പ്രണയകവിതയെഴുതി; ചേടത്തി കയ്യോടെ പൊക്കി

0
39

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-18

ചേട്ടന്‍ എന്തൊക്കെയോ ആലോചിച്ച് മുറ്റത്തുകൂടി ഉലാത്തുന്നു. നല്ല രസംപിടിച്ചുള്ള നടത്തമാണ്. ഇടയ്ക്ക് താളം പിടിക്കുന്നുണ്ട്. ചേടത്തി അകത്തുനിന്നും മിന്നല് #പോലെ ഇറങ്ങിവരുന്നു. ചേട്ടന്റെ രസംപിടിച്ചുള്ള നടത്തം കണ്ടപ്പോള്‍ നിന്നു. ഉള്ളിലെന്തോ പുകയുന്നുണ്ടെന്ന് ചേടത്തിയുടെ മുഖത്തുനിന്നും സ്പഷ്ടം.

ചേട്ടന്‍: (തിരിഞ്ഞു നടക്കുമ്പോള്‍ ചേടത്തിയെ കാണുന്നു) ആഹാ…നി ഇവിടെ നില്‍പ്പുണ്ടായിരുന്നോ. ഞാന്‍ അറിഞ്ഞില്ല.

ചേടത്തി: (ഉള്ളില്‍ വേറെന്തോവെച്ചുള്ള സംസാരം) നിങ്ങളറിയില്ല…എനിക്കതറിയാം….

ചേട്ടന്‍: (്അതുമനസിലാക്കാതെ) ഇന്നു നല്ല ഒരു മൂഡാ…നോക്കിയെ പ്രകൃതിയിലോട്ടു നോക്കുമ്പം തന്നെ നല്ല കുളിര്‍മ…

ചേടത്തി: അതു ഉള്ളില്‍ കുളിര്‍മയുണ്ടെങ്കില്‍ കാണുന്നതിനെല്ലാം ഒരു കുളിര്‍മകാണും.

ചേട്ടന്‍: അതുകൊള്ളാം…നീ പറഞ്ഞതു കറക്ടാ…വല്ലപ്പോഴുമെങ്കിലും നീ നല്ല വര്‍ത്തമാനം പറയും അല്ലേ…

ചേടത്തി: എന്നെക്കൊണ്ട് നല്ല വര്‍ത്തമാനം പറയിക്കാതിരിക്കാന്‍ നിങ്ങള് നോക്കിക്കോ…

ചേട്ടന്‍: അതെന്നാ….നീ നല്ല വിവരമുള്ള വര്‍ത്തമാനം പറയണം…അങ്ങനെ എന്റെ നിലവാരത്തിലേക്കുയര്‍ന്നുവരണം…

ചേടത്തി: എനിക്കു നിങ്ങടെയൊപ്പം നിലവാരം ഇല്ലെന്നാണോ പറയുന്നത്…

ചേട്ടന്‍: അതുപിന്നെ നേരായകാര്യമല്ലേ….ഇപ്പം ഇതുപോലെ രണ്ടീരടി നിനക്കു പാടാന്‍ പറ്റുമോ….
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെയോര്‍മ വരും…
ശാരദസന്ധ്യകള്‍….

ചേടത്തി: (ഇടയ്ക്കുകയറി) അങ്ങുസന്ധ്യവരെ പോകേണ്ട…(കൈയിലെ കടലാസുനീട്ടി) ഈ ശകുന്തള ആരാന്നു പറഞ്ഞാല്‍മതി….

ചേട്ടന്‍: (സൂക്ഷിച്ചുനോക്കി)യ്യോ…ഇതെന്റെ….നിനക്കിതെവിടെനിന്നു കിട്ടി….

ചേടത്തി: നിങ്ങടെയാണല്ലോ …എനിക്കതറിഞ്ഞാല്‍മതി…

ചേട്ടന്‍: നീയെന്നതാ ഇപ്പറയുന്നത്…ഞാനൊന്നു പറയട്ടെ…

ചേടത്തി: ഒന്നും പറയേണ്ട…എനിക്കെല്ലാം മനസിലായി…ഇതാണെല്ലെ നിങ്ങളെപ്പഴും ഇങ്ങനെ സ്വപ്‌നവും കണ്ട് പാട്ടുംപാടി നടക്കുന്നത്…

ചേട്ടന്‍: എടീ…എനിക്കിച്ചിരി എഴുത്തിന്റെ അസുഖമുണ്ടെന്നു നിനക്കറിയില്ലേ…

ചേടത്തി: എനിക്കു സംശയം ഉണ്ടായിരുന്നു…ഇപ്പം എനിക്കുവിശ്വാസമായി…

ചേട്ടന്‍: ഈ കിടന്നെന്നാത്തിനാ ബഹളം വെക്കുന്നത്…ഇങ്ങുതാ ഞാന്‍ വായിക്കാം…(കൈനീട്ടൂന്നു)

ചേടത്തി: കീറിക്കളയാനല്ലേ…ഞാന്‍ തന്നെ വായിച്ചുകേള്‍പ്പിക്കാം…അങ്ങനെയെങ്കിലും നിങ്ങള്‍ക്ക് നാണമുണ്ടാകുമോയെന്ന് നോക്കട്ടെ…(കടലാസു നിവര്‍ത്തി വായിക്കുന്നു) എന്റെ പ്രണയകുടീരത്തിലെ നായികേ…എവിടെ മറഞ്ഞിരിക്കുന്നു നീ….എന്റെ ഹൃദയസാമ്രാജ്യം നിനക്കായി കാത്തിരിക്കുന്നു….വരൂ പ്രിയേ ഈ സിംഹാസനത്തില്‍ നമുക്കൊരുമിച്ചിരിക്കാം…(വായന നിര്‍ത്തി)യ്യേ…വായിക്കാന്‍ എനിക്കു നാണമാകുന്നു….

ചേട്ടന്‍: അതിനിത്ര നാണിക്കാനെന്തിരിക്കുന്നു…

ചേടത്തി: കണ്ടില്ലേ…വേണ്ടാത്തതൊക്കെ എഴുതിവെച്ചിട്ട്…ഒരു ചമ്മലുമില്ലാതെ…സത്യംപറ…നിങ്ങളിതാര്‍ക്കുകൊടുക്കാന്‍ എഴുതിയതാ…

ചേട്ടന്‍: എടീ ഇതെന്റെ സൃഷ്ടിയല്ലേ….

ചേടത്തി: നിങ്ങടെ സൃഷ്ടിയാണെന്നു മനസിലായി….ഇതാര്‍ക്കുവേണ്ടി സൃഷ്ടിച്ചതാന്നു പറഞ്ഞാല്‍മതി….ഞാന്‍ തന്നെ അവള്‍ക്കുനേരിട്ടു കൊടുത്തോളാം….

ചേട്ടന്‍: എടീ മിണ്ടാതിരിയെടി…ചെറുക്കന്റെ ഭാര്യ അകത്തുണ്ട്…അവളുകേട്ടാല്‍ മാനംപോകും…

ചേടത്തി: ഇതുക്കൂട്ടു പരിപാടിക്കിറങ്ങുമ്പം മാനംപോകുമെന്നോര്‍ക്കണമായിരുന്നു.

ചേട്ടന്‍: നീയായിട്ട് ഉള്ള മാനം കളയാതിരുന്നാല്‍ മതി…

ചേടത്തി: ഞാനെന്തിനാ കളയുന്നത്…നിങ്ങളായിട്ട് ഒരുമ്പെട്ടിറങ്ങിയേക്കുവല്ലേ…

ചേട്ടന്‍: എടീ നീ അതിങ്ങുതാ..ഇനി എനിക്കൊന്നുകൂടി എഴുതാന്‍ പറ്റുകേല…വരികള്‍മറന്നുപോകും…എന്റെ ഹൃദയത്തില്‍ ചാലിച്ചെഴുതിയതാ…

ചേടത്തി: ചാലിച്ചെഴുതിയതാന്ന്ു മനസിലായി…ആര്‍്#കാണെന്നാ ഞാന്‍ ചോദിച്ചത്….എന്റെ ദൈവമേ എന്റെ ആങ്ങളമാരെങ്ങനാും അറിഞ്ഞാല്‍ നിങ്ങളെ വെച്ചേക്കില്ല….

ചേട്ടന്‍: പിന്നെ…അവന്മാര് എന്നെ എന്നാ ചെയ്യും…സ്ത്രീധനത്തിന്റെ ബാക്കി കാശു ചോദിക്കുമെന്നോര്‍ത്ത്മുങ്ങി നടക്കുന്നവന്മാരാ എന്നെ വിരട്ടാന്‍ വരുന്നത്…

ചേടത്തി: നിങ്ങളവിടെ നോക്കിയിരുന്നോ സ്‌ക്രീധനത്തിന്റെ ബാക്കികാശിന്….കൊച്ചുമോള്‍ക്ക് സ്ത്രീധനം എണ്ണികൊടുക്കാറായി…അന്നേരമാ പഴയസ്ത്രീധനത്തിന്റെ ബാക്കി ചോദിക്കുന്നത്…

ചേട്ടന്‍: അമ്പടി …എത്ര നൈസായിട്ടാ അവള് ആ പൈസ എഴുതിത്തള്ളിയത്….ങാഹാ…നീ വിളിച്ചില്ലേല്‍ ഞാന്‍ വിളിക്കും നിന്റെ ആങ്ങളമാരെ…

ചേടത്തി: നിങ്ങള് സംഗതി വഴിതിരിച്ചു വിടാതെ…ഈ കത്തിന്റെ കാര്യത്തില്‍ ഒരുതീരുമാനം ആക്കിയിട്ട് മതി…ബാക്കികാര്യം….

ചേട്ടന്‍: എടീ…ഉള്ളത് പറയാം….ഞങ്ങള് പത്താംക്ലാസില്‍ പഠിച്ചവരുടെ ഒരു റീ യൂണിയനുണ്ട്….അതിനൊരുസ്മരണിക ഇറക്കുന്നുണ്ട്…അതിലേക്ക് ഞാന്‍ എഴുതിയ കവിതയാ ഇത്…

ചേടത്തി: അതിന് നിങ്ങള്‍ക്കെന്നാ കവിതയെഴുതാനറിയാവുന്നത്…

ചേട്ടന്‍: എടീ സ്‌കൂളില്‍ പഠിക്കുമ്പം ഞാന്‍ നല്ലതുപോലെ കവിതയെഴുതുമായിരുന്നു…നിന്റെ കൂടെ കൂടിയേപ്പിന്നെയല്ലെ എല്ലാം മുരടിച്ചുപോയത്….

ചേടത്തി: ങാ…തത്കാലം മുരടിച്ചു തന്നെ നിന്നാ മതി….നിങ്ങളു പറഞ്ഞത് ഞാനിപ്പം വിശ്വസിക്കുവാ….(കടലാസു തിരികെ കൊടുക്കുന്നു)

ചേട്ടന്‍: ഹൊ…നിന്റെ സ്വഭാവത്തിന് അടുപ്പിലിടേണ്ടതായിരുന്നു…ഒന്നും സംഭവിച്ചില്ലല്ലോ…

ചേടത്തി: സംഭവിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം….(അകത്തേക്കുപോകുന്നു.)

ചേട്ടന്‍:(കത്തുമായിട്ട് ചേടത്തിക്കു പുറംതിരിഞ്ഞ് നടക്കുന്നു. കത്ത് ഹൃദയത്തോട് ചേര്‍ത്തുവെച്ച്) എന്റെ പ്രണയകുടീരത്തിലെ നായികേ…ഇതുവല്ലതും നീ അറിയുന്നുണ്ടോ…റീ യൂണിയന് നീ ഇതുവായിക്കുമ്പോള്‍….(ആത്മനിര്‍വൃതിയോടെ)
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി കളികള്‍ ചൊല്ലി….

(പെട്ടെന്ന് പിന്നില്‍ ഭാര്യ)

ചേടത്തി: നിങ്ങളെന്താ പറഞ്ഞത്….

ചേട്ടന്‍: (തിരിഞ്ഞ്) പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങകളാകുന്നു ഭാര്യ…

ചേടത്തി ചിരിച്ചുകൊണ്ട് അകത്തേക്കു പോകുന്നു…

ചേട്ടന്‍: (ചേടത്തിയുടെ പിന്നില്‍ നിന്ന് ആംഗ്യം കാണിച്ച്)
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ
(ചങ്കില്‍ തൊട്ട് മുകളിലേക്ക് നോക്കി കൈകൊണ്ട് ആംഗ്യം കാണിക്കുന്നു.)

LEAVE A REPLY

Please enter your comment!
Please enter your name here