തടവുചാടിയെത്തിയ സൈക്കോ മുരളി

0
40

നേരംപോക്ക്
എപ്പിസോഡ്-46

ചീട്ടുകളിച്ചുകൊണ്ടിരിക്കുന്ന ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞും. മൂവരും ചീട്ടുകളിയുടെ ഹരത്തിലാണ്.

തങ്കച്ചന്‍: ഇറക്കെടാ തൊമ്മിക്കുഞ്ഞേ….നീ എന്നാ പമ്മി നില്‍ക്കുന്നത്…

തൊമ്മിക്കുഞ്ഞ്: ഇന്നാ നിങ്ങള്‍ക്കിട്ടിതിരിക്കട്ടെ…

ജോസ്: അമ്പടാ തൊമ്മിക്കുഞ്ഞേ…നീ വെട്ടിമലര്‍ത്തിയല്ലോ….

തൊമ്മിക്കുഞ്ഞ്: എന്റെയടുത്താണോ കളി…വെട്ടിമലര്‍ത്തിലേ… ഞാന്‍ രാജാവാ…കിംഗ്…

തങ്കച്ചന്‍: അടുത്ത ഇറക്കിന് ഞാന്‍…കാണിക്കാമെടാ…

പെട്ടെന്ന് പൊലീസിന്റെ വിസിലടി.

മൂവരും: യ്യോ…പൊലീസ്…ഓടിക്കോ…

പൊലീസുകാരന്‍ മഫ്തിയിലാണ്. പാഞ്ഞുവരുന്നു.

പൊലീസ്: നില്‍ക്കെടാ അവിടെ…ഓടരുത്…ഞാന്‍ എറിഞ്ഞു വീഴ്ത്തും….(മൂവരും ഓടിയെന്നു കണ്ടപ്പോള്‍) ഇപ്പോ നീ രക്ഷപ്പെട്ടോ…ഞാന്‍ പൊക്കിക്കോളാം.(കളം പരിശോധിക്കുന്നു) ഇവന്മാരെന്നാ ദാരിദ്രവാസികളാ പത്തിന്റെ തുട്ടില്ലല്ലോ…(തോര്‍ത്ത് കലിക്ക് വലിച്ചെറിഞ്ഞ് പോകുന്നു)

സീന്‍-2

നടന്നുവരുന്ന മൂവരും. ഓട്ടത്തിന്റെ ക്ഷീണമുണ്ട്.

തങ്കച്ചന്‍: കഷ്ടിച്ചാ രക്ഷപ്പെട്ടത്. പിടിച്ചായിരുന്നേല്‍ നാണക്കേടായേനെ…

തൊമ്മിക്കുഞ്ഞ്: ഹോ…നാളത്തെ പത്രത്തില്‍ ഫോട്ടോ സഹിതം വാര്‍ത്തവന്നേനെ…ചീട്ടുകളി സംഘം പിടിയില്‍…തങ്കച്ചനൊക്കെ ഷര്‍ട്ടിടാതെ നിലത്തുകുത്തിയിരിക്കുന്ന ഫോട്ടോയൊന്നോര്‍ത്തു നോക്കിക്കേ…

തങ്കച്ചന്‍: എങ്കില്‍ പോയി തൂങ്ങിച്ചത്തോണ്ടാല്‍ മതി…നീയല്ലേടാ ജോസേ പറഞ്ഞത് ഇതിലേ പൊലീസോന്നും വരുകേല…എല്ലാവരും നിന്റെ പരിചയക്കാരാന്ന്.

ജോസ്: ഞാനും അതാ ആലോചിക്കുന്നത്…ഇയാളെ പരിചയമില്ല..പുതുതായിട്ടു വന്നതായിരിക്കും…ഒന്നു പോയി പരിചയപ്പെടണം…

തങ്കച്ചന്‍: പരിചയപ്പെടലിപ്പം നടന്നേനെ…ഭാഗ്യത്തിനാ രക്ഷപ്പെട്ടത്…

സീന്‍-3

മൂവരും വീട്ടിലേക്ക് നടന്നുവരുന്നു.

തങ്കച്ചന്‍: ഒന്നിരിക്കണം…ഓടീട്ട് കയ്യും കാലും വേദനിക്കുന്നു…

തൊമ്മിക്കുഞ്ഞ്: ജോസേ നിന്റെ മുട്ടിനുവേദന പോയോ…നാലുകാലും പറിച്ചാണല്ലോ ഓടിയത്…

തങ്കച്ചന്‍: ങാ…വേദനയാന്നു പറഞ്ഞേ ഓടാതിരുന്നാല്‍ പണികിട്ടുമെന്ന് മുട്ടിനറിയാം.

ജോസ്; അന്നേരം കുഴപ്പമില്ലായിരുന്നു…ഇപ്പഴാ അതിന്റെ അറിയുന്നത്…

ഭാര്യ: (അകത്തു നിന്നുവരുന്നു) ഇതെന്നാ ഓട്ടത്തിന്റെ കാര്യം പറയുന്നത്….രാവിലെ ഓടാന്‍ പോയതായിരുന്നോ…അങ്ങനെ നല്ല കാര്യങ്ങളും ചെയ്യ്…

തങ്കച്ചന്‍: ഇന്നത്തോടെ നിര്‍ത്തി…ഇനി ഇങ്ങനെ സംഭവിക്കരുതേന്നാ പ്രാര്‍ത്ഥന…

ഭാര്യ: വേണ്ടീട്ടുള്ളതൊന്നും ചെയ്യരുത്…

ജോസ്: ഇയാള് ചുമ്മാ പറയുന്നതാ…ഞങ്ങളിനി എന്നും രാവിലെ ഓടാന്‍ പോകുവാ…മുട്ടിനുവേദനയ്ക്ക് നല്ലതാന്നാ ഡോക്ടറ് പറഞ്ഞത്..

തൊമ്മിക്കുഞ്ഞ്: അതുശരിയാ മുട്ടിനുവേദനയ്ക്കു നല്ലതാ…ഓടിയപ്പം വേദനയുണ്ടെന്ന് ആരും പറയില്ല…

ഭാര്യ: കണ്ടോ…അതാ ഞാന്‍ പറഞ്ഞത്…എന്തെങ്കിലും ചെയ്യണം…അല്ലാതെ വാചകവും അടിച്ച് വെറുതെയിരുന്നാല്‍ ഒന്നും നടക്കുകേല.

ജോസ്: നീ പോയി എന്തേലും കഴിക്കാനെടുക്ക്…ഓടിമടുത്തതാ…

ഭാര്യ: എന്നാ മുട്ട പുഴുങ്ങിയെടുക്കട്ടെ…ഓടി ശരീരം ക്ഷീണിച്ചതല്ലേ…(പോകുന്നു)

തങ്കച്ചന്‍: ചീട്ടുകളിച്ചതിനു പൊലീസ് ഓടിച്ച ഭര്‍ത്താവിന് ദേഹരക്ഷ ചെയ്യുന്ന ഭാര്യ…ഉത്തമകുടുംബിനി തന്നെ…

ജോസ്: തങ്കച്ചാ അസൂയപ്പെട്ടിട്ടു കാര്യമില്ല…അതിനും വേണം ഒരു ഭാഗ്യം…

തൊമ്മിക്കുഞ്ഞ്: അതാരാ ഇങ്ങോട്ടു വരുന്നത്…യ്യോ…അതാ പോലീസുകാരനല്ലേ…നമ്മെട വീടു തപ്പി വരുവാ…

തങ്കച്ചന്‍: ഓടിക്കോ…പിടികൊടുക്കരുത്…

ജോസ്: ഓടിക്കോ…അല്ലേല്‍ വേണ്ട ഓടേണ്ട…എവിടെയേലും ഒളിക്കാം…

തൊമ്മിക്കുഞ്ഞ് പുറത്തേക്ക ഓടാന്‍് തുടങ്ങുന്നു.

തങ്കച്ചന്‍്: അയാളുടെ വായിലോട്ടാണോ ഓടുന്നത്..പെരയ്ക്കകത്ത് ഒളിക്കാം….

തങ്കച്ചനും തൊമ്മിക്കുഞ്ഞും പെരയ്ക്കകത്ത് കയറി വാതിലടയ്ക്കുന്നു. ജോസിന് കയറാന്‍ പറ്റുന്നില്ല.

ജോസ്: മഹാപാപികളെ…വാതിലടച്ചോടാ…(തിരിച്ചിറങ്ങി സൈഡിലൂടെ ഓടുന്നു)

പൊലീസുകാരന്‍: ഇതവന്മാരുടെ വീടായിരുന്നോ…അമ്പടാ അവന്മാര് ഒളിച്ചു…ഇന്ന് മൂന്നിനെയും പൊക്കിയിട്ടു തന്നെ കാര്യം.

സീന്‍-4
വീടിനു പുറകിലൂടെ ഓടുന്ന ജോസ്. ഭാര്യ തുണിയലക്കികൊണ്ടിരിക്കുന്നു.

ഭാര്യ: നിങ്ങളുടെ വ്യായാമം നിന്നില്ലേ. ഇനി നാളെ രാവിലെ ഓടിയാല്‍ മതി…അങ്ങനെയുമുണ്ടോ ഒരു ശരീര സംരക്ഷണം…

ജോസ്: ഇതാടീ ശരിക്കും തടിരക്ഷിക്കാനുള്ള ഓട്ടം…പൊലീസുവന്നിട്ടുണ്ട്…ഞങ്ങളാരുമിവിടെയില്ലെന്ന് പറഞ്ഞേര്…

ഭാര്യ: ന്റെ ദൈവമേ..പൊലീസും വീട്ടില്‍ കയറിയോ…നിങ്ങളെന്നാ ഒപ്പിച്ചിട്ടു വന്നിരിക്കുവാ…

ജോസ്: പുതിയ ആളാ…ഇവിടെ വരുമ്പോ സ്ഥലത്തെ വലിയ പുള്ളികളെയൊക്കെ വീട്ടില്‍ വന്നു പരിചയപ്പെടില്ലേ..അതിനു വന്നതായിരിക്കും…

ഭാര്യ: അതിനു നിങ്ങളെന്നാത്തിനാ ഓടുന്നത്…

ജോസ്: പൊലീസുകാരുമായിട്ടുള്ള ബന്ധം എനിക്കിഷ്ടമില്ല.

മണിയടിക്കുന്ന ശബ്ദം.

ജോസ്: നീ അങ്ങോട്ടു ചെല്ലെടീ..അല്ലേല് അയാളിങ്ങോട്ടു വരും..(ജോസ് അകത്തേക്ക്)

ഭാര്യ: എന്തെങ്കിലും തരികിടയാണെങ്കില്‍…നിങ്ങള് നോക്കിക്കോ…വെച്ചേക്കില്ല ഞാന്‍…

സീന്‍-4

മണിയടിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരന്‍.

ഭാര്യ: (നടന്നുവന്നുകൊണ്ട്) സാറേ..ഇവിടെയാരുമില്ല…

പൊലീസുകാരന്‍: പിന്നെ നിങ്ങളാരാ…

ഭാര്യ: ഞാനിവിടെ മുറ്റമടിക്കാന്‍ വന്നതാ…

ജോസ്: (അകത്ത് ഒളിച്ചിരുന്ന്) ഊംം അവള്‍ക്ക് വിവരമുണ്ട്…

പൊലീസുകാരന്‍: (മൊത്തത്തില്‍ നോക്കിയിട്ട്) കണ്ടിട്ട് തോന്നുന്നില്ലല്ലോ…മൂന്നെണ്ണം എന്റെ പിടിവിടുവിച്ച് അകത്തോട്ട് കയറിയിട്ടുണ്ട്…അവന്മാരോട് ഇറങ്ങിവരാന്‍ പറ…അല്ലേല്‍….

ഭാര്യ: സാറേ…ഇവിടെയാരുമില്ല.. .അല്ലേല്‍ വിളിച്ചുനോക്ക്…

പൊലീസുകാരന്‍: വീടിന്റെ താക്കോലെടുക്ക് എനിക്ക് അകത്തുകയറി പരിശോധിക്കണം…

തൊമ്മിക്കുഞ്ഞ്: (ഒളിച്ചിരുന്ന്) അങ്ങനെ വീട്ടില്‍ക്കയറി പരിശോധിക്കാന്‍ പറ്റില്ല…സേര്‍ച്ച് വാറന്റ് വേണം…

തങ്കച്ചന്‍: എന്നാ തൊമ്മിക്കുഞ്ഞ് പോയി ചോദിച്ചിട്ടു വാ…സേര്‍ച്ച് വാറന്റുണ്ടോന്ന്…

തൊമ്മിക്കുഞ്ഞ്: യ്യോ…അതുവേണ്ട..അയാള് പൊക്കും…

തങ്കച്ചന്‍: എന്നാ ..മിണ്ടാതിരി അവിടെ….

പൊലീസുകാരന്‍: (അകത്തേക്ക് നോക്കി) ഇറങ്ങിവരുന്നതാണ് മൂന്നിനും നല്ലത്…അകത്തുകയറിപൊക്കിയാല്‍ വകുപ്പു മാറും…(ഭാര്യയോട്) വീടിന്റെ താക്കോലെടുക്ക്..എനിക്ക് സേര്‍ച്ച് ചെയ്യണം…

ഭാര്യ: താക്കോല്‍ ചേച്ചി പോയപ്പോ പൂട്ടിക്കൊണ്ടുപോയി.

ജോസ് അകത്തിരുന്ന് ഭാര്യയെ അഭിനന്ദിക്കുന്നവണ്ണം കൈമുദ്ര കാണിക്കുന്നു.

പൊലീസുകാരന്‍: എങ്കില്‍ ശരി ഞാന്‍ വേറെ വഴി നോക്കാം…ഒരു വെടിവെയ്പ് ഒഴിവാക്കണമെന്ന് എനിക്കുണ്ടായിരുന്നു…(അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ട് കസേരയില്‍ കിടന്ന ഒരു പേപ്പറെടുത്ത് ചുരുട്ടിക്കൂട്ടി അനൗണ്‍സ്‌മെന്റ് നടത്തുന്നു) ഒളിച്ചിരിക്കുന്നവര്‍ ഉടന്‍ പുറത്തിറങ്ങുക. അല്ലെങ്കില്‍ കടുത്ത നടപടികളുണ്ടാവും…അയല്‍വാസികളുടെ ശ്രദ്ധയ്ക്ക്… വെടിയൊച്ചകള്‍ കേട്ടാല്‍ ആരുംപുറത്തിറങ്ങരുത്…മുന്ന് ഭീകരന്മാര്‍ വീട്ടില് കടന്നു കൂടിയിട്ടുണ്ട്…ഓപ്പറേഷന് ആരംഭിക്കുകയാണ്…പൊലീസിന്റെ അഭിമാനം…മുരളി ഒറ്റയ്ക്കു നടത്തുന്ന കമാന്‍ഡോ ഓപ്പറേഷന്‍..

തൊമ്മിക്കുഞ്ഞ്: ങേ..ഭീകരന്മാര് കയറിയോ…എവിടെ…

തങ്കച്ചന്‍: ജോസേ ….ഭീകരരന്മാര് ഇവിടെങ്ങാനും കയറിക്കൂടിയോ..

ജോസ്: മിമ്ടാതിരി…അയാള് നമ്മളെയാ ഭീകരന്മാരാക്കിയത്…നമ്മള് പെട്ടു…

തങ്കച്ചന്‍ അയാള് നമ്മളെ വെടിവെച്ചുകൊല്ലും.

ഭാര്യ: സാറേ വെടിയൊന്നും വെക്കരുത്…അവര് പുറത്തിറങ്ങിവരും…

പൊലീസുകാരന്‍: (മൈക്കിലൂടെ) നോ കോംപ്രമൈസ്…ഇറങ്ങിവരുക…അല്ലെങ്കില്‍ ആദ്യം ആകാശത്തോട്ട് വെടിവെക്കും…പിന്നെ നേരെ വീട്ടിനകത്തേക്ക്…

ഭാര്യ: ഇനി എന്നാ ചെയ്യും…(തിരിച്ചോടുന്നു)

പൊലീസുകാരന്‍: (കൈ ആകാശത്തേക്ക് ഉയര്‍ത്തി) ഒ്ന്ന്…രണ്ട്…മൂന്ന്…ടിഷ്യൂം…ടിഷ്യും…

ഭാര്യ: യ്യോ…ന്റെ ദൈവമേ…(നിലവിളിച്ച് ചെവിപൊത്തി നിലത്തിരിക്കുന്നു)

ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞ്ും ചെവിപൊത്തി ചുരുണ്ടുകൂടിയിരിക്കുന്നു.

പൊലീസുകാരന്‍: ഇനി അകത്തേക്ക്…ഒന്ന്…രണ്ട്…

പെട്ടെന്ന് കതകു തുറന്ന് മൂന്നുപേരും കൈകള്‍ പൊക്കി പുറത്തേക്ക്. പൊലീസുകാരന്റെ ചൂണ്ടിയ കൈവിരലിനു മുന്നിലേക്ക്.

പൊലീസുകാരന്‍: എന്റെ വെടിയുണ്ട പാഴാക്കിയില്ല.

തങ്കച്ചന്‍: ഇയാളുടെ കൈയില്‍ തോക്കില്ലല്ലോ…

ജോസ്: മിണ്ടരുത്…തലേല്‍ ഉണ്ട കയറും…

പൊലീസുകാരന്‍; ഇങ്ങോട്ടു നിരന്നു നില്‍ക്ക്… കൈകള്‍ താഴ്ത്തിക്കോ…കീഴടങ്ങിയവരുടെ നേരെ ഞങ്ങള്‍ വെടിവെക്കാറില്ല…

മൂന്നുപേരും നിരന്നു നില്‍ക്കുന്നു. അവരുടെ മുന്നിലൂടെ പൊലീസുകാരന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

തങ്കച്ചന്‍: സാറേ ..സാറിന് വീടുമാറിപ്പോയതാ…സാറ് ഭീകരന്മാരെ പിടിക്കാന്‍ വന്നതല്ലേ…ഞങ്ങള് ഭീകരന്മാരല്ല…പാവങ്ങളാ…

പൊലീസുകാരന്‍: പിന്നെയെന്നാത്തിനാ എന്നെ കണ്ടതും ഓടിയത്…

തൊമ്മിക്കുഞ്ഞ്: അത് സാറ്..ചീട്ടുകളി പിടിക്കാന്‍ വന്നതാന്നു കരുതിയാ…

പൊലീസുകാരന്‍: ശ്ശെ..ഇനി ഭീകരന്മാരെ എവിടുന്നു പിടിക്കും..പിടിച്ചുകൊടുക്കാമെന്നു പറഞ്ഞാ രാവിലെ ചാടിയത്…

തൊമ്മിക്കുഞ്ഞ്: സാറിന് ഭീകരന്മാരെ പിടിച്ചാല്‍ പോരെ…എത്രയെണ്ണത്തിനെ വേണം..ഞങ്ങള് പിടിച്ചുതരാം…

പൊലീസുകാരന്‍: ഉറപ്പാണല്ലോ…എങ്കില്‍ നിങ്ങളെ വെറുതേ വിട്ടിരിക്കുന്നു…ഇന്നു തന്നെ പിടിക്കണം…

തൊമ്മിക്കുഞ്ഞ്: അക്കാര്യം ഞങ്ങളേറ്റു…

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിനോട്) നീ ഇങ്ങുവന്നേ…ഭീകരന്മാരെ എവിടുന്നു പിടിച്ചുകൊടുക്കും…നീ പോക്കറ്റിലിട്ടോണ്ടു നടക്കുവാണോ…

തൊമ്മിക്കുഞ്ഞ്: ഞാനങ്ങനെ ഒരു നമ്പരിറക്കിയതുകൊണ്ടാ രക്ഷപ്പെട്ടത്…അല്ലേല്‍ കാണായിരുന്നു…ഭീകരന്മാരാന്ന് പറഞ്ഞ് നമ്മളെ പിടിച്ചോണ്ടു പോയേനെ…നമുക്ക് പിണക്കമുള്ള വല്ലവരുടെയും പേരു പറഞ്ഞുകൊടുക്കാമെന്നേ…

ജോസ്: (പൊലീസുകാരനോട് ലോഹ്യം കൂടാനുള്ള ശ്രമത്തിലാണ്) സാറീ സ്‌റ്റേഷനിലേക്ക് എന്നാ വന്നത്…

പൊലീസുകാരന്‍: എനിക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടിയാ..ഇടയ്ക്കിടയ്ക്ക് ഇറങ്ങും…പിന്നെ അവര് വന്ന് കൂട്ടിക്കൊണ്ടുപോകും…

ജോസ്: ഒറ്റയ്ക്കുള്ള ഓപ്പറേഷനാ അല്ലേ…

പൊലീസുകാരന്‍: എന്റെ ഓപ്പറേഷനെല്ലാം ഒറ്റയ്ക്കാ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല…ഒറ്റും…

ജോസ്: (ഭാര്യയോട്) നീ പോയി ഒരു ചായയെട്..കഴിക്കാനെന്തേലും എടുക്കട്ടെ സാറേ…

പൊലീസുകാരന്‍: വേണ്ട..വേണ്ട..എനിക്കിന്നുതന്നെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കണം.

ഭാര്യ അകത്തേക്കു പോകുന്നു.

പൊലീസുകാരന്‍: ഇപ്പോള്‍ നിങ്ങളെന്റെ ടീമിലംഗങ്ങളാണ്…ഓപ്പറേഷന്‍ നടത്തുമ്പേഴെടുക്കേണ്ട പൊസിഷനുകള്‍ ഞാന്‍ പഠിപ്പിക്കാം..ഒരാള്‍ നിലത്തു കമിഴ്ന്നു കിടക്കണം…ഒരാള്‍ തൂണിനു പിന്നില്‍ ഒളിച്ചിരിക്കണം…ഒരാള്‍ ഭിത്തിയോട് ചേര്‍ന്നു നില്‍ക്കണം.. ഞാന്‍ വിസിലടിക്കുമ്പോള്‍ നിങ്ങള്‍ വാതില്‍ക്കലേക്ക് കുതിക്കണം…കയ്യില്‍ തോക്കുണ്ടെന്ന് കരുതിക്കോണം… ഓകെ…പൊസിഷന്‍…

മൂന്നുപേരും പോസിഷനെടുക്കുന്നു.

ഭാര്യ ചായയുമായെത്തുന്നു.

ഭാര്യ: ഇതെന്നാ നിങ്ങളിങ്ങനെ നില്‍ക്കുന്നത്…സാറെന്തിയേ…

ജോസ് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചിട്ട് അകത്തേക്ക പോകാന്‍ സൂചന നല്കുന്നു..

ഭാര്യ: എന്നാ വട്ടുപണിയൊക്കെയാണോ(അകത്തേക്കു പോകുന്നു)

മൂന്നുപേരും അങ്ങനെ തന്നെ നില്‍ക്കുന്നു. തങ്കച്ചന്‍ മടുത്തെന്ന് ആംഗ്യം കാണിക്കുന്നു. ജോസ് മിണ്ടരുതെന്നും.

ഭാര്യ: (അകത്തുനിന്നും ഓടിവന്ന്) ദേ…ഇങ്ങോട്ടുവന്നേ വാര്‍ത്ത കണ്ടില്ലേ…

ജോസ്: നശിപ്പിച്ചു…ഞങ്ങള് ഭീകരന്മാരെ പിടിക്കാനുള്ള ട്രെയിനിംഗിലല്ലായിരുന്നോ…സാറിപ്പം വിസിലടിക്കും…

ഭാര്യ: ഇതൊന്നു കണ്ടിട്ട് പോയി ട്രെയിനിംഗ് നടത്തിക്കോ..

എല്ലാവരും അകത്തേക്ക്. ടിവിയില്‍ വാര്‍ത്ത.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കൊടുംകുറ്റവാളി സൈക്കോ മുരളി തടവില്‍ നിന്നും രക്ഷപ്പെട്ടു. വീടുകളില്‍ കയറി അക്രമം നടത്തുന്നതില്‍ വിരുതനായ ഇയാളെ കാണുന്നവര്‍ ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണ്.

തങ്കച്ചന്‍: ജോസേ അവനെന്തിയേ മുങ്ങിയോ…

മൂന്നുപേരും പുറത്തേക്ക്..

ജോസ്: അവന്റെ പൊടിപോലും കാണാനില്ല…ഇനി എന്നാ ചെയ്യും…

തഹ്കച്ചന്‍: ഒന്നും ചെയ്യാനില്ല കയറി കതകടച്ചോ…അവന്‍ വിസിലു മേടിക്കാന്‍ പോയതായിരിക്കും…തൊമ്മിക്കുഞ്ഞേ ഉള്ള വേഗം വിട്ടോടാ…

ജോസ്: നിങ്ങളിന്നിവിടെ കിടന്നേച്ച് രാവിലെ പോയാലോ…

തങ്കച്ചന്‍: (ഓടിക്കോണ്ട്) പോടാ…സൈക്കോകളുടെ കൈകൊണ്ടു ചാകാനാര്‍ക്കാടാ കൊതി..

ഭാര്യ: രാത്രിയിലത്തേക്ക് കപ്പേംപോത്തുകറീം ഉണ്ടാക്കിയിട്ടുണ്ട്…

തങ്കച്ചന്‍: (ഓട്ടംനിര്‍ത്തി) ങേ..കപ്പേം പോത്തുമുണ്ടോ….

തൊമ്മിക്കുഞ്ഞ്; ജീവനുണ്ടേല്‍ കപ്പേംപോത്തും എന്നും തിന്നാം….ഇവിടെ നിന്നാല്‍ ഇന്നത്തേത് അന്ത്യഅത്താഴമായിരിക്കും…

തങ്കച്ചന്‍: ഞാന്‍ രാവിലെ വന്നേക്കാം…മേശപ്പുറത്തെടുത്തുവെച്ചേര്… നിങ്ങളെ സൈക്കോ മുരളി തട്ടിയാല്‍ ഞാന്‍ തന്നെ എടുത്തു കഴിച്ചോളാം…

രണ്ടുപേരും ഓടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here