പാറമടമുതലാളി

0
30

നേരംപോക്ക്
എപ്പിസോഡ്-36

പാറപ്പുറത്ത് വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും.

തൊമ്മിക്കുഞ്ഞ്: ഇങ്ങനെ മേലോട്ടും നോക്കി കിടക്കാന്‍ നല്ല രസമാ അല്ലേ…

തങ്കച്ചന്‍: ആയകാലത്തും ഇങ്ങനെതന്നെയല്ലായിരുന്നോ…ചുമ്മാ മേലോട്ടും നോക്കി നടക്കുവല്ലായിരുന്നോ…

തൊമ്മിക്കുഞ്ഞ്: സ്വന്തം കാര്യം പറഞ്ഞാ മതി…ആയകാലത്തു ഞാന്‍ രാജ്യങ്ങളില്‍നിന്നു രാജ്യങ്ങളിലേക്കു പറക്കുകയായിരുന്നു…

ജോസ്: അതെന്നാ ദേശാടനപക്ഷിയായിരുന്നോ…അങ്ങനെ പറക്കാന്‍…

തൊമ്മിക്കുഞ്ഞ്: ശരിയാ…ഒരു കണക്കിനു പറഞ്ഞാല്‍ ദേശാടനപക്ഷിയായിരുന്നു…

തങ്കച്ചന്‍: അങ്ങനെ പറന്നു നടന്നതു കൊണ്ടാ ഇന്നിങ്ങനെ മേലോട്ടും നോക്കി കിടക്കേണ്ടിവന്നത്…

ജോസ്: ആകാശത്തിലെ പക്ഷികള് അറപ്പുരകളിലൊന്നും ശേഖരിക്കുന്നില്ലെന്നല്ലേ പറയുന്നത്…അതുപോലെ തൊമ്മിക്കുഞ്ഞും അറപ്പുരകളിലൊന്നും ശേഖരിച്ചില്ല…

തൊമ്മിക്കുഞ്ഞ്: അതൊരു സത്യമാ…ഒന്നും കരുതിവെക്കാന്‍ പറ്റിയില്ല…ഉള്ളതുകൊണ്ട ഓണംപോലങ്ങു കഴിഞ്ഞു…

ജോസ്: നമുക്കിനിയെന്നാണോ ഒരു നല്ല കാലം വരുന്നത്…

തങ്കച്ചന്‍: തോട്ടിലെ വെള്ളമെല്ലാം ഒഴുകിപ്പോയികഴിഞ്ഞപ്പഴാ അവന്‍ ചിറകെട്ടാന്‍ പോകുന്നത്…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ ഇങ്ങനെ എപ്പഴും നെഗറ്റീവ് അടിക്കരുത്…ബി പോസിറ്റീവ്…

ജോസ: പത്തുകാശു കയ്യിലുണ്ടായിരുന്നെങ്കില്‍ പോസിറ്റീവായിട്ട് ജീവിക്കാമായിരുന്നു…

തൊമ്മിക്കുഞ്ഞ്: കണ്ടോ തങ്കച്ചന്റെ നെഗറ്റീവ് ജോസിലേക്കും പകര്‍ന്നത്…

തങ്കച്ചന്‍: നീ ചുമ്മാ മോട്ടിവേഷന്‍ ക്ലാസിനു പോയിട്ട് ഊണുംമീന്‍കറിയും കഴിച്ചിട്ട് ആ കൈ കൊണ്ടുവന്ന് ഞങ്ങളെ മണപ്പിക്കരുത്…

തൊമ്മിക്കുഞ്ഞ്: അതു നിങ്ങള് കാര്യങ്ങള് ശരിയായി മനസിലാക്കാഞ്ഞിട്ടാ…ഇപ്പം നിങ്ങള് രണ്ടുപേരും നെഗറ്റീവ് അടിച്ചു കിടക്കുന്നു…ഞാനതിനെ പോസിറ്റീവാക്കുന്നതു കാണണോ…

തങ്കച്ചന്‍: ങാ…ഒന്നു കാണട്ടെ…

തൊമ്മിക്കുഞ്ഞ്: ജോസ് പത്തുകാശുണ്ടാക്കണമെന്നു പറഞ്ഞു…സ്വര്‍ണമലേലിരിക്കുന്നവന്‍ സ്വര്‍ണം അന്വേഷിച്ചുപൊകുന്നതുപോലെയാ അത്…

തങ്കച്ചന്‍: പാറപ്പുറത്തു കിടക്കുന്ന ജോസെങ്ങനെയാ സ്വര്‍ണക്കൂനേല്‍ കയറിയത്…

തൊമ്മിക്കുഞ്ഞ്: പാറ തന്നെ സ്വര്‍ണം…പാറപൊട്ടിച്ചു കൊടുത്താല്‍ കാശെത്രയാ ജോസിന്റെ പോക്കറ്റില്‍ വീഴുന്നത്…

തങ്കച്ചന്‍: (ചാടിയെണീറ്റ്) അതുകൊള്ളാമല്ലോടാ ജോസേ…പാടമടയും ക്രഷറും തുടങ്ങിയാല്‍ കാശാ…

ജോസ്: (ഉത്സാഹത്തോടെ) ഈ പറമ്പുമുഴുവന്‍ പാറയാ…

തങ്കച്ചന്‍: എന്നാല്‍ പൊട്ടീരെടാ ജോസേ ഒരരികില്‍ നിന്ന്…

തൊമ്മിക്കുഞ്ഞ്: കണ്ടോ…ഇപ്പം ചിത്രം മാറിയത്…ആദ്യം എന്നെ പുച്ഛമല്ലായിരുന്നോ…

ജോസ്: (തൊമ്മിക്കുഞ്ഞിനെ കെട്ടിപ്പിടിച്ച്) തൊമ്മിക്കുഞ്ഞേ…നീയിനി തൊമ്മിക്കുഞ്ഞല്ല…തങ്കക്കുടമാ…

തങ്കച്ചന്‍: എന്നാ പൊട്ടീരുകാരെ വിളിക്കട്ടെ…നാളെ മുതല് പൊട്ടിച്ചേക്കാം…

തൊമ്മിക്കുഞ്ഞ്: അങ്ങനെ ചുമ്മാ പൊട്ടിക്കാന്‍ പറ്റില്ല…ഇതിനൊക്കെ ലൈസന്‍സും കാര്യങ്ങളും വേണം…ഒത്തിരി പരിപാടികളുണ്ട്….നമ്മള് ഒറ്റയ്ക്കു നോക്കിയാല്‍ കൂടില്ല…

ജോസ്: അപ്പം നടക്കുകേലെ..

തൊമ്മിക്കുഞ്ഞ്: ശ്ശെ…ചുമ്മാ പിന്നെയും നെഗറ്റീവ് അടിക്കാതെ..ഞാനിവിടെയുള്ളപ്പോ എന്തിനാ പരിഹാരമില്ലാത്തത്….

തങ്കച്ചന്‍: അതാ ഞങ്ങടെ പേടി…നേരത്തെ നീ കുറേപ്രശ്‌നങ്ങള് പരിഹരിച്ച് ഇടിമേടിച്ചു തന്നതിന്റെ ഓര്‍മയുണ്ട്…

തൊമ്മിക്കുഞ്ഞ്: വിശ്വാസം വേണം ഇല്ലേല്‍ പരിപാടിയൊന്നും നടക്കുകേല.

ജോസ്: പിണങ്ങാതെ തൊമ്മിക്കുഞ്ഞേ…ഞങ്ങള്‍ക്കു വിശ്വാസമാ…കാര്യങ്ങള് പറ..

തൊമ്മിക്കുഞ്ഞ്: നമ്മള് കാര്യങ്ങള് മൊത്തമായി ഒരാളെ ഏല്‍പിക്കുന്നു…നമ്മളൊന്നും അറിയേണ്ട…ലോഡൊന്നിന് ഇത്രകാശുവെച്ചു കിട്ടും…

തങ്കച്ചന്‍: അതുകൊള്ളാം…അങ്ങനെയൊരാളെ തപ്പിപ്പിടിക്കണ്ടേ…

തൊമ്മിക്കുഞ്ഞ്: എന്തിന് തപ്പാന്‍ പോകുന്നത്…എന്റെ പോക്കറ്റിലല്ലേ ആളുള്ളത്…പാറ കുട്ടന്‍…

ജോസ്: പാറ എന്നുള്ളത് വീട്ടുപേരാണോ…

തൊമ്മിക്കുഞ്ഞ്: ഹേ..അതല്ല…പുള്ളി ചെറുപ്പം മുതലേ പാറേടെ പരിപാടിയാ….കുട്ടനെ നമുക്കങ്ങ് ഏല്‍പ്പിക്കാം…

ജോസ്: കാശെന്നാ കിട്ടുമെന്നൊക്കെ ആദ്യം അറിയേണ്ടെ…

തൊമ്മിക്കുഞ്ഞ്: അതൊക്കെ നമുക്ക് വിശദമായിട്ടു സംസാരിക്കാം…കുട്ടന്‍ നമ്മടെ സ്വന്തം ആളല്ലേ…

തങ്കച്ചന്‍: എന്നാലിനി ഇവിടെയിരുന്നിട്ട് കാര്യമില്ല…എല്ലാം സ്പീഡിലായിക്കോട്ടെ…(എണീക്കുന്നു)

മുറ്റത്തേക്ക് സംസാരിച്ചുകൊണ്ടു നടന്നുവരുന്ന മൂവര്‍സംഘം.

തൊമ്മിക്കുഞ്ഞ്: ഇത്രേംവലിയ ഐഡിയ പറഞ്ഞു തന്നതിന് ചെലവുചെയ്യണം കേട്ടോ ജോസേ…

തങ്കച്ചന്‍: അതെന്നാ ചോദ്യമാ തൊമ്മിക്കുഞ്ഞേ…മുതലാളി അതൊക്കെ നോക്കീംകണ്ടും ചെയ്യുകേലേ…

ജോസ്: അതേതു മുതലാളി…

തങ്കച്ചന്‍: ഇതല്ലേ നില്‍ക്കുന്നത് ഞങ്ങടെ പാറമടമുതലാളി….

തൊമ്മിക്കുഞ്ഞ്: (ആകെ മൊത്തം നോക്കി) ഇപ്പം ജോസിനെ കണ്ടാല് ഒരു മുതലാളീടെ ലുക്കുണ്ട്…

ജോസ്: പോസിറ്റീവ് എനര്‍ജി കേറി നിറഞ്ഞു നില്‍ക്കുകയാ…

ഭാര്യ:(പുറത്തേക്ക് വന്ന്) തേങ്ങാ മേടിച്ചോണ്ടു വരാന്നു പറഞ്ഞു പോയിട്ട്…നിങ്ങളിവിടെ നില്‍ക്കുവാണോ…അരയ്ക്കാന്‍ തേങ്ങയില്ലെന്നേ…

തങ്കച്ചന്‍: അരയ്ക്കാന്‍ തേങ്ങയില്ലേ…നമുക്കൊരു തെങ്ങിന്‍തോട്ടമങ്ങ് മേടിച്ചാലോ….തൊമ്മിക്കുഞ്ഞേ…ഇവിടെയെങ്ങാനും തെങ്ങിന്‍തോട്ടം കൊടുക്കാനുണ്ടോ…

തൊമ്മിക്കുഞ്ഞ്: അതിനെന്നാ നമുക്ക് നോക്കാം…

ജോസ്: ഏയ് …ഇവിടെയെങ്ങും വേണ്ട…പാലക്കാട്ടു നോക്കാം…അങ്ങനെയാണേല്‍ ഇടയ്ക്ക് അങ്ങോട്ടൊരു യാത്രയുമാവുമല്ലോ…

തങ്കച്ചന്‍: എക്‌സാറ്റ്‌ലി…തൊമ്മിക്കുഞ്ഞേ…ഇതൊക്കെ കുറിച്ചുവെക്കണം..എടുക്കുന്ന തീരുമാനങ്ങള്…

ഭാര്യ: ഇതെന്നായൊക്കെയാ പറയുന്നത്…ഞാന്‍ രണ്ടു തേങ്ങായല്ലേ ചോദിച്ചുള്ളു…

തങ്കച്ചന്‍: രണ്ടു തേങ്ങായെന്നൊക്കെ പറഞ്ഞ് ഞങ്ങടെ മുതലാളിയെ അങ്ങനെ കൊച്ചാക്കരുത്…

ഭാര്യ: മുതലാളിയോ…ഏതു മുതലാളി….

തങ്കച്ചന്‍: (ജോസിനെ ചൂണ്ടി) ഇതല്ലെ നിക്കുന്നത്…ഞങ്ങടെ മുതലാളി…

ഭാര്യ: (ചിരിച്ചുകൊണ്ട്) ഇങ്ങേരെപ്പഴാ മുതലാളിയായത്…നിങ്ങളെന്നതാ വല്ല നാടകോം കളിക്കുവാണോ…

ജോസ്: പറഞ്ഞുകൊട് തങ്കച്ചാ…

തങ്കച്ചന്‍: കളിയാക്കി ചിരിക്കാന്‍ വരട്ടെ…ഇതാണ് പാറമട മുതലാളി ജോസ്…

തൊമ്മിക്കുഞ്ഞ് ഒരു കസേരയുമായി വരുന്നു.

തൊമ്മിക്കുഞ്ഞ്: മുതലാളിയിരിക്ക്…മുട്ടിനുവേദനയുള്ളതാ അധികനേരം നില്‍ക്കേണ്ട….

ജോസ് ഇരിക്കുന്നു. തങ്കച്ചനും തൊമ്മിക്കുഞ്ഞും കസേരയ്ക്ക് രണ്ടുസൈഡിലും നില്‍ക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഇനി മുതലാളിയുടെ ഇടവുംവലവും ഞങ്ങള് കാണും…

തങ്കച്ചന്‍: മുതലാളിയോട് സംസാരിക്കണേല്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണം…

ഭാര്യ: വട്ടു പറയാതെ കാര്യ പറ…

ജോസ്: എടീ…ഞാനിവിടെ പാറമട തുടങ്ങുവാ…അതോടെ നമ്മള്‍ കോടീശ്വരന്മാരായി…

ഭാര്യ: നമ്മടെ വീടൊക്കെ പോകുവേലെ..

ജോസ്: വീടുപോട്ടെ…നമുക്ക് ടൗണിലോട്ടൊരു വീടുവെക്കാം…

തൊമ്മിക്കുഞ്ഞ്: ടൗണില്‍ വീടു വേണമല്ലേ…ഇപ്പം ശരിയാക്കാം..(ഫോണെടുത്ത്) ഹലോ…ബ്രോക്കറ് തങ്കപ്പനല്ലേ…ടൗണില്‍ വീടു വല്ലതും കൊടുക്കാനുണ്ടോ്…50 ലക്ഷത്തിന്റെയോ…ശ്ശേ…വിട്ടുപിടി…മൂന്നു കോടിയാണ് നമ്മടെ ബജറ്റ്..ങാ…പാറമടമുതലാളിക്കാ…ഓകെ..പെട്ടെന്നുവേണം…(ഫോണ്‍വെച്ചിട്ട് ജോസിനോട്) വീട് റെഡിയാക്കാം മുതലാളി…

ഭാര്യ: ഇതെന്നതാ കളിയാണോ… കാര്യമാണോ…

തങ്കച്ചന്‍: സമയം കളയാനില്ല…നമുക്കൊന്ന് ആഘോഷിക്കണം…

തൊമ്മിക്കുഞ്ഞ്: എന്നാല്‍ പെട്ടെന്നു വേണം…കുട്ടനിപ്പം വരും…

മൂന്നുപേരും ഉത്സാഹത്തോടെ പാട്ടുപാടി പോകുന്നു.. നോട്ടുകെട്ടുകള്‍ തൂക്കിക്കെട്ടിയ ഫോറിന്‍കാറില്‍…

ഭാര്യ: എന്നാ ആകുമോ…വല്ലതുമൊക്കെ നടന്നാല്‍ മതിയായിരുന്നു… (ധൃതിയില്‍ നടന്നോണ്ട്) ടൗണിലോട്ട് വീടുമാറുവാന്ന് എല്ലാവരെയും ഒന്നു വിളിച്ചു പറഞ്ഞേക്കാം…

സീന്‍-2

ജോസ് പാറേലോട്ടും നോക്കി നില്‍ക്കുന്നു. തങ്കച്ചന്‍ നടന്നുവരുന്നു.

തങ്കച്ചന്‍: മുതലാളിയെന്നാ സ്വപ്‌നം കണ്ടോണ്ടു നില്‍ക്കുവാണോ…

ജോസ്: ടോറസുകളിങ്ങനെ വരിവരിയായി ഇതിലെ പോകുന്നത് മനസില്‍ കാണുകയായിരുന്നു ഞാന്‍…

തങ്കച്ചന്‍: നമ്മള് മനസില്‍ കാണുന്നത് അതുപോലെ സംഭവിക്കും..ഇന്നലെ ഞാനുറങ്ങീട്ടില്ല. കണ്ണടയ്ക്കുമ്പഴേ പാറപൊട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയുണരും…

തൊമ്മിക്കുഞ്ഞും കുട്ടനും കൂടിവരുന്നു.

തൊമ്മിക്കുഞ്ഞ്: ഇതാണ് ഏരിയ…മൊത്തം പാറയാ…ഒന്നും നട്ടാല്‍ പിടിക്കുകേല…വേനല്‍ക്ക് ഉണങ്ങിപ്പോകും…ഞാനാണ് ജോസിന് ഈ ഐഡിയ പറഞ്ഞുകൊടുത്തത്…

കുട്ടന്‍: (നിലത്തു ചവിട്ടി നോക്കിയിട്ട്) അടി പാറയാ…നമുക്കു നോക്കാം…

ജോസിന്റെയും തങ്കച്ചന്റെയും അടുത്തേക്ക് വരുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ…ഇതാണ് കുട്ടന്‍…

കുട്ടന്‍: വലിയ കാശുകാരനാകാന്‍ പോകുവല്ലേ…നമ്മളെയൊന്നും മറക്കരുത്…

തങ്കച്ചന്‍: ജോസ് വിനയവും എളിമയുമുള്ളവനാ…വന്ന വഴി മറക്കുന്നവനല്ല…

കുട്ടന്‍: നമുക്ക് സ്ഥലമൊന്നു കാണാം..

ജോസ്: ഇവിടം മുതല് അങ്ങോട്ടു കിടക്കുവാ…അടി മുഴുവന്‍ പാറയാ….

കുട്ടന്‍: അതുസാരമില്ല…നമുക്കു പത്തു ജെസിബി കൊണ്ടുവന്ന് സെറ്റപ്പാക്കാം..

നടന്നുവന്ന് പാറ കാണുന്നു. കുട്ടന്‍ ആവേശത്തോടെ പാറയിലേക്ക് ചാടുന്നു.

കുട്ടന്‍: ഹോ..പാറ…ചക്കരയുമ്മ…(ജോസിനെ നോക്കി) ഇത്രേം നാള് ഈ സ്വര്‍ണഖനിയുടെ മുകളിലാണോ താമസിച്ചത്…

തൊമ്മിക്കുഞ്ഞ്: (ഗമയില്‍) ജോസിന് വല്ലതും അറിയാമോ…ഇന്നല്ലെ ഞാന്‍ പറഞ്ഞുകൊടുത്തത്.

കുട്ടന്‍: (പാറേല്‍ കൊട്ടി ചെവിയോര്‍ക്കുന്നു. പിന്നെ സ്വല്പം പാറപ്പൊടി നാവില്‍ വെച്ചുനോക്കുന്നു) ഉപ്പുരസമുള്ള പാറയാ പൊട്ടിക്കോളും.

ജോസ്: (തങ്കച്ചന്റെ ചെവിയില്‍) ചെറുക്കന്‍ എന്നും രാവിലെ ഏറ്റുവരുന്നവരവിന് ഇവിടെയാ മുള്ളുന്നത്…

തൊമ്മിക്കുഞ്ഞ്: നമുക്കെന്നാ അധികം താമസിയാതെ പൊട്ടിച്ചു തുടങ്ങാവല്ലോ..അല്ലേ കുട്ടാ…

കുട്ടന്‍: ഇതിനൊക്കെ ചില നടപടിക്രമങ്ങളുണ്ട്…കുറേ കഷ്ടപ്പാടാണ്…അതൊക്കെ ഞാന്‍ ചെയ്‌തോളാം….ജോസ്‌ചേട്ടനൊന്നു നിന്നു തന്നാല്‍മതി…

ജോസ്: നിന്നു തരാം…അവസാനം എന്നെ ഇവിടെ നിര്‍ത്തിയേച്ച് പാറയും പൊട്ടിച്ചോണ്ടു പോകരുത്…

കുട്ടന്‍: അവിശ്വസിക്കുന്നവരുമായിട്ട് ഞാന്‍ ബിസിനസിനില്ല…ഞാനീ പാറ ബിസിനസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പാറക്കല്ലുകള്‍ക്കിടയില്‍ വളര്‍ന്നവനാ ഞാന്‍…

തൊമ്മിക്കുഞ്ഞ്: ജോസിന്റെ അറിവില്ലായ്മകൊണ്ട് പറഞ്ഞതല്ലേ…കുട്ടനെ ഞങ്ങള്‍ക്ക് പാറപോലെ വിശ്വാസമാണ്…എല്ലാം നോക്കിയുംകണ്ടും ചെയ്തുതരണം.

കുട്ടന്‍: നിങ്ങളൊന്നും അറിയേണ്ട…ഒരു ടോറസിന് ഇത്ര രൂപവെച്ചു തരും…പിന്നെ പ്രാരംഭ ചെലവുകള്‍ക്കായി കുറച്ചുരൂപ കരുതിക്കോണം….എല്ലാം തൊമ്മിച്ചായന്‍ നോക്കിക്കോണം…

തൊമ്മിക്കുഞ്ഞ്: എല്ലാം ഞാനേറ്റു…ജോസേ…കൈയിങ്ങു കാണിച്ചേ…(ജോസിന്റെയും കുട്ടന്റെയും കൈ ചേര്‍ത്തുപിടിക്കുന്നു) അപ്പം ഡീല്‍…

കുട്ടന്‍: നമ്മുടെ ബന്ധം പാറപോലെ ദൃഢമാകട്ടെ…

തങ്കച്ചന്‍: അവസാനം വെടിവെച്ച് പൊട്ടിക്കേണ്ടിവരുമോ…

കുട്ടന്‍: (തങ്കച്ചനെ നോക്കി) ഇങ്ങേര് ഏതാ…മുമ്പു കണ്ടിട്ടില്ലല്ലോ…

തങ്കച്ചന്‍: ഞങ്ങള് മുതലാളീടെ കാര്യസ്ഥന്മാരാ…ടോറസിന്റെ എണ്ണം എടുക്കുമ്പം തെറ്റരുതല്ലോ…

കുട്ടന്‍: (ജോസിനെ നോക്കി) ഇനി അങ്ങോട്ട് കാര്യസ്ഥന്മാരുടെ എണ്ണം കൂടും…എല്ലാം പറഞ്ഞപോലെ…ആധാരത്തിന്റെയൊക്കെ കോപ്പി എന്റെ വാട്ട്‌സാപ്പിലേക്ക് ഇട്ടേര്…ഞാന്‍ വില്ലേജില്‍ പോയി പേപ്പറുകളൊക്കെ ശരിയാക്കാം…(പോകുന്നു)

തങ്കച്ചന്‍: (സന്തോഷം സഹിക്കാനാവാതെ) എന്റെ മുതലാളി നമ്മളൊരു കലക്കു കലക്കും…

ഭാര്യ: (പുറത്തേക്ക് വന്ന്) അധികം കലക്കാന്‍ നില്‍ക്കേണ്ട…ഞാനും എണ്ണമൊക്കെ പഠിച്ചതാ…ടോറസിന്റെ എണ്ണമെടുക്കാന്‍…

തങ്കച്ചന്‍: ഇതേ പാറമടയാ…അടുക്കളേല്‍ പയറെണ്ണുന്നതുപോലെയല്ല…വെടിമരുന്നിന്റെ ലോകമാ…കണ്ണുതെറ്റിയാ ലക്ഷങ്ങളാ പോകുന്നത്…

ഭാര്യ: അതേയ്…വീട്ടീന്ന് അനിയത്തിമാരും പിള്ളേരുമെല്ലാം വരുന്നെന്ന്…

ജോസ്: അതെന്നാത്തിനാ അവരപ്പം വരുന്നത്..

ഭാര്യ: അതേയ്…വീടു മാറുവല്ലേ..ഇനിയിങ്ങോട്ടു വരാന്‍ പറ്റുകേലല്ലോ…

തൊമ്മിക്കുഞ്ഞ്: ഇനി ബന്ധുക്കളുടെ എണ്ണം കൂടും…

തങ്കച്ചന്‍: ജോസേ…അനാമത്ത് ചെലവുകള്‍ക്കായി കുറച്ചു പൈസവേണമല്ലോ…

തൊമ്മിക്കുഞ്ഞ്: ഒരു ലക്ഷം വേണ്ടിവരുമെന്നാ കുട്ടന്‍ പറഞ്ഞത്..

ജോസ്: (ഭാര്യയോട്)നീ ചെന്ന് ചിട്ടികിട്ടിയ പൈസയിങ്ങെടുത്തോണ്ടുവാ…

ഭാര്യ: ഞാന്‍ സ്വര്‍ണംമേടിക്കാന്‍ വെച്ചിരിക്കുന്നതാ…ഈ കേസായതുകൊണ്ടു തരാം….പത്തിരട്ടിയായി തിരിച്ചുതരണം.(പോകുന്നു)

തൊമ്മിക്കുഞ്ഞ്: കാര്യങ്ങളൊക്കെ സ്മൂത്താകട്ടെ….ഇന്നു മുതല്‍ പാറമട ലോബിയുടെ പ്രവര്‍ത്തനം തുടങ്ങുകയായി.

തങ്കച്ചന്‍: ഞാനാലോചിക്കുകയായിരുന്നു…എത്രപെട്ടെന്നാ എല്ലാം സംഭവിക്കുന്നത്…ഇന്നലെ ഈ നേരത്ത് കാല്‍കാശിന് വകയില്ലാതെ വെറുതെ ആ പാറപ്പുറത്ത് കിടക്കുകയായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഇതാണ് ജീവിതെ എപ്പം എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല…

ഭാര്യ ഒരു പൊതിക്കെട്ട് കൊണ്ടുവന്ന് കൊടുക്കുന്നു. തൊമ്മിക്കുഞ്ഞ് വാങ്ങി പോക്കറ്റിലേക്ക് വെക്കുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ…ഇവിടെ നമുക്ക് ഒരുഏറുമാടം കെട്ടുന്നു…ടോറസിന്റെ എണ്ണമെടുക്കാനേ…

തങ്കച്ചന്‍: ഒരു ഫ്രിഡ്ജ് മസ്റ്റായിട്ട് വാങ്ങണം…ഇടയ്ക്കിടയ്ക്ക് തണുത്ത ബിയറ് കുടിക്കണം…അല്ലേല് എണ്ണം തെറ്റും…

തൊമ്മിക്കുഞ്ഞ്: (ഫോണ്‍ബെല്ലടിക്കുന്നു) ഹലോ…ങാ…പറ…ഞാന്‍ പറഞ്ഞില്ലേ…അതൊന്നും പിടിക്കില്ല…മൂന്നു കോടി കുറഞ്ഞ കേസു മിണ്ടാന്‍ പോലും പറ്റില്ല…പാറമട മുതലാളിയാ…ശരി…ശരി..(ജോസിനോട്) 75 ലക്ഷത്തിന്റെ വീടുണ്ടെന്ന്..

ജോസ്: വേറെ ആളെ നോക്കാന്‍ പറ…

തങ്കച്ചന്‍: (ദൂരേക്ക് നോക്കി) ഇപ്പോ എന്നാ ശാന്തമായി കിടക്കുന്ന സ്ഥലമാ…ഇനി ടോറസും ഹിറ്റാച്ചിയും വെടിയും പടക്കോമെല്ലാം കൂടി എന്നാ ബഹളമായിരിക്കും..

മൂന്നു പേരും കൈയുംകെട്ടി ആസ്വദിച്ചങ്ങനെ നില്‍ക്കുന്നു. ഭാര്യയും സ്വപ്‌നലോകത്താണ്. തൊമ്മിക്കുഞ്ഞിന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

തൊമ്മിക്കുഞ്ഞ്: (ഫോണെടുക്കുന്നു) ആ..കുട്ടാ പറ…എന്നായി കാര്യങ്ങള്…അതെയോ..അതുശരി…ഒരു രക്ഷയുമില്ലേ…അതിപ്പം ഞങ്ങള്‍ക്കറിയത്തില്ലല്ലോ…ങേ…വെച്ചോ….

ജോസ്: കുട്ടനെന്നാ പറഞ്ഞു…ലൈസന്‍സ് കിട്ടിയോ…

തങ്കച്ചന്‍: നാളെ മുതല് പൊട്ടീര് തുടങ്ങുവോ…

തൊമ്മിക്കുഞ്ഞ്: ജോസിനെ അങ്ങോട്ടിരുത്ത്….ഞാന്‍ വെടിമരുന്നിന് കൊളുത്താന്‍ പോകുവാ…പൊട്ടിത്തെറിക്കരുത്…

തങ്കച്ചന്‍: ജോസങ്ങോട്ടിരി….കോടികളുടെ ഇടപാടാ…ജോസിന് പെട്ടെന്ന് താങ്ങാന്‍ പറ്റില്ല..തൊമ്മിക്കുഞ്ഞിന് എല്ലാം മനശാസ്ത്രപരമായ സമീപനമാ…

ജോസ് വരാന്തയിലിരിക്കുന്നു.

തൊമ്മിക്കുഞ്ഞ്: അത് ചെറിയൊരു പ്രശ്‌നമുണ്ട്…പാറ പൊട്ടീര് നടക്കില്ല…ഇത് പരിസ്ഥിതിലോല മേഖലേടെ ബഫര്‍സോണാ…ഇവിടെ പൊട്ടീര് നടക്കില്ല….

ജോസ്: അതെപ്പം ഞാനറിഞ്ഞില്ലല്ലോ…

തങ്കച്ചന്‍: ചുമ്മാ സീരിയലും കണ്ടിരിക്കുന്നനേരത്ത് പത്രം വായിക്കണം….

ജോസ്: അപ്പോ കണ്ട സ്വപ്‌നമെല്ലാം വെറുതെ…(തളര്‍ന്നിരിക്കുന്നു)

ഭാര്യ: നിങ്ങള് തുടങ്ങുന്നതെല്ലാം ഇങ്ങനെയാണല്ലോ…ഞാന്‍ അനിയത്തിമാരോട് വരണ്ടെന്ന് പറയട്ടെ…(പെട്ടെന്ന്) യ്യോ…എന്റെ ചിട്ടിക്കാശ്…

ജോസ്: തൊമ്മിക്കുഞ്ഞെന്തിയേ..ഇപ്പം ഇവിടെ നില്‍പുണ്ടായിരുന്നല്ലോ…

ഭാര്യ: (തളര്‍ന്നിരിക്കുന്നു) അതുമായി മുങ്ങിയോ…

തങ്കച്ചന്‍: (ചുറ്റുംനോക്കി) അടുത്തതെന്താ സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് തൊമ്മിക്കുഞ്ഞ് പറഞ്ഞത് വെറുതെയല്ല. (രണ്ടുപേരെയും നോക്കി) ങാ…ജോസ് കോടിപതിയായില്ലെങ്കിലെന്നാ…തൊമ്മിക്കുഞ്ഞ് ലക്ഷാധിപതിയായി….

LEAVE A REPLY

Please enter your comment!
Please enter your name here