നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ചപ്പോള്‍ വീണ്ടും സ്‌കൂളിലേക്ക്

0
59

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-27

വീണ്ടും സ്‌കൂളിലേക്ക്.

ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു.

ചേടത്തി: എങ്ങനെയെങ്കിലും നാളെയായാല്‍ മതിയായിരുന്നു…നീ പുസ്തകമൊക്കെയെടുത്തുവെച്ചോ….ഞാനെല്ലാം ഇന്നലെത്തന്നെ എടുത്തുവെച്ചു…ഇനി യൂണിഫോമൊക്കെ തേക്കണം… ഞാന്‍ വൈകീട്ടുവിളിക്കാം…

ചേടത്തി ഫോണ്‍ വിളിക്കുന്നത് ശ്രദ്ധിച്ചിരിക്കുകയാണ് ചേട്ടന്‍.

ചേട്ടന്‍: പിള്ളേരൊക്കെ സ്‌കൂളില്‍ പോയില്ലേ…പിന്നെന്നാ പുസ്തകത്തിന്റെയും യൂണിഫോമിന്റെയും കാര്യം പറയുന്നത്…

ചേടത്തി: നിങ്ങളിതൊന്നുമറിഞ്ഞില്ലേ….ഞങ്ങള് വീണ്ടും സ്‌കൂളില്‍ പോകുന്നു…

ചേട്ടന്‍: അതെന്നാത്തിനാ…അവിടെ അടിച്ചുവാരാനാണോ…

ചേടത്തി: നിങ്ങളു ചുമ്മാ കളിയാക്കാതെ…

ചേട്ടന്‍: എന്നാ വയോജനവിദ്യാഭ്യാസമായിരിക്കും….

ചേടത്തി: നിങ്ങള് പത്രമൊന്നും വായിക്കുന്നില്ലേ….ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ…ഞങ്ങള് സംഘക്കാര്‍ക്ക് എല്ലാ ശനിയാഴ്ചയും ക്ലാസു തുടങ്ങിയെന്ന്…

ചേട്ടന്‍: അതു പറഞ്ഞായിരുന്നു…അതിന് പുസ്തകവും യൂണിഫോമുമൊക്കെ എന്നാത്തിനാ…

ചേടത്തി: അതല്ലേ പറഞ്ഞത്…പണ്ടത്തെ പോലെ വീണ്ടും ക്ലാസ്…സ്‌കൂളില്‍ ക്ലാസ്മുറികളിലാണ്…വേണ്ടവര്‍ക്ക് യൂണിഫോമുമിട്ടുവരാം…പഴയപോലെ വീണ്ടും സ്‌കൂളിലേക്ക്…

ചേട്ടന്‍: ഹോ…അതുകൊള്ളാമല്ലോ….കേട്ടിട്ട് നൊസാറ്റാള്‍ജിയ അടിച്ച് കുളിരുകോരുന്നു…

ചേടത്തി: ഞാനിങ്ങനെ എപ്പഴും ഓര്‍ക്കുവായിരുന്നു…പണ്ടത്തെപ്പോലെ ഒന്നുകൂടി സ്‌കൂളില്‍ പോകണമെന്ന്…ഏതായാലും അതുസാധിച്ചു..

ചേട്ടന്‍: പത്താം ക്ലാസില്‍ പഠിച്ചവരുടെ റീയൂണിയന് പോകുമ്പോ എന്തൊരു സന്തോഷമാ…അന്നേരമൊക്കെ ഓര്‍ക്കുമായിരുന്നു….സ്‌കൂളില്‍പോയകാലം തിരിച്ചുവന്നിരുന്നെങ്കിലെന്ന്…

ചേടത്തി: എല്ലാവരും ഭയങ്കര ഉത്സാഹത്തിലാ…ശോശാമ്മയും മേഴ്‌സിയുമൊക്കെ യൂണിഫോം തയ്പ്പിച്ചു….നീളന്‍പാവാടയും ഷര്‍ട്ടും…

ചേട്ടന്‍: എടീ ഞാനുംകൂടി വന്നോട്ടെ…കേട്ടിട്ട് കൊതിയാകുന്നു…

ചേടത്തി: നിങ്ങളുംപോര്…ശോശാമ്മേടെ കെട്ടിയോനൊക്കെ വരുന്നുണ്ട്….

ചേട്ടന്‍: അവനുണ്ടോ…അവന്‍ പണ്ട് എനിക്കിട്ട് സ്‌കൂളീന്ന് ഇടിതന്നിട്ടുള്ളതാ…അന്ന് തിരിച്ചുകൊടുക്കാന്‍ പറ്റിയില്ല…ആ കടവുംവീട്ടാം…

ചേടത്തി: ദേ..അടിപിടി വഴക്കൊന്നും പറ്റുകേല…സാറന്മാര് പ്രത്യേകം പറഞ്ഞിട്ടുണ്ട്….പഠനവും കളിയും ചിരിയും മാത്രം…

ചേട്ടന്‍: മതി..കളിയും ചിരിയും മതി…ഞാന്‍ കുര്യാപ്പിയോടുംകൂടി പറയട്ടെ…ഞങ്ങളിതു പൊളിക്കും…(ചാടിയെണീറ്റ് അകത്തേക്ക് പോകുന്നവഴി തിരിഞ്ഞുനിന്ന് പാടുന്നു)

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

സീന്‍-2

പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക് പോകാനൊരുങ്ങിയിറങ്ങിയ ചേട്ടനും ചേടത്തിയും.

ചേടത്തി: കുര്യാപ്പിയെ കണ്ടില്ലല്ലോ…

ചേട്ടന്‍: ഇടവഴിമുക്കില്‍ കണ്ടേക്കാമെന്നു പറഞ്ഞു…പോയാല്‍ കമ്യൂണിസ്റ്റുപച്ച ഒടിച്ചിടും…നൊസ്റ്റാള്‍ജിയ അങ്ങ് കത്തിക്കയറട്ടെ…

ചേടത്തി: നൊസ്റ്റാള്‍ജിയയൊക്കെ കൊള്ളാം…അവിടെചെന്നിട്ട് നിങ്ങടെ പഴയസ്വഭാവമൊന്നുമിറക്കരുത്…പറഞ്ഞേക്കാം…

ചേട്ടന്‍: നിന്നോടും എനിക്കതുതന്നെയാ പറയാനുള്ളത്…

ചേടത്തി: ഇനി അതിന്റെ പേരിലൊരു വഴക്കുവേണ്ട…നടക്ക് ….പള്ളിക്കൂടത്തില്‍ മണിയടിക്കാറായി…

ചേട്ടന്‍: കാലന്‍ മത്തായിടെ മാവേല്‍ മാങ്ങയുണ്ടോ ആവോ…ഉണ്ടേലെറിയാമായിരുന്നു…കുര്യാപ്പി ഉപ്പുകൊണ്ടുവരും…

ഇരുവരും നടന്നുപോകുന്നു.

സീന്‍-3

ക്ലാസു കഴിഞ്ഞുള്ള തിരിച്ചുവരവ്. അവശരാണ്. പോയപ്പോഴത്തെ ഉത്സാഹമൊന്നുമില്ല. ചേട്ടന്റെ തലയിലാണ് പുസ്തകം.

ചേട്ടന്‍: (പുസ്തകം മേശയിലേക്ക് മറിച്ച്) യ്യോ…മടുത്തു…നീ പോയി കഴിക്കാനെന്തെങ്കിലുമെടുക്ക്….

ചേടത്തി: ഇന്നിനി ഒന്നും ഉണ്ടാക്കാന്‍ പറ്റുകേല…രാവിലത്തെ ചോറുണ്ട്…അതെടുത്ത് കഴിച്ചോ….എനിക്ക് ഭയങ്കര നടുവുവേദന…ബഞ്ചേലൊത്തിരിനേരം ഇരുന്നിട്ടാന്നാ തോന്നുന്നത്…

ചേട്ടന്‍: എന്നതേലുംതാ…ഒന്നുകിടക്കണം…

ചേട്ടത്തി: അങ്ങനെ കിടക്കാന്‍ പറ്റുകേല..ഹോംവര്‍ക്കുണ്ട്…അടുത്ത ദിവസം ചെല്ലുമ്പം സാറിനെ കാണിക്കണം…ഇന്നു തുടങ്ങിയാലേ തീരൂ…

ചേട്ടന്‍: (പുസ്തകക്കെട്ടിലേക്കു നോക്കി) ഹോ…ഇനി ഇതെല്ലാം പഠിക്കണം…

ചേടത്തി: പഠിച്ചോണ്ടുചെന്നില്ലേല്‍ തല്ലുകിട്ടും…ഇന്നു കുര്യാപ്പിക്കിട്ടു കിട്ടിയതുകണ്ടില്ലേ…..

ചേട്ടന്‍: അതു വൈകിട്ട് ഷാപ്പില്‍വെച്ചുകാണുമ്പോള്‍ കുര്യാപ്പി തിരിച്ചുകൊടുത്തോളും. (പുറകോട്ട് മറിഞ്ഞ്) യ്യോ…വയ്യേ മടുത്തേ….

സീന്‍-4

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. ചേടത്തി ധൃതിയില്‍ വരുന്നു.

ചേടത്തി: ഇതെന്നാ നിങ്ങള് പത്രംവായിച്ചിവിടെയിരിക്കുന്നത്..ഇന്നു ക്ലാസുള്ളതാ..പോകേണ്ടേ.

ചേട്ടന്‍: ഓ…ഞാനിന്നില്ല…ഒരു മടുപ്പാ…അടുത്തദിവസമാകട്ടെ…

ചേട്ടത്തി: അതുനടക്കുകേല…പോകണം…എല്ലാവരുംവരും…ഉഴപ്പാന്‍ പറ്റുകേല..സാറ് പ്രത്യേകം പറഞ്ഞായിരുന്നു….

ചേട്ടന്‍: എനിക്കു വയറുവേദനയാന്ന് പറഞ്ഞേര്…

ചേടത്തി: ചെന്നില്ലേല്‍ മക്കളേം കൂട്ടി വരാന്‍ പറയും…നിങ്ങള് ചുമ്മാ മടിപിടിച്ചിരിക്കാതെ ഏറ്റുവാ…

ചേട്ടന്‍: റീയൂണിയന്‍പോലെ ചുമ്മാ പഴയകഥകളുംപറഞ്ഞ് ആടിയുംപാടിയുമിരുന്നാല്‍ മതിയായിരുന്നേല്‍ രസമായിരുന്നു…ഇതു പഠിക്കണം എഴുതണം…അതൊക്കെ പാടാ…

ചേട്ടത്തി: (പിടിച്ചുവലിച്ചെണീപ്പിച്ചുകൊണ്ട്) ഇങ്ങേറ്റുവാ..ചുമ്മാ മടിപിടിച്ചിരിക്കാതെ…

ചേട്ടനെയും വലിച്ചുകൊണ്ട് ചേടത്തി പോകുന്നു.

ചേട്ടന്‍: എനിക്കു പള്ളിക്കൂടത്തില്‍ പോകേണ്ടെ…എനിക്കുവീട്ടിലിരുന്നാല്‍ മതിയേ…

സീന്‍-5

സ്‌കൂളില്‍ നിന്നും കലിതുള്ളിവരുന്ന ചേട്ടന്‍. ചേടത്തിയും കലിപ്പിലാണ്. വന്നപാടേ പുസ്തകം വലിച്ചൊരേറ്.

ചേട്ടന്‍: അയാളെന്നതാ എന്നെക്കുറിച്ചു വിചാരിച്ചിരിക്കുന്നത്….

ചേടത്തി: നിങ്ങള് കിടന്നുറങ്ങിയിട്ടല്ലേ…ബഞ്ചേല്‍ കേറ്റിനിര്‍ത്തിയത്…

ചേട്ടന്‍: എടീ എനിക്കു ഷുഗറുള്ളതാന്ന് അറിയാന്മേലേ…മയക്കംവരും…അതു ഞാന്‍ അയാളോടു പറഞ്ഞതാ…അന്നേരം അയാള് പറഞ്ഞതെന്നതാ…താനൊരു പഞ്ചാരക്കാരനാന്ന് മനസിലായെന്ന്..പെണ്ണുങ്ങളെല്ലാം എന്നാ ചിരിയായിരുന്നു…

ചേടത്തി: എന്നാലും കുര്യാപ്പി കാണിച്ചത് കടുംകൈയായി പോയി…സാറിനിട്ടെന്നാ അടിയാ അടിച്ചത്…

ചേട്ടന്‍: അവന് ബീഡി വലിക്കാതിരിക്കാന്‍ പറ്റില്ല..അവന്‍ ക്ലാസിന്റെ പുറത്തിരുന്നല്ലേ വലിച്ചത്…അതെന്നാത്തിനാ അയാള് പിടിക്കാന്‍ പോയത്…പിന്നെ കുര്യാപ്പിക്ക് ഇന്നലത്തെ കലിപ്പുമുണ്ടായിരുന്നു…

ചേടത്തി: എന്നതാണേലും കുര്യാപ്പി ഇനിവരുമെന്നു തോന്നുന്നില്ല…

ചേട്ടന്‍: നിന്നെയും ശോശാമ്മേം എന്നാത്തിനാ എണീപ്പിച്ചുനിര്‍ത്തിയത്..

ചേടത്തി: അയല്‍ക്കൂട്ടത്തിലെ ചിട്ടിത്തവണ മുടങ്ങിയകാര്യം ശോശാമ്മോടു പറഞ്ഞതേയുള്ളു…അന്നേരേ സാറ് പൊക്കി…സാറിന്റെ ഭാര്യ നാലുതവണ മുടക്കിയിരിക്കുവാ…പറയട്ടേന്ന് ഞാനോര്‍ത്തതാ…

ചേട്ടന്‍: (കസേരയിലേക്കിരുന്നുകൊണ്ട്) എന്നതാണേലും ഞാനിനി ഈ പരിപാടിക്കില്ല…ദേഹത്താകെ വേദന…അതിന്റെകൂടെ പഠിത്തവും സാറിന്റെ വഴക്കും…വേറെ പണിയൊന്നുമില്ലേ…

ചേടത്തി: ഓ..ഞാനുമില്ല…ഒന്നുവര്‍ത്തമാനം പറയാന്‍ പോലും സമ്മതിക്കുകേല…

ചേട്ടന്‍: നമുക്ക്ിങ്ങനെ പഴയ ഓര്‍മകളുമായി ഇങ്ങനെ രസിച്ചിരിക്കാം….നൊസ്റ്റാള്‍ജിയ മതി…അതാ നല്ലത്…ഓര്‍മകള്‍ക്കേ മധുരമുള്ളു…അനുഭവങ്ങള്‍ക്കെപ്പഴും കയ്പ്പാ…

LEAVE A REPLY

Please enter your comment!
Please enter your name here