കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ മൂവര്‍ സംഘം

0
39

നേരംപോക്ക്
എപ്പിസോഡ്-29

പാറയുടെ മുകളില്‍ കിടക്കുന്ന ജോസും തങ്കച്ചനും

ജോസ്: ഇങ്ങനെ പാറപ്പുറത്ത് മേളിലോട്ടു നോക്കി ആകാശത്തൂടെ ഒഴുകി നടക്കുന്ന മേഘങ്ങളെയും നോക്കി കിടക്കാനെന്തു രസമാ അല്ലേ….

തങ്കച്ചന്‍: നിനക്കിങ്ങനെ സ്വപ്‌നം കണ്ട് കിടന്നാല്‍ മതിയെന്നാണോ ആഗ്രഹം…

ജോസ്: പിന്നെയല്ലാതെ…ഇങ്ങനെ സ്വപ്‌നം കണ്ട് കിടക്കാന്‍് സാധിക്കുന്നവരാണ് ഭാഗ്യവാന്മാര്‍…

തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…ഇങ്ങനെ മലകിടപ്പ് കിടക്കാനിടയാകരുതേയെന്നാ എന്റെ പ്രാര്‍ത്ഥന…നമ്മുടെ പ്രായമുള്ള പലരും മേലോട്ടും നോക്കി കിടക്കുവാ കട്ടിലേല്…

ജോസ്: നിങ്ങളിങ്ങനെ നെഗറ്റീവ് അടിക്കാതെ…നിങ്ങളൊട്ടും റോമാന്റിക്കല്ല…. അതാ എന്നെപോലെ ചിന്തിക്കാത്തത്….ഓ…റോമാന്റിക്ക് എന്നു പറഞ്ഞാലെന്താന്ന് നിങ്ങള്‍ക്ക് അറിയാമോ…

തങ്കച്ചന്‍: അതൊക്കെ എനിക്കറിയാം….പ്രകൃതിസ്‌നേഹം…

ജോസ്:(കലികയറി എണീറ്റുകൊണ്ട്) ന്റെ പ്രകൃതി സ്‌നേഹീ…നിങ്ങളെ എന്നാ ചെയ്താല്‍ മതിയാകും…

തൊമ്മിക്കുഞ്ഞ് പാറയുടെ മുകളില്‍ വരുന്നു.

തൊമ്മിക്കുഞ്ഞ്: നിങ്ങളിവിടെയിരിക്കുവാണോ….ഞാനെവിടെയെല്ലാം തപ്പി…

ജോസ്: തൊമ്മിക്കുഞ്ഞേ…നീയെവിടായിരുന്നു…രണ്ടുദിവസമായിട്ട്….ഞങ്ങളന്വേഷിക്കാത്തയിടമില്ല…..ഫോണും പരിധിക്കു പുറത്ത്…

തൊമ്മിക്കുഞ്ഞ്: വീട്ടിലന്വേഷിച്ചാല്‍ പോരായിരുന്നോ…

തങ്കച്ചന്‍: നിന്റെ ഭാര്യയോടു ചോദിച്ചപ്പോ അവള് എങ്ങും തൊട്ടുതൊടാതെയുള്ള മറുപടിയാ….

തൊമ്മിക്കുഞ്ഞ്: നിങ്ങളിങ്ങു കേറിവാ…ഞാന്‍ എല്ലാം വിശദമായി പറയാം…

ജോസ്: ഇങ്ങോട്ടു വാ..നമുക്കിവിടെയിരിക്കാം…ഇവിടെയാ സുഖം….

തൊമ്മിക്കുഞ്ഞ്: നമുക്കിവിടെ പാറപ്പുറത്തിരിക്കാമെന്നേ….

തങ്കച്ചന്‍: പാറയെന്നാ മോശമാണോ…പത്രോസേ നീ പാറയാകുന്നു…പാറേല്‍ ഞാന്‍ പള്ളി പണിയുമെന്നാ കര്‍ത്താവ് പറഞ്ഞത്….

ജോസ്: പാറപ്പുറത്താ കേരളത്തില്‍ പാര്‍ട്ടീടെ ആദ്യയോഗം ചേര്‍ന്നത്…

തൊമ്മിക്കുഞ്ഞ്: അതിനകത്തൊന്നും എനിക്കൊരെതിരഭിപ്രായവുമില്ല…നമുക്കു ചേരുന്നത് ചാരുകസേരയാ…..

തങ്കച്ചനും ജോസും കയറിവന്ന് കസേരയില്‍ ഇരിക്കുന്നു.

തങ്കച്ചന്‍: പറയെടാ തൊമ്മിക്കുഞ്ഞേ…നീ എവിടെ പോയതായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഞാന്‍ കമ്പം വരെപോയി…

ജോസ്: അതെന്നാത്തിനാ അരിക്കൊമ്പന് തീറ്റയുമായി പോയതാണോ…

തൊമ്മിക്കുഞ്ഞ്: ഞാന്‍ കുറച്ച് സ്ഥലം അന്വേഷിച്ചുപോയതാ…പച്ചക്കറി കൃഷിക്ക്….

തങ്കച്ചന്‍: അതെന്നാ പരിപാടിയാ…ഞങ്ങളോട് പറഞ്ഞായിരുന്നേല്‍ ഞങ്ങളും വരില്ലായിരുന്നോ….സ്ഥലം നോക്കാന്‍..

തൊമ്മിക്കുഞ്ഞ്: പെട്ടെന്ന് പോകേണ്ടിവന്നു…ഒരു പരിചയക്കാരന്റെ കൂടെയാ പോയത്…..നിങ്ങള്‍ക്കുകൂടി ഞാന്‍ സ്ഥലം നോക്കിവെച്ചിട്ടുണ്ട്…

ജോസ്: അതുനല്ല ഐഡിയായാ…തമിഴ്‌നാട്ടില്‍ പോയി പച്ചക്കറികൃഷി…ഇതിലെ കറങ്ങി നടന്നു മടുത്തു…

തങ്കച്ചന്‍: പറയുമ്പഴും ഒരു ഗുമ്മുണ്ട്…(ആസ്വദിച്ച്) തമിഴ്‌നാട്ടില്‍ പച്ചക്കറി കൃഷി…(തലകുലുക്കി) കുഴപ്പമില്ല….

ഭാര്യ പുറത്തേക്ക് വരുന്നു.

ഭാര്യ: ഇവിടെ വാചകമടിച്ചിരിക്കുവാണോ….കറിവെക്കാനൊന്നുമില്ല…പച്ചക്കറി വല്ലതും വാങ്ങിച്ചോണ്ടുവരാന്‍…ഇല്ലേല്‍ ഞാനൊന്നും ഉണ്ടാക്കുകേല…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) പച്ചക്കറി വാങ്ങണമെന്ന്….(ചിരിക്കുന്നു)

തൊമ്മിക്കുഞ്ഞ്: (ചിരിച്ചുകൊണ്ട്) ജോസേ പച്ചക്കറി വാങ്ങിക്കോണ്ടുവരണമെന്ന്…

ജോസ്: (ചിരിച്ചുകൊണ്ട്) ഈ പൊട്ടുപിടിച്ചതിന്റെ കാര്യം എന്നാ പറയാനാ…

ഭാര്യ: (അന്തംവിട്ട്) ഇത്ര ചിരിക്കാനെന്നാ…പച്ചക്കറി മേടിക്കാനല്ലേ പറഞ്ഞത്….കോമഡിയൊന്നുമല്ലല്ലോ….അതോ മൂന്നിന്റെയും ചാനലു പോയോ…

ജോസ്: എടീ..നിനക്ക് പച്ചക്കറിയെന്തേരെ വേണം…

ഭാര്യ: വെണ്ടയ്ക്കാ അരകിലോ…പച്ചമുളക് 100…ബീന്‍സ് 250 കാരറ്റ് 300…

തൊമ്മിക്കുഞ്ഞ്: (ഇടയ്ക്ക് കയറി) നിര്‍ത്ത്…നിര്‍ത്ത്…ഈ ദാരിദ്രകണക്ക് പറയാതെ…..ആഴ്ചതോറും എല്ലാക്കൂട്ടവും ഒരു അഞ്ചുകിലോ വീതം ഇറക്കിയേക്കാം പോരേ…

തങ്കച്ചന്‍: (കളിയാക്കി) അമ്പതുഗ്രാം വെണ്ടയ്ക്ക, 10 ഗ്രാം ബീന്‍സ്…കെട്ടിയോന്‍ പച്ചക്കറി മാഫിയാക്കാരനായിട്ട് ഭാര്യ വന്നു പറയുന്ന വര്‍ത്തമാനം കേട്ടില്ലേ…

ഭാര്യ: ങേ…ചാനലുപോയെന്ന് ഞാന്‍ സംശയിച്ചതേയുള്ളു…അതുനേരാണോ….ഇങ്ങേര് ഇപ്പം വീട്ടീന്നങ്ങിറങ്ങിയതേയുള്ളല്ലോ…ഇത്രപെട്ടെന്ന് മാഫിയാക്കാരനായോ…

തങ്കച്ചന്‍: (കൈകൊണ്ട് പ്രത്യേക സ്റ്റൈലില്‍ ആംഗ്യം കാണിച്ച്) നീ പോ…നിനക്കെന്തറിയാം…നീ കുട്ടിയല്ലേ…കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത് (ചൂണ്ടിക്കാട്ടി) ഇനി ഈ മൂവര്‍ സംഘമായിരിക്കും….

തൊമ്മിക്കുഞ്ഞ്: (സ്വകാര്യമായി) ചുമ്മാ തള്ളി മറിക്കരുത്…അവിടെ ആറേക്കറ് സ്ഥലമേ ഞാന്‍ നോക്കിവെച്ചിട്ടുള്ളു…അത് വെറുംഭൂമിയാ…

തങ്കച്ചന്‍: ചുമ്മാ തള്ളിക്കോ…ഇവള്‍ക്കെ നമ്മളെ ഒരു വകവെപ്പില്ല….

ജോസ്: കമ്പത്ത് ഞങ്ങള് പച്ചക്കറി കൃഷി തുടങ്ങുകയാ…തൊമ്മിക്കുഞ്ഞ് പോയി സ്ഥലമെല്ലാം ഏര്‍പ്പാടാക്കി…

തൊമ്മിക്കുഞ്ഞ്: വാളയാര്‍ ചുരം കടന്നുവരുന്ന ഓരോ ലോറികളിലും ഇനി ഞങ്ങടെ പച്ചക്കറികളായിരിക്കും…

ജോസ്: (സ്വകാര്യമായി) കുളമാക്കരുത്…വാളയാറെവിടെ കിടക്കുന്നു…കമ്പമെവിടെ കിടക്കുന്നു….

തൊമ്മിക്കുഞ്ഞ്: ഇന്നലെ റണ്‍വേ സിനിമ കണ്ടായിരുന്നു…അതിന്റെ ഹാംഗോവറില്‍ പറഞ്ഞതാ…

ഭാര്യ: ഇതെന്നായൊക്കെയാ പരസ്പരബന്ധമില്ലാതെ പറയുന്നത്…

ജോസ്: ഞാന്‍ പറഞ്ഞില്ലേ….ഞങ്ങള് കമ്പത്ത് സ്ഥലമെടുത്ത് പച്ചക്കറി കൃഷി തുടങ്ങുന്നു…

ഭാര്യ: കഴിഞ്ഞ് കൊല്ലം സര്‍ക്കാര് മുറം നിറയെ പച്ചക്കറിയെന്നു പറഞ്ഞുതന്ന വെണ്ടയക്കാവിത്ത് അവിടെയിരിപ്പുണ്ട്…കുത്തിപ്പൊടി്ഞ്ഞ്…അതൊന്നു കുഴിച്ചിടാന്‍ പറ്റാത്തവരാ തമിഴ്‌നാട്ടി പോയി പച്ചക്കറി നടുന്നത്…..ഇനി അവരെയും കൂടി മുടിപ്പിക്കാനാണോ….

ഭാര്യ: നീ അകത്തുകയറി പോ…ചുമ്മാ വെറുതെ സംസാരിച്ചു സമയം കളയാമെന്നല്ലാതെ….ഞങ്ങളിപ്പം ഒരു വ്യവസായസംരംഭത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുവാ…പിന്‍വിളിവിളിക്കരുത്….

തൊമ്മിക്കുഞ്ഞ്: (സന്തോഷത്തോടെ) കറക്ട്…ജോസ് കറക്ട് വാക്കാണുപയോഗിച്ചത്…തമിഴ്‌നാട്ടില്‍ കൃഷിയെ വ്യവസായമെന്നാ പറയുന്നത്…

ജോസ്: (അഭിമാനത്തോടെ) നമ്മളിറങ്ങിക്കഴിഞ്ഞു…ഇതു വിജയിക്കും…

തങ്കച്ചന്‍: എനിക്കും അങ്ങനെതന്നെയാ തോന്നുന്നത്…ഇതു വിജയിക്കും…

ഭാര്യ: എനിക്കു തോന്നുന്നില്ല….ആദ്യം ഇവിടെ രണ്ടു പച്ചക്കറി നട്ടുകാണിക്ക്…

ജോസ്: (കലികയറി) ഞാനിനി കല്ലുപെറുക്കിയെറിയും കേട്ടോ…

ഭാര്യ: എന്നതേലും ചെയ്യ്…പറഞ്ഞാമനസിലാകുകേലെങ്കില്‍ എന്നാ ചെയ്യും( പോകുന്നു)

തങ്കച്ചന്‍: ചുമ്മാ മൂഡ് പോയി…ഇനി അതു ക്രിയേറ്റു ചെയ്യണം….

തൊമ്മിക്കുഞ്ഞ്: എന്നാ പോയി ഓരോന്നു വീശിയേച്ചുവരാം…

ജോസ്: യ്യോ വേണ്ട…ഇപ്പഴത്തേതിന്റെ ബാക്കിയായിരിക്കും അന്നേരം….

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…നീ കാര്യങ്ങള് പറ…

തൊമ്മിക്കുഞ്ഞ്: ഞാന്‍ സ്ഥലം പോയി കണ്ടു…നല്ല കണ്ണായ സ്ഥലം…ഇച്ചിര ഉള്ളിലോട്ടുകയറിയാ…

ജോസ്: ഉള്ളിലോട്ടുകയറി കുടുസില്‍ കിടക്കുന്ന സ്ഥലമാണോ കണ്ണായ സ്ഥലം…

തങ്കച്ചന്‍: (നേരെനോക്കിയിട്ട്)ഇങ്ങനെ നോക്കുമ്പം കണ്‍മുന്നില്‍ കാണുന്നതിനായിരിക്കും…

തൊമ്മിക്കുഞ്ഞ്: ഞാന്‍ പറയട്ടെ…ആറേക്കര്‍ സ്ഥലമുണ്ട്…നമുക്ക് ഈരണ്ടേക്കറായിട്ട് മുറിക്കാം…ഓരോരുത്തരും അവരവരുടെ സ്ഥലത്ത് കൃഷിചെയ്യുന്നു..അപനാ അപ്‌നാ..അന്നേരം തര്‍ക്കമില്ലല്ലോ…

ജോസ്: അതുശരിയാ…തമ്മിലടിച്ചു പിരിയില്ല…

തങ്കച്ചന്‍: സംഭവം എനിക്ക് ഏതാണ്ട് പിടികിട്ടി…എന്നാലും അത്ര ക്ലിയറായില്ല…

തൊമ്മിക്കുഞ്ഞ്: അതീ പത്രം വായിച്ച് വായിച്ച്…..എല്ലാം രേഖാചിത്രം കണ്ടാലേ മനസിലാകുകയുള്ളു എന്ന അവസ്ഥയിലെത്തിയതുകൊണ്ടാ…

ജോസ്: എന്നാ ഒരു കാര്യം ചെയ്യ്…നമുക്കും രേഖാചിത്രം വരച്ചേക്കാം….കടലാസും പേനയും എടുത്തോണ്ടുവരാം….

തൊമ്മിക്കുഞ്ഞ്: എന്തിന്….നമുക്കീ മുറ്റത്ത് വരയ്ക്കാമെന്നേ…(ഒരു കമ്പെടുത്ത് വരയ്ക്കുന്നു) ഇത് ആറേക്കര്‍ സ്ഥലം….ഇതിനേ നടുകേ മൂന്നായി മുറിക്കുന്നു….ഇത് എനിക്ക് , ഇത് തങ്കച്ചന്, ഇത് ജോസിന്…

ജോസ്: പച്ചക്കറിക്ക് വെള്ളംവേണ്ടേ…അതിനെവിടെ പോകും…

തൊമ്മിക്കുഞ്ഞ്: (കമ്പുകൊണ്ട് കാണിച്ച്) വെള്ളത്തിന് ഇതിലേ കനാലുണ്ട്….

ജോസ്: അതു കൊള്ളാം…

തങ്കച്ചന്‍:(സംശയിച്ച്) തൊമ്മിക്കുഞ്ഞേ…കനാലിനടുത്ത് നിന്റെസ്ഥലം…ഞങ്ങളുടേത് ഇങ്ങുപുറത്ത്…ഞങ്ങള് വെള്ളത്തിന് എന്നാ ചെയ്യും…

ജോസ്: അമ്പടാ തൊമ്മിക്കുഞ്ഞേ…നീ ഞങ്ങള്‍്ക്കിട്ട് പണിയുവാണോ…

തൊമ്മിക്കുഞ്ഞ്: അതുശരി ഒരു നല്ല കാര്യം ചെയ്യാമെന്നു വെച്ചാല്‍…നമ്മളെ കള്ളനാക്കുകയാണോ…

തങ്കച്ചന്‍: ഒരു കാര്യം ചെയ്യ്…നീളത്തില്‍മുറിക്ക്…ഇങ്ങനെ (കാണിച്ചു കൊടുക്കുന്നു)

തൊമ്മിക്കുഞ്ഞ്: അത് ഗൗണ്ടറ് സമ്മതിക്കുകേല…കുറുകനെ മുറിക്കാനേ സമ്മതിക്കൂ…നീളത്തില് മുറിക്കാമോന്നു ചോദിക്കുമ്പഴേ അയാള്‍ക്ക് കലികയറും…

ജോസ്: ആട്ടേ ഇതിന് കാശെന്നാ കൊടുക്കണം…

തൊമ്മിക്കുഞ്ഞ്: ഒരു വര്‍ഷം ഒരു ലക്ഷം കൊടുക്കണം…അത് നമ്മള് ഷെയറിട്ടെടുക്കണം…പണിക്കാരെയൊക്കെ അവിടെ കിട്ടും…

ജോസ്: ഒരു കാര്യം ചെയ്യ്..ഗൗണ്ടറുടെ നമ്പരിങ്ങുതാ…ഞാന്‍ വിളിച്ചു ചോദിക്കാം…

തൊമ്മിക്കുഞ്ഞ്: അതുശരിയാകില്ല…ഗൗണ്ടറ് ഭയങ്കര ചൂടനാ…അല്ലേലും നിങ്ങള്‍ക്ക് തമിഴറിയത്തില്ലല്ലോ…ഞാന്‍ എല്ലാം സംസാരിച്ചുവെച്ചിരിക്കുകയാ കുളമാക്കരുത്…

ജോസ്: ഗൗണ്ടര്‍ക്കറിയാവുന്നതിലും തമിഴ് എനിക്കറിയാം…നമ്പരെടുക്ക്….

തങ്കച്ചന്‍: നമ്പരു കൊടുക്കെടാ തൊമ്മിക്കുഞ്ഞേ…

തൊമ്മിക്കുഞ്ഞ് മടിച്ചു മടിച്ചു കൊടുക്കുന്നു.

ജോസ്:(ഫോണ്‍ വിളിക്കുന്നു) ഹലോ..ഗൗണ്ടറല്ലേ….ഇത് കേരളാവുന്നു സ്പീക്കിംഗ്…എതാവത് തൊമ്മിക്കുഞ്ഞ് അങ്കെ ഭൂമി പാട്ടത്തിനു വന്നിരിക്കെ….അതേക്കുറിച്ച് പേശിറതിനു വിളിക്കത്….അപ്പിടിയാ….അപ്പിടിയാ…ഓ…ഓ…റൊമ്പ നന്ദി…

തങ്കച്ചന്‍: ഗൗണ്ടറ് എന്നാ പറഞ്ഞത്..

ജോസ്: എന്നാ പറയാനാ…അയാളെവിടെ…തൊമ്മിക്കുഞ്ഞ്….പിടിയവനെ…അവന്‍ നമ്മളെ കമത്താനുള്ള പരിപാടിയായിരുന്നു.

തങ്കച്ചന്‍: (തിരിഞ്ഞു നോക്കി) അവന്‍ മുങ്ങി…

ജോസ്: മുങ്ങിയത് അവന്റെ ഭാഗ്യം…അല്ലേല്‍ വെണ്ടയ്ക്ക അരിയുന്നതുപോലെ അരിഞ്ഞേനെ ഞാന്‍…

തങ്കച്ചന്‍: നീ കാര്യം പറ…

ജോസ്: തൊമ്മിക്കുഞ്ഞിന്റെ സ്ഥലത്തെ വെള്ളം വരൂ…മൊത്തത്തിലേ ഗൗണ്ടര് കൊടുക്കൂ…പാട്ടം അറുപതിനായിരം…

തങ്കച്ചന്‍: അമ്പടാ തൊമ്മിക്കുഞ്ഞേ…അവന്‍ നമ്മളെ കുപ്പിയിലിറക്കാനുള്ള പരിപാടിയായിരുന്നോ…

ഭാര്യ അകത്തുനിന്നും ചാക്കുമായി വരുന്നു.

ഭാര്യ: തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി കൊണ്ടുവരാന്‍ ഈ ചാക്കു മതിയോ…

തങ്കച്ചന്‍: ശവത്തില്‍ കുത്തരുത്…

ഭാര്യ: തൊമ്മിക്കുഞ്ഞ് അടുക്കളവശത്തെ മതിലുചാടി ഓടുന്നതുകണ്ടപ്പഴേ എനിക്കു കാര്യം പിടികിട്ടി…

തങ്കച്ചന്‍: എന്തായാലും ചാക്കുതന്നേക്ക്…തൊമ്മിക്കുഞ്ഞിനെ ചാക്കിലാക്കി തമിഴ്‌നാട്ടിലെ വല്ല എല്ലുപൊടി ഫാക്ടറിയിലേക്കും കയറ്റിയയ്ക്കാം…പച്ചക്കറിക്കു വളമാകട്ടെ…(ചാക്കുമേടിക്കുന്നു)

ജോസ്: കാരറ്റ് അരകിലോ വേണോ…200 ഗ്രാം മേടിച്ചാല്‍ പോരേ….

ഭാര്യ: എന്നാലും സ്വന്തം മണ്ണിലിറങ്ങി അധ്വാനിച്ചേക്കാമെന്ന് വെച്ചേക്കരുത്…

തങ്കച്ചന്‍: അന്നേരം നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലെന്നാകില്ലേ…

ജോസ്: അതിഥി ദേവോ ഭവ…

തങ്കച്ചന്‍: (ചാക്ക് തോളേലിട്ട് നടന്നു കൊണ്ട്) നീ വാ…നമുക്ക് ഷാപ്പില്‍ പോയി രണ്ടെണ്ണം വീശിയിരുന്ന് സ്വ്പ്‌നം കാണാം….

LEAVE A REPLY

Please enter your comment!
Please enter your name here