കിണര്‍ തേകാനെത്തിയതാ… അടിച്ചുഫിറ്റായി

0
13

നേരംപോക്ക്
എപ്പിസോഡ്-24

കിണറിനു സമീപം തൊമ്മിക്കുഞ്ഞും ജോസും ഭാര്യയും. കിണറ്റിലേക്കു നോക്കിനില്‍ക്കുന്നു. ഉത്സാഹത്തോടെ നടന്നുവരുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: ജോസേ നമുക്ക് തുടങ്ങുവല്ലേ….കയറും കപ്പിയുമെല്ലാം റെഡിയാണോ…

ജോസ്: കയറും കപ്പിയുമെല്ലാം റെഡിയാണ്…നിങ്ങളുംകൂടി വരാനായിട്ട് നോക്കിയിരിക്കുവായിരുന്നു….

തൊമ്മിക്കുഞ്ഞ്: (കിണറിനകത്തേക്ക് നോക്കി) വെള്ളം അധികമില്ല…ഉത്സാഹിച്ച് ഒരു പിടിപിടിച്ചാല്‍ തീരാവുന്നതേയുള്ളു….

ഭാര്യ: നല്ല കണ്ണീരുപോലത്തെ വെള്ളമാ…പാറയ്ക്കകത്തു കിടക്കുന്നതുകൊണ്ട് കുടിക്കാന്‍ നല്ലതാ….

തൊമ്മിക്കുഞ്ഞ്: കണ്ണീരുപോലത്തെയാണെങ്കില്‍ അപ്പിടി ഉപ്പുരസമായിരിക്കും…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ ഇവിടെ കണ്ണീരുപോലത്തെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല തെളിഞ്ഞ വെള്ളമെന്നാ…

തൊമ്മിക്കുഞ്ഞ്: ഒരു തമാശ പറയാന്‍ പോലും സമ്മതിക്കുകേലെ…

ജോസ്: തൊമ്മിക്കുഞ്ഞേ നിന്റെ വളിച്ച തമാശ കേള്‍ക്കാനുള്ള സമയമല്ലിത്…..വേഗം കിണറ് തേകിതീര്‍ക്കണം….

തങ്കച്ചന്‍: ങാ… ഗെറ്റ് റെഡി…സമയം കളയേണ്ട…എല്ലാം വേഗത്തിലായിക്കോട്ടെ…

ഭാര്യ: ആരാ കിണറ്റിലിറങ്ങുന്നത്…(ജോസിനോട്) നിങ്ങളിറങ്ങേണ്ട കേട്ടോ….മുട്ടിനുവേദനയുള്ളതാ…

തങ്കച്ചന്‍: അയ്യോ ഭര്‍ത്താവിനോടുള്ള സ്‌നേഹം അങ്ങ് വഴിഞ്ഞൊഴുകുകയല്ലേ….ഈ ഞാനിവിടെയുള്ളപ്പോ വേറെ ആരിറങ്ങണം…

തൊമ്മിക്കുഞ്ഞ്: ഭൂമിക്ക് ആകര്‍ഷണമുള്ളതുകൊണ്ട് അങ്ങോട്ടിറക്കം എളുപ്പമാ…തിരിച്ചു കയറ്റമാ പാട്….

തങ്കച്ചന്‍: ഒരു പാടുമില്ല…കിണറ്റിലിറങ്ങുന്നത് എനിക്കൊരു ഹരമാ…കിണറ്റിലിറങ്ങി വെടിമരുന്നിനു തീകൊളുത്തിയിട്ടുണ്ടോ… 30 അടി താഴ്ചയുള്ള കിണറ്റില്‍വരെ ഞാനിറങ്ങി തീ കൊളുത്തിയിട്ടുണ്ട്…

തൊമ്മിക്കുഞ്ഞ്: നേരോ…ചുമ്മാ നുണ…

തങ്കച്ചന്‍: നിനക്കു കേള്‍്ക്കണോ…വീട്ടില്‍ കിണറുകുത്തിയപ്പോ ഇതുപോലെ ഞാന്‍ കിണറ്റിലിറങ്ങി…വെടിമരുന്നിന് തീ കൊളുത്താന്‍….കൊളുത്തി കഴിഞ്ഞു ഞാന്‍ മേലോട്ടു നോക്കി…ഓ…ഇനി കയറേല്‍ ഞാന്നു കയറണം..എനിക്കൊരു മടി….എന്തായാലും പാറ പൊട്ടി മുകളിലേക്കാ പൊങ്ങുന്നത്…ഞാന്‍ ഒരു പാറയേല്‍ കാലുറപ്പിച്ചങ്ങുനിന്നു….പാറ പൊട്ടി മുകളിലേക്ക്…അതിന്റെമുകളില്‍ കയറി ഞാന്‍ ചുളുവില്‍ മുകളില്‍ വന്നു…

തൊമ്മിക്കുഞ്ഞ്: യ്യോ…എന്നിട്ടൊന്നും പറ്റിയില്ലേ…

ജോസ്: അങ്ങനെയങ്ങാനുമാണേല്‍ കിണറിന്റെ മുകളിലേക്കല്ല നേരേ മുകളിലേക്കുപോയേനെ…..

തങ്കച്ചന്‍: വര്‍ത്തമാനം പറഞ്ഞ് സമയം കളയാതെ…എല്ലാം സെറ്റപ്പായോ…

ഭാര്യ: അതേണ്ട് കയറും കപ്പിയുമെല്ലാം ഇരിക്കുന്നു….

തങ്കച്ചന്‍: അതുമാത്രം മതിയോ…ഞങ്ങള്‍ക്കു വെള്ളമടിക്കേണ്ടേ…

ഭാര്യ: അതുശരി കിണറു തേകാന്‍ വന്നിട്ട് വെള്ളമടിക്കാനാണോ…

ജോസ്: (ഇടയ്ക്കുകയറി) ആ വെള്ളമടിയല്ല…കിണറ്റിലെ വെള്ളമടിക്കേണ്ടെന്ന്…

ഭാര്യ: ങാ..ഞാന്‍ വിചാരിച്ചു…വെള്ളം അധികമില്ല…കോരി തീര്‍ക്കാനേയുള്ളു…

തങ്കച്ചന്‍: അതുകൊണ്ടുകാര്യമില്ല….പമ്പെടുക്കണം….ജോസേ നീ പോയി പമ്പിനുള്ള സെറ്റപ്പാക്ക്..(കൈകൊണ്ട് ആംഗ്യം കാണിക്കുന്നു)

ജോസ്: (ഭാര്യയോട) നീ ഒരു ആയിരം രൂപയെടുത്തേ…പമ്പെടുക്കണം.

ഭാര്യ: (നടന്നുകൊണ്ട്) എന്നാത്തിനിറങ്ങിയാലും എന്റെ കയ്യീന്ന് കാശുപോകും..

ജോസ്: (നടന്നുകൊണ്ട്) അന്നേരം നല്ല തണ്ണി നമുക്ക് കുടിക്കാന്മേലെ…

തങ്കച്ചന്‍: കുറച്ചു മോരുവെള്ളം കൂടിയെടുത്തോ…കിണറിന്റെ അടി കഴുകണം…

സീന്‍-2

ജോസ്: (തോര്‍്ത്തുകൊണ്ട് കിറി തുടച്ചുകൊണ്ട് വരുന്നു) ദേ സാധനം അവിടെ വെച്ചിട്ടുണ്ട്…ഇങ്ങോട്ടെടുക്കേണ്ട…. അവള് വന്നാല്‍ കാണും..

തങ്കച്ചന്‍: (ചാടിയെണീറ്റ്) എത്തിയോ…തൊമ്മിക്കുഞ്ഞേ…വാ..നമുക്കൊന്നു ചാര്‍ജ് ചെയ്‌തേച്ചു വരാം…

തൊമ്മിക്കുഞ്ഞ്: ഹോ…ഞാനോര്‍ത്തു ജോസ് പമ്പുമായിട്ടു വരുമെന്ന്..

ജോസ്: അതൊക്കെ എനിക്കറിയാന്മേലെ…ഇന്നുംഇന്നലെയും തുടങ്ങിയ പരിപാടിയാണോ…

തൊമ്മിക്കുഞ്ഞും തങ്കച്ചനും ഉത്സാഹത്തോടെ പോയിട്ടു വരുന്നു.

തങ്കച്ചന്‍: (വീശിയതിന്റെ ഉത്സാഹത്തോടെ) ടച്ചിംഗ്‌സൊന്നും മേടിച്ചില്ലേ…

ജോസ്: ആയിരം രൂപയ്ക്ക് ഒരു ലിറ്ററു തന്നെ കഷ്ടിയാ…അന്നേരമാ ടച്ചിംഗ്‌സ്….ഇതു കേരളമാ…ഞാനൊന്നുംകൂടി എടുക്കാം. (പോകുന്നു)

മൂവരും പോകുന്നു. തിരിച്ചുവരുന്നതിന്റെ ദൃശ്യങ്ങള്‍.

മൂന്നുപേരും നല്ല പൂസായി. ആടിയാടി നടക്കുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ….കുപ്പി തീര്‍ന്നു…കിണറ്റിലെ വെള്ളത്തെ തൊട്ടിട്ടില്ല….

തങ്കച്ചന്‍: (പൂസായതിന്റെ ലക്ഷണങ്ങളോടെ) ഈ കിണറ് ഒരു കുപ്പിയായി സങ്കല്‍പിക്കുക…സപ്പോസ് ദിസ് ഈസ് എ കുപ്പി….അതില്‍ നിറച്ച് മദ്യം…ആഹഹാ…

ജോസ്: (ചാടാനൊരുങ്ങി) എങ്കില്‍ ഞാനിങ്ങനെയങ്ങു ചാടും…

ഇരുവരുംകൂടി കടന്നു പിടിക്കുന്നു.

തങ്കച്ചന്‍: മുട്ടിനുവേദനയുള്ളതാ…കിണറ്റിലിറങ്ങരുതെന്ന് പറഞ്ഞിട്ടാ അവളുപോയത്…

ജോസ്: അവളങ്ങനെ പറഞ്ഞായിരുന്നോ…എന്നാല്‍ അതിനുനേരെ എതിരേ ഞാന്‍ ചെയ്യൂ…

തൊമ്മിക്കുഞ്ഞ്: എതിരേയൊക്കെ ചെയ്‌തോ…ഞങ്ങളു പോയിട്ട് ചെയ്താല്‍മതി…നീ കിടന്നു മോങ്ങുന്നതു കാണാന്‍… ഞങ്ങള്‍ക്കുവയ്യ…

തങ്കച്ചന്‍: (കിണറ്റിലേക്ക് നോക്കി) ഇതിനകത്തിനി ആരിറങ്ങും…

തൊമ്മിക്കുഞ്ഞ്: തങ്കച്ചനിറങ്ങാമെന്നല്ലെ പറഞ്ഞത്…പഴയ കതിനാക്കാരനാന്നോ….ഒക്കെ തള്ളിയായിരുന്നല്ലോ….

ജോസ്: അതുവെറും തള്ള്…

തങ്കച്ചന്‍: മദ്യപിച്ചിട്ട് ഞാന്‍ കിണറ്റിലിറങ്ങില്ല…അതീ തൊഴിലിനോട് ചെയ്യുന്ന അനീതിയാ…

ജോസ്: രണ്ടെണ്ണം വീശിയാലേ കിണറ്റിലിറങ്ങുവുള്ളുവെന്ന മുമ്പേ പറഞ്ഞതോ…

തങ്കച്ചന്‍: അതൊരു ധൈര്യത്തിന്…

ജോസ്: അതെന്നാ ധൈര്യം വന്നപ്പോഴാണോ നിങ്ങടെ നീതിബോധം ഉണര്‍ന്നത്….

തങ്കച്ചന്‍: ഒരു കാര്യം ചെയ്യ് നമുക്ക് വല്ല ബംഗാളികളെയും വിളിക്കാം…നമുക്ക് കരയ്ക്കിരുന്ന് നിരീക്ഷിക്കാം…

തൊമ്മിക്കുഞ്ഞ്: ങാ…അതാണിപ്പം കേരളത്തില്‍ നടക്കുന്നത്…നമ്മള് വെള്ളമടിച്ച് സര്‍ക്കാരിന്റെ ഖജനാവിലോട്ട് പൈസയിടും….ബംഗാളി നമ്മടെ പൈസ അവന്റെ വീട്ടിലോട്ടും അയയ്ക്കും….

തങ്കച്ചന്‍: ചുമ്മാതാണോ…അപ്പോ നമ്മള്‍ പ്രബുദ്ധകേരളമായില്ലേ….

ജോസ്: അവളിപ്പം വരും…ഇനി എന്നാ സമാധാനം പറയും…

സീന്‍-3

മൂവരും അവശരായി ചാരിയിരിക്കുന്നു. ഭാര്യ പാത്രത്തില്‍ മോരുമായി വരുന്നു.

ഭാര്യ: (മൂവരെയും നോക്കിയിട്ട്) യ്യോ…പാവങ്ങള് മടുത്തെന്നു തോന്നുന്നു….പണി കഴിഞ്ഞോ….മോര് കിണറ്റിലോട്ടൊഴിച്ചേക്കട്ടെ…

ജോസ്: ഇങ്ങോട്ടു തന്നേരെ …

തങ്കച്ചന്‍: മോര് ആദ്യമേ ഓര്‍ഡറ് ചെയ്തത് നന്നായി….

ഭാര്യ: വെള്ളം മുഴുവന്‍ തീര്‍ന്നോ…

തൊമ്മിക്കുഞ്ഞ്: മേടിച്ച വെള്ളംതീര്‍ന്നു…കിണറ്റിലേത് അവിടെത്തന്നെ കിടപ്പുണ്ട്….

ഭാര്യ: ഓ…പതിവു രീതിയില്‍ തന്നെ കലാശിച്ചല്ലേ…(നിരാശയോടെ) നിങ്ങള് നന്നാകത്തില്ലേ…

മൂവരും: അതാണ് ഞങ്ങളും ചോദിക്കുന്നത്…ഈ നാട് എന്ന് നന്നാകും…

LEAVE A REPLY

Please enter your comment!
Please enter your name here