ചപ്പാത്തി കണ്ടാല്‍ വയലന്റാകും ചിക്കന്‍ കണ്ടാല്‍ കൂളാകും

0
51

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-9

വീടിനുള്ളില്‍ നിന്നും കലിതുളളിയിറങ്ങിവരുന്ന ചേട്ടന്‍. ആകെപ്പാടെ അരിശത്തിലാണ്.

ചേട്ടന്‍: എനിക്കുവേണ്ടെന്നു പറഞ്ഞില്ലേ….

അകത്തുനിന്നും ചേടത്തിയുടെ വാക്കുകള്‍.
ചേടത്തി: നിങ്ങള് ചാടിതുള്ളി ഓടാതെ. അവിടെ നില്‍ക്ക്….

നടയിറങ്ങി ചെരുപ്പിടുന്നതിനിടയില്‍
ചേട്ടന്‍: എന്നാ കാണാന്‍ നിക്കാന്‍…എനിക്കുവേറെ പണിയുണ്ട്…

ചേടത്തി: (പുറത്തേക്കിറങ്ങി വന്ന് കസേരയില്‍ പിടിച്ചു കൊണ്ട്)എന്നാ മലമറിക്കുന്ന പണിയാ….ഇനിയെന്തിനു പോകുവാണേലും കഴിച്ചിട്ടു പോ…

ചേട്ടന്‍: എനിക്കുവേണ്ടെന്നു പറഞ്ഞില്ലേ….പിന്നെന്നാത്തിനാ പിന്നേം പറയുന്നത്….

ചേടത്തി: അങ്ങനെ പറഞ്ഞാലെങ്ങനാ….രാവിലെ എന്തെങ്കിലും കഴിക്കേണ്ടെ…

ചേട്ടന്‍: ങാ..രാവിലെ എന്തേലും കഴിക്കണം…അങ്ങനെയൊരു വിചാരമുണ്ടേല്‍ നീ ഇപ്പണി കാണിക്കുമോ…

ചേടത്തി: ഞാനെന്തു ചെയ്‌തെന്നാ…നിങ്ങളടെ തുള്ളല് കണ്ടാല്‍ തോന്നുമല്ലോ…ഞാന്‍ രാവിലെ നിങ്ങള്‍ക്ക് ആട്ടിന്‍സൂപ്പു തരാന്‍ നോക്കിയെന്ന്…

ചേട്ടന്‍: നീ അപ്പണിയും കാണിക്കും…ആ ജോളിക്കേസ് കഴിഞ്ഞേപ്പിന്നെ എനിക്കിച്ചിര ഊരുപേടിയുണ്ട്….ഒറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളുകേല….

ചേടത്തി: നിങ്ങള് രാവിലെ മുറ്റത്തുകിടന്ന് ചുമ്മാ ആവശ്യമില്ലാത്തത് വിളിച്ചു കൂവാതെ കേറിവന്ന് കാപ്പി കുടിച്ചിട്ട് പോ മനുഷ്യാ…

ചേട്ടന്‍: എനിക്കെങ്ങും വേണ്ട…ഞാനിനി ഇവിടുന്നെ രാവിലത്തെ കാപ്പികുടി നിര്‍ത്തി…എനിക്കുവേറെയും വീടുണ്ട്…

ചേടത്തി: ങാഹാ…നിങ്ങള്‍ക്ക് വേറെയും വീടുണ്ടോ….അത് ഞാനറിഞ്ഞില്ലല്ലോ….അതാണോ …ഇപ്പം വരാമെന്ന് പറഞ്ഞ് ഇടയ്ക്ക് മുങ്ങുന്നത്….

ചേട്ടന്‍: അത് നിന്റെ വീട്ടുകാരുടെ സ്വഭാവം…എന്നെക്കൊണ്ട് രാവിലെ മുഴുവന്‍ വായിപ്പിക്കരുത്…

ചേടത്തി: ങാ…പോട്ടെ..നിങ്ങളിപ്പം രാവിലെ വായിക്കാനും പഠിക്കാനുമൊന്നും പോകേണ്ട….വന്ന് കാപ്പികുടിക്ക്….

ചേട്ടന്‍: ഞാന്‍ ഒരുകാര്യം പറഞ്ഞാ പറഞ്ഞതാ…ഇനി നിന്റെ കാപ്പികുടി നിര്‍ത്തി…

ചേടത്തി: അത്രകടുത്ത തീരുമാനമെടുക്കാന്‍മാത്രം ഇവിടെയെന്നതാ ഉണ്ടായത്…

ചേട്ടന്‍: ങാഹാ…ഒന്നും ഉണ്ടായില്ലേ…എനിക്ക് രാവിലെ ദോശയോ ഇഡ്ഢലിയോ വേണമെന്ന് നിനക്കറിയാവുന്നതല്ലേ…പിന്നെയെന്നാത്തിനാ ചപ്പാത്തി ഒടിച്ചു മടക്കികൂട്ടി കൊണ്ടുവന്ന് വെച്ചത്….

ചേടത്തി: ന്റെ പൊന്നേ…അതിന്ന് ഒരുദിവസത്തേക്ക് ഒന്നു ക്ഷമിക്ക്….ഇന്നലെ കറന്റില്ലായിരുന്നത് കൊണ്ട് അരിയാട്ടാന്‍ പറ്റിയില്ല…അതുകൊണ്ടല്ലേ…

ചേട്ടന്‍: വൈകീട്ട് കറന്റുവന്നായിരുന്നല്ലോ…അന്നേരം ആട്ടാമായിരുന്നല്ലോ…

ചേടത്തി: അതുപിന്നെ സന്ധ്യയായില്ലായിരുന്നോ…ഒരു ദിവസത്തേക്ക് ചപ്പാത്തിയാക്കാമെന്നു വെച്ചു…

ചേട്ടന്‍: കണ്ടോ….അപ്പോ മനപൂര്‍വം ഇതിയാനു നാളെ ചപ്പാത്തി മതിയെന്നു നീയങ്ങു തീരുമാനിച്ചു….നീ തീരുമാനിക്കുന്നതനുസരിച്ചാണോ ഞാന്‍ ഭക്ഷണം കഴിക്കേണ്ടത്…

ചേടത്തി: ന്റെ പൊന്നേ…ഒരു ദിവസം നിങ്ങള് ചപ്പാത്തി കഴിച്ചെന്നു കരുതി ലോകം അവസാനിക്കുകയൊന്നുമില്ലല്ലോ…

ചേട്ടന്‍: നിനക്ക് ലോകം അവസാനിക്കുകേല…എന്റെ ലോകം അവസാനിക്കും…ഞാന്‍ ചെറുപ്പം മുതലേ രാവിലെ ലൈറ്റായിട്ട് ഭക്ഷണം കഴിച്ചു വളര്‍ന്നവനാ..രാവിലെ ദോശ, ഇഡ്ഢലി, പുട്ട്…ഇങ്ങനെ അരിയാഹാരം…അതിനനുസരിച്ചാ എന്റെ വയറ് സെറ്റ് ചെയ്തിരിക്കുന്നേ….അതിനു പകരം ഗോതമ്പ് ചെന്നാല്‍ വയറ് സ്തംഭിക്കും…

ചേടത്തി: നിങ്ങടെ ഓരോ സിദ്ധാന്തം….ഇന്നാള് വൈകുന്നേരം നിങ്ങടെ ഈ വര്‍ത്തമാനം കേട്ട് പിള്ളേര്‍ക്ക് ചപ്പാത്തിയും ചിക്കനും കൊടുത്തേച്ച് നിങ്ങള്‍ക്ക് ദോശേം ചമ്മന്തിയും തന്നപ്പോള്‍ എന്നാ ബഹളമായിരുന്നു….അന്നേരം നിങ്ങടെ വയറ് സ്തംഭിക്കുകേലെ…

ചേട്ടന്‍: എടീ വിവരക്കേടിന് കൈയുംകാലും വെച്ചവളേ…ഓരോ സമയത്തും അതിനനുസരിച്ച ഭക്ഷണം കഴിക്കണം…അല്ലാതെ നിന്റെ തലേല്‍ തോന്നുന്നതല്ല എന്റെ വയറിന് പത്ഥ്യം…

ചേടത്തി: എന്നാണേലും രാവിലെ പട്ടിണി കിടക്കാതെ…വയറുകായും…ഇനി ഇല്ലാത്ത അസുഖവും ഉണ്ടാകും…കേറി വാ കാപ്പികുടിക്കാം…നാളെ ദോശയുണ്ടാക്കാം…

ചേട്ടന്‍: നീ ചുമ്മാതിരിയെടീ…ഞാന്‍ ഒരു കാര്യം തീരുമാനിച്ചാ അണുവിട മാറുകേല….അസുഖംവരട്ടെ…അതല്ലെ നിന്റെ മനസിലിരുപ്പും….ഞാനെന്റെ വഴിക്കു പോകുവാ….(തിരിഞ്ഞു നടക്കുന്നു)

ചേടത്തി: (അരിശപ്പെട്ട്) ങാ…പോയേച്ചു വാ…എത്രനേരമെന്നു വെച്ചാ പറയുന്നത്…എനിക്കു വേറെ പണിയുണ്ട്….(അകത്തേക്ക് കയറിപോകുന്നു)

ചേടത്തി പോയോയെന്ന് ചേട്ടന്‍ പാളി നോക്കുന്നു. ചേടത്തി കയറിപ്പോയതോടെ ചേട്ടന്റെ തുള്ളല് ഇത്തിരി കുറഞ്ഞു. ചേടത്തി നിര്‍ബന്ധിക്കാന്‍ വരുന്നില്ലെന്ന് കണ്ടപ്പോള്‍ പോര്‍ട്ടിക്കോയിലെ ചാരുകസേരയിലേക്ക്…വിശപ്പിന്റെ അസ്വസ്ഥയോടെയുള്ള പത്രം വായന.

അകത്തു നിന്നും ഇറങ്ങിവരുന്ന ചേടത്തി
ചേടത്തി: ങാഹാ..നിങ്ങള് ചിന്നവീട്ടില്‍ കാപ്പികുടിക്കാന്‍ പോയിട്ട് ഇത്ര പെട്ടെന്ന് വന്നോ.
(ഭിത്തിയിലിരിക്കുന്നു)
അതോ…ഇങ്ങോട്ട് പാഴ്‌സല് കൊടുത്തുവിട്ടേക്കാമെന്നു പറഞ്ഞോ…

ചേട്ടന്‍ വായിച്ചുകൊണ്ടിരുന്ന പത്രം അരിശത്തോടെ മടക്കി വെയ്ക്കുന്നു.

ചേട്ടന്‍: മനസമാധാനത്തോടെ പത്രം വായിക്കാനും സമ്മതിക്കുകേലേ…

ചേടത്തി: ഞാനാരുടെയും മനസമാധാനം കളയുന്നില്ലേ…(പത്രം വായിക്കാനായിട്ടെടുക്കുന്നു) ഇന്ന് പത്രത്തിലെന്നാ ഉണ്ട് വാര്‍ത്ത….നോക്കട്ടെ…

ചേട്ടന്‍: (ഇഷ്ടപ്പെടാത്തമട്ടില്‍) ഊംംംം….ഇപ്പം വായിച്ചങ്ങ് തകര്‍ക്കും…തലതിരിച്ചുപിടിച്ച് വായിക്കാതിരുന്നാല്‍ മതി…

ചേടത്തി: (ഏതോ വാര്‍ത്ത കണ്ട് കൗതുകത്തോടെ) ങാഹാ…ഇതു കൊള്ളാമല്ലോ…അപ്പം നിങ്ങള് പറയുന്നതിലും കാര്യമുണ്ടല്ലേ….

ചേട്ടന്‍: (സംഭവമെന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ട്. എന്നാല്‍ ചോദിക്കാനിത്തിരി മടിയും) അതെന്നതാ ഇപ്പം നിനക്ക് തിരിച്ചറിവുണ്ടായത്…

ചേടത്തി: നിങ്ങളിതു കണ്ടില്ലേ….പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമം പുട്ടും കടലയും ദോശയും ഇഡ്ഢലിയും…പഠന റിപ്പോര്‍ട്ട് ….അപ്പം നിങ്ങള് പറഞ്ഞത് ശരിയാണല്ലോ….

ചേട്ടന്‍: (വീണു കിട്ടിയ ഉശിരോടെ) കണ്ടോ…കണ്ടോ…ഇപ്പം നിനക്ക് മനസിലായോ…ഞാന്‍ പറയുമ്പഴല്ലേ നിനക്ക് വിലയില്ലാത്തത്…

ചേടത്തി: നിങ്ങള് പറയുന്നതിന് വിലയില്ലെന്ന് ആരു പറഞ്ഞു…നിങ്ങളുടെയത്രേം വിവരമുള്ളയാള് ഈ പഞ്ചായത്തില്‍ കാണില്ല.

ചേട്ടന്‍: (സംശയിച്ച്) നീ കളിയാക്കിയതാണോ….

ചേടത്തി: അല്ല മനുഷ്യാ ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ…നിങ്ങളീ പത്രമെല്ലാം വായിക്കും…പുസ്തകം വായിക്കും…അങ്ങനെഎന്തേരെ വിവരം കിട്ടുന്നു….ഇത്രേം കാര്യങ്ങളെക്കുറിച്ച് ബോധം ഉള്ള വേറെ ആരുണ്ട് നമ്മുടെ കുടുംബത്തില്‍…

ചേട്ടന്‍: (കോള്‍മയിര്‍ കൊണ്ട്) ആഹഹാ…ഇപ്പഴെങ്കിലും നീ എന്നെയൊന്ന് അംഗീകരിച്ചല്ലോ….നമ്മള് കാര്യങ്ങളെല്ലാം മനസിലാക്കിയിരിക്കണം…

ചേടത്തി: അതു നേരാ…നിങ്ങള് പറയുന്നതുപോലെ നമ്മക്കും ഭക്ഷണമൊക്കെയൊന്നു ക്രമീകരിക്കാം…

ചേട്ടന്‍: അതുവേണം…അങ്ങനെയെങ്കില്‍ നമുക്ക് ആരോഗ്യം നിലനിര്‍ത്താം അസുഖങ്ങള്‍ ഒഴിവാക്കാം…നീ കൂടിയൊന്നു സഹകരിച്ചാല്‍ ഞനെല്ലാം പ്ലാന്‍ ചെയ്യാം…

ചേടത്തി: ഒരു നല്ല കാര്യത്തിനല്ലെ…ഞാന്‍ സഹകരിക്കാം…കുറച്ചു വ്യായാമവും കൂടി ചെയ്യണം….ഞാന്‍ കുറേനാളായിട്ട് നിങ്ങളോട് പറയണമെന്നു കരുതിയിരിക്കുന്നതാ…

ചേട്ടന്‍: (ചേടത്തിയും തന്റെ ലൈനിലേക്കുവരുന്നുവെന്നതിന്റെ അത്യുത്സാഹത്തില്‍) ങാ…വേണം….അതൊക്കെ നമുക്ക് അടിപൊളിയാക്കാം…രാവിലെ അഞ്ചിന് എണീക്കണം…വെറും വയറ്റില്‍ ഒരു മൂന്നു ഗ്ലാസ് ചൂടുവെള്ളം കുടിക്കണം…എന്നിട്ട് മുറ്റത്തിനു ചുറ്റും അരമണിക്കൂറ് നടക്കണം… കുറച്ചു യോഗാ….

ചേടത്തി: (ഇടയ്ക്ക് കയറി) യോഗാ ചെയ്യണേല്‍ ചമ്രം പടിഞ്ഞിരിക്കേണ്ടെ…അതുപറ്റുകേല മുട്ടുവേദനയാ…

ചേട്ടന്‍: മുട്ടുവേദനയൊക്കെ മാറാനാ ഈ പരിപാടി…അതൊക്കെ ഞാന്‍ പറഞ്ഞു തരാം….

ചേടത്തി: ങാ…നിങ്ങളേറ്റെങ്കില്‍ അതുമതി….

ചേട്ടന്‍: വൈകീട്ട് കഞ്ഞി മതി. ആറ് മണിക്കുശേഷം ഭക്ഷണം കഴിക്കരുത്…നിര്‍ബന്ധമാണേല്‍ എന്തെങ്കിലും ഫ്രൂട്ട്‌സ് കഴിക്കാം….

ചേടത്തി കവിളേല്‍ തടവിക്കൊണ്ട്.

ചേടത്തി: ചിക്കന് ഇത്തിരി വറവല് കൂടി പോയായിരുന്നു…പല്ലിനൊരു വേദന…

ചേട്ടന്‍: (പെട്ടെന്ന്) േേങ…ചിക്കന്‍ ഫ്രൈയായിരുന്നോ…

ചേടത്തി: ങാ…ചപ്പാത്തിക്ക് ചിക്കന്‍ ഫ്രൈയായിരുന്നു..നിങ്ങള്‍ക്ക് നല്ലതുപോലെ മൊരിയേണ്ടെ…അതുകൊണ്ട് ശരിക്കുമങ്ങ് മൊരിച്ചു….

ചേട്ടന്‍: (നേരത്തത്തെ വഴക്കെല്ലാം മറന്ന് കൊതിമൂത്ത്) എന്നാല്‍ രണ്ട് ചപ്പാത്തി കഴിച്ചേക്കാം….എന്നിട്ട് ഫുഡ് മെനു പ്ലാന്‍ ചെയ്യാം.(എണീക്കാന്‍ തുടങ്ങുന്നു)

ചേടത്തി: രാവിലെ അരിയാഹാരം…ദോശയോ ഇഡ്ഢലിയോ കഴിച്ചില്ലെങ്കില്‍ വയറ് സ്തംഭിക്കുമോ…

ചേട്ടന്‍: (എണീക്കാന്‍ തുടങ്ങിയത് വേണ്ടെന്നു വെച്ചുകൊണ്ട്) ഇപ്പം പത്തുമണി കഴിഞ്ഞില്ലേ…പത്തുമണി കഴിഞ്ഞാല്‍ ഇച്ചിര കടുപ്പത്തില്‍ കഴിക്കാം….പണ്ടും ഞാന്‍ കഴിക്കുന്നതായിരുന്നു…പഴേങ്കഞ്ഞിയൊക്കെ…

ചേടത്തി: (എണീറ്റുകൊണ്ട്) എന്നാ..കറിയൊന്നുകൂടി ചൂടാക്കിയെടുക്കാം…

ചേട്ടന്‍: (പത്രമെടുത്തുകൊണ്ട്) നീ മുമ്പേ വായിച്ച വാര്‍ത്ത ഏതുപേജിലാ…ഞാന്‍ കണ്ടില്ലായിരുന്നു…(പത്രത്തില്‍ തപ്പുന്നു)

ചേടത്തി: ഏതുവാര്‍ത്ത….(ചിരിച്ചുകൊണ്ട്) ചുമ്മാ തപ്പി സമയം കളയേണ്ട…ഞാന്‍ ചുമ്മാ തട്ടിയതാ….

ചേട്ടന്‍: അതുശരി ..നീ എനിക്കിട്ടു രാവിലെ ഒരു പണി തന്നതാ അല്ലേ….നിന്നെ ഞാന്‍..

ചേടത്തി: (ചേട്ടന്റെ വായില്‍ നിന്ന് വേറെ എന്തെങ്കിലും വീഴുംമുന്നേ ഇടയ്ക്കുകയറി) ചിക്കന്‍ നല്ലോണം മൊരിച്ചേക്കട്ടെ…..

ചേട്ടന്‍: (പറയാന്‍ വന്നത് പിന്‍വലിച്ച് ചിക്കന് മുന്നില്‍ കീഴടങ്ങി, ചിരിയോടെ) ങാ…മൊരിഞ്ഞോട്ടെ….ഇന്നു നിന്റെ ജീവന്‍ രക്ഷിച്ചത് ചിക്കനാ…

LEAVE A REPLY

Please enter your comment!
Please enter your name here