കേരളത്തില്‍ ഏറ്റവും ആദായമുള്ള കൃഷി

0
44

നേരംപോക്ക്
എപ്പിസോഡ്-10

പറമ്പില്‍ കാര്യമായ പണികളിലാണ് ജോസ്. കിളയ്ക്കുന്നു. മണ്ണു കുടയുന്നു. പുല്ല് വാരിക്കളയുന്നു. തടമെടുക്കുന്നു. എന്തോ കൃഷി നടത്താനുള്ള ഒരുക്കങ്ങളിലാണ്.
ജോസിന്റെ പണികള്‍ കണ്ടുകൊണ്ടുവരുന്ന തങ്കച്ചന്‍. തകൃതിയായ ജോലികള്‍ കണ്ട് താടിക്കു കൈകൊടുത്ത്

തങ്കച്ചന്‍: എന്റെ ജോസേ നിനക്കെന്നാ പറ്റി…ഞാനെന്നതാ ഈ കാണുന്നത്.

ജോസ്: (തൂമ്പാപ്പണി നിര്‍ത്തി തിരിഞ്ഞുനോക്കി) ങാ…തങ്കച്ചാ…നിങ്ങള് പുറകില്‍ വന്ന് പമ്മി നിന്നത് കണ്ടില്ലല്ലോ…

തങ്കച്ചന്‍: നീ ഞാന്‍ ചോദിച്ചത് കേട്ടില്ലേ…ഇതെന്നാ പണിയാ…

ജോസ്: ഞാന്‍ കുറച്ചു കൃഷിപ്പണിയാ…പച്ചക്കറി കൃഷി ചെയ്യാന്‍ പോകുകയാ..

തങ്കച്ചന്‍ കണ്ണിന് മുകളില്‍ കൈകൊണ്ട് മറ പിടിച്ച് മേളിലോട്ട് നോക്കുന്നു.

ജോസ്: ഞാന്‍ മണ്ണില്‍ പണിയുന്ന കാര്യം പറഞ്ഞപ്പോള്‍ നിങ്ങളെന്നാത്തിനാ വിണ്ണിലേക്ക് നോക്കുന്നത്…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) അതുപിന്നെ….വല്ല കാക്കയും മലര്‍ന്നു പറക്കുന്നുണ്ടോയെന്ന് നോക്കിയതാ…

ജോസ്: അതെന്നാ നിങ്ങളങ്ങനെ പറഞ്ഞത്…

തങ്കച്ചന്‍: കാണാത്ത കാഴ്ചകളൊക്കെയല്ലെ കാണുന്നത്…വിയര്‍പ്പിന്റെ അസുഖമുള്ള നീ മണ്ണില്‍ പണിയുന്നത് കണ്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല…

ജോസ്: നിങ്ങളുടെ കളിയാക്കുന്ന സ്വഭാവം നിര്‍ത്തി ഇനിയെങ്കിലും ഒന്നു നന്നാകാന്‍ നോക്ക്….(നെറ്റിയിലെ വിയര്‍പ്പ് തൂത്തുകൊണ്ട്) നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കണമെന്നാ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്….

തങ്കച്ചന്‍: അങ്ങനെയാണേല്‍ നീ ഇത്രയും നാളുതിന്ന അപ്പത്തിന്റെ കണക്ക് എവിടെ കൊള്ളിക്കും…

ജോസ്: നിങ്ങള് നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ല…ഇങ്ങനെ മുട്ടാപ്പോക്ക് ചോദ്യവുമായിട്ടു കാലം തീര്‍ക്കുകയേയുള്ളു…

തങ്കച്ചന്‍: എന്നാലും നിനക്കെപ്പഴാ ഇങ്ങനെ മണ്ണില്‍ പണിയണമെന്ന തോന്നലുണ്ടായത്… മിക്കവാറും പെമ്പ്രന്നോത്തി തൂമ്പാ തോളേല്‍ വെച്ച് ഇറക്കിവിട്ടതായിരിക്കും…

ജോസ്: തങ്കച്ചാ അധ്വാനിക്കാനുള്ള ഒരു മനസ് വേണം….അല്ലാതെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും തേരാപാരാ നടന്നാല്‍ പോര.

തങ്കച്ചന്‍: അതുനേരാ…എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാമെന്നാ…

ജോസ്: ങാ..അതു നിങ്ങള് കുറച്ചുകൂടി നേരത്തെ ആലോചിക്കണമായിരുന്നു….അല്ലാതെ വായിലെ പല്ലെല്ലാം പോയപ്പഴല്ല…

തങ്കച്ചന്‍: പിന്നെ …ഇന്നാദ്യമായിട്ടു മണ്ണില്‍ കാലുകുത്തിയവനല്ലെ എന്നെ കളിയാക്കുന്നത്…ആയ കാലത്ത് നാലാളിന്റെ പണിയെടുത്തിട്ടുള്ളവനാ ഞാന്‍… അറിയാമോ…

ജോസ്: എനിക്കെങ്ങുമറിയത്തില്ല…നാലാളിന്റെ ചോറുണ്ണുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്….

തങ്കച്ചന്‍: അതുംനേരാ….ജോലിയും ചെയ്യും ഭക്ഷണവും കഴിക്കും…ദാറ്റീസ് മൈ പോളിസി…

ജോസ്: ഇതെന്നാ ഇപ്പം ഇംഗ്ലീഷ് ഒക്കെയാണല്ലോ വായില്‍നിന്നു വരുന്നത്…നിങ്ങള് വല്ലതും കണ്ട് പേടിച്ചോ…

തങ്കച്ചന്‍: കുറച്ച് ഇംഗ്ലീഷ് പഠിക്കാനുള്ള പരിപാടിയാ…അടുത്ത മാസം ചെറുക്കന്‍ കാനഡയില്‍ നിന്നു വരും…

ജോസ്: ങാഹാ…കാനഡാക്കാരിയെ കെട്ടിയവനാണോ…അതിനു നിങ്ങള് ഇത്ര കഷ്ടപ്പെടുകയൊന്നും വേണ്ട….സുരാജ് വെഞ്ഞാറമൂട് ഒരു സിനിമേല്‍ കാണിക്കുന്നതുപോലെ ഇങ്ങനെ വായില്‍ ഒരു വിരലിട്ടു വര്‍ത്തമാനം പറഞ്ഞാല്‍ മതി…മലയാളത്തില്‍ പറയുന്നതെല്ലാം ഇംഗ്ലീഷിലായിട്ടേ തോന്നൂ….

തങ്കച്ചന്‍: അങ്ങനെ കാണിച്ചിട്ട് വേണം മദാമ്മേടെ അടി ഞാന്‍ കൊള്ളാന്‍….ഇവിടെ നല്ല നാടന്‍ തല്ല് പെമ്പ്രന്നോത്തീടേന്നു കിട്ടും പിന്നെന്നാത്തിനാ പുറത്തൂന്നെടുക്കുന്നേ…

ജോസ്: ഹാ…നിങ്ങള് ഞാന്‍ പറയുന്നത് കേള്‍ക്ക്….തിരിച്ചു പറയാനറിയത്തില്ലെങ്കില്‍ ഇതാ ഇങ്ങനെയൊക്കെ (ആംഗ്യവിക്ഷേപങ്ങളോടെ) ഓാാ…വൗ…യായാ… പറഞ്ഞാല്‍ മതി…പിന്നെ…ഓകെ…ഷുവര്‍…നൈസ്…എന്നിങ്ങനെ രണ്ടുമൂന്നു വാക്കുകള് കൂടി പഠിച്ചുവെച്ചോണം…എപ്പം വേണേലും എടുത്തുപ്രയോഗിക്കാന്‍….

തങ്കച്ചന്‍: അതിലൊക്കെ എളുപ്പവഴി ഞാന്‍ കണ്ടിട്ടുണ്ട്…അവള് നില്‍ക്കുന്ന ഭാഗത്തേക്ക് അധികം പോകാതിരിക്കുക…പിന്നെ ഇച്ചിര ഗൗരവത്തില്‍ അരിശപ്പെട്ട് ഇങ്ങനെ (മുഖത്ത് ഭാവമാറ്റം വരുത്തി) നടക്കുക.

ജോസ്: അങ്ങനെ നടന്നാല്‍ അവര് വല്ലതും തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കിട്ടാതെ പോകും….

തങ്കച്ചന്‍: ങാ…അതുതന്നെ…അതുമേടിക്കാതിരിക്കാനാ ഒരു കൈയ്യകലത്തില്‍ നടക്കാമെന്ന് ഞാന്‍ പറഞ്ഞത്….

ജോസ്: ങാ…എന്നാ മരുമോള് വരുമ്പോ…കറിവെക്കാന്‍ നല്ല ജൈവപച്ചക്കറി ഞാന്‍ തരാം…

തങ്കച്ചന്‍: നീ…ഇപ്പം കിളച്ച് മാന്തിവെച്ചിട്ട് അത് കിളിര്‍ത്ത് വളര്‍ന്ന് കായിച്ച് കറിവെക്കുമ്പഴേക്ക് അവള് കാനഡായില്‍ തിരിച്ചുചെല്ലും….നമ്മള്‍ക്ക് പാഴ്‌സലായിട്ട് അയച്ചുകൊടുക്കാം…ഇപ്പറയുന്നതുപോലെക്കെ നട്ട് കിളിര്‍ത്ത് ഉണ്ടായാല്‍….

ജോസ്: നിങ്ങള് കളിയാക്കുകയൊന്നും വേണ്ട…ഒരു മാസം കഴിയുമ്പം നിങ്ങള് വന്നുനോക്കിക്കോ…ഇവിടെ മുഴുവന്‍ പച്ചക്കറികളായിരിക്കും…(പറമ്പിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇവിടെ വെണ്ട…അവിടെ പയര്‍…അവിടെ പാവല്‍….അങ്ങനെ കിടിലന്‍ പച്ചക്കറി കൃഷി….

തങ്കച്ചന്‍: (ചെവിയോര്‍ത്തിട്ട്) ഒരു വണ്ടി വരുന്നതിന്റെ ഒച്ചകേള്‍ക്കുന്നുണ്ടോ…ആ സ്റ്റാലിന്‍ വണ്ടി പിടിച്ചുവരുന്നതാന്നാ തോന്നുന്നത്…

ജോസ്: (ചെവിവട്ടംപിടിച്ച്) ഞാന്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ…ഏതു സ്റ്റാലിനാ ഇപ്പം ഇങ്ങോട്ടു വരുന്നത്…ഞാന്‍ അറിയുകേലല്ലോ..

തങ്കച്ചന്‍: (ചെറുചിരിയോടെ) തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനേ….അവര് കേരളത്തിലോട്ട് പച്ചക്കറി കയറ്റിയയച്ചാ ചെലവു കഴിയുന്നത്… അതു നീയായിട്ട് തകര്‍ക്കരുതെന്ന് പറയാന്‍ വരുന്നതാ…

ജോസ്: നിങ്ങള് കളിയാക്കികൊണ്ടിവിടെയിരുന്നോ…(തൂമ്പാ നിലത്ത് ആഞ്ഞുകുത്തിക്കൊണ്ട്) ഞാന്‍ പച്ചക്കറി വിളയിക്കും… സബ്‌സിഡിയും മേടിക്കും…നിങ്ങള് ഞെട്ടും…

തങ്കച്ചന്‍:(കൈയടിച്ചകൊണ്ട്) ങാാാ…നീ ഞൊട്ടും….അങ്ങനെ പുറത്തോട്ടു വരട്ടെ…ഞാനോര്‍ക്കുകയും ചെയ്തു ഒന്നും കാണാതെ കന്ന് കയത്തില്‍ ചാടുകേലെന്ന്….അപ്പൊ അതാ നിന്റെ ഉദ്ദേശം അല്ലേ…സബ്‌സിഡി തട്ടുക…

ജോസ്: അതിനിപ്പം എന്നാ ഇത്ര കുറച്ചില്….ഞാന്‍ കൃഷിഭവനില്‍ വിളിച്ചിരുന്നു…സബ്‌സിഡി തരാമെന്നാ പറഞ്ഞത്…

തങ്കച്ചന്‍: ഹെന്റെ ജോസേ…ഇതാണ് മലയാളിയുടെ കുഴപ്പം…ഇവിടെ കൃഷിചെയ്ത് വിളവെടുക്കലല്ല…സബ്‌സിഡി വിളവെടുപ്പാ എല്ലാവരുടെയും ലക്ഷ്യം….

ജോസ്: അതിപ്പം കൃഷിനടത്തുന്നവരെ സഹായിക്കാനല്ലേ സബ്‌സിഡി…കൃഷിക്കാര്‍ക്ക് അതുകിട്ടിയാലെന്നാ കുഴപ്പം…

തങ്കച്ചന്‍: അത് കൃഷിക്കാര്‍ക്ക് കിട്ടിയാല്‍ കുഴപ്പമില്ല…നിന്നെപ്പോലെ സബ്‌സിഡിയെന്നു കേള്‍ക്കുമ്പോള്‍ മാത്രം മണ്ണിലിറങ്ങുന്നവരെയാ ഞാന്‍ ഉദ്ദേശിച്ചത്….സബ്‌സിഡി പോക്കറ്റിലെത്തിക്കഴിഞ്ഞാല്‍ കൃഷിയും തീര്‍ന്നു…

ജോസ്: ഏയ് അങ്ങനെയൊന്നും പറ്റില്ല…അവര് വന്ന് നോക്കിയിട്ടേ സബ്‌സിഡിയൊക്കെ പാസാക്കൂ…

തങ്കച്ചന്‍: ന്റെ ജോസേ നീ ആരോടാ ഈ പറയുന്നത്…ഞാന്‍ ഈ കളി കുറേകണ്ടവനാ…

ജോസ്: അതുശരി…സബ്‌സിഡിയുടെ പുറകേ കുറേപോയതാ അല്ലേ…എന്നിട്ടാ നിന്നു പ്രസംഗിക്കുന്നത്…

തങ്കച്ചന്‍: അതുകൊണ്ടല്ലേ ഞാനിത്ര കൃത്യമായിട്ട് പറയുന്നത്….

ജോസ്: എന്നിട്ട് നിങ്ങള്‍ക്ക് സബ്‌സിഡി കിട്ടിയോ…

തങ്കച്ചന്‍: ഞാന്‍ വിശദമായി പറയാം നീ കേള്‍ക്ക്…കഴിഞ്ഞ വര്‍ഷം മെമ്പറ് പറഞ്ഞു പഞ്ചായത്തീന്ന് വല്ല സഹായവും വേണമെങ്കില്‍ അപേക്ഷ വെക്കണംന്ന്…

ജോസ്: നിങ്ങള് വലിയ പ്രമാണിയായതുകൊണ്ട് അപേക്ഷിച്ചില്ലായിരിക്കും…

തങ്കച്ചന്‍: നീ ഇടയ്ക്ക് കയറാതെ…ഞാന്‍ ഫോം മേടിക്കാന്‍ ചെന്നപ്പം മെമ്പറ് പറഞ്ഞ് ഓരോന്നിനും പ്രത്യേകം അപേക്ഷ വേണമെന്ന്…ഞാന്‍ അഞ്ചാറ് അപേക്ഷ മേടിച്ചു…(ആംഗ്യം കാണിച്ചുകൊണ്ട്) പശൂന്…കയ്യാലവെക്കുന്നതിന്…വാഴവെക്കുന്നതിന്…പറമ്പില്‍ പണിയിപ്പിക്കുന്നതിന്….പശുക്കൂടിന്….കോഴിക്ക്….

ജോസ്: ങാ…അതുനിങ്ങള്‍ക്ക് കിട്ടിക്കാണും…

തങ്കച്ചന്‍: പൊക്കോണം….ഒരു കോപ്പും കിട്ടിയില്ല….അപേക്ഷ കൊടുക്കാന്‍ പോയപ്പഴേ എനിക്കുമനസിലായി ഇതു നടപടിയുള്ളതല്ലെന്ന്….വലിയ ഒരു പെട്ടിക്കൂട് അവിടെ വെച്ചിട്ടുണ്ട്..അതിലേക്ക് എല്ലാവരും കൊണ്ടുവന്നിടുകയാ….മലപോലെ അവിടെ കുന്നുകൂടികിടക്കുവാ അപേക്ഷ….

ജോസ്: ഇത്രയും അപേക്ഷിച്ചിട്ടും നിങ്ങള്‍ക്കൊന്നും കിട്ടിയില്ലേ…

തങ്കച്ചന്‍: കിട്ടി ….രണ്ട്…ഞാന്‍ പറയുന്നില്ല….ഓരോന്നും കിട്ടാത്തതിന് ഓരോ മുടന്തുന്യായമുണ്ട്….കഴിഞ്ഞ ദിവസം കൃഷിഭവനില്‍ നിന്നു വിളിച്ചു…പറമ്പില്‍ പണിയിപ്പിച്ചതിന്റെ പൈസ കിട്ടും അങ്ങോട്ടുചെല്ലാന്‍…

ജോസ്: കണ്ടോ…കിട്ടുമല്ലോ…നിങ്ങള് ചുമ്മാ എന്നെ പറ്റിക്കുവായിരുന്നല്ലേ…ഞാന്‍ വേഗം രണ്ടു തടംകൂടിയെടുക്കട്ടെ…(തൂമ്പായെടുത്ത് കിളയ്ക്കാന്‍ തുടങ്ങുന്നു)

തങ്കച്ചന്‍: നില്‍ക്ക്…നീ ആവേശം കാണിക്കാതെ…ബാക്കികൂടി കേള്‍ക്ക്….ചെല്ലുമ്പോള്‍ ആധാര്‍കാര്‍ഡ്…റേഷര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഇതിന്റെയെല്ലാം കോപ്പി….പിന്നെ പറമ്പില് എല്ലാം വിളഞ്ഞ് നില്‍ക്കുന്നതിന്റെ ഫോട്ടോ…എന്നിട്ട് നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ അവരെ കൂട്ടിക്കൊണ്ടുവരണം…

ജോസ്: അതിപ്പം കപ്പയെല്ലാം പറിച്ചില്ലേ…വാഴയെല്ലാം കുലയുംവെട്ടി വിറ്റു….ഇനിയെവിടെന്നാ ഫോട്ടോയെടുക്കുന്നത്…

തങ്കച്ചന്‍: അതുതന്നെയാ ഞാനും ചോദിക്കുന്നത്….ഇപ്പഴാണോ….ഫോട്ടോയെടുക്കാന്‍ വരുന്നത്….

ജോസ്: ഇതെന്നോട് ചോദിച്ചിട്ട് കാര്യമുണ്ടോ..അവരോട് ചോദിക്കാന്‍ മേലായിരുന്നോ…

തങ്കച്ചന്‍: ഞാന്‍ ചോദിച്ചു…അവര് പറയുന്നത് സര്‍ക്കാരിന്റെ ഫണ്ട് വരുന്നത് ഇപ്പഴാ…കൃഷി നടത്തിയെന്ന് തെളിവില്ലാതെ അവര്‍ക്ക് അത് തരാനും പറ്റില്ലെന്ന്…

ജോസ്: ഇനിയിപ്പം തെളിവിനെവിടെ പോകുന്നു…

തങ്കച്ചന്‍: ഞാന്‍ പറഞ്ഞു പറമ്പില്‍ നിറച്ച് തൊരപ്പന്മാരാ…അവന്മാരാ പകുതി കപ്പേടെയും വെളവെടുത്തത്…അടുത്തകൊല്ലവും കപ്പ നടുമെന്നു കരുതി അവന്മാര് അവിടെ തന്നെ കിടപ്പുണ്ട്….വേണേല്‍ തെളിവെടുപ്പിന് വരുമ്പം അവന്മാരെ നിരത്തി നിര്‍ത്താം….സബ്‌സിഡികിട്ടിയാല്‍ അടുത്ത കൊല്ലോം കപ്പനടുമെന്നു കരുതി അവന്മാര് ഉള്ളതു പറയും….

ജോസ്: ഇതെല്ലാം കര്‍ഷകനെ കളിപ്പിക്കാനുള്ള ഓരോ പരിപാടിയാ അല്ലെ…

തങ്കച്ചന്‍: ന്റെ ജോസേ…ഇതുകൊണ്ടൊന്നും കര്‍ഷകനൊരു ഗുണവും കിട്ടില്ല…കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ കണ്ടതാ..നമ്മുടെയിവിടെ കൃഷിയുമായിട്ട് ബന്ധപ്പെട്ട് നൂറോളം ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്…അവര്‍ക്കെല്ലാം ശമ്പളവും പെന്‍ഷനുംകൂടി കൊടുക്കാന്‍ പത്തുമുന്നൂറുകോടി രൂപവേണം….

ജോസ്: എന്നിട്ടോ ഇവിടെ വല്ല കൃഷിയോ എന്തെങ്കിലും സംരംഭമോ ഉണ്ടോ….

തങ്കച്ചന്‍: ഇവിടെ ഒരുത്തന്‍ എന്തെങ്കിലും തുടങ്ങാനുള്ള പരിപാടിയുമായിട്ട് ഈ ഉദ്യോഗസ്ഥരുടെ അടുത്തോട്ടുചെന്നാല്‍ അതെങ്ങനെ തുടങ്ങാന്‍ സഹായിക്കാമെന്നല്ല…എങ്ങനെ മുടക്കാന്‍ പറ്റുമെന്നാ അവര് നോക്കുന്നത്…

ജോസ്: എന്നാ…അവരുടെ ശമ്പളത്തേലോ ഇന്‍ക്രിമെന്റേലോ ഇത്തിരി കുറവുവരുത്തട്ടെ അന്നേരം കണ്ടോണം…സമരമായി ബഹളമായി….

തങ്കച്ചന്‍: നിനക്ക് പച്ചക്കറി കൃഷി ചെയ്യണമെന്നുണ്ടേല്‍ തമിഴ്‌നാട്ടിലോട്ട് ചെല്ല്…അവിടെ ചെന്ന് സ്ഥലം പാട്ടത്തിനെടുക്കുമ്പഴേ അവിടുത്തെ എംഎല്‍എയും പഞ്ചായത്ത് മെമ്പറും ഉദ്യോഗസ്ഥരുമെല്ലാം ഞങ്ങളെന്നതാ ചെയ്യേണ്ടതെന്നു ചോദിച്ച് ഓടിവരും….വിത്തും തരും വെള്ളവും തരും…അവസാനം നല്ല വിലയ്ക്ക് വിളവ് വില്‍ക്കാനുള്ള സൗകര്യവും തരും….

ജോസ്: അങ്ങനെയാണെങ്കില്‍ ഇവിടം ബംഗാളികളെ ഏല്‍പ്പിച്ചേച്ച് നമ്മളൊക്കെ തമിഴ്‌നാടിന് പോകേണ്ടിവരുമോ….

തങ്കച്ചന്‍: അങ്ങനെ ഒരിക്കലും സംഭവിക്കില്ല…തമിഴ്‌നാട്ടില്‍ ചെന്നാലേ മെയ്യനങ്ങി പണിയണം…

ജോസ് തൂമ്പായെടുത്ത് തോളേല്‍ വെച്ച് നടക്കുന്നു.

തങ്കച്ചന്‍: നീ ഇതെന്നാ കൃഷി നിര്‍ത്തിയോ…പോകുവാണോ…

ജോസ്: ഓാാ…മതിയാക്കി…തൂമ്പാ കൊണ്ടുപോയി വീട്ടില്‍ വെച്ചേക്കാം…വെറുതെ തൂമ്പായേല്‍ മണ്ണു പറ്റിക്കേണ്ട…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) നീയാണെടാ…ശരിക്കുള്ള മലയാളി…നമ്പര്‍വണ്‍ കേരളം…ദൈവത്തിന്റെ സ്വന്തം നാട്…

LEAVE A REPLY

Please enter your comment!
Please enter your name here