കൂടോത്രവും യക്ഷിയും

0
16

നേരംപോക്ക്

എപ്പിസോഡ്-19

വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങിവരുന്ന ജോസിന്റെ ഭാര്യ. പെട്ടെന്ന് എന്തോകണ്ട് നിലവിളിച്ച് പിന്നോക്കം നില്‍ക്കുന്നു. അകത്തുനിന്നും ജോസ് ഓടി വരുന്നു.

ജോസ്: എന്നാ…എന്നാ പറ്റി…

ഭാര്യ: (നിലത്തോട്ട് പേടിയോടെ ചൂണ്ടിക്കാണിക്കുന്നു) അത്…. അങ്ങോട്ട് നോക്കിയേ…

ചൂണ്ടിക്കാണിക്കുന്നിടത്ത് ഒരു കോഴിമുട്ട. അതിലെന്തെക്കെയോ കളര്‍ പെന്‍സിലുകൊണ്ട് വരച്ചുവെച്ചിട്ടുണ്ട്.

ജോസ്: (പെട്ടെന്ന് ഞെട്ടി പുറകോട്ട് മാറി) യ്യോ…കൂടോത്രം…

ഭാര്യ: ആരാണ്ട് നമ്മളെ ദ്രോഹിക്കാനായിട്ട് കൊണ്ടുവെച്ചതാ….

ജോസ്: ഇത്രയും വലിയ കൊടുംചതി നമ്മളോട് ചെയ്തത് ആരാ?

ഭാര്യ: ന്റെ ദൈവമേ…ഇനി എന്നാ ചെയ്യും…ഇനിഎന്നതൊക്കെ സംഭവിക്കുമോ…

ജോസ്: ഇതാരുടെ പരിപാടിയാണേലും അവനെ ഞാന്‍ വെച്ചേക്കില്ല….

ഭാര്യ: നമ്മള് ജീവനോടെയുണ്ടേലല്ലെ അവനെ പിടിക്കാന്‍ പറ്റുവുള്ളു…

ജോസ്: ചത്താല്‍ പ്രേതമായിട്ടു വന്ന് ഞാന്‍ അവനെ പിടിക്കും..

ഭാര്യ: പിടിക്കും…പിടിക്കും…എന്ന് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഈ സാധനം എന്നാ ചെയ്യുമെന്നതിന് തീരുമാനമുണ്ടാക്ക്….

ജോസ്: അത് നീ എടുത്ത് മുറ്റത്തിന്റെ നടുക്കുന്ന് അങ്ങോട്ടെങ്ങാനും മാറ്റിവെയ്ക്ക്…ആരെങ്കിലും അതിനെ കവച്ച് കടന്നാല്‍ ആയുസുതീരും…

ഭാര്യ: അതുശരി…കൊള്ളാലോ…മറികടന്നാല്‍ ദോഷം…അത് ഞാന്‍ കൈകൊണ്ടെടുത്ത് മാറ്റിവെയ്ക്കണം അല്ലേ….

ജോസ്: ഹോ…അത് ഞാന്‍ ഓര്‍്ത്തില്ല…നീ ക്ഷമീര്…

ഭാര്യ: ഇതിനൊരു തീരുമാനമുണ്ടാക്ക്….ആരെയെങ്കിലും വിളിച്ച് ദോഷമില്ലാതെ തീര്‍ക്കണം…മുറ്റത്തിങ്ങനെ ഇട്ടോണ്ടുകിടക്കാന്‍ പറ്റില്ല…പിള്ളേര് ഓടിച്ചാടി നടക്കുന്നതാ…

ജോസ്: നീ ബഹളം വെയ്ക്കാതെ…ആലോചിച്ച് ചെയ്യണം…തങ്കച്ചനെയും തൊമ്മിക്കുഞ്ഞിനെയും വിളിക്കട്ടെ…അവരൂടെ വരട്ടെ…

ഫോണെടുത്ത് വിളിക്കുന്നു.

ജോസ്: തങ്കച്ചാ…നിങ്ങള് തൊമ്മിക്കുഞ്ഞിനെയും കൂട്ടി വേഗം ഇങ്ങുവന്നെ…ഒരു പ്രശ്‌നമുണ്ട്…..ഇങ്ങോട്ടുവാടോ….വരുമ്പം പറയാം….

ഭാര്യ: ങാ..അതോടെ എല്ലാം പൂര്‍ത്തിയാകും…

ജോസ്: നിനക്കെന്നാ ഒരു പുച്ഛം…അവരുടെ കൈയിലിതിനെല്ലാമുള്ള കുടുക്കുവിദ്യകളുണ്ട്…

സീന്‍-2

താടിക്കു കൈയും കൊടുത്ത് മുട്ടേലോട്ടും നോക്കിയിരിക്കുന്ന ജോസും ഭാര്യയും.

ഭാര്യ: അതേണ്ട് വരുന്നു രണ്ടുപേരും…

ഓടിവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ജോസേ…എന്നാപറ്റി…

തൊമ്മിക്കുഞ്ഞ്: നിങ്ങളേതാണ്ട് കണ്ട് പേടിച്ചിരിക്കുന്നതുപോലെയുണ്ടല്ലോ…

ജോസ്: ദേ..അങ്ങോട്ടു നോക്ക്…രാവിലെ ഏതോ ഒരുത്തന്‍ ഒരു പണി തന്നതാ…

തൊമ്മിക്കുഞ്ഞ്: ങാഹാ…കോഴിമുട്ട…ഇതെന്നാ വെയിലത്തു വിരിയാന്‍ വെച്ചിരിക്കുവാണോ…(എടുക്കാന്‍ തുടങ്ങുന്നു)

ജോസ്: തൊടരുത്…കൂടോത്രമാ….

തൊമ്മിക്കുഞ്ഞ്: (പേടിച്ചു പുറകോട്ടുമാറുന്നു) ന്റെ അമ്മച്ചി…ഇപ്പം പണി കിട്ടിയാനെ…ഇതുക്കൂട്ട് കേസുള്ളിടത്ത് ഞാന്‍ നില്‍ക്കുകേല…(ഓടാന്‍ തുടങ്ങുന്നു)

തങ്കച്ചന്‍: (തടഞ്ഞുകൊണ്ട്) നീ അവിടെ നില്ലെടാ തൊമ്മിക്കുഞ്ഞേ…ഏതുകൂടോത്രോം പൊക്കുന്ന തങ്കനിവിടെയുള്ളപ്പം നീ എന്തിനാ പേടിക്കുന്നെ…

ഭാര്യ: ചേട്ടനു പേടിയൊന്നുമില്ലെ…

തങ്കച്ചന്‍: എനിക്കോ…പേടിയോ…ഇതിലും വലിയ കൂടോത്രം…ഏലസ് …ഇതൊക്കെ എടുത്ത് പൊക്കം വിട്ടിട്ടുള്ളവനാ ഞാന്‍….

തൊമ്മിക്കുഞ്ഞ്: ഹോ…തങ്കച്ചനെ സമ്മതിക്കണം…എനിക്കാണേല്‍ കൂടോത്രമെന്നു കേള്‍ക്കുമ്പോള്‍ കൈയും കാലും വിറയ്ക്കും…

തങ്കച്ചന്‍: ഹും…ഇതുവല്ലതും ആണോ….യക്ഷിയെ നേരിട്ടു കണ്ടിട്ടുള്ളവനാ ഞാന്‍..

തൊമ്മിക്കുഞ്ഞ്: ങേ..അതെപ്പം..സ്വപ്‌നത്തിലോ…

തങ്കച്ചന്‍: പൊക്കോണം..സ്വപ്‌നം…നേരിട്ട് രാത്രിയില്….കോളജില്‍ പഠിക്കുമ്പം…രാത്രി സിനിമകണ്ടേച്ച് ഒറ്റയ്ക്ക് വരുവാ…നല്ല നിലാവുള്ള രാത്രി.. എലിക്കുളംകാരുടെ പറമ്പിറങ്ങി ഇടവഴിയിലേക്ക് കയറിയപ്പോള്‍…പുറകീന്നൊരു ചിരി…ഞാന്‍ തിരിഞ്ഞുനോക്കിയപ്പോ..പുറകിലൊരു പെണ്ണ്… വെള്ള സാരിയുടുത്ത്…

തൊമ്മിക്കുഞ്ഞ്: യ്യോ…പേടിച്ചില്ലേ…ഞാനാണേല്‍ ബോധംകെട്ടുവീണേനെ…

തങ്കച്ചന്‍: എവിടെ പേടിക്കാന്‍ …വല്ല പെണ്ണുങ്ങളും വെളിക്കിറങ്ങാന്‍ പോകുന്നതായിരിക്കുമെന്നു കരുതി ഞാന്‍ നേരെ പോയി…അപ്പം പിന്നില്‍ നിന്ന് പിന്നെയും വിളി…ചുണ്ണാമ്പുണ്ടോയെന്ന്…മുറുക്കുന്ന സ്വഭാവമില്ലെന്നു പറഞ്ഞ് ഞാന്‍ നേരെ നടന്നു…പെട്ടെന്നാ എനിക്ക് കത്തിയത്…യക്ഷിയല്ലേ പുറകേ വരുന്നതെന്ന്….ഞാന്‍് നിന്നു…പുറകോട്ട് നോക്കി…സുന്ദരിയായ ഒരു സ്ത്രീ….ചിരിച്ചോണ്ടു നില്‍ക്കുന്നു…ഞാന്‍ അവളടെ കാലേലോട്ടു നോക്കി….കാലുനിലത്തു തൊട്ടിട്ടില്ല്….യക്ഷിതന്നെ… ഞാന്‍ പെട്ടുവെന്ന് എനിക്കു മനസിലായി…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്റെ കാര്യത്തില്‍ തീരുമാനമായി….

തങ്കച്ചന്‍: ഉവ്വ…എന്റെ അടുത്താണോ യക്ഷിയുടെ അഭ്യാസം…നേരംവെളുക്കുമ്പം ആള്‍ക്കാര് പനേടെ ചുവട്ടീന്ന് എന്റെ എല്ലും മുടിയും പെറുക്കും…മടിക്കുത്തില്‍ കോഴിക്കൂടുണ്ടാക്കാന്‍ മേടിച്ച ആണിയുണ്ട്….പക്ഷേ ചുറ്റികയില്ല….ഇവളേല്‍ പാലേല്‍ തറയ്ക്കണം…എന്തു ചെയ്യുമെന്ന് ആലോചിച്ച് ഞാന്‍ ആണിക്കെട്ടില്‍ കൈവെച്ചു….ഇരുമ്പില്‍ എന്റെ കൈതൊട്ടതും യക്ഷി ഒറ്റ നിലവിളി…എന്നെ ഒന്നും ചെയ്യരുതേയെന്ന് നിലവിളിച്ച് അവള് സ്ഥലംവിട്ടു….ആ തങ്കന്റെ അടുത്താണോ കൂടോത്രം.

ജോസ്: തൊമ്മിക്കുഞ്ഞേ…ഈ യക്ഷിയുടെ കഥ ഞാന്‍ പിന്നെ വിശദമായി പറഞ്ഞുതരാം…ആദ്യം ഈ മുട്ടേടെ കാര്യത്തില്‍ തീരുമാനമാക്ക്…

ഭാര്യ: എന്തേലും ആപത്ത് സംഭവിക്കുന്നതിനു മുന്നേ വീടിന്റെ മുന്നീന്ന് എടുത്തുമാറ്റ്…

തങ്കച്ചന്‍: ഹോ…പ്രധാനദൗത്യത്തില്‍ നിന്നും വിഷയംമാറിപ്പോയി…പഴയ ഓര്‍മകള് തള്ളിക്കയറിവന്നതാ…

ജോസ്: ങാ…അധികം തള്ളേണ്ട..കാര്യം നടത്ത്…

തങ്കച്ചന്‍: (ഒരുകര്‍മിയുടെ ഭാവഹാവാദികളോടെ)ങാ..തൊമ്മിക്കുഞ്ഞേ പൂക്കള് വേണം….കുറച്ച് വെള്ളം വേണം…ഒരു കോഴി വേണം…

ഭാര്യ: കോഴി എന്തിനാ…

തങ്കച്ചന്‍: കോഴി ഇപ്പഴല്ല…കൂടോത്രം എടുത്തുകഴിഞ്ഞ്…

തൊമ്മിക്കുഞ്ഞ്: അന്നേരത്തേനാണേല്‍ ഒരു ഫുള്ളുംകൂടി ആയിക്കോട്ടെ…

ജോസ്: കൂടോത്രം എടുത്തുകഴിഞ്ഞെന്തിനാ കോഴി…

തങ്കച്ചന്‍: (ചൂടായി) കൂടോത്രം എടുക്കുമ്പഴേ…എന്റെ ഊര്‍ജമാ ശരീരത്തില്‍നിന്നു പോകുന്നത്…അതുകഴിഞ്ഞ് കോഴി കഴിച്ചുവേണം ഊര്‍ജം തിരിച്ചെടുക്കാന്‍…

ജോസ്: ശരി…എന്തേലും ആട്ടെ..സാധനം എടുത്തുമാറ്റ്…

തങ്കച്ചന്‍: (ഗമയില്‍ ദിക്കുകളിലേക്ക് നോക്കി) തെക്ക് വടക്ക് പടിഞ്ഞാറ്…കിഴക്ക്…അപ്പം അങ്ങനെ…കൂടോത്രം എവിടെയാണ്…

ഭാര്യ: ദാ…ഇവിടെ…

ജോസ്: (ഞെട്ടലോടെ)അതെന്തിയേ…ഇവിടെയാണല്ലോ കിടന്നിരുന്നത്…അതാര് കൊണ്ടുപോയി…

തങ്കച്ചന്‍: ങാ..ഇതിപ്പം കൂടുതല്‍ വഷളായല്ലോ…ഒരു കോഴിയേല്‍ തീരുകേല…

ഭാര്യ: ന്റെ ദൈവമേ ഇനി എന്നാ ചെയ്യും…

ജോസ്: നീ ബഹളം വെയ്ക്കാതെ നമുക്കു നോക്കാം…

അകത്തുനിന്നും രണ്ടുപിള്ളേര് ഓടിയിറങ്ങിവരുന്നു.

പിള്ളേര്‍: യ്യോ..നമ്മുടെ മുട്ടയെന്തിയേ…

ജോസ്: ങേ..നിങ്ങടെ മുട്ടയോ…

പിള്ളേര്: ങാ…ഞങ്ങള് ഈസ്റ്റര്‍ മുട്ടയുണ്ടാക്കിയതാ…പെയിന്റ് ഉണങ്ങാന്‍ വെച്ചിരുന്നതാ…

ഭാര്യ: ങാ..രാവിലെ അപ്പത്തിന് പുഴുങ്ങിയ മുട്ട ഒരെണ്ണം കാണാതെപോയായിരുന്നു….ഞാന്‍ കരുതി നിങ്ങള് കട്ട്തിന്നതായിരിക്കുമെന്ന്..

പിള്ളേര്: ഇത് അവന്‍…കുട്ടായി അടിച്ചു മാറ്റിയതാ…നമ്മള് വരച്ചോണ്ടിരുന്നപ്പം മുതല് അവന് അതില് കണ്ണുണ്ടായിരുന്നു…അവന്‍മുട്ടക്കൊതിയനാ…

തൊമ്മിക്കുഞ്ഞ്: ദേ…മുട്ടത്തോട് കിടക്കുന്നു…

മുട്ടത്തോട് ചിതറികിടക്കുന്നതിനെ പിന്തുടര്‍ന്ന് ചെല്ലുമ്പം കുത്തിയിരുന്ന് മുട്ടതിന്നുന്ന പയ്യന്‍. മുട്ടയുടെ കഷണങ്ങള്‍ കിറിയിലെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ ചിരി…

എല്ലാവരും: അമ്പടാ ഭയങ്കരാ…

തങ്കച്ചനും തൊമ്മിക്കുഞ്ഞും നിരാശയോടെ മടങ്ങുന്നു.

തങ്കച്ചന്‍: ശ്ശെ…ഒരു കോഴിയെ തട്ടാനുള്ള അവസരം പോയി…

തൊമ്മിക്കുഞ്ഞ്: ങാ…പോട്ടേ…അവധിക്കാലംമല്ലേ വരുന്നത്…പിള്ളേര് ഇനിയും ഇതുപോലെ എന്തെങ്കിലും പരിപാടി ഒപ്പിക്കും…അന്നേരം കഥപറഞ്ഞിരിക്കാതെ പെട്ടെന്ന് കാര്യത്തേലോട്ടു കടന്നാല്‍ മതി…

തങ്കച്ചന്‍: അതു നീ എനിക്കിട്ടൊന്നു താങ്ങിയതാണല്ലോടാ…

LEAVE A REPLY

Please enter your comment!
Please enter your name here