച് ഓഠിച്ചു…

തങ്കച്ചന്‍: ങേ…അതേതവനാടാ…നമ്മടെ കളത്തില്‍ കയറി കളിക്കുന്നത്…

ജോസ്: തൊമ്മിക്കുഞ്ഞിനെ ഞങ്ങളെ വിളിക്കാന്‍ മേലായിരുന്നോ…അന്നേരം തന്നെ…

തൊമ്മിക്കുഞ്ഞ്: (തുണിയുടുത്തുകൊണ്ട്) അവന്‍ കത്തി പള്ളയ്ക്ക് കുത്തിനിര്‍ത്തിയിരിക്കുവാ എന്നെ…അനങ്ങിയാല്‍ തുളവീഴും…

ജോസ്: ഹോ…കേട്ടിട്ട് എന്റെ കാലുതരിക്കുന്നു…അവനെ തൊഴിച്ചെറിയേണ്ടായിരുന്നോ…

തങ്കച്ചന്‍: നീ ഞങ്ങളുടെ കൂടെ ഇത്രനാളും നടന്നിട്ടും ഒരഭ്യാസവും മനസിലാക്കിയില്ലേടാ…

ഭാര്യ: നമ്മക്ക് പൊലീസിനെ വിളിക്കാന്നെ…

തങ്കച്ചന്‍: എന്തിന്…ഞങ്ങളിവിടെയുള്ളപ്പോ…പോലീസെന്തിന്…അവരെ വിളിച്ചാലും തങ്കന്‍ ചേട്ടന് കൈകാര്യം ചെയ്യാവുന്നതല്ലേയുള്ളുവെന്ന് ചോദിക്കത്തേയുള്ളു.

ഭാര്യ: ന്റെ പൊന്നേ…നിങ്ങളിനി വഴക്കിനൊന്നും പോകേണ്ട…ഇനി ആ വഴി പോകാതിരുന്നാല്‍ മതി..

തങ്കച്ചന്‍: നിനക്കെങ്ങനെ ഞങ്ങളോടിങ്ങനെ പറയാന്‍ തോന്നുന്നു…ധീരന്മാര്‍ക്ക് മരണം ഒരു തവണയെയുള്ളു…

ഭാര്യ: അതെല്ലാവര്‍ക്കും അങ്ങനെതന്നെയല്ലേ…

ജോസ്: അതൊക്കെ വടക്കന്‍പാട്ടിലെ പെണ്ണുങ്ങളെ കണ്ടുപഠിക്കണം…ആണുങ്ങള് വെട്ടാനും കുത്താനും പോകുമ്പോ…വിളക്ക് കത്തിച്ച് നെറ്റിയേല്‍പൊട്ടുംകുത്തിയാ വിടുന്നത്…

ഭാര്യ: വടക്കന്‍പാട്ടുകാരോ…അതേതാ…അങ്ങനെയൊരു വീട്ടുപേര് ഞാന്‍ കേട്ടിട്ടില്ലല്ലോ…

ജോസ്: കുറച്ചുനേരത്തേക്ക് ഒന്നു മിണ്ടാതിരിക്കാമോ…ഞങ്ങള് ഓപ്പറേഷന് ഒന്നു തയാറെടുക്കട്ടെ…

തൊമ്മിക്കുഞ്ഞ്: ജോസേ…വേണ്ടാ..ഇതു നിസാരമല്ല..അവന്‍ ഭയങ്കര അഭ്യാസിയാ…വലിയ കത്തിയുണ്ട് അവന്റെ കയ്യില്‍…

തങ്കച്ചന്‍: അവന്റെ കയ്യിലിരിക്കുന്ന കത്തി സെക്കന്റുകള്‍ക്കുള്ളില്‍ എന്റെ കയ്യിലെത്തും…അതാണ് അഭ്യാസി…ജോസേ…ഓപ്പറേഷന് പേരിട്ടു…ഓപ്പറേഷന്‍ കത്തി…ഫോളോ മി…(കൈ കൊണ്ട് പിന്തുടരാനുള്ള ആംഗ്യം കാണിച്ച് മു്‌ന്നോട്ട്. കുറച്ചു നടന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആരും വരുന്നില്ല. എ്ല്ലാവരും ഇരുന്നിടത്ത് ഇരിക്കുവാണ്.) ഇതെന്നാ നിങ്ങള് വരാത്തത്…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…ഒരുവിധത്തിലാ ഞാന്‍ അവന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്…ഇനിയും അവന്റെ വായിലേക്ക് ചെ്ന്നുകയറാന്‍ വയ്യ…

ജോസ്: തങ്കച്ചാ…എന്റെ കാലുവയ്യാത്തതല്ലേ…രണ്ടാഴ്ചകൂടി അനക്കാതിരിക്കണമെന്നാ ഡോക്ടറ് പറഞ്ഞത്…അവനെ കണ്ടാല്‍ ഞാന്‍ തൊഴിച്ചെറിയും…കാലമേലൊന്നൊന്നും അന്നേരം ഓര്‍ക്കുവേല…

തങ്കച്ചന്‍: (മുന്നോട്ടുവന്ന്) അതിന് നിങ്ങളെന്തിനാ കളത്തിലിറങ്ങുന്നത്…നിങ്ങള് ഗാലറിയിലിരുന്ന് കയ്യടിച്ചാല്‍ മതി…ഞാനൊറ്റയ്ക്ക് കൈകാര്യം ചെയ്യും…വരിനെടാ…

എല്ലാവരും മുന്നോട്ട് നടക്കുന്നു.

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…അവന്‍ പാന്റാണോ മുണ്ടാണോ ഉടുത്തിരിക്കുന്നത്..

തൊമ്മിക്കുഞ്ഞ്: മുണ്ടാ…

തങ്കച്ചന്‍: എന്നാ എന്റെ പഴയ സ്റ്റൈല്‍ മുണ്ടുപറിച്ചുള്ള അടി ഇ്ന്നു നിങ്ങള്‍ക്ക് കാണാം….

തൊമ്മിക്കുഞ്ഞ്: തങ്കച്ചനുംമുണ്ടാ ഉടുത്തിരിക്കുന്നത്…അതുമറക്കേണ്ട….

ഭാര്യ: ആവശ്യമില്ലാത്ത പരിപാടിക്കൊന്നും പോകേണ്ടെന്ന് ഞാന്‍ പറഞ്ഞതാ…

ജോസ്: നിന്നെയാരാ വിളിച്ചത്…വീട്ടിക്കേറിയിരി…ഞങ്ങള് വരുമ്പം എല്ലാം വിശദമായിട്ട് പറയാം…

സീന്‍-3

വാസു കത്തികൊണ്ട് മുഖം ചൊറിഞ്ഞുനില്‍ക്കുന്നു. ദൂരെ നിന്നും നടന്നുവരുന്ന തങ്കച്ചനും കൂ്ട്ടരും.

വാസു: (നോക്കിയിട്ട്) അവന്‍ പോയി ആളെക്കൂട്ടിവരുന്നതാ…പണിയാകുമോ…അഞ്ഞൂറു കിട്ടിയപ്പം പോയാ മതിയായിരുന്നു…ആര്‍ത്തിപാടില്ലെന്ന് അമ്മച്ചി പറയാറുള്ളതായിരുന്നു.

തൊമ്മിക്കുഞ്ഞ്: ദേ…അവനാണ് ആള്…കത്തി കയ്യിലുണ്ട്…സൂക്ഷിക്കണം…

തങ്കച്ചന്‍: ജോസേ…ആക്രമണത്തിന് മുന്നേ സമാധാനം അതാണ് നമ്മടെ നയം…ആദ്യ സമാധാന ചര്‍ച്ച…നീ അവനോട് പോയി സംസാരിക്ക്…അഞ്ഞൂറ് രൂപ തന്ന് വേഗം സ്ഥലംവിടാന്‍ പറ…അല്ലെങ്കില്‍ അതിശക്തമായ ആക്രമണമായിരിക്കുമെന്നു പറ…ഒരു വെള്ളത്തുണി കൂടി കൊണ്ടുപോക്കോ…ചര്‍ച്ച വിജയിച്ചെങ്കില്‍ പൊ്ക്കി കാണിച്ചാ മതി….

ജോസ്: നിങ്ങളുതന്നെ ചെല്ല്…എനിക്കുകാലമേലെന്ന് ഞാന്‍ പറഞ്ഞതല്ലേ…

വാസു: അവന്മാര് വളയാനുള്ള പരിപാടിയാ…ഇങ്ങോട്ടാക്രമിക്കുന്നതിനുമുന്നേ അങ്ങോട്ടു ചെല്ലണമെന്നാ ആശാന്‍ പറഞ്ഞിരിക്കുന്നത്…(മുന്നോട്ടു നീങ്ങുന്നു)

തൊമ്മിക്കുഞ്ഞ്: യ്യോ…അവനിങ്ങോട്ടുവരുന്നു…എന്നാ ചെയ്യും…

തങ്കച്ചന്‍: (പിന്നോട്ടുമാറി) ആരും ഓടേണ്ട…എല്ലാവരും എന്റെ പിന്നില്‍ നിന്നോ…

ജോസ്: നിങ്ങള് മുന്നില്‍ നിന്നാലല്ലേ…നിങ്ങടെ പുറകില്‍ നില്‍ക്കാന്‍ പറ്റുവൊള്ളു…

വാസു: (കത്തിവീശി അരികിലേക്ക് വന്ന്) വാസുവിന്റെയടുത്ത് കളിക്കാന്‍ വന്നതാണോടാ…കത്തിയേല്‍ കോര്‍ത്തിടും എല്ലാത്തിനേം ഞാന്‍…

തങ്കച്ചന്‍: (ഓടുന്നു) ജോസേ വിട്ടോടാ…

എല്ലാവരും ഓടുന്നു. കത്തിയുമായി കറങ്ങിനില്‍ക്കുന്ന വാസു. കറങ്ങിവരുമ്പോള്‍ അനങ്ങാതെ നില്‍ക്കുന്ന ഭാര്യ.

വാസു: (കറക്കത്തിന്റെ തലചുറ്റലില്‍) ചേച്ചി ഓടുന്നില്ലേ…

ഭാര്യ: നിന്റെ കറക്കം കഴിഞ്ഞിട്ടേയുള്ളു…

വാസു: (കത്തിവീശി) ജീവന്‍ വേണേല്‍ ഓടിക്കോ…ഗു്ണ്ടകള്‍ക്കിടേല്‍ സ്ത്രീകള്‍ക്ക് സംവരണമില്ല…

ഭാര്യ: (അരികില്‍ക്കിടന്ന കമ്പെടുത്ത്) നിന്റെ കത്തിവീശല് ഇന്ന് ഞാന്‍ നിര്‍ത്താം..(വാസു കറങ്ങിവരുമ്പം ഒരെണ്ണം കൊടുത്തു)

വാസു: (അടികൊണ്ട് പുളഞ്ഞ്) ചേച്ചി…ഇതെന്നാ പണിയാ കാണിക്കുന്നത്…

ഭാര്യ: കത്തി താഴെയിടെടാ…കറിക്കരിയുന്ന കത്തിയുമായിട്ട് അവനിറങ്ങിയിരിക്കുവാ…(വടിയോങ്ങുന്നു)

വാസു: (കത്തി താഴെയിട്ടുകൊണ്ട്) താഴെയിട്ടു…അടിക്കരുത്…

ഭാര്യ: മേടിച്ച കാശുകൂടി തിരികെ താ…

വാസു: (കാശുതിരികെ കൊടുക്കുന്നു) ഇതേണ്ട്..പിടിച്ചോ..ആരോടും പറയരുത്…

ഭാര്യ: തിരിഞ്ഞുനോക്കാതെ ഓടെടാ…(വടിവീശുന്നു)

വാസു: (ഓടിയിട്ട് തിരികെവന്ന് ) അടിക്കരുത്…കത്തിയെടുത്തില്ല…ഭാര്യ മീന്‍വെട്ടുന്ന കത്തിയാ…തിരിച്ചുവെച്ചില്ലേല്‍ അവളും ഇങ്ങനെതന്നെയാ….(കത്തിയെടുത്ത് ഓടുന്നു)

മതിലിനു പിന്നില്‍ പതുങ്ങിയിരുന്ന് എല്ലാം കാണുന്ന തങ്കച്ചനും കൂട്ടരും.

തങ്കച്ചന്‍: ജോസേ നിന്റെ ഭാര്യ ഒരു പുലിയാ…

തൊമ്മിക്കുഞ്ഞ്: പുലിയല്ല സിംഹം…

ജോസ്: ചില നേരത്ത് ഇതുരണ്ടുംകൂടി ഒന്നിച്ചുള്ള സാധനമാ…

ഭാര്യ നടന്നുവരുന്നു. വടികയ്യിലുണ്ട്.

ഭാര്യ: ഇവിടെ പാത്തിരിക്കുവാണോ…എല്ലാവരും പോര് അയാള് പോയി…(രൂപ നീട്ടി) ഇന്നാ ചേട്ടന്റെ കാശ്…

തൊമ്മിക്കുഞ്ഞ് ചമ്മലോടെ കാശുമേടിക്കുന്നു.

തങ്കച്ചന്‍: ജോസേ…നിന്റെ ഭാര്യയ്‌ക്കെവിടെനിന്ന് കി്ട്ടിയെടാ ഇത്ര ധൈര്യം…

ജോസ്: എന്റെ കൂടെയല്ലെ താമസം…

തങ്കച്ചന്‍: എന്നിട്ടുമിത്രം ധൈര്യം…അവള് വടികളഞ്ഞിട്ടില്ല…ഞാനേതായാലുമിപ്പം അങ്ങോട്ടില്ല…

ജോസ്: എന്നാ ഞാനും വരാം …അതാ നല്ലത്…

മൂവരും നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here