പിഴയടച്ച് കുത്തുപാളയെടുക്കുന്ന മലയാളി

0
14

നേരംപോക്ക്
എപ്പിസോഡ്-21

സീന്‍-1

ജോസ് പറമ്പില്‍ എല്ലാംകൂട്ടിയിട്ട് തീ കത്തിക്കുകയാണ്. ഭാര്യ അതിലേക്ക് എന്തൊക്കെയോ അടിച്ചുവാരി കൊണ്ടുവന്ന് ഇടുന്നുണ്ട്. തീയും പുകയും ഉയരുന്നുണ്ട്.

നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ജോസേ…ബ്രഹ്‌മപുരം നീ ഇവിടെ ആവര്‍ത്തിക്കുമോ…

തൊമ്മിക്കുഞ്ഞ്: പുക കണ്ടമാനം ഉയരുന്നുണ്ടല്ലോ ജോസേ…

ജോസ്: തീയുണ്ടേല്‍ പുകയും കാണും …അറിയാന്മേലേ…

തങ്കച്ചന്‍: ജോസേ…നീ വേഗം കെടുത്തിക്കോ…അതാണ് നിനക്ക് നല്ലത്….പഞ്ചായത്ത് മുതല് മലിനീകരണ ബോര്‍ഡ് വരെയുള്ള സകലവന്മാരും ഇപ്പത്തന്നെ വീടുവളയും…

ജോസ്: അതെന്തിനാ അവന്മാര് എന്റെ വീടുവളയുന്നത്…വല്ല പിടികിട്ടാപ്പുള്ളിയെയും ഞാന്‍ ഒളിപ്പിച്ചിട്ടുണ്ടോ…

തങ്കച്ചന്‍: അതിലും ഗൗരവമുള്ള കേസാ ഇത്…പരിസ്ഥിതി മലിനീകരണം….(കുനിഞ്ഞു നോക്കികൊണ്ട്) ഇതിനകത്ത് പ്ലാസ്റ്റിക്കിന്റെ കഷണം വല്ലതും ഉണ്ടോ…എങ്കില്‍ നീ തീര്‍ന്നു….

ഭാര്യ: ഇതിനകത്ത് പ്ലാസ്റ്റിക്കൊന്നുമില്ല…ഇത് പറമ്പില്‍ കിടന്നതും…വീട് അടിച്ചുവാരിയതുമൊക്കെയാ…

തൊമ്മിക്കുഞ്ഞ്: പ്ലാസ്റ്റിക്ക് കത്തിക്കരുത്…പ്ലാസ്റ്റിക്ക് കത്തിച്ചാ വലിയ കേസാ കേട്ടോ….

ജോസ്: അത് ഞാന്‍ കണ്ടായിരുന്നു…എറണാകുളത്ത് കിടന്ന് കത്തിയപ്പോള്‍ ആര്‍ക്കെതിരെയാ കേസെടുത്തത്….

തൊമ്മിക്കുഞ്ഞ്: അതിപ്പം…ആനയെ ചങ്ങലയില്‍ പൂട്ടിയിടാം…ചങ്ങലയെ എവിടെ പൂട്ടിയിടും എന്നു പറഞ്ഞപോലെയാ അത്…

തങ്കച്ചന്‍: കോര്‍പ്പറേഷന്‍, പഞ്ചായത്ത് ….അവര്‍ക്കൊക്കെ എന്തുമാവാം…നമ്മള് ജനങ്ങള്‍ക്ക് അങ്ങനെയല്ല….

ജോസ്: (ഇടയ്ക്കുകയറി) എന്നാ എന്നെ പിടിച്ചോണ്ടു പോയി ജയിലിലിടട്ടെയെന്നേ….

തങ്കച്ചന്‍: ങാ…അതുനീ സ്വപ്‌നം കാണേണ്ട….ജയിലിലൊന്നും കൊണ്ടുപോയിടുകേല…പിഴയടച്ചു നീ മുടിയും….ആധാരം വരെ പണയം വെച്ച് പിഴ അടയ്‌ക്കേണ്ടിവരും….

തൊമ്മിക്കുഞ്ഞ്:അതുശരിയാ…ഇതേയിപ്പം മാസം തോറും ഹരിതസേനയ്ക്ക് 50 വെച്ചുകൊടുത്തില്ലേല്‍ പിഴ അടയ്‌ക്കേണ്ടിവരും…

ജോസ്: അത്…. മാലിന്യം കൊടുക്കുന്നില്ലേല്‍ ഫീസ് കൊടുക്കേണ്ടല്ലോ…

തങ്കച്ചന്‍: ങാ…ആ അടവ് നീ കൈയില്‍ വെച്ചാല്‍ മതി…കൊടുത്താലും കൊടുത്തില്ലേലും പൈസ കൊടുക്കണം…അല്ലേല് വല്ല ആവശ്യത്തിനും വില്ലേജിലോട്ടുചെല്ലുമ്പം അവര് എല്ലാംകൂടി കൂട്ടി പിഴ സഹിതം അങ്ങുമേടിക്കും….

ജോസ്: ഇതെവിടെ ചെന്നാലും പിഴ മാത്രമേയുള്ളല്ലോ ന്റെ ദൈവമേ…റോഡേല്‍ വണ്ടിയേല്‍ പോയാല്‍ നൂറുകണക്കിന് പിഴ…ബില്ലടയക്കാന്‍ താമസിച്ചാല്‍ പിഴ…ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സില്ലേല്‍ പിഴ…അവിടെയും ഇവിടെയും അതും ഇതും എല്ലാം സര്‍വത്ര പിഴ…

തങ്കച്ചന്‍: ഞാന്‍ നോക്കിയിട്ട് ജനത്തിന് ചെയ്യാവുന്നത് ഒറ്റ കാര്യമേയുള്ളു…

തൊമ്മിക്കുഞ്ഞ്: അതെന്നതാ…

തങ്കച്ചന്‍: മേലോട്ട് നോക്കിയിട്ടേ… ഏറ്റുപറഞ്ഞോ…..എന്റെ പിഴ..എന്റെ പിഴ…എന്റെ വലിയ പിഴ….

തൊമ്മിക്കുഞ്ഞ്: നമ്മള് കഴുതകള്…ഇങ്ങനെ നടക്കും…തേരാപാരാ…

ജോസ്: നായയ്‌ക്കൊട്ടിരിക്കാന്‍ നേരവുമില്ല…നടന്നിട്ടു കാര്യവുമില്ല…

സീന്‍-2

വരാന്തയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന സംഘം.

തൊമ്മിക്കുഞ്ഞ്: നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ…

തങ്കച്ചന്‍: സിനിമയോ….നീയിപ്പഴും സിനിമയൊക്കെ കാണാന്‍ പോകുമോ തൊമ്മിക്കുഞ്ഞേ…

ജോസ്: അതിനിപ്പം എന്നാ…ഞാന്‍ എല്ലാ സിനിമയും കാണും….പണ്ടൊക്കെ ഇറങ്ങുന്ന അന്നുതന്നെ കാണുമായിരുന്നു…

തൊമ്മിക്കുഞ്ഞ്: അതരു രസമാ…ഇടികൂടി..ബഹളംവെച്ച്…മതിലിന്റെ മുകളില്‍കൂടി കയറി….ടിക്കറ്റ് കിട്ടിക്കഴിയുമ്പം ലോകം കീഴടക്കിയതുപോലാ…

ജോസ്: തിയേറ്ററിനകത്തുകയറിക്കഴിഞ്ഞാല്‍ പിന്നെ നമ്മള് രാജാവല്ലേ…കൂവല്..വിസിലടി…ഇരിയെടാ…പിടിയെടാ വിളികള്…ആകെപ്പാടെ രസമാ…

തൊമ്മിക്കുഞ്ഞ്: ഇന്നത്തപ്പോലെയൊന്നുമല്ല…അന്നൊക്കെ ഒരു സിനിമ കണ്ടിറങ്ങിയാല്‍ ഒരു പ്രത്യേക സുഖമാ….

ജോസ്: ഇന്നെന്നാ…വടിപോലെയിരുന്ന് സിനിമാ കാണും…കഴിയുമ്പം എല്ലാം കൂടി വടിപോലെ ഇറങ്ങിയും പോകും…

തൊമ്മിക്കുഞ്ഞ്: ആകപ്പാടെ ഒരു വ്യത്യാസമെന്നു പറഞ്ഞാല്‍ കഴിഞ്ഞിറങ്ങി വരുമ്പോള്‍ കുറേയവന്മാര് കോലും നീട്ടിപ്പിടിച്ചു നില്‍പ്പു കാണും…പടം എങ്ങനെയുണ്ട് എന്ന് ചോദിച്ച്…

ജോസ്: അന്നേരം നമ്മളിങ്ങനെ സൂപ്പര്‍..അടിപൊളി….കലക്കി…തിമിര്‍ത്തു…എന്നൊക്കെ പറഞ്ഞേക്കണം…പറ്റുമെങ്കില്‍ ഡിക്ഷണ്‌റി നോക്കി കുറച്ചു ഇംഗ്ലീഷ് വാക്കും കൂടി പഠിച്ചേച്ചു പൊക്കോണം…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ നിങ്ങള് സിനിമ കാണാനൊന്നും പോകുകേലേ…

തങ്കച്ചന്‍: ഓ…ഞാനെങ്ങും പോകുകേല…എനിക്കിഷ്ടമില്ല..ചെറുപ്പത്തില്‍ സിനിമ കാണാന്‍ അപ്പനോട് കാശും മേടിച്ച് പോകും…തിയേറ്ററിന്റെ വാതില്‍ക്കല്‍ ചെല്ലുമ്പം പോക്കറ്റിലോട്ടു നോക്കും…അടുത്തുള്ള ഹോട്ടലിലോട്ടും നോക്കും…ഹോട്ടലീന്ന് നല്ല പോത്തുകറിയുടെ മണംവരുമ്പം ഞാന്‍നേരേ അങ്ങോട്ടുചെല്ലും…അവിടെയിരുന്ന് നാലു പൊറോട്ടയും പോത്തുകറിയും തിന്നേച്ച് നടന്ന് വീട്ടിലോട്ടും പോകും….

ജോസ്: എന്നാ നമുക്ക് ഒരു ടൂര്‍ പോയാലോ…

തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം…അടിപൊളിയായിരിക്കും…ഒരു ദിവസം ഫുള്ള് ആഘോഷമാക്കാം…

തങ്കച്ചന്‍: അത് ഉഗ്രന്‍ ഐഡിയായാ….എങ്ങോട്ടാ പോകേണ്ടതെന്നുകൂടി തീരുമാനിച്ചോ….

ജോസ്: നമുക്ക് ആലപ്പുഴയ്ക്ക് പോയേക്കാം…നേരേ കുമരകത്ത് ചെല്ലുന്നു…..ബോട്ടെടുക്കുന്നു…ആലപ്പുഴയ്ക്കു വിടുന്നു….

തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം ജോസേ…പോകുന്നവഴി ഓരോ ഷാപ്പിന്റെ പടിക്കലും ബോട്ടടുപ്പിക്കുന്നു….ഇറങ്ങുന്നു…മിനുങ്ങുന്നു…ആഹഹാ (ചുവടുകള്‍വെച്ച് പാട്ടുപാടുന്നു)

നീയറിഞ്ഞോ മേലെ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട് (2)
ആ സ്വര്‍ഗത്തിലെ മുത്തച്ഛന്മാര്‍ക്ക്
ഇഷ്ടം പോലെ ഇനി കുടിക്കാമല്ലോ

തങ്കച്ചന്‍: ജോസേ…ബോട്ട് ഏര്‍പ്പാടാക്കണ്ടേ…കാശൊത്തിരിയാകില്ലേ…

ജോസ്: എല്ലാം ഞാന്‍ കൈകാര്യം ചെയ്‌തോളാം…നിങ്ങള് സഹകരിച്ചാല്‍ മതി…അതിനൊക്കെയുള്ള ആള്‍ക്കാര് അവിടെയുണ്ട്…

തൊമ്മിക്കുഞ്ഞ്: ഹോ…ജോസിന് എല്ലായിടത്തും പരിചയക്കാരാ…

ജോസ്: (ഗമയില്‍) തൊമ്മിക്കുഞ്ഞേ…നമുക്ക് കണക്ഷന്‍സ് വേണം…എവിടെചെന്നാലും ഞനവിടെയൊരു കണക്ഷന്‍ ഉണ്ടാക്കിയിട്ടേ പോരൂ…ഇപ്പം കുമരകത്തോട്ടു ഞാനങ്ങുചെന്നാല്‍…ജോസേട്ടനെന്നതാ വേണ്ടതെന്നു ചോദിച്ച് ബോട്ടുകാര് എന്റെ വട്ടംകൂടും….

തങ്കച്ചന്‍: ഹോ…നീ ഒരു പ്രതിഭാസമാടാ ജോസേ…

ജോസ്: ങാ…ഏതായാലും ബോട്ടു ബുക്ക് ചെയ്‌തേക്കാം…ചെറിയ ബോട്ടുപോരെ…(ഫോണെടുത്തുവിളിക്കുന്നു) ഹലോ….ങാ…ജോസുചേട്ടനാ…പിന്നെ…എങ്ങനെയുണ്ട്…ബോട്ടു പരിപാടികളൊക്കെ….മടുപ്പാണോ…ങും…ഞാനിറങ്ങാം…ഒന്നുരണ്ട് ഐഡിയാസ് എന്റെ കൈയിലുണ്ട്….ങാ…പിന്നെ…എനിക്കൊരു ബോട്ടുവേണം…ഒരുദിവസത്തേനു മതി…ഹേ…വാടകയോക്കെ മേടിക്കണം…..

ഭാര്യ: (അകത്തുനിന്നും വരുന്നു. ഫോണ്‍ വിളിച്ചോണ്ടാണ് വരുന്നത്) ഇതെന്തിനാ നിങ്ങള് വിളിക്കുന്നത്…

ജോസ്: (പെട്ടെന്ന് തിരിഞ്ഞ്)നീയെന്തിനാ ഇങ്ങോട്ടു വന്നത്…അകത്തുപോ…പറമ്പിലോട്ടു പൊക്കോ…

ഭാര്യ: വിളിച്ചിട്ടല്ലേ ഞാന്‍ വന്നത്…(അകത്തോട്ടുപോകുന്നു)

ജോസ്: ങാ..ചെറിയ ബോട്ടുമതി…വാടകയൊക്കെ ഞാന്‍ തരും..അതു മേടിച്ചോണം…

(ജോസിന്റെ വാചകമടിയില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് തൊമ്മിക്കുഞ്ഞും തങ്കച്ചനും)

ഭാര്യ: (വീണ്ടും അകത്തുനിന്നും വരുന്നു) നിങ്ങളിതെന്നാ ആളെ വടിയാക്കുകയാണോ…ഞാനെവിടെന്നാ ഇപ്പം ബോട്ടു കൊണ്ടുവരുന്നത്….

ജോസ്: നിന്നോട് ഞാന്‍ അകത്തുപോകാന്‍ പറഞ്ഞതല്ലേ…

ഭാര്യ: എന്നിട്ട് നിങ്ങളല്ലേ…പിന്നേം ഫോണ്‍ വിളിക്കുന്നത്…ബോട്ടുകൊണ്ടുവാ എന്നു പറഞ്ഞ്…

തങ്കച്ചന്‍: ഇതെന്നതാ നിങ്ങള് പറയുന്നത്…മനസിലാകുന്നില്ലല്ലോ…

തൊമ്മിക്കുഞ്ഞ്: ജോസിവിടെ ബോട്ടുകാരെ വിളിച്ച് ബുക്ക് ചെയ്യുവല്ലേ…അതിന് കിടന്ന് ബഹളം വെയ്ക്കുന്നതെന്തിനാ…

ജോസ്: ഇതാണിവിടുത്തെ പ്രശ്‌നം…ന്റെ തൊമ്മിക്കുഞ്ഞേ…ഞാന്‍ എന്നാ ചെയ്താലും അതിനിടേല്‍കയറി ചുമ്മാ പ്രശ്‌നം ഉണ്ടാക്കും…

ഭാര്യ: അതുശരി…ഞാനാണോ പ്രശ്‌നമുണ്ടാക്കിയത്…ചേട്ടാ ഇതുകേട്ടേ…ഞാന്‍ അടുക്കളേല്‍ ജോലി ചെയ്‌തോണ്ടിരിക്കുവായിരുന്നു…അന്നേരെ ഫോണേലോട്ട് വിളിച്ചിട്ട് …ബോട്ടുവേണം…വാടകതരാം എന്നൊക്കെ പറഞ്ഞാല്‍ ഞാനെന്നതാ ചെയ്യേണ്ടത്…

തങ്കച്ചന്‍: അതുശരി…ബോട്ടുകാരെ വിളിക്കുവാന്ന് പറഞ്ഞ്…അടുക്കളേല്‍ നില്‍ക്കുന്ന ഭാര്യയെയാ വിളിച്ചതല്ലെ…ഞങ്ങളെ കുപ്പിയിലിറക്കാനുള്ള പരിപാടിയായിരുന്നല്ലേ…

തൊമ്മിക്കുഞ്ഞ്: ഞങ്ങളോട് ബോട്ടുകാശും മേടിച്ച് യാത്രാബോട്ടേല്‍കയറ്റി ആലപ്പുഴ കാണിക്കാനായിരുന്നല്ലേ….എന്തായാലും കള്ളി പൊളിഞ്ഞു…

ജോസ്: (രക്ഷപ്പെടാനുള്ള തത്രപ്പാടില്‍) നിങ്ങളിവിടെയിരിക്ക്…ഞാന്‍ പോയി പശുവിനെ ഒന്നു മാറ്റിക്കെട്ടിയിട്ടുവരാം…(നടക്കുന്നു)

തങ്കച്ചന്‍: നീ ഒറ്റയ്ക്കുപോകേണ്ട…ഞങ്ങളും വരാം…തൊമ്മിക്കുഞ്ഞേ വാടാ…(പിന്നാലെ പോകുന്നു)

ഭാര്യ: ഒന്നും ചെയ്‌തേക്കല്ലേ…മുട്ടിനുവേദനയുള്ള ആളാ…

തങ്കച്ചന്‍: ഞങ്ങളിന്നവന്റെ മുട്ടിനുവേദനയ്ക്ക് തീരുമാനമാക്കും…

ജോസിന്റെ പിന്നാലെ പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here