പൂസായി വൈറല്‍ ഡാന്‍സ്

0
20

ചുമ്മാ…ഒരു…നേരംപോക്ക്
എപ്പിസോഡ്-16

സീന്‍-1

വീടിന്റെ മുന്‍വശത്ത് വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്ന ജോസും ഭാര്യയും.

ജോസ്: എന്നാ പറഞ്ഞാലും ഇന്ന് നല്ല മൂഡുള്ള ദിവസമാ…

ഭാര്യ: ഇന്നെന്നാ പ്രത്യേകത…

ജോസ്: (ചിരിച്ചുകൊണ്ട്) എന്നതാന്ന് അറിയില്ല…ഒരു കവിത ചൊല്ലാനുള്ള മൂഡുണ്ട്…

ഭാര്യ: (ചിരിച്ചുകൊണ്ട്) എന്നാ ഞാന്‍ പശൂനെ നല്ലോലെ ഒന്നു കെട്ടിയേച്ചു വരാം…അതു കയറുപൊട്ടിച്ചോണ്ട് പോകേണ്ട….

ദൂരെ നിന്ന് നടന്നുവരുന്ന തങ്കച്ചന്‍

ജോസ്: ഹും നിനക്കെന്നാ അറിയാം….എന്റെ കവിത കേട്ടാല്‍….പശുവല്ല നീ പോലും മയങ്ങി നില്‍ക്കുന്നിടത്തു നില്‍ക്കും…

ഭാര്യ: (ചിരിച്ചു പുറംതിരിഞ്ഞ്) ഒന്നു പോ മനുഷ്യാ…കളിക്കാതെ…(ചിരിച്ചു തിരിയുമ്പോള്‍ മടങ്ങിപോകാനൊരുങ്ങുന്ന തങ്കച്ചനെ കാണുന്നു) അതേണ്ട് …നിങ്ങടെ ചങ്ക് ബ്രോ…വന്നിട്ട് തിരിച്ചുപോകുന്നു…

ജോസ്: (എണീറ്റുകൊണ്ട്) തങ്കച്ചാ….ഇതെന്നാ തിരിച്ചു പോകുന്നത്….ഇങ്ങോട്ടു വാ…

തങ്കച്ചന്‍: (തിരിഞ്ഞു നിന്ന്) അങ്ങോട്ടു വരാവോ…

ജോസ്: അതെന്നാ ഇവിടെ പൊന്നുരുക്കുന്നുണ്ടോ…(കടുപ്പിച്ച്) ഇങ്ങോട്ടുവാടോ…

തങ്കച്ചന്‍: (നടന്നുകൊണ്ട്) അതല്ല…നിങ്ങളവിടെ സൊള്ളി രസിച്ചിരിക്കുന്നതു കണ്ടു…വെറുതെ സ്വര്‍ഗത്തിലെ കട്ടുറുമ്പാകേണ്ടെന്നു കരുതി….

ഭാര്യ: യ്യോ…സൊള്ളല്….ചേട്ടന്‍ തക്കസമയത്ത് വന്നത് നന്നായി…ഇല്ലേല്‍ ഇങ്ങേരുടെ കവിത കേട്ട് എന്റെ മൂഡു പോയേനെ…

തങ്കച്ചന്‍: (തിരിഞ്ഞു നടക്കാനൊരുങ്ങിക്കൊണ്ട്) ന്റെമ്മേ…പറഞ്ഞതു നന്നായി…നീ കവിത ചൊല്ലാനുള്ള പരിപാടിയാണോ….എന്നാ ഞാന്‍ നില്‍ക്കുന്നില്ല….പൊക്കോളാം….

ജോസ്: അതു ശരി…എന്റെ കവിത കേട്ട് താളം പിടിച്ച് ഡാന്‍സ് കളിക്കുന്ന നിങ്ങളാണോ ഇപ്പം തെറി പറയുന്നത്…

തങ്കച്ചന്‍: എടാ…അതു സാഹചര്യംകൂടി നോക്കണം….നീ കുപ്പി മേടിച്ചോണ്ടു വന്നിട്ട് ഒരുമിച്ചിരുന്ന് കഴിച്ചിട്ട് കവിത പാടിയാല്‍ പിന്നെ താളം പിടിക്കാതിരിക്കാന്‍ പറ്റുമോ….

ജോസ്: എന്നാലെങ്ങനെയാ….ഒന്നു കൂടിയാലോ…നല്ല മൂഡിലിരിക്കുവാ….

ഭാര്യ: ങാ…കവിത ചൊല്ലല് തുടങ്ങിയപ്പഴേ എനിക്കു തോന്നിയായിരുന്നു…എങ്ങോട്ടാ പയ്യെ നീങ്ങുന്നതെന്ന്…

ജോസ്: പിന്നെ..നീ എല്ലാം അങ്ങ് മുന്നേകൂട്ടി ഗണിച്ചറിയുന്നവളല്ലേ…

ഭാര്യ: ഗണിച്ചറിയാതിരിക്കാന്‍ പറ്റുകേലല്ലോ….കൂടലുകഴിഞ്ഞിങ്ങോട്ടു വന്നൊരു അത്തപ്പൂക്കളമിടീലുണ്ട്…..പിന്നെ ജലധാര…മോരുകുടിപ്പീര്…കര്‍മങ്ങളൊത്തിരിയുണ്ട്…അതെല്ലാം ഞാനൊറ്റയ്ക്കു ചെയ്യണം….

തങ്കച്ചന്‍:(നല്ലപിള്ള ചമയാനുള്ള ശ്രമം) കഷ്ടം തന്നെ നിന്റെ കാര്യം ജോസേ…നീ വീട്ടില്‍ വന്നിട്ട് ഇത്രേം കലാപരിപാടി കാണിക്കുന്നുണ്ടെന്ന് എനിക്കറിയത്തില്ലായിരുന്നു…ശ്ശെ..ശ്ശെ..മോശം…മോശം…

ഭാര്യ: ചേട്ടനൊന്നു പറഞ്ഞു മനസിലാക്കിക്കൊടുക്ക്….

തങ്കച്ചന്‍: അതു നീ എന്നെ കണ്ടു പഠിക്കണം…ഞാന്‍ കഴിച്ചാല്‍….അങ്ങനെ കഴിക്കാറില്ല…ഇവനെപോലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെലപ്പം കഴിക്കും….

ജോസ്: യ്യോ..പിന്നെ നിങ്ങളടെ പുറകേ നടന്നല്ലേ ഞാന്‍ കഴിപ്പിക്കുന്നത്….എന്നെക്കൊണ്ട് പറയിക്കരുത്…

ഭാര്യ: കണ്ടോ…ആരെങ്കിലും ഒന്നു നല്ലതു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയാല്‍ അന്നേരേ മൊടയെടുക്കും…

തങ്കച്ചന്‍: (ജോസിന്റെ ഭാര്യ തന്നെ അംഗീകരിച്ച സന്തോഷത്തോടെ) ഞാന്‍ കഴിച്ചിട്ടുണ്ടേല്‍ അതാരെയും അറിയിക്കാതെ നേരെ കട്ടിലേല്‍ പോയി കിടക്കും…വീട്ടിലൊറ്റ കുഞ്ഞ് അറിയേല…

ജോസ്: ആരെങ്കിലും അറിഞ്ഞാല്‍ അകത്ത് കട്ടിലേല്‍ കടിക്കേണ്ടിവരില്ല…പുറത്ത് തെങ്ങിന്റെ ചുവട്ടിലായിരിക്കും കെടത്തം…

ഭാര്യ: കണ്ടോ…കുടിക്കരുതെന്ന് ആരേലും പറഞ്ഞാ ഇഷ്ടപ്പെടത്തില്ല…ഇപ്പം ചേട്ടനെക്കുറിച്ചു പറയുന്നതുകേട്ടോ…

തങ്കച്ചന്‍: (നിസാരമട്ടില്‍) അതൊന്നും സാരമില്ല…നമുക്കിവനെയൊന്ന് നന്നാക്കിയെടുക്കാം…നീ കേറിപൊക്കോ…ഞാന്‍ പറഞ്ഞ് ശരിയാക്കിക്കോളാം…

ഭാര്യ: ചേട്ടനൊന്ന് കാര്യമായി ഉപദേശിക്ക്…നന്നാകുന്നെങ്കില്‍ നന്നാകട്ടെ…..(അകത്തോട്ടു കയറാനൊരുങ്ങി, തിരിഞ്ഞ് നിന്ന്) ചേട്ടന് കുടിക്കാനെന്തെങ്കിലും വേണോ…

തങ്കച്ചന്‍: ഇപ്പം ഒന്നും വേണ്ട…ഇവനെയൊന്ന് ഉപദേശിച്ച് ശരിയാക്കിയിട്ട് വേണ്ടിവരും….

ഭാര്യ ചിരിച്ച് സന്തോഷത്തോടെ അകത്തേക്ക് കയറിപോകുന്നു.

അതുവരെ കടിച്ചുപിടിച്ചു നിന്നിരുന്ന ജോസ് ചാടിയെണീറ്റ് തങ്കച്ചന്റെ കോളറേല്‍ പിടിക്കുന്നു.

ജോസ്: ഇപ്പം ശരിയാക്കാടോ…ഒരവസരം കിട്ടിയപ്പം കേറിയങ്ങു മേയുകയായിരുന്നല്ലേ…

തങ്കച്ചന്‍: എടാ കോപ്പേ…ഞാന്‍ നയത്തിലെടപെട്ടതുകൊണ്ടാ നീ രക്ഷപ്പെട്ടത്..ഇല്ലേല്‍ അവള് നിന്റെ പപ്പുംപൂടേം പറിച്ചേനെ…

ജോസ്: ഒരു ഗ്ലാസ് കള്ളുകുടിക്കുമ്പം മുതല് കരയാന്‍ തുടങ്ങും….പിന്നെ കരച്ചില് നിര്‍ത്താന്‍ ഒരു കുപ്പി ഒറ്റവലിക്കു കുടിക്കും…പിന്നെ കളരി, ഗുസ്തി അഭ്യാസപ്രകടനങ്ങള്‍…എന്നിട്ട് നിന്ന് നല്ല പിള്ള ചമയുന്നോ….

തങ്കച്ചന്‍: എടാ ജോസേ…കുടിച്ചുകഴിഞ്ഞ് പെറപ്പു കാണിക്കാത്ത ആണുങ്ങളുണ്ടോ…അതിനുവേണ്ടിയല്ലേ രണ്ടെണ്ണം വീശുന്നത്….എന്നതാണേലും നിന്റെ പെമ്പ്രന്നോത്തിക്ക് എന്നെ വിശ്വാസമായി…

നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്.തലയിലൊരു കെട്ടുണ്ട്.

ജോസ്: അതു ഞാന്‍ ശരിയാക്കിത്തരാം…നിങ്ങടെ വീട്ടിലോട്ടു ഞാനൊന്നു വരുന്നുണ്ട്…

തങ്കച്ചന്‍: നീ അതുവിട്..(പുറത്തേക്ക് നോക്കി) തൊമ്മിക്കുഞ്ഞല്ലേ വരുന്നത്….

ജോസ്: തലേലൊരു കെട്ടുണ്ടല്ലോ…എന്നാ പറ്റി….

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എന്നാ പറ്റിയെടാ..നീ മോര്‍ച്ചറീലെങ്ങാനുമായിരുന്നോ…തലേല് വെച്ചുകെട്ടൊക്കെ…

തൊമ്മിക്കുഞ്ഞ്: ഒന്നും പറയേണ്ടെന്റെ പൊന്നേ…മൂക്കില്‍ രണ്ട് പഞ്ഞിയും കൂടി കയറേണ്ടതായിരുന്നു…

ജോസ്: (തലപരിശോധിച്ചുകൊണ്ട്) ആരേലും തലയ്ക്കടിച്ചതാണോ…

തൊമ്മക്കുഞ്ഞ്: എന്റെ തലയ്‌ക്കൊരുത്തന്‍ അടിച്ചാല്‍ പിന്നെ അവന്‍ ഭൂമിമലയാളത്തില്‍ കാണുമോ..

തങ്കച്ചന്‍: തലേല്‍ ചുമടുണ്ടേലും തള്ളിനൊരു കുറവുമില്ല….

ജോസ്: തൊമ്മിക്കുഞ്ഞേ…നീ കാര്യം പറ എന്നതാ സംഭവം…

തൊമ്മിക്കുഞ്ഞ്: ഞാന്‍ ഇന്നലെ ഇരിട്ടിപോയി തിരിച്ച് ബസിന് വരുവായിരുന്നു…ക്ഷീണം കാരണം ഉറങ്ങിപ്പോയി…ബസ് ഒരു കുഴിയില്‍ ചാടിയപ്പം മണ്ടേന്ന് ഒരു തുണി സഞ്ചി നേരെ എന്റെ തലേലോട്ട്….കുപ്പിയായിരുന്നു…പൊട്ടി മേത്ത് മുഴുവന്‍ മദ്യം….

തങ്കച്ചന്‍: അതുകൊള്ളാം…മദ്യത്തില്‍ കുളിച്ചങ്ങനെ….(അനുഭൂതിയോടെ നാക്ക് നീട്ടി) നാക്ക് ഇങ്ങനെ നീട്ടിയാലും…ഇങ്ങനെ നീട്ടിയാലും മദ്യം….ആഹഹാ…എന്തൊരു പരമാനന്ദം…

തൊമ്മിക്കുഞ്ഞ്: (കലിപ്പില്‍) നാക്കുനീട്ടിയാല്‍ മതി…തലേന്നുള്ള ചോരകൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് അടിക്കാം…

തങ്കച്ചന്‍: യ്യോ…ചില്ലുകുപ്പിയായിരുന്നോ…

തൊമ്മിക്കുഞ്ഞ്: അല്ലാണ്ട് പിന്നെ…തലേല്‍ നാലു കുത്തിക്കെട്ടുണ്ട്…

ജോസ്: ഏതവന്റെയായിരുന്നു കുപ്പി…അവനെയിങ്ങ് വലിച്ചു ചാടിക്കാന്‍ മേലായിരുന്നോ….

തൊമ്മിക്കുഞ്ഞ്: അതല്ലേ രസം…കുപ്പിക്കും ബാഗിനും ഉടമസ്ഥനില്ല…എത്ര ചോദിച്ചിട്ടും ആരും മുന്നോട്ടു വരുന്നില്ല…ബാഗില് വേറെയും രണ്ടു കുപ്പി…അത് പ്ലാസ്റ്റിക്കായിരുന്നതുകൊണ്ട് പൊട്ടിയില്ല…

തങ്കച്ചന്‍: (ചാടി ചോദിക്കുന്നു) അതും മദ്യമായിരുന്നോ…

തൊമ്മിക്കുഞ്ഞ്: അതേന്ന് …നല്ല വിലേടെ സാധനം..

തങ്കച്ചന്‍: എന്റെ ദൈവമേ…ന്റെ തലേലെന്നാണോ ഇങ്ങനെയൊന്നു വീഴുക…ഇനി മലബാറിനു പോകുമ്പോ ബസേല്‍ ബാഗിന്റെ കീഴേലെ ഇരിക്കൂ…

ജോസ്: എന്നിട്ട് ആ കുപ്പിയെന്നാ ചെയ്തു …(നിരാശയോടെ) കണ്ടക്ടറെടുത്തായിരിക്കും…

തൊമ്മിക്കുഞ്ഞ്: ഹും കണ്ടക്ടറെടുക്കും….എനിക്കങ്ങു കലി കേറി…തലയ്ക്കുവേദന…ബാഗിന് ഉടമസ്ഥനുമില്ല…ഞാനാ ബാഗിങ്ങെടുത്ത് എന്റെ ബാഗിലോട്ടു വെച്ചു….അടുത്ത സ്‌റ്റോപ്പിലിറങ്ങി ആശുപത്രീ പോയി…

തങ്കച്ചന്‍: മിടുക്കന്‍….അങ്ങനെ വേണം ആണ്‍പിള്ളേര്…

ജോസ്: അപ്പം സാധനം കൈയിലുണ്ട്….

തൊമ്മിക്കുഞ്ഞ്: പിന്നല്ലാതെ ഞാന്‍ കളയുമോ…നിങ്ങളെ വിളിക്കാന്‍ വന്നതാ…പറമ്പി കൊണ്ടുവെച്ചിട്ടുണ്ട്…ടച്ചിംഗ്‌സ് മേടിക്കണം…

തങ്കച്ചന്‍: (ഉത്സാഹത്തോടെ ചാടിയെണീറ്റ്) അക്കാര്യം ഞാനേറ്റു….

അകത്തുനിന്നും ഭാര്യ വരുന്നു.

ഭാര്യ: (തൊമ്മിക്കുഞ്ഞിന്റെ തലേലെ കെട്ട് കണ്ടിട്ട്) യ്യോ..ഇതെന്നാ പറ്റിയതാ ചേട്ടാ…

തൊമ്മിക്കുഞ്ഞ്: അത് ബസേന്ന്….

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിന് സംസാരിക്കാന്‍ അവസരം കൊടുക്കാതെ) പാലിന്‍കുപ്പി തലേല്‍ വീണതാ…

ഭാര്യ: അതെങ്ങനെയാ…ബസേന്ന് പാലിന്‍കുപ്പി തലേല്‍ വീഴുന്നത്…

തങ്കച്ചന്‍: (തപ്പിത്തടഞ്ഞ്) അതിപ്പം …ബസേ പോകാനുള്ള ധൃതിക്കാണല്ലോ ഫ്രിഡ്ജ് തുറന്നത്…അന്നേരമാണല്ലോ…ഫ്രിഡ്ജിന്റെ മുകളീന്ന് പാലിന്‍കുപ്പി തലേല്‍വീണത്….പൊട്ടിയത്…ദേഹം മുഴുവന്‍ പാലഭിഷേകം…

ജോസ്: (ധൃതിയില്‍ മുങ്ങാനുള്ള പരിപാടിയാണ്) സംസാരിച്ചു നില്‍ക്കാന്‍ നേരമില്ല…ആശുപത്രീ പോണം….

ഭാര്യ: ആശുപത്രീ പോയതല്ലെ…തലേല്‍ വെച്ചുകെട്ടുണ്ടല്ലോ…

ജോസ്: ഹാ…അതുമതിയോ…ഇടയ്ക്കിടയ്ക്കുപോയി ഡ്രെസു ചെയ്യണം…അല്ലേല്‍ ഇന്‍ഫെക്ഷനാകും….വാ..പോകാം…

മൂവരും ഉത്സാഹിച്ചു പോകുന്നു..

ഭാര്യ: (നോക്കിനിന്നുകൊണ്ട്) ഇടയ്ക്ക് വഴക്കുണ്ടാക്കുവേലും കൂട്ടുകാരനൊരു ആപത്ത് വന്നപ്പോ എല്ലാം ഒറ്റക്കെട്ടായി….

സീന്‍-2

മൂന്നുപേരും നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ആര്‍ത്തുല്ലസിച്ചുള്ളവരവാണ്. പാട്ടും ഡാന്‍സും തകൃതി.നടത്തത്തിലും സംസാരത്തിലുമെല്ലാം മദ്യത്തിന്റെ ലഹരി.

തങ്കച്ചന്‍: (മുന്നോട്ടു ചാടി) ആര്‍പ്പോ….

എല്ലാവരുംകൂടി: ഈര്‍ര്‍റോ…ഈര്‍ര്‍റോ.

കുട്ടനാടന്‍ പുഞ്ചയിലെ
തയ്തയ് തക തയ്തയ്തോം
കൊച്ചുപെണ്ണെ കുയിലാളെ
തിത്തത്താതി തൈ തൈ

തൊമ്മിക്കുഞ്ഞ്: ശ്ശെ…ഇതു ശരിയാകുന്നില്ല…ഞാനൊരു സ്‌റ്റെപ്പിടാം…നോക്കിക്കോ…(പെട്ടെന്ന് മുന്നോട്ടു ചാടി) തോം…തോം…തോം….

ഒരു മുറൈ വന്ത് പാര്‍ത്തായാ നീ

എല്ലാവരും കൂടി: തജം തജം തകജം

തൊമ്മിക്കുഞ്ഞ്: എന്‍ മനം നീയറിന്തായോ

എല്ലാവരുംകൂടി: തോം തോം തോം

തൊമ്മിക്കുഞ്ഞ്: തോം തോം തോം

എല്ലാവരുംകൂടി: തത്തരികിട തിത്തരികിട

തൊമ്മിക്കുഞ്ഞ:
അംഗനമാര്‍ മൌലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥന്‍ തേടും ബാലേ (കൈനീട്ടുന്നത് വീട്ടിലേക്കാണ്.)

(ജോസിന്റെ വീട്ടുമുറ്റത്താണ് വന്നുനില്‍ക്കുന്നതെന്ന് അപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്.)

തങ്കച്ചന്‍:(തലേല്‍ കൈവെച്ചുകൊണ്ട്) ജോസേ പണി കിട്ടിയെടാ…ഈ രാമനാഥന്‍ എങ്ങോട്ടാ നമ്മളെ കൊണ്ടുവന്നതെന്ന് മനസിലായോ….നാഗവല്ലി ഇപ്പം ഇറങ്ങിവരും…

ജോസ്: ഇവിടുത്തെ നാഗവല്ലിയെ ഈ രാമനാഥന്‍ തളച്ചോളാം…ഞാന്‍ അവിടെയിരിക്കാന്‍ പറഞ്ഞാല്‍ അവളവിടെയിരിക്കും.

തൊമ്മിക്കുഞ്ഞ്: ജോസേ…ഒരു ഡൗട്ട്..അതിലിത്തിരി ഗ്രാമര്‍ മിസ്‌റ്റേക്കില്ലേയെന്നൊരു സംശയം…

ജോസ്: നത്തിംഗ് റോംഗ് മാന്‍…

തൊമ്മിക്കുഞ്ഞ്: കര്‍ത്താവും കര്‍മ്മവും തമ്മില്‍ മാറിപ്പോയില്ലേ…

ജോസ്: ദെന്‍ യു ക്ലിയര്‍ ഇറ്റ് മാന്‍…

തൊമ്മിക്കുഞ്ഞ്: അതായത്…അവളവിടെയിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇരിക്കും…

ജോസ്: ഞാന്‍ പറഞ്ഞത് തിയറി…നീ പറഞ്ഞത് പ്രാക്ടിക്കല്‍…പക്ഷേ….വണ്‍ തിംഗ്…സംസാരഭാഷയില്‍ ഗ്രാമറില്ല…

തൊമ്മിക്കുഞ്ഞ്: (കൈകൊണ്ട് ആംഗ്യം കാണിച്ച്) സംസാരഭാഷയിലില്ല….പക്ഷേ കൈകാര്യ ഭാഷയിലുണ്ട്…

പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു വലിയ ശബ്ദം. തങ്കച്ചന്‍ മുറ്റത്തിനരികെ നിന്ന് വാളുവെയ്ക്കുകയാണ്.

ജോസ്: ങാ…വാളു വീശി…ഇനി അങ്കത്തട്ടിലേക്കിറങ്ങും…

വാളുവെച്ച് തങ്കച്ചന്‍ തിരിയുന്നു. കളരിമുറയോടെയാണ് തിരിയല്‍.

തങ്കച്ചന്‍: (ചുവടുവെച്ച്) കളരി പരമ്പര ദൈവങ്ങളെ…ഇതാ ഈയുള്ളവന്‍ അങ്കത്തട്ടിലേക്കിറങ്ങുന്നു…കാത്തോണേ….

ഭാര്യ അകത്തുനിന്നും വരുന്നു. കൈയില്‍ മൊബൈലുമുണ്ട്. മുറ്റത്തു നടക്കുന്ന കോലാഹലങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ്. മൂവരും ഇതൊന്നും അറിയുന്നില്ല.

തങ്കച്ചന്‍ കളരിച്ചുവടുകള്‍. ജോസ് സാട്ടാഗുസ്തിക്കാരനെപ്പോലെ ഇരുതോളിലും അടിച്ച് ചുവടുകള്‍ വെയ്ക്കുന്നു. തൊമ്മിക്കുഞ്ഞ് തോം തോം തോം ചുവടുവെയ്ക്കുന്നു.

തൊമ്മിക്കുഞ്ഞ്: (പെട്ടെന്ന് നിന്ന് മുകലിലേക്ക് നോക്കി) ജോസേ ഇടിമിന്നിയോ…ഒരു മിന്നല്…

ഭാര്യ: മിന്നലിനു പുറകേ ഇടിമുഴക്കവുമുണ്ട്….(എല്ലാവരും തിരിഞ്ഞു നോക്കുന്നു) ഞാന്‍ വീഡിയോയും ഫോട്ടോയുമെല്ലാം എടുത്ത് രണ്ടുപേരുടെയും വീട്ടിലോട്ട് അയച്ചിട്ടുണ്ട്…(ജോസിനോട്) നിങ്ങളിങ്ങോട്ട് പോര്….വാ…

ജോസ്: ഞാനേ മുട്ടുവേദനയ്ക്ക് എക്‌സര്‍സൈസ് ചെയ്യുവായിരുന്നു…

ഭാര്യ: ബാക്കി ഞാന്‍ തിരുമ്മിത്തരാം…ഇങ്ങു വാ…

തങ്കച്ചന്‍: ന്റെ പൊന്നേ കൊലച്ചതിയായിപ്പോയല്ലോ….അവളിപ്പം വിളിക്കുമോ അതോ നേരിട്ടിങ്ങുവരുമോ…

തൊമ്മിക്കുഞ്ഞ്: കടുംകൈ ചെയ്യുന്നതിനൊരതിരില്ലേ…(ഫോണ്‍ ബെല്ലടിക്കുന്നു. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കുന്നു) ദേ…അവളു വിളിക്കുന്നു….(എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു)

തങ്കച്ചന്റെ ഫോണും ബെല്ലടിക്കുന്നു.

തങ്കച്ചന്‍: (ഞെട്ടലോടെ) യ്യോ…അവളാ…എന്നാ ചെയ്യും…

ഭാര്യ: എടുക്ക്..എടുക്ക്…ആരെയും പേടിയില്ലാത്തവരല്ലേ…

രണ്ടുപേരും ഫോണെടുത്ത് മുറ്റത്തുകൂടി എരിപൊരിസഞ്ചാരം.

തൊമ്മിക്കുഞ്ഞ്: (നിഷ്‌കളങ്കനായി) ആ..സൂസി..എന്നാടി…പറയെടീ…(മറുവശത്തുനിന്നും നല്ല സരസ്വതി. ഫോണ്‍ ചെവിയില്‍ നിന്നുമകറ്റി മുഖം കോടിച്ച്)ന്റെ അമ്മോ…ഇങ്ങനെയൊക്കെ പറയാതെ…

തങ്കച്ചന്‍: ഇല്ലെടീ…അതുഞാനല്ലെടീ…എന്നെപ്പോലിരിക്കുന്ന വേറെ ആരാണ്ടാ….

ഒരേസമയം രണ്ടുപേരും പുറത്തേക്ക്.

തൊമ്മിക്കുഞ്ഞ്: ഞാന്‍ ആശുപത്രീലാടീ…ഇതേ മോര്‍ച്ചറീന്ന്…അല്ല ..കാഷ്വാലിറ്റിന്ന് ഇറങ്ങി…ങേ…കാഷ്വാലിറ്റി കേറ്റുമെന്നോ….എന്നാ സൂസി ഇങ്ങനെയൊക്കെ പറയുന്നത്…(നടയിറങ്ങി താഴേക്കുപോകുന്നു)

തങ്കച്ചന്‍: ഇല്ലെടീ..ഞാനിപ്പം അങ്ങുവരുവാ…ഓ..അതിനെന്നാ ..ഞാനിവിടുന്നു തന്നെ ഏത്തമിട്ടുവന്നേക്കാം….(തിരിഞ്ഞു നിന്ന്) ജീവിച്ചിരിപ്പുണ്ടേല്‍ കാണാം.(വേഗം നടക്കുന്നു)

ജോസ് ഈ സമയത്ത് സൈഡില്‍ കൂടി മുങ്ങാന്‍ നോക്കുന്നു.

ഭാര്യ: നിങ്ങളെവിടെവരെ പോകും…ഓടിയാല്‍ വേലിയോളം…ഇല്ലേല്‍ ചട്ടിയോളം…

ജോസ്: (ഇത്തിരി മുന്നോട്ട് നടന്നിട്ട്) ഓ വേണ്ട…(തിരിഞ്ഞ്) ചട്ടിക്കകത്തോട്ടു തന്നേ പോയേക്കാം…(വീട്ടിലേക്ക് നടക്കുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here